നേട്ടത്തോടെ മറ്റൊരു ആഴ്ച കൂടി, ഇന്നും വിപണി ഉയര്‍ന്നു

തുടര്‍ച്ചയായി മൂന്നാം ദിവസവും വിപണി ഉയര്‍ന്നു. ഇതോടെ നേട്ടമുണ്ടായ ഒരു വാരത്തിന് കൂടി തിരശ്ശീല വീണു. ആഴ്ച അടിസ്ഥാനത്തിലുള്ള പ്രകടനം എടുത്താല്‍ സെന്‍സെക്‌സ് ഈ വാരത്തില്‍ 2.41 ശതമാനം ഉയര്‍ന്നു. നിഫ്റ്റി 2.16 ശതമാനവും.

ഇന്ന് സെന്‍സെക്‌സ് 178 പോയ്ന്റ് അഥവാ 0.5 ശതമാനം ഉയര്‍ന്ന് 36,021ല്‍ ക്ലോസ് ചെയ്തു. ഇന്നത്തെ വ്യാപാരത്തിനിടെ സെന്‍സെക്‌സ് ഒരു ഘട്ടത്തില്‍ 36,110 പോയ്ന്റ് വരെയെത്തിയിരുന്നു. നിഫ്റ്റി 10,600 എന്ന തലവും കടന്ന് 10,607ല്‍ ക്ലോസ് ചെയ്തു. 56 പോയ്ന്റ് അഥവാ 0.53 ശതമാനമാണ് നിഫ്റ്റി ഉയര്‍ന്നത്.

സെന്‍സെക്‌സില്‍ കൂടുതല്‍ തിളങ്ങിയത് ഭാരതി എയര്‍ടെല്ലും ബജാജ് ഓട്ടോയുമാണ്. ജിയോ പ്ലാറ്റ്‌ഫോംസില്‍ ഇന്റലിന്റെ നിക്ഷേപം കൂടി വന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രസീന്റെ ഓഹരി വില 1.5 ശതമാനം ഉയര്‍ന്നു.

പ്രതിരോധ മന്ത്രാലയം 38,900 കോടി രൂപയ്ക്ക് ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഡിഫന്‍സ് രംഗത്തുള്ള കമ്പനികളുടെ ഓഹരി വിലകള്‍ ഉയര്‍ന്നു. ഭാരത് ഡൈനാമിക്‌സ് 12.55 ശതമാനവും ഭാരത് ഇലക്ട്രോണിക്‌സ് ഒന്‍പതുശതമാനവും ഉയര്‍ന്നു.

കെകെആര്‍ 54 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് ജെബി കെമിക്കല്‍സിന്റെ ഓഹരി വിലയും ഇന്ന് ഉയര്‍ന്നു. പക്ഷേ വ്യാപാര അവസാനമായപ്പോഴെക്കും ആ നേട്ടം നഷ്ടമായി. വേദാന്തയെ മാറ്റി നിഫ്റ്റി സൂചികയില്‍ ഇടം നേടിയ എച്ച്ഡിഎഫ്‌സി ലൈഫ് 4.5 ശതമാനം നേട്ടമുണ്ടാക്കി.

ലോകത്തെ കോവിഡ് വ്യാപനം ആഗോള വിപണികളില്‍ പ്രതിഫലിക്കുന്നുണ്ട്. എണ്ണ വില ഇന്ന് 43 ഡോളറില്‍ താഴെയായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം

ഒരു ഡസന്‍ കേരള കമ്പനികള്‍ ഇന്ന് റെഡ് സോണിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രമുഖ എന്‍ബിഎഫ്‌സികളായ മണപ്പുറം , മുത്തൂറ്റ് കാപ്പിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ് എന്നിവ ഇന്ന് നിലമെച്ചപ്പെടുത്തി. ഫെഡറല്‍ ബാങ്ക്, സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ വിലകള്‍ താഴ്ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് നേരിയ നേട്ടമുണ്ടാക്കി. ജിയോജിതിന്റെ ഓഹരി വില ഒരു ശതമാനത്തിലേറെ ഉയര്‍ന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it