20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

രാജ്യത്തെ കോവിഡ് പ്രതിസന്ധിയുടെ പഞ്ചാത്തലത്തില്‍ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഇന്ത്യന്‍ ജിഡിപി യുടെ 10 ശതമാനം നീക്കിവച്ചു. ആത്മ നിര്‍ഭര്‍ അഭിയാന്‍ പാക്കേജ് എന്ന പേരില്‍ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രധാനമായും എംഎസ്എംഇ മേഖലയെ ശാക്തീകരിക്കാന്‍ ആണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി. കര്‍ഷകര്‍, ചെറുകിട വ്യവസായങ്ങള്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, മധ്യവര്‍ഗക്കാര്‍ എന്നിവര്‍ക്കെല്ലാം പാക്കേജിന്റെ പ്രയോജനം ലഭിക്കും.

പാക്കേജിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ കേന്ദ്ര ധനകാര്യ മന്ത്രി രാജ്യത്തെ അറിയിക്കുമെന്നും മോദി വ്യക്തമാക്കി. ഇന്ത്യയുടേത് മികച്ച വിതരണ ശൃഖല ആണെന്നും പ്രധാനമന്ത്രി.ലോക്കല്‍ മാനുഫാക്ചറിംഗ്, ലോക്കല്‍ മാര്‍ക്കറ്റ്, ലോക്കല്‍ സപ്ലൈ ചെയ്ന്‍, ഇന്ത്യ ഇനി ആഗോള തലത്തില്‍ മികവ് തെളിയിക്കുന്നത് ഇത്തരത്തിലായിരിക്കും. ആഗോള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക് ഇന്ത്യ ചുക്കാന്‍ പിടിക്കുമെന്നും മോദി പറഞ്ഞു.

സ്വയംപര്യാപ്തതയാണ് ഏകവഴി. സ്വയംപര്യാപ്തത ഉറപ്പാക്കിയാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. കോവിഡ് പ്രതിസന്ധി ഒരേസമയം മുന്നോട്ട് വെയ്ക്കുന്നത് വെല്ലുവിളിയും അവസരങ്ങളുമാണ്. രാജ്യം കോവിഡില്‍നിന്ന് രക്ഷപ്പെടുകയും മുന്നേറുകയും ചെയ്യും.

വിവിധ രാജ്യങ്ങളില്‍ 42 ലക്ഷത്തില്‍ അധികം പേരെ ഇതിനകം കോവിഡ് ബാധിച്ചു. 2.75 ലക്ഷത്തില്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ത്യയില്‍ നിരവധി കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. അതില്‍ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി.

കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തില്‍ ഒരു പിപിഇ കിറ്റ് പോലും ഇറക്കുമതി ചെയ്യാതെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന അവസ്ഥയായിരുന്നു. വളരെ കുറച്ച് എന്‍ 95 മാസ്‌കുകള്‍ മാത്രമാണ് ഇവിടെ ലഭ്യമായിരുന്നത്. അവിടെ നിന്ന് ചുരുങ്ങിയ സമയത്തില്‍ ഇന്ന് ഇന്ത്യയില്‍ 2 ലക്ഷം പിപിഇ കിറ്റുകളും 2 ലക്ഷം എന്‍ 95 മാസ്‌കുകളും ദിവസേന നിര്‍മിക്കുന്നുവെന്നും സാങ്കേതിക പരിജ്ഞാനമുള്ള ജനത എന്ന പേരില്‍ ഇന്ത്യയ്ക്ക് ഇനിയുമേറെ ദൂരം സഞ്ചരിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it