'ഒന്ന് ചിരിക്കൂ' സമൂഹത്തില്‍ ചിരി വിടര്‍ത്തി ഒരു ബിസിനസ് ഗ്രൂപ്പ്
കര്‍ണാടകയിലെ അന്തുര്‍വാടിയെന്ന കൊച്ചു ഗ്രാമത്തില്‍ രാമനും ലക്ഷ്മണനും ജനിച്ചത് ഇതിഹാസനായകന്മാരുടെ പകിട്ടുമായല്ല, അച്ഛനെയും അമ്മയെയും ഒരുപാട് കരയിച്ച മുറിച്ചുണ്ട് എന്ന വൈകല്യവുമായാണ്.
കരച്ചില്‍ പിന്നെ ഈ ഇരട്ടക്കുട്ടികള്‍ക്ക് സ്ഥിരമായി, കാരണം, കുടിക്കുന്ന പാല്‍ ഒഴുകുന്നത് പുറത്തേയ്ക്ക്, വിശപ്പ് മാറാത്ത കരച്ചിലും വിട്ടുമാറാത്ത അസുഖങ്ങളും. മക്കളുടെ വൈകല്യം മാറ്റാനുള്ള ഓപ്പറേഷന്റെ കണക്കുകള്‍ വിജയകുമാറിനും ശശികലയ്ക്കും കൂട്ടിത്തീര്‍ക്കാവുന്നതിലും അപ്പുറമായിരുന്നു. പക്ഷെ, കുഞ്ഞുങ്ങള്‍ക്ക് ഏഴ് മാസം പ്രായമുള്ളപ്പോള്‍ അവരെയും കൊണ്ട് 150 കിലോമീറ്റര്‍ യാത്ര ചെയ്ത് ഗുല്‍ബര്‍ഗയിലെത്തിയ ശശികല തിരിച്ചുപോയത് ആദ്യമായി മനസ് നിറഞ്ഞു, വിശപ്പ് മറന്ന് ചിരിക്കുന്ന രാമനെയും ലക്ഷ്മണനെയും കൊണ്ടാണ്. ഇഎസ്‌ഐസി മെഡിക്കല്‍ കോളെജ് ആന്‍ഡ് ഹോസ്പിറ്റലില്‍ നടന്ന ശസ്ത്രക്രിയ ഈ കുടുംബത്തിന് നല്‍കിയത് പുതിയൊരു ജന്മം തന്നെ.
ഓഗസ്റ്റ് 2015 : സ്‌മൈല്‍ പ്ലീസ് മിഷന്റെ അഞ്ഞൂറാമത്തെ സര്‍ജറി നവദീപിനു വേണ്ടി. പോഷകാഹാരക്കുറവും അനാരോഗ്യവും കാരണം വിശാഖപട്ടണത്തുകാരനായ ഈ കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയത് കുറച്ചുകാലത്തെ ചികിത്സയ്ക്ക് ശേഷമാണ്. ദിവസക്കൂലിക്കാരനായ പിതാവിന് ആശ്വാസവും അല്‍ഭുതവുമായിരുന്നു ഈ സഹായം. സാധാരണ കുട്ടികളുടേതുപോലൊരു ജീവിതം നവദീപിനു അസാധ്യമാണെന്ന് കരുതിയവര്‍ക്ക് പുതിയ വിശ്വാസവും.
ആരും പ്രതീക്ഷിക്കാത്ത ഒരു കോണില്‍ നിന്ന് എത്തിയ ഒരു കൈ സഹായമായിരുന്നു ഇത്. ഒരു സ്‌പെഷല്‍ സ്‌പോണ്‍സര്‍ഷിപ്പ്!
തൃശൂര്‍ പാവറട്ടിയിലെ ടാക്‌സി ഡ്രൈവറായ ജെയ്‌സണിന്റെ മകള്‍ ഒന്നര വയസുകാരി ആന്‍ഡ്രിയയ്ക്ക് പുതു ജീവന്‍ നല്‍കിയ ഹൃദയ ശസ്ത്രക്രിയയും ഇതുപോലൊരു കൈനീട്ടലായിരുന്നു. അമ്മയുടെ കാന്‍സര്‍ ചികിത്സയും അച്ഛന്റെ ഹാര്‍ട്ട് സര്‍ജറിയും കൂട്ടിയ കടങ്ങള്‍ക്കിടയില്‍ മകളുടെ ചികിത്സയ്ക്ക് വേണ്ട പണം കണ്ടെത്താന്‍ കഴിയാതെ അലഞ്ഞ ജെയ്‌സണിനു താങ്ങായി ഈ സൗജന്യ ശസ്ത്രക്രിയ. ഇപ്പോള്‍ നടക്കാന്‍ തുടങ്ങിയ ആന്‍ഡ്രിയയ്ക്ക് പുതിയൊരു ജീവിതവും.
ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് കിടപ്പിലായ വൈറ്റില സ്വദേശി, 61 വയസുള്ള ഓമന ഇപ്പോള്‍ പരസഹായം കൂടാതെ ജീവിക്കുന്നതിനും കാരണം സാമൂഹ്യ സേവനത്തിന്റെ നിര്‍വ്വചനങ്ങള്‍ മാറ്റിയെഴുതുന്ന ഒരു പ്രസ്ഥാനമാണ്. ഒരു 'ഉത്തരവാദിത്തം' എന്നതിനപ്പുറമുള്ള സ്‌നേഹസ്പര്‍ശമാണ്.
ഇന്ത്യയുടെ പല കോണുകളില്‍, ഇതുപോലുള്ള പലവിധ പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കുന്ന ഒട്ടേറെ പേര്‍ക്ക് തുണയാകുന്നത്, കേരളത്തില്‍ തുടക്കമിട്ട് രാജ്യം മുഴുവന്‍ വളര്‍ന്ന, വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഒരു ബിസിനസ് സ്ഥാപനമാണ്. നീല വിശ്വാസത്തിന്റെയും വിജയത്തിന്റെയും നിറമാണെന്നു തെളിയിച്ച മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. ആയിരക്കണക്കിന് ആളുകള്‍ക്ക് പുതുജീവന്‍ നല്‍കുന്ന, തികച്ചും വേറിട്ട ഒരു ദൗത്യം ഏറ്റെടുത്ത് നടപ്പാക്കുന്നവര്‍. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്ന ലേബലിനുമപ്പുറം വളര്‍ന്ന ഒരു റെസ്‌പോണ്‍സിബിള്‍ മിഷന്‍.
'സൗണ്ട് തോമ'യുടെ കോമഡിയൊന്നും എത്തിനോക്കാത്ത ആയിരക്കണക്കിന് കുടുംബങ്ങളില്‍ നിന്ന് മുറിച്ചുണ്ട് അല്ലെങ്കില്‍ ക്ലെഫ്റ്റ് ലിപ് എന്ന വൈകല്യത്തിന്റെ ഭാരം ഒഴിവാക്കി എന്നതാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്റെ കീഴില്‍ നടക്കുന്ന സിഎസ്ആര്‍ പദ്ധതികളുടെ ഏറ്റവും മികവുറ്റ നേട്ടം.
2014 ല്‍ ആരംഭിച്ച സ്‌മൈല്‍ പ്ലീസ് മിഷനിലൂടെ 1534 സര്‍ജറികളാണ് നടത്തിയത്, അതും പതിനൊന്നു സംസ്ഥാനങ്ങളില്‍. ഒരു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ പദ്ധതിയുടെ ഭാഗമായി. ഇങ്ങനെയൊരു വൈകല്യത്തെക്കുറിച്ചും അത് സൃഷ്ടിക്കുന്ന ആരോഗ്യ സാമൂഹ്യ പ്രശ്‌നങ്ങളെ കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കഴിഞ്ഞു എന്നതും മറ്റൊരു നേട്ടമാണ്. നാല്‍പതിനായിരത്തിലേറെ ഗ്രാമങ്ങളിലാണ് പോസ്റ്ററുകളും ബാനറുകളുമായി ഇവര്‍ വിവരങ്ങള്‍ എത്തിച്ചത്.
ഏറ്റവും മികച്ച രീതിയില്‍ സാമൂഹ്യവികസനത്തിന്റെ ഭാഗമാകാന്‍ ഗ്രൂപ്പിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അടിസ്ഥാനമാകുന്നത് 'HEEL' (Health, Education, Environment, Livelihood) ആണ്. നാല് മേഖലകള്‍, തികച്ചും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍. പക്ഷേ, എല്ലാ ചുവടുവയ്പുകളും ഒരേയൊരു ലക്ഷ്യത്തിലേക്കാണ്. സമൂഹത്തില്‍ കാതലായ മാറ്റങ്ങള്‍ വേണം, കോര്‍പ്പറേറ്റ് മികവിനൊപ്പം സമൂഹത്തിന്റെ പുരോഗതിയില്‍ ഒരു വലിയ പങ്ക് വഹിച്ച സ്ഥാപനം എന്ന പേര് നേടിയെടുക്കണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരിലേക്ക് ആരോഗ്യ വിദ്യാഭ്യാസ സഹായങ്ങള്‍ എത്തിക്കുന്നതോടൊപ്പം അവരെ സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ പരിശീലിപ്പിക്കുക, വിശാലമാണ് മുത്തൂറ്റിന്റെ കര്‍മ്മ പരിപാടികള്‍.
സിഎസ്ആര്‍ എന്ന പുതിയ മാറ്റം
"Creating a strong business and building a better world are not conflicting goals – they are both essential ingredients for long-term success."
William Clay Ford Jr., Executive Chairman, Ford Motor Company
സ്വന്തമാക്കിയ നേട്ടങ്ങളുടെ ഒരു പങ്ക് സമൂഹത്തിനു തിരിച്ചു നല്‍കുന്ന, തങ്ങള്‍ക്കൊപ്പം മറ്റുള്ളവരും വളരണം എന്ന ചിന്തയോടെ വീട് പണിയാനും മികച്ച വിദ്യാഭ്യാസം നേടാനും നൈപുണ്യശേഷി വര്‍ദ്ധിപ്പിക്കാനും
പലര്‍ക്കും സഹായമെത്തിക്കുന്ന കമ്പനികള്‍ ഇന്ന് കേരളത്തിലുണ്ട്. ശോഭാ ഗ്രൂപ്പും, ജ്യോതി ലബോറട്ടറീസും ഉള്‍പ്പെടെ പല സ്ഥാപനങ്ങളും സിഎസ്ആറിന് നല്‍കുന്ന പ്രാധാന്യം ഏറെയാണ്. ആഗോളതലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന 'ഗിവിംഗ്' പദ്ധതികള്‍ക്ക് ഒപ്പം നില്‍ക്കുന്ന സോഷ്യല്‍ പ്രോജക്ടുകള്‍ നമ്മുടെ കമ്പനികള്‍ പ്ലാന്‍ ചെയ്ത് നടപ്പില്‍ വരുത്തുമ്പോള്‍ സാമൂഹ്യ മേഖലയില്‍ അത് സൃഷ്ടിക്കുന്ന ചലനങ്ങള്‍ വളരെ വലുതാണ്.
നീല്‍സന്‍ ഗ്ലോബല്‍ സര്‍വേ ഓഫ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ കണക്കുകള്‍ അനുസരിച്ച് സാമൂഹ്യ പാരിസ്ഥിതിക പദ്ധതികളുടെ ഭാഗമായ കമ്പനികളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കൂടുതല്‍ വില നല്‍കി സ്വന്തമാക്കാന്‍ സര്‍വേയില്‍ പങ്കെടുത്ത പകുതിയിലേറെ ആളുകളും തയ്യാറാണ്. ഇവരില്‍ മൂന്നിലൊന്ന് പേര്‍ക്ക് ഇത്തരം കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്യാനും താല്‍പ്പര്യമേറെ.
കൂടുതല്‍ ലാഭം, മറ്റുള്ളവരെ അസൂയപ്പെടുത്തുന്ന വളര്‍ച്ച എന്നിവയ്ക്കപ്പുറം ചിന്തിക്കുകയാണ് ഇന്നത്തെ പ്രമുഖ കമ്പനികള്‍. ഒരു സംരംഭത്തിന് സമൂഹത്തിനു വേണ്ടി ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് ജനങ്ങളും മനസിലാക്കുന്ന കാലം. പേരിനും പെരുമയ്ക്കും വേണ്ടിയല്ലാതെ അര്‍ഹരായവരിലേക്ക് സഹായമായി നീളുന്നത് പലപ്പോഴും 'കോര്‍പ്പറേറ്റ്' എന്ന പേരില്‍ സമൂഹത്തില്‍ നിന്ന് അകലം പാലിച്ചിരുന്ന പല സ്ഥാപനങ്ങളുമാണ് എന്നത് ശ്രദ്ധേയം.
ഗ്ലോബല്‍ ഹോം ഫര്‍ണിഷിംഗ് ബ്രാന്‍ഡായ കഗഋഅ കഴിഞ്ഞ വര്‍ഷം ലോക ശ്രദ്ധ നേടിയത് ടേണോവറിലെ കുതിച്ചുകയറ്റം കൊണ്ടുമാത്രമല്ല. ജോര്‍ദാനിലെ അസ്രാക് അഭയാര്‍ത്ഥി ക്യാംപിന് വേണ്ടി കമ്പനി നിര്‍മിച്ച സോളാര്‍ ഫാം ആഗോളതലത്തില്‍ തന്നെ ജനങ്ങളുടെ ആദരവ് നേടിയെടുത്തു. ലോകത്തില്‍ ആദ്യമായാണ് ഒരു അഭയാര്‍ഥി ക്യാമ്പില്‍ സോളാര്‍ പ്ലാന്റ് എത്തുന്നത് എന്നതോടൊപ്പം ഏറ്റവും ദുരിതം അനുഭവിക്കുന്ന ഒരു കൂട്ടം ആളുകളിലേക്ക് സഹായമെത്തിച്ചതും കഗഋഅ എന്ന പേരിനെ കൂടുതല്‍ പ്രശസ്തമാക്കി. സൗജന്യ കംപ്യൂട്ടര്‍ വിദ്യാഭ്യാസവും നോണ്‍പ്രോഫിറ്റ് സംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായവും ഉള്‍പ്പെടെയുള്ള ഒട്ടേറെ സാമൂഹ്യ സേവന പദ്ധതികളുമായി മൈക്രോസോഫ്റ്റ് ഫിലാന്ത്രോപീസ് എന്ന സോഷ്യല്‍ പ്രോജക്ട് തുടങ്ങിയതും സിഎസ്ആര്‍ പദ്ധതികളുടെ സ്വാധീനം മനസിലാക്കി തന്നെ. ഈ രംഗത്ത് കമ്പനിക്ക് പിന്തുടരാന്‍ സ്ഥാപകനായ ബില്‍ ഗേറ്റ്‌സിന്റെ ക്ഷേമ പദ്ധതികള്‍ ഒട്ടേറെയും. 2020 ആകുമ്പോഴേക്കും രണ്ട് ബില്യണ്‍ ഡോളറാണ് കമ്പനി ഇത്തരം പ്രോഗ്രാമുകളിലൂടെ ജനങ്ങളിലേക്ക് സഹായമായി എത്തിക്കുന്നത്.
ഇത് മുത്തൂറ്റ് മോഡല്‍
"In the next decade, the most successful companies will be those that integrate sustainability into their core businesses."
Jim Owens, CEO, Caterpillar
ഇത്തരം ആഗോള മാതൃകകള്‍ ഒന്നും തന്നെ പിന്തുടരാതെ, സിഎസ്ആര്‍ മേഖലയില്‍ സ്വന്തമായൊരു മോഡല്‍ തന്നെ സൃഷ്ടിക്കുകയാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. കേരളത്തില്‍ മാത്രം ഒതുങ്ങാതെ, ആരോഗ്യ മേഖലയില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കാത്ത ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി, അതോടൊപ്പം അര്‍ഹരായവര്‍ക്ക് സഹായമെത്തിക്കുന്ന മറ്റ് ഒട്ടേറെ ക്ഷേമപദ്ധതികള്‍ ഒരുക്കി, ചെയ്യുന്ന കാര്യങ്ങള്‍ കൊട്ടിഘോഷിക്കാതെ നിശ്ശബ്ദമായൊരു ദൗത്യമാണ് മുത്തൂറ്റ് നിര്‍വഹിക്കുന്നത്. ബിസിനസ് രംഗത്ത് ഈ ഗ്രൂപ്പിന് വിജയങ്ങള്‍ സമ്മാനിച്ച അതേ വിഷനും പ്ലാനിംഗും സിഎസ്ആറിന്റെ കാര്യത്തിലുമുണ്ട്.
എന്താണ് നിങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്ന ചോദ്യത്തിന് മുത്തൂറ്റ് സാരഥികള്‍ നല്‍കുന്ന ഉത്തരത്തിലുണ്ട് ഇവരുടെ നയം. ഞങ്ങളുടെ ഉത്തരവാദിത്തമായതു കൊണ്ട് ചില കാര്യങ്ങള്‍ ചെയ്യുന്നതല്ല, സമൂഹത്തില്‍ പോസിറ്റിവായ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വേണ്ടി കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പില്‍ വരുത്തുന്ന പദ്ധതികളാണ് ഇതെല്ലാം.
'ആരോഗ്യ മേഖലയില്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാന്‍ വളരെ വിശദമായ ഒരു സര്‍വേ ഞങ്ങള്‍ സംഘടിപ്പിച്ചു. അപ്പോഴാണ് വളരെ ബാഹ്യമായ ഒരു പ്രശ്‌നമായി നമ്മള്‍ എപ്പോഴും കാണുന്ന മുറിച്ചുണ്ട് ഒരു വൈകല്യത്തിനപ്പുറം ഒരു കുട്ടിയുടെയും കുടുംബത്തിന്റെയും സാമൂഹ്യജീവിതത്തെ എത്ര തീവ്രമായാണ് ബാധിക്കുന്നതെന്ന് മനസിലാക്കിയത്,' സിഎസ്ആര്‍ ഹെഡ് ആയ ഡോ. പ്രശാന്ത് നെല്ലിക്കല്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ ജീവനക്കാരെ പങ്കെടുപ്പിച്ചുള്ള പദ്ധതി എന്ന ക്രെഡിറ്റും മുത്തൂറ്റ് ഇതിലൂടെ സ്വന്തമാക്കി. മുത്തൂറ്റ് ഫിന്‍കോര്‍പ്, മൈക്രോഫിന്‍ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും ഇതിന്റെ ഭാഗമായതോടെ കൂടുതല്‍ ആളുകളിലേക്ക് മെഡിക്കല്‍ ക്യാംപിന്റെയും ശസ്ത്രക്രിയയുടെയും വിവരങ്ങള്‍ എത്തിക്കാനും ഈ ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും കഴിഞ്ഞു. മാനേജര്‍ തലത്തിലുള്ള 1830 പേരാണ് മാസ്റ്റര്‍ ട്രെയ്‌നര്‍മാരായി പരിശീലനം നേടിയത്. ഇവര്‍ പിന്നീട് 12000 ല്‍ ഏറെ ജീവനക്കാരെ പരിശീലിപ്പിച്ച് ഈ പദ്ധതിയുടെ ഭാഗമാക്കി. ജര്‍മനിയില്‍ നിന്നുള്ള മാക്‌സിലോഫേഷ്യല്‍ സര്‍ജനായ ഡോ മാര്‍ട്ടിന്‍ റെച്ച്വല്‍സ്‌കി ഉള്‍പ്പെടെയുള്ള അറുന്നൂറിലേറെ വോളന്റിയര്‍മാര്‍ കൂടി ദൗത്യത്തില്‍ പങ്കാളികളായതോടെ സ്‌മൈല്‍ പ്ലീസ് മിഷന്‍ പുതിയൊരു തലത്തിലേക്കെത്തി.
നേട്ടങ്ങള്‍ ഏറെ
"The business of business should not be about money. It should be about responsibility. It should be about public good, not private greed."
Anita Roddick, Founder, Body Shop
പൂര്‍ത്തിയാക്കിയ ശസ്ത്രക്രിയകളുടെ കണക്കുകള്‍ക്കപ്പുറമാണ് സ്‌മൈല്‍ പ്ലീസ് എത്തിയത്. പല സംസ്ഥാനങ്ങളിലും ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലെ ഒട്ടേറെ കുടുംബങ്ങളില്‍ ഈ പദ്ധതി പ്രതീക്ഷയുടെ പുഞ്ചിരിയായി. പത്ത് ലക്ഷത്തോളം ആളുകളിലേക്ക് വിവരങ്ങള്‍ എത്തിക്കാനും ഇതിലൂടെ കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം.
'മുത്തൂറ്റ് എന്ന കമ്പനിയെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള കാഴ്ചപ്പാടില്‍ വലിയ വ്യത്യാസം വരുത്താനും ഈ പ്രോജക്ടിന് സാധിച്ചു. ഇനി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് സ്‌മൈല്‍ പ്ലീസ് മിഷന്‍ എത്തിക്കാനാണ് പ്ലാന്‍,' ഡോ. പ്രശാന്ത് പറയുന്നു.
നൈപുണ്യ വികസനത്തിന് വേണ്ടിയുള്ള മുത്തൂറ്റ് പാപ്പച്ചന്‍ അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, മുത്തൂറ്റ് ലൈഫ് ബ്ലഡ് ഡയറക്ടറി, ഐ ലീഡ് എന്ന പേരില്‍ ഹോസ്പിറ്റാലിറ്റി, ടൂ വീലര്‍ ഓട്ടോമൊബീല്‍ ടെക്‌നോളജി എന്നിവയില്‍ പരിശീലനം നല്‍കുന്ന വൊക്കേഷണല്‍ ട്രെയ്‌നിംഗ് സെന്ററുകള്‍, ആഷിയാന റീഹാബിലിറ്റേഷന്‍ സെന്റര്‍, ഫുട്‌ബോള്‍ അക്കാഡമിയും ക്രിക്കറ്റ് അക്കാഡമിയും ഉള്‍പ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ സ്‌പോര്‍ട്ട്‌സ് എന്നിവയാണ് കമ്പനിയുടെ മറ്റ് പ്രധാന സിഎസ്ആര്‍ പദ്ധതികള്‍. ഇതോടൊപ്പം മെഡിക്കല്‍ ക്യാംപുകള്‍, ചികിത്സാ സഹായം, വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായം എന്നിവയും സ്ഥിരമായ പ്രവര്‍ത്തനങ്ങളാണ്.
ഒരുപാട് നാടുകളില്‍ ഒട്ടേറെ പേരുടെ ചിരിയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും 'സ്‌പോണ്‍സര്‍' ആകുന്നു അങ്ങനെ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്.
ആഷിയാന റീഹാബിലിറ്റേഷന്‍ സെന്റര്‍
അപകടങ്ങള്‍, പരാലിസിസ്, നട്ടെല്ലിനെ ബാധിക്കുന്ന അസുഖങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് വീല്‍ച്ചെയറുകളില്‍ ജീവിതം തള്ളിനീക്കുന്ന ഒട്ടേറെ പേര്‍ നമുക്കിടയിലുണ്ട്. പഴയ ജീവിതം ഇനി സാധ്യമല്ല എന്ന് കരുതി വിഷാദവും നിരാശയും ബാധിച്ചവരാണ് ഇവരില്‍ ഏറെയും. ഇങ്ങനെയുള്ളവര്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ അവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താനും വളരെ
പ്രൊഡക്ടീവായ ജീവിതം നയിക്കാനും സഹായിക്കുന്നതാണ് ഈ സെന്റര്‍.
എറണാകുളത്ത് മുളന്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന ആഷിയാന കേരളത്തില്‍ ഭിന്നശേഷിയുള്ളവരുടെ പുനരധിവാസത്തിന് മികച്ച മാതൃകയാവുകയാണ്. വീല്‍ച്ചെയറുകളില്‍ ഒതുങ്ങാതെ സ്വയം പര്യാപ്തത നേടി വീണ്ടും സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയും എന്ന വിശ്വാസം വലിയൊരു കൂട്ടം ആളുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നതും ഈ സെന്ററിന്റെ നേട്ടമാകുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തുടക്കമിട്ട ആഷിയാന ഇതുവരെ 28 പേര്‍ക്കാണ് സഹായമായത്. ഇതില്‍ എട്ട് മുതല്‍ 77 വയസ് വരെയുള്ളവരുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് മുന്‍ഗണന.
മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാഡമി
വിജയത്തിന് നീല നിറം നല്‍കിയ മുത്തൂറ്റിന്റെ ഫുട്‌ബോള്‍ അക്കാഡമി കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ ആരംഭിച്ചപ്പോള്‍ രജിസ്റ്റര്‍ ചെയ്തത് മൂവായിരത്തിലേറെ കുട്ടികള്‍. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് താമസവും പഠനവും പരിശീലനവും സ്‌കോളര്‍ഷിപ്പുകളും നല്‍കുന്ന അക്കാഡമി ഒരു പുതിയ ഫുട്‌ബോള്‍ സംസ്‌കാരം തന്നെയാണ് കേരളത്തില്‍ വളര്‍ത്തുന്നത്. കേരള ബ്‌ളാസ്റ്റേഴ്‌സിന്റെ സ്‌പോണ്‍സറായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഈ അക്കാഡമിയിലൂടെ സൃഷ്ടിക്കുന്നത് മികച്ച പരിശീലനം നേടിയ ഒരു പുതിയ ഫുട്‌ബോള്‍ തലമുറയെയാണ്. ബ്‌ളാസ്റ്റേഴ്‌സിന്റെ കോച്ചായിരുന്ന ടെറി ഫെലാനാണ് അക്കാഡമിയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍.
പത്ത് മുതല്‍ പതിനഞ്ച് വരെ പ്രായമുള്ള 46 കുട്ടികളാണ് ഇപ്പോള്‍ അക്കാഡമിയില്‍ പരിശീലനം നേടുന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള കോച്ചിന്റെ വിദഗ്ധ ട്രെയ്‌നിംഗ് ഉള്‍പ്പെടെ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് അക്കാഡമി ഒരുക്കുന്നത്.
തേടിവന്ന അംഗീകാരങ്ങള്‍
തികച്ചും വ്യത്യസ്തമായ സ്മൈല്‍ പ്ലീസ് പദ്ധതിക്ക് ലഭിച്ച അംഗീകാരങ്ങള്‍ അനവധിയാണ്. ഫെബ്രുവരിയില്‍ മുംബൈയില്‍ നടന്ന വേള്‍ഡ് സിഎസ്ആര്‍ കോണ്‍ഗ്രസില്‍ ബെസ്റ്റ് സിഎസ്ആര്‍ പ്രാക്ടീസ് അവാര്‍ഡ് നേടിയത് ഈ പ്രോജക്ടാണ്. കോര്‍പ്പറേറ്റ് അഫയേഴ്സ് മിനിസ്ട്രിയുടെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്സിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 11 കമ്പനികളിലൊന്നായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനെ തെരഞ്ഞെടുത്തതും ഈ പദ്ധതി അടിസ്ഥാനമാക്കിയാണ്.
ഈയിടെ കേരള മാനേജ്മെന്റ് അസോസിയേഷന്‍ മികച്ച സിഎസ്ആര്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന കമ്പനികളെ തെരഞ്ഞെടുത്ത് അംഗീകരിച്ചപ്പോള്‍ ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ കാറ്റഗറിയില്‍ അവാര്‍ഡ് നേടിയത് മുത്തൂറ്റും സ്മൈല്‍ പ്ലീസ് ക്യാംപെയ്നുമാണ്.