രൂപയുടെ മൂല്യത്തകര്‍ച്ച ബിസിനസ് മേഖലകളെ എങ്ങനെ ബാധിക്കും?

രൂപയുടെ മൂല്യത്തകര്‍ച്ച ബിസിനസ് മേഖലകളെ എങ്ങനെ ബാധിക്കും?
Published on

കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ഡോളറുമായുള്ള വിനിമയ മൂല്യത്തില്‍ രൂപ കനത്ത ചാഞ്ചാട്ടം നേരിടുകയാണ്. വ്യാഴാഴ്ച രൂപയുടെ വിനിമയ മൂല്യം 70.82 രൂപയെന്ന റെക്കോഡ് നിലവാരത്തിലേക്ക് ഇടിയുകയുണ്ടായി. രൂപയുടെ വിനിമയ മൂല്യത്തില്‍ ഈ വര്‍ഷം(2018) 9.5 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ വിനിമയ മൂല്യത്തില്‍ ഉണ്ടാകുന്ന വന്‍തകര്‍ച്ച വ്യവസായ വാണിജ്യ മേഖലകളിലൊക്കെ പരക്കെ ആശങ്കയുണ്ടാക്കുന്നൊരു ഘടകമാണ്.

വിദേശ നിക്ഷേപം ഇന്ത്യക്ക് പുറത്തേക്ക് തിരികെ പോകുന്നതും എണ്ണ ഇറക്കുമതിക്കായുള്ള ഡോളറിന്റെ ആവശ്യകത വര്‍ദ്ധിച്ചതും ഉള്‍പ്പെടെയുള്ള നിരവധി ഘടകങ്ങളാണ് രൂപയുടെ വനിമയ മൂല്യം കുറയാനുള്ള പ്രധാന കാരണങ്ങള്‍. ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്നൊരു കറന്‍സിയായി രൂപ മാറിക്കഴിഞ്ഞു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം തന്നെ 68- 70 രൂപ നിലവാരത്തില്‍ രൂപ സ്ഥിരതയാര്‍ജ്ജിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചന. അതേസമയം ആഗോള കറന്‍സികള്‍ക്കിടയില്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതിനാല്‍ രൂപയുടെ വിനിമയ മൂല്യം ഉടനടി മെച്ചപ്പെടാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

നേട്ടം ആര്‍ക്കൊക്കെ?

* രൂപയുടെ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് ഗള്‍ഫ് കറന്‍സികളുടെ വിനിമയ മൂല്യവും ഉയരുകയുണ്ടായി. ഇക്കാരണത്താല്‍ വിദേശ മലയാളികള്‍ക്ക് കേരളത്തിലേക്ക് കൂടുതല്‍ പണം അയക്കാന്‍ കഴിയുന്നു.

* കയറ്റുമതി രംഗത്തെ സംരംഭങ്ങള്‍ക്ക് ഡോളറില്‍ ലഭിക്കുന്ന പേമെന്റുകളൊക്കെ രൂപയിലേക്ക് മാറ്റുമ്പോള്‍ കൂടുതല്‍ തുക ലഭിക്കുമെന്നത് നേട്ടമാകും.

* ഐ.ടി കമ്പനികള്‍ക്ക് പുറമേ ഭക്ഷ്യോല്‍പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഔഷധങ്ങള്‍ തുടങ്ങിയ വിവിധ കയറ്റുമതി സംരംഭങ്ങള്‍ക്ക് വരുമാന വര്‍ദ്ധനവുണ്ടാകും

* ഇന്ത്യയിലേക്ക് എത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ ഇവിടെയുള്ള ചെലവ് കുറയും

കോട്ടങ്ങള്‍ എന്തൊക്കെ?

* ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ എണ്ണക്കമ്പനികളുടെ ഇറക്കുമതി ചെലവ് ഉയരും.

* ക്രൂഡ് ഓയില്‍ വാങ്ങാനുള്ള ചെലവ് വര്‍ദ്ധിക്കുമെന്നതിനാല്‍ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരും

*എണ്ണവില വര്‍ദ്ധിക്കുന്നതിനാല്‍ ഗതാഗത ചെലവ് ഉയരുകയും അതിന്റെ ഫലമായി അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവിന് വഴിയൊരുങ്ങുകയും ചെയ്യും

* അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന എല്ലാത്തരം വ്യവസായങ്ങളുടെയും ചെലവ് വര്‍ദ്ധിക്കും

*വ്യവസായ മേഖലക്കാവശ്യമായ മെഷിനറി, സ്‌പെയര്‍പാര്‍ട്ട്‌സുകള്‍ എന്നി ഇറക്കുമതി ചെയ്യാനുള്ള ചെലവ് ഉയരും

* ഇറക്കുമതി ചെയ്യപ്പെടുന്ന ഉല്‍പന്നങ്ങളുടെ വ്യാപാരത്തിനും രൂപയുടെ മൂല്യത്തകര്‍ച്ച തിരിച്ചടിയാകും

* വിദേശത്ത് വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ ചെലവ് വര്‍ദ്ധിക്കും. കൂടാതെ വിദേശ യാത്രയുടെയും ