തൊഴിൽ നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ അറിയാം
തൊഴില്‍ നിയമങ്ങളില്‍ കൂടുതല്‍ ഉദാരവല്‍ക്കരണം വരുത്തിയുള്ള പുതിയ ബില്ലുകൾ പാര്‍ലമെന്റിന്റെ ഇരു സഭകളും കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി പാസാക്കിയിരിക്കുന്നു.
തൊഴില്‍ സുരക്ഷയും ആരോഗ്യവും തൊഴില്‍ സ്ഥിതിയും സംബന്ധിച്ച കോഡ്, സാമൂഹിക സുരക്ഷാ കോഡ് , വ്യവസായ ബന്ധ കോഡ് എന്നിങ്ങനെ മൂന്നു ബില്ലുകളാണ് ഇപ്പോള്‍ പാസാക്കിയിരിക്കുന്നത്. തൊഴില്‍ വേതന കോഡ് കഴിഞ്ഞ വര്‍ഷം തന്നെ പാസാക്കിയിരുന്നു.
മാറിയ ബിസിനസ് അന്തരീക്ഷത്തിന് അനുസൃതമായ സുതാര്യമായ സംവിധാനം സൃഷ്ടിക്കുന്നതിനാണ് പുതിയ നിയമങ്ങളെന്നാണ് തൊഴില്‍ മന്ത്രി സന്തോഷ് ഗംഗാവര്‍ പറഞ്ഞത്.
സംരംഭകരെ സംബന്ധിച്ച് കൂടുതല്‍ ഉദാരമായ തൊഴില്‍ ബില്ലിലെ പുതിയ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
* തൊഴിലാളി, തൊഴിലുടമ, സ്ഥാപനം, വേതനം എന്നിവയ്ക്ക് നാല് കോഡുകളിലും സമാന നിര്‍വചനമാണ് നല്‍കിയിരുക്കുന്നതെന്നതിനാല്‍ ഇവ സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാകും.
* സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച നടപടികള്‍ ലളിതമാക്കിയിട്ടുണ്ട്. ഏതെങ്കിലുമൊരു നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനത്തിന് മറ്റു നിയമപ്രകാരമുള്ള വെവ്വേറെ രജിസ്‌ട്രേഷനുകള്‍ വേണ്ട.
* മുന്നൂറ് തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പൂട്ടാനും തൊഴിലാളികളെ പിരിച്ചു വിടാനും സാധിക്കും.
* സ്ഥാപനങ്ങളില്‍ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍ സമരങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങളും നിരോധനവും ഏര്‍പ്പെടുത്തുന്നതാണ് പുതിയ വ്യവസായ കോഡ്.
* ഒരു സ്ഥാപനത്തിലെ പകുതിയിലേറെ ജീവനക്കാര്‍ സംഘടിതമായി അവധിയെടുത്താല്‍ അത് സമരമായി കണക്കാക്കും. സമരത്തിന് മുമ്പ് 14 ദിവസത്തെ നോട്ടീസ് നല്‍കണം. നോട്ടീസിന്റെ കാലാവധി 60 ദിവസമാണ്. അനുരഞ്ജന ചര്‍ച്ചകള്‍ക്കിടയിലും സമവായ നടപടികള്‍ക്കു ശേഷം ഏഴു ദിവസം വരെയും സമരങ്ങളും ലോക്കൗട്ടുകളും നിരോധിക്കും.
* ഒരു സ്ഥാപനത്തില്‍ ഒന്നില്‍ കൂടുതല്‍ തൊഴിലാളി യൂണിയനുകളുണ്ടെങ്കില്‍, 51 ശതമാനം തൊഴിലാളികളുടെ പ്രാതിനിധ്യമുള്ള തൊഴിലാളി യൂണിയനായിരിക്കും അംഗീകാരം.
* ഇരുപതിലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങൡ നിര്‍ബന്ധമായും പരാതി പരിഹാര കമ്മിറ്റികള്‍ ഉണ്ടായിരിക്കണം. തൊഴിലാളികള്‍ക്ക് നേരിട്ട് തര്‍ക്ക പരിഹാരത്തിനായി ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിനെ സമീപിക്കാം.
* തൊഴിലാളിയെ പിരിച്ചു വിടുമ്പോള്‍ ഒരു വര്‍ഷത്തെ സര്‍വീസിന് 15 ദിവസത്തെ വേതനം എന്ന നിരക്കിലുള്ള നഷ്ടപരിഹാരത്തിനു പുറമേ, 15 ദിവസത്തെ വേതനം റീ സ്‌കില്ലിംഗ് ഫണ്ടിലേക്ക് തൊഴിലുടമ അടയ്‌ക്കേണ്ടതുണ്ട്.
* ഓണ്‍ലൈന്‍ രംഗത്തെ ഗിഗ് തൊഴിലാളികള്‍ കൂടി സാമൂഹ്യ സുരക്ഷാ ബില്ലിന്റെ പരിധിയില്‍ വരുന്നു. തൊഴിലാളിയും തൊഴിലുടമയും ഒപ്പു വയ്ക്കുന്ന കരാറുകളിലൂടെ നിശ്ചിത കാലത്തേക്ക് തൊഴില്‍ നല്‍കുന്ന രീതിയാണ് ഗിഗ്. ഇവര്‍ക്ക് സ്ഥിരം തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം.
* 20 തൊഴിലാളികളില്‍ താഴെയുള്ള സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്ക് ഇപിഎഫ് നല്‍കാം. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഇനി എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്് ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കും.
* സാമൂഹ്യ സുരക്ഷാ ചട്ടം പ്രാബല്യത്തിലാകുമ്പോള്‍ എംപ്ലോയീസ് കോംപോസിഷന്‍ നിയമം, ഇഎസ്‌ഐ നിയമം, ഇപിഎഫ് നിയമം, മറ്റേണിറ്റി ബെനഫിറ്റ് നിയമം എന്നിവ ഉള്‍പ്പെടെ ഒമ്പതോളം നിയമങ്ങള്‍ അല്ലാതാകും. എന്നാല്‍ ഇതു വഴി ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ എല്ലാം അതേ പടി പുതിയ കോഡ് പ്രകാരം ലഭിക്കും.
* ഓരോ സംസ്ഥാനങ്ങള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി തൊഴില്‍ നിയമത്തില്‍ ഭേതഗതി വരുത്താം.
* അസംഘടിത തൊഴിലാളികള്‍, ഗിഗ് തൊഴിലാളികള്‍, അടിസ്ഥാന വര്‍ഗ തൊഴിലാളികള്‍ എന്നിവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കാന്‍ സാമൂഹ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കാന്‍ സാമൂഹ്യ സുരക്ഷാ കോഡ് നിര്‍ദേശിക്കുന്നുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine