കോവിഡിന് ശേഷം വരുന്നത് വലിയ അവസരങ്ങള്‍, എങ്ങനെ തയാറെടുക്കാം? സജി ഗോപിനാഥ് എഴുതുന്നു

നമുക്ക് എപ്പോഴും വളരെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകുന്നത് ഇതുപോലെ കടുത്ത പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴാണ്. അതുവരെ നാം പരീക്ഷിക്കാന്‍ തയാറാകാതിരുന്ന പല കാര്യങ്ങളിലേക്കും ഇറങ്ങാന്‍ ഇത്തരം സമയങ്ങളില്‍ സാധിക്കും. പല കമ്പനികളും ശക്തമായ തിരിച്ചുവരവ് നടത്തിയിട്ടുള്ളത് പ്രതിസന്ധികള്‍ക്ക് ശേഷമാണ്. എത്രയോ നല്ല ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. പ്രതിസന്ധിയെ മാനേജ് ചെയ്യാനുള്ള കഴിവ് നമ്മുക്ക് ജന്മനാ തന്നെയുണ്ട്. അതില്ലായിരുന്നുവെങ്കില്‍ മനുഷ്യവര്‍ഗം ഇന്ന് ഭൂമുഖത്ത് ഉണ്ടാകുമായിരുന്നില്ല. മനുഷ്യനെക്കാള്‍ വലുപ്പവും ശക്തിയുമുള്ള മൃഗങ്ങളോടും പ്രകൃതിക്ഷോഭങ്ങളോടുമൊക്കെ പൊരുതി നാം ഇവിടെ വരെയെത്തി. നമ്മുടെ ഉള്ളിലുള്ള ആ ശക്തി ഇവിടെയും നാം ഉപയോഗിക്കുക തന്നെ ചെയ്യും.

കര്‍ണ്ണാടകം കേരളവുമായുള്ള അതിര്‍ത്തി അടച്ചപ്പോള്‍ എന്റെ മനസില്‍ ഓര്‍മ്മ വന്നത് സിംഗപ്പൂരിന്റെ അവസ്ഥയായിരുന്നു. ഇതിന് സമാനമായിട്ടായിരുന്നു 1960കളില്‍ സിംഗപ്പൂരിനെ മലേഷ്യ പുറത്താക്കിയത്. ആ നടപടിയാണ് സിംഗപ്പൂരിനെ ഇത്രത്തോളം വളര്‍ത്തിയത്. ഇന്ന് മലേഷ്യ എവിടെ നില്‍ക്കുന്നു, സിംഗപ്പൂര്‍ എവിടെ നില്‍ക്കുന്നു എന്ന് നമുക്കറിയാം. എല്ലാ പ്രതിസന്ധിയും ഒരുപാട് അവസരങ്ങളാണ് തരുന്നത്. പക്ഷെ ആ അവസരങ്ങള്‍ നാം പ്രയോജനപ്പെടുത്തണമെന്നുമാത്രം.

കോവിഡിന് ശേഷം ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങളും അവസരങ്ങളും എന്തൊക്കെയാണെന്ന് നോക്കാം:

ഗിഗ് ഇക്കണോമി ശക്തമാകും

ഗിഗ് ഇക്കണോമി ആയിരിക്കും കോവിഡിന് ശേഷം ആധിപത്യം പുലര്‍ത്തുന്നത്. അതായത് സ്ഥിരജോലിയെ ആശ്രയിക്കാതെ പല വര്‍ക്കുകള്‍ സ്വന്തമായി ഏറ്റെടുത്ത് ജോലി ചെയ്യുന്ന പ്രൊഫഷണലുകളുടെ എണ്ണം കൂടും. ലളിതമായി പറഞ്ഞാല്‍ ഫ്രീലാന്‍സേഴ്‌സ്. ഈയൊരു ട്രെന്‍ഡ് നേരത്തെ തുടങ്ങിയിരുന്നെങ്കിലും മൈക്രോസോഫ്റ്റ് പോലുള്ള വലിയ കമ്പനികളായിരുന്നു അത് ചെയ്തുകൊണ്ടിരുന്നത്. ഇടത്തരം കമ്പനികള്‍ ഇങ്ങനെയൊരു ആശയം പരീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. 'വര്‍ക് ഫ്രം ഹോം' വന്നതോടുകൂടി ജോലി വിഭജിച്ച് ഇത്തരത്തില്‍ കൊടുക്കാനാകും എന്നത് അവര്‍ക്ക് മനസിലായി. കൂടുതല്‍പ്പേര്‍ ഇതിലേക്ക് വരുന്നതോടെ ജിഗ് ഇക്കണോമി വരും നാളുകളില്‍ ശക്തമാകും. സ്ഥിരം ജോലിയെന്ന ആശയത്തിന് പ്രസക്തി നഷ്ടമാകും. ഇത് പൊസിറ്റീവായ ഒരു മാറ്റമായാണ് ഞാന്‍ കാണുന്നത്.

ആളുകള്‍ വീട്ടിലിരിക്കും, പക്ഷെ ജോലി നടക്കും

വൈറസ് വ്യാപനം ഇല്ലാതായാലും വൈറസ് തിരിച്ചുവരാനുള്ള സാധ്യതയുള്ളതുകൊണ്ട് ആളുകള്‍ ജോലിക്ക് വേണ്ടി യാത്ര ചെയ്യുന്നത് വരും കാലങ്ങളില്‍ വളരെ കുറയും. പ്രത്യേകിച്ച് വിമാനയാത്രകള്‍ അത്ര അത്യാവശ്യമാണെങ്കില്‍ മാത്രമേ ആളുകള്‍ നടത്തൂ. ആളുകള്‍ വീട്ടിലിരുന്നാലും പക്ഷെ ജോലി നടക്കും. എല്ലാ ചരക്കുനീക്കവും നടക്കും, എന്നാല്‍ ആളുകളുടെ യാത്രകള്‍ കുറയും. അതുകൊണ്ടുതന്നെ വിദൂരത്തിരുന്ന് ചെയ്യാവുന്ന ഐടി പോലുള്ള ജോലികള്‍ക്ക് ഏറെ സാധ്യതകളുണ്ടാകും. ടാലന്റ് കൂടുതലും ചെലവ് കുറവുമുള്ള കേരളം പോലൊരു സംസ്ഥാനത്തെ സംബന്ധിച്ചടത്തോളം മുന്നില്‍ ഏറെ സാധ്യതകളുണ്ട്. പക്ഷെ പരമ്പരാഗതരീതിയിലുള്ള, ആയിരക്കണക്കിന് പേരെ ഐടി കമ്പനികള്‍ ഒന്നിച്ച് ജോലിക്കെടുക്കുന്ന രീതി മാറും.

വിശാലമായ ഓഫീസ് കെട്ടിടങ്ങളുടെ കാലം കഴിയും

ഏക്കറുകളുള്ള കാംപസില്‍ സുസജ്ജമായ ഓഫീസുമായി റിയല്‍ എസ്റ്റേറ്റ് മോഡലില്‍ ഐടി കമ്പനികള്‍ നടത്തുന്നത് ഇനി മാറും. നേരത്തെ തന്നെ ആഗോളതലത്തില്‍ കോ വര്‍ക്കിംഗ് സ്‌പേസുകളുടെ വളര്‍ച്ചയോടെ ഈ ട്രെന്‍ഡ് ഇല്ലാതായിത്തുടങ്ങിയിരുന്നു. ഇനി സാമൂഹിക അകലം പാലിക്കേണ്ടത് ആവശ്യകതയായി മാറുകയും കൂടുതല്‍പ്പേര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനും തുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നതോടെ വലിയ കെട്ടിടങ്ങള്‍ സ്ഥാപിക്കുന്ന രീതിക്ക് പ്രസക്തി നഷ്ടപ്പെടും. ഇതുവഴി സ്ഥാപനങ്ങള്‍ക്ക് ചെലവ് വളരെയേറെ ചുരുക്കാനും സാധിക്കുന്നു.

