കേരളത്തിലെ വിനോദ സഞ്ചാര മേഖല വീണ്ടും ഉണരുന്നു; പ്രതീക്ഷയോടെ സംരംഭകര്‍ 

പ്രളയ ബാധയും നിപയും കേരളത്തിലെ ജനജീവിതത്തെ മാത്രമല്ല കേരളത്തിലെ സംരംഭക മേഖലയെയും ഒപ്പം ടൂറിസത്തെയും അപ്പാടെയാണ് തളര്‍ത്തി കളഞ്ഞത്. എന്നാല്‍ പ്രളയം തകര്‍ക്കാനാവില്ല എന്ന ആത്മവിശ്വാസവുമായി നമ്മള്‍ നീന്തിക്കയറിയത് പ്രതീക്ഷയുടെ പുതു ജീവിതത്തിലേക്കാണ്.

നഷ്ടങ്ങളെ നികത്താനാകില്ലെങ്കിലും നഷ്ടത്തില്‍ നിന്നും പുതിയ സംരംഭക തന്ത്രങ്ങളും പദ്ധതികളും മെനഞ്ഞ് ടൂറിസം മേഖല ഉണര്‍വിലേക്ക്. സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഏഴു ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

2019 ജനുവരി മുതല്‍ മാര്‍ച്ച് വരെ മുന്‍ വര്‍ഷത്തെക്കാള്‍ 2,94,531 സഞ്ചാരികളാണ് കേരളത്തിലേക്ക് കൂടുതലായി എത്തിയിരിക്കുന്നത്. 46,12,397 പേരാണ് ആകെ ഈ കാലയളവില്‍ കേരളം സന്ദര്‍ശിച്ചത് എന്നാണ് കണക്കാക്കപ്പെടുന്നത്. 108,169 പേരാണ് എറണാകുളത്തേക്ക് മാത്രമെത്തിയത്. എറണാകുളം ജില്ലയില്‍ തന്നെയാണ് ഏറ്റവും വര്‍ധനവും രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചി മുസിരിസ് ബിനാലെ ഇതിന് പ്രധാന കാരണമായതായും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും വര്‍ധനവുണ്ടായിട്ടുണ്ട്. കണ്ണൂരില്‍ തുറന്ന അന്താരാഷ്ട്ര വിമാനത്താവളവും കണ്ണൂരിലേക്കെത്തിയ യാത്രക്കാരുടെ വര്‍ധനവില്‍ പ്രധാന പങ്ക് വഹിക്കുന്നു. അതേസമയം വിദേശരാജ്യങ്ങളില്‍ നടത്തുന്ന പ്രചാരണങ്ങളും ഇന്റര്‍നെറ്റിലൂടെ നടത്തുന്ന കാന്‍വാസിങ്ങും സഞ്ചാരികളുടെ വര്‍ധനവിന് കാരണമായെന്നാണ് ടൂറിസം വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

Related Articles

Next Story

Videos

Share it