
കേരളത്തിൽ മൺസൂൺ ആഞ്ഞടിച്ചപ്പോൾ പാളിയത് ടൂറിസം വകുപ്പിന്റെ ഓണക്കാല പദ്ധതികൾ. ഒട്ടുമിക്ക പരിപാടികളും മാറ്റിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്.
വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള സന്ദർശകരുടെ വരവ് ടൂറിസം വകുപ്പ് തടഞ്ഞിരുന്നു.
ലാറ്റ്വിയൻ സ്വദേശിയുടെ മരണത്തെത്തുടർന്നുണ്ടായ കേരളത്തിനെതിരായ പ്രചരണങ്ങളും നിപ്പാ വൈറസ് ഭീതിയും മറികടന്ന്, വിനോദ സഞ്ചാര രംഗത്ത് ഒരു കുതിപ്പിന് തയ്യാറെടുക്കുകയായിരുന്നു ടൂറിസം വകുപ്പ്. പുതിയ മദ്യ നയം ടൂറിസം വളർച്ചയ്ക്ക് അനുകൂലമാണ് എന്ന വിലയിരുത്തലും ഉണ്ടായിരുന്നു. എന്നാൽ കനത്ത മഴ പദ്ധതികൾ ആകെ മാറ്റിമറിച്ചു.
വെള്ളപ്പൊക്കവും ഉരുൾപൊട്ടലും പ്ലാന്റേഷൻ മേഖലയ്ക്ക് കനത്ത നഷ്ടം വരുത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് സുഗന്ധവ്യഞ്ജനങ്ങൾ, റബർ, കാപ്പി, തേയില എന്നിവ പ്രധാനമായും കൃഷി ചെയ്യുന്ന മലയോര മേഖലകളിലാണ് മഴ ഏറ്റവും കൂടുതൽ നാശനഷ്ടം വരുത്തിയത്.
ഇടുക്കിയിൽ ഏകദേശം 12 തരം സുഗന്ധവ്യഞ്ജനങ്ങൾക്ക് കൃഷി ചെയ്യുന്നുണ്ട്. കുരുമുളക്, ഏലം, കറുവപ്പട്ട, ജാതിക്ക, മഞ്ഞൾ എന്നിവ കയറ്റുമതി ചെയ്യപ്പെടുന്നുമുണ്ട്.
മഴയും മണ്ണിടിച്ചിലും മൂലം 100 ഏക്കറോളം കൃഷി നശിച്ചിട്ടുണ്ട്. മൺസൂൺ ആരംഭിച്ചത് മുതലുണ്ടായ നഷ്ടം കണക്കാക്കിയാൽ ഏകദേശം 650 കോടി രൂപയോളം വരുമെന്നാണ് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine