അസംഘടിത മേഖലയിലുള്ളവർക്ക് പെൻഷൻ: അറിയാം 5 കാര്യങ്ങൾ
രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള ദേശീയ പെൻഷൻ സ്കീം പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ചു. പ്രൈം മിനിസ്റ്റർ ശ്രം യോഗി മന്ധൻ പെൻഷൻ യോജന (PM-SYM) എന്ന് പേരിട്ടിരിക്കുന്ന ഇക്കഴിഞ്ഞ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
സ്കീമിനു കീഴിൽ ഈ മേഖലയിലുള്ളവർക്ക് 60 വയസിന് ശേഷം 3000 രൂപ പ്രതിമാസ പെൻഷൻ ലഭ്യമാക്കും. അഞ്ചു വർഷത്തിനുള്ളിൽ 10 കോടി പേർക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന 18 മുതൽ 40 വയസുവരെയുള്ളവർക്ക് സ്കീമിന്റെ ഭാഗമാകാം. പ്രതിമാസ വരുമാനം 15,000 രൂപയോ അതിൽ താഴെയോ ആയിരിക്കണം. സ്കീമിന്റെ വരിക്കാർ ആദായനികുതി നൽകുന്നവരോ മറ്റേതെങ്കിലും സർക്കാർ സ്കീമിന്റെ (എൻപിഎസ്, ഇഎസ്ഐ, പിഎഫ് തുടങ്ങിയവ) ഗുണഭോക്താവോ ആയിരിക്കാൻ പാടില്ല.
ഇതേക്കുറിച്ച് അറിഞ്ഞിരിക്കാൻ 5 കാര്യങ്ങൾ:
സ്കീമിന് കീഴിൽ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പെൻഷൻ പ്രതിമാസം 3000 രൂപയായിരിക്കും. 60 വയസിന് ശേഷമാണ് ഇത് ലഭിക്കുക.
സ്കീമിന്റെ ഭാഗമാകണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം. 50:50 അടിസ്ഥാനത്തിലുള്ള കോൺട്രിബ്യുട്ടറി പെൻഷൻ സ്കീമാണിത്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന ഒരു തുക ഗുണഭോക്താവും തത്തുല്യമായ തുക കേന്ദ്ര സർക്കാരും നിക്ഷേപിക്കും.
സ്കീമിലേക്കുള്ള എൻറോൾമെന്റ് ആരംഭിച്ചിട്ടുണ്ട്. സ്കീമിന്റെ ഭാഗമാകാൻ അടുത്തുള്ള കോമൺ സർവീസ് കേന്ദ്രങ്ങൾ (CSCs) സന്ദർശിക്കണം. ഒരു സേവിങ്സ് ബാങ്ക് എക്കൗണ്ട് അല്ലെങ്കിൽ ജൻധൻ എക്കൗണ്ട്, ആധാർ കാർഡ് എന്നിവ ഉണ്ടായിരിക്കണം.
പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെങ്കിൽ: a) ആരംഭിച്ച് 10 വർഷം പൂർത്തിയാകുന്നതിന് മുൻപ് സ്കീം അവസാനിപ്പിച്ചാൽ ആ വ്യക്തിക്ക് അയാൾ നിക്ഷേപിച്ച തുകയും സാധാരണ സേവിങ്സ് ബാങ്ക് പലിശ നിരക്കും മാത്രമേ തിരികെ ലഭിക്കുകയുള്ളൂ.
b) പദ്ധതിയുടെ ഭാഗമായി 10 വർഷത്തിന് ശേഷം (ആ വ്യക്തിക്ക് 60 വയസാകുന്നതിന് മുൻപ്) പദ്ധതി നിർത്തുകയാണെങ്കിൽ അയാൾ നിക്ഷേപിച്ച തുകയും ഒപ്പം കൂട്ടു പലിശയും അല്ലെങ്കിൽ സേവിങ്സ് ബാങ്ക് പലിശയും (ഏതാണോ കൂടുതൽ) ചേർത്ത് തിരികെ ലഭിക്കും.
18 മത്തെ വയസിൽ സ്കീമിൽ ചേരുന്ന ഒരാൾക്ക് 55 രൂപ മാസം നിക്ഷേപിച്ചാൽ മതി. പ്രായത്തിനനുസരിച്ച് വിഹിതവും ഉയരും.