പഴയ കാലത്തേക്ക് തിരിച്ചുവരും

18ാം നൂറ്റാണ്ടില്‍ തൊഴില്‍ അല്ലെങ്കില്‍ വ്യവസായം എന്നത് വീടുകള്‍ക്കുള്ളില്‍ തന്നെയായിരുന്നു. വീട്ടിലിരുന്ന് സാധനങ്ങള്‍ ഉണ്ടാക്കുന്ന രീതി. 19ാം നൂറ്റാണ്ടായപ്പോള്‍ അത് ചെറിയ ചെറിയ യൂണിറ്റുകളായി മാറി. 20ാം നൂറ്റാണ്ടില്‍ മാസ് പ്രൊഡക്ഷന്‍ എന്ന ആശയത്തിലേക്ക് വന്നു. വന്‍കിട വ്യവസായ പ്ലാന്റുകള്‍ സ്ഥാപിതമായി. എന്നാല്‍ ഇനി നാം വീണ്ടും തിരിച്ച് വീടുകളിലേക്ക് തന്നെ മടങ്ങിപ്പോകുന്നു. പക്ഷെ ഒരു വ്യത്യാസമുണ്ട്. അന്ന് ഒരു ഉല്‍പ്പന്നത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ഒരു വീട്ടില്‍ തന്നെ ഉണ്ടാക്കുമായിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്‌സ് ഫാക്ടറികളിലുണ്ടാക്കി. ഇനി പാര്‍ട്‌സ് വീടുകളിലുണ്ടാക്കും. അതായത് ഐടിയിലേക്ക് വരുമ്പോള്‍ ഡിജിറ്റല്‍ പാര്‍ട്‌സ് ഓരോ സ്ഥലത്ത് ഉണ്ടാക്കി അതിനുശേഷം അത് അസംബിള്‍ ചെയ്യുന്ന രീതി.

കേരളത്തിന് സാധ്യതകളേറെ

ഐടി, ടെലികമ്യൂണിക്കേഷന്‍ തുടങ്ങിയവയ്ക്ക് മികച്ച സാധ്യതകളുണ്ടാകും. പ്രത്യേകിച്ച് കേരളം പോലൊരു സംസ്ഥാനത്തിന് ഇത് വലിയ നേട്ടമായിരിക്കും. ഓരോ പ്രദേശത്തിന്റെയും അടിസ്ഥാനസൗകര്യങ്ങള്‍, എന്റര്‍ടെയ്ന്‍മെന്റ് സൗകര്യങ്ങള്‍, ഇത്രയും ആളുകള്‍ക്ക് താമസിക്കാനുള്ള സ്ഥലം... എന്നിവയൊക്കെയായിരുന്നു നേരത്തെ ഐടി കമ്പനികളും ഐടി പ്രൊഫഷണലുകളുമൊക്കെ നോക്കിയിരുന്നത്. ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങള്‍ക്ക് കിട്ടിയിരുന്ന നേട്ടം അതായിരുന്നു. എന്നാലിപ്പോള്‍ എവിടെയിരുന്നും ജോലി ചെയ്യാം എന്ന സ്ഥിതി വരുമ്പോള്‍ ഈ സൗകര്യങ്ങള്‍ക്ക് പ്രാധാന്യമില്ല. പതിയെ നഗരം എന്ന ആശയത്തിന് മാറ്റം വരാം.

ചെറിയവര്‍ക്കും അവസരമുണ്ട്!

ഏതൊരു ദുരന്തത്തിന് ശേഷവും ഡിമാന്റില്‍ ഒരു കുറവ് ഉണ്ടാകാറുണ്ട്. ഇനി യാത്ര ചെയ്യുന്നത് പഴയതുപോലെ എളുപ്പമായിരിക്കില്ല. ഈ സാഹചര്യത്തെ മറികടക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ അധിഷ്ഠിതമായ സേവനങ്ങള്‍ക്ക് ഡിമാന്റ് കൂടും. ഈയൊരു സമയത്ത് സൂം എന്ന ആപ്ലിക്കേഷന്‍ എത്ര പെട്ടെന്നാണ് പ്രചാരത്തിലായത്. വലിയ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്‌കൈപ്പ് പോലുള്ള ആപ്ലിക്കേഷനുകളുള്ളപ്പോഴാണ് ചെറിയ കമ്പനിയുടെ സൂം എന്ന ആപ്ലിക്കേഷന്‍ ഇത്രത്തോളം പ്രചാരത്തിലായത് എന്നോര്‍ക്കണം. ഇതില്‍ നിന്ന് ഒരു കാര്യം നാം മനസിലാക്കേണ്ടത് ഇനിയുള്ള കാലം വലിയ ബ്രാന്‍ഡിന്റെ പേരുള്ളതുകൊണ്ട് ജനം അംഗീകരിക്കണമെന്നില്ല. അവരുടെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ ഉല്‍പ്പന്നമാണ് അവര്‍ക്ക് വേണ്ടത്. ഇത് ചെറിയ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വളരെ പെട്ടെന്ന് വിപണി കണ്ടെത്താനാകും എന്നതിന്റെ സാധ്യതകളാണ് ചൂണ്ടിക്കാട്ടുന്നത്.

പ്രൊഫഷണലുകള്‍ എന്ത് ചെയ്യണം?

മാനേജ്‌മെന്റില്‍ X തിയറിയും Y തിയറിയുമുണ്ട്. X തിയറി എന്നാല്‍ ഒരു സൂപ്പര്‍വൈസര്‍ ഉണ്ടെങ്കില്‍ മാത്രമേ ജോലി ചെയ്യുകയുള്ളു എന്ന വിഭാഗത്തെക്കുറിച്ചുള്ളതാണ്. Y തിയറി ഒരു മേല്‍നോട്ടത്തിന്റെ ആവശ്യമില്ലാതെ സ്വന്തമായി ജോലി ചെയ്യുന്നവരെ സൂചിപ്പിക്കുന്നതാണ്. ഇനിയുള്ള ലോകം Y വിഭാഗത്തിലുള്ളവര്‍ക്കുള്ളതാണ്. വിദൂരത്തിരിക്കുന്ന നിങ്ങള്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് നോക്കാന്‍ ഒരു ബോസ് ഉണ്ടാകില്ല. ഏല്‍പ്പിക്കുന്ന ജോലി സമയത്തിനുള്ളില്‍ തീര്‍ക്കുന്നുണ്ടോയെന്നത് മാത്രമാണ് ഇവിടെ കാര്യം. അത് നിങ്ങള്‍ എങ്ങനെ ചെയ്യുന്നു, ഏത് സമയത്ത് ചെയ്യുന്നു എന്നതില്‍ കാര്യമില്ല. പ്രൊഫഷണലുകള്‍ ഇത്തരത്തിലൊരു പ്രവര്‍ത്തനസംസ്‌കാരം രൂപപ്പെടുത്തിയെടുക്കുകയെന്നതാണ് പ്രധാനം. ഒരു ബോസ് ഉണ്ടെങ്കിലേ ഞാന്‍ ജോലി ചെയ്യുകയുള്ളു എന്ന നിലപാട് മാറ്റണം. അതായത് പരീക്ഷയില്ലെങ്കിലും ഞാന്‍ പഠിക്കും എന്ന നിലപാട്. പരീക്ഷയ്ക്ക് വേണ്ടിയല്ല ഞാന്‍ പഠിക്കുന്നത് എനിക്കുവേണ്ടിയാണ്. അതുപോലെ കമ്പനിക്ക് വേണ്ടിയല്ല ഞാന്‍ ജോലി ചെയ്യുന്നത്, എനിക്ക് വേണ്ടിയാണ് എന്ന ചിന്താഗതിയിലേക്ക് വരണം.

ഈ സമയം പ്രയോജനപ്പെടുത്തുക

നല്ലൊരു പ്രൊഫഷണല്‍ അല്ലെങ്കില്‍ സംരംഭകന്‍ എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നവരായിരിക്കണം. ഇപ്പോള്‍ അതിന് ഏറ്റവും മികച്ചൊരു അവസരമാണ് ലഭിച്ചിരിക്കുന്നത്. ഏറെ ഫീസുള്ള പല ഓണ്‍ലൈന്‍ കോഴ്‌സുകളും ലോക്ഡൗണ്‍ മൂലം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി അടക്കം സൗജന്യമാക്കിയിട്ടുണ്ട്. സ്വന്തം മേഖലയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചെയ്യാം.

കമ്പനികള്‍ പുതിയ മാര്‍ഗങ്ങളുപയോഗിച്ച് എങ്ങനെ തങ്ങളുടെ ചെലവ് ചുരുക്കാം എന്ന് ചിന്തിക്കേണ്ട സമയമാണ്. ജീവനക്കാരെ പറഞ്ഞുവിട്ട് ചെലവുചുരുക്കുന്നതിനെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. പകരം സാങ്കേതികവിദ്യ ഉപയോഗിച്ച് ചെലവ് ചുരുക്കി എങ്ങനെ പ്രവര്‍ത്തനം കൂടുതല്‍ മികച്ചതാക്കാം എന്ന് ചിന്തിക്കാം. പല ബിസിനസുകളും പിന്തുടരുന്നത് കാലഹരണപ്പെട്ട മോഡലുകളാണ്. അതില്‍ നിന്ന് മാറാന്‍ ഏറ്റവും പറ്റിയ സമയമാണിത്.

ഓര്‍ക്കുക, ഈ പ്രതിസന്ധിയെ എങ്ങനെ നേരിടുന്നു എന്നതിലാണ് നിങ്ങളുടെ വിജയം

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it