ലോക്ക്ഡൗണ്‍ അവസാന മാര്‍ഗം: രാജ്യത്തെ അഭിമുഖീകരിച്ച് പ്രധാനമന്ത്രി

കോവിഡ് രണ്ടാം തരംഗം വ്യാപകമാകുന്നതിനിടെ രാജ്യത്തെ അഭിമുഖീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ അവസാന മാര്‍ഗമായി കണ്ടാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാത്രി 8.45 നാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

രാജ്യം വലിയൊരു വെല്ലുവിളി നേരിടുകയാണ്. ഇതിനെ ഒറ്റക്കെട്ടായി മറികടക്കാന്‍ സാധിക്കും. കോവിഡ് കാരണം മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന സാഹചര്യത്തിലാണ് രാജ്യം.

അതേസമയം അതിഥി തൊഴിലാളികളോട് ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും അവിടങ്ങളില്‍ വാക്‌സിനുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യമേഖല കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച സ്ഥിതിയിലാണുള്ളത്. ഡോക്ടര്‍മാര്‍ക്ക് അനുഭവ പരിചയം ലഭിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ രാജ്യത്തിന് മുന്നേറാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വിവിധയിടങ്ങളില്‍ ഓക്‌സിജന്‍ ആവശ്യമായി വരുന്നുണ്ട്. ആവശ്യമായ ഓക്‌സിജനുകള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയിലാണ് രാജ്യം. ഇതിനകം 12 കോടി വക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. ഉല്‍പ്പാദനവും വര്‍ധിപ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനാണ് മെയ് ഒന്നുമുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഉല്‍പ്പാദിപ്പിക്കുന്നതിന്റെ പകുതി വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കും. ഇതിലൂടെ കൂടുതലാളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാകും. കോവിഡ് ചികിത്സക്കായി രാജ്യത്ത് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുവരുന്നുണ്ട്.

കോവിഡിനെതിരായ പോരാട്ടത്തില്‍ അണിചേരുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപോരാളികള്‍ക്കും അഭിവാദ്യം അര്‍പ്പിക്കുന്നതായും പ്രതിരോധ-സേവന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം പങ്കുചേരുന്ന സന്നദ്ധ സംഘടനകള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.




Related Articles
Next Story
Videos
Share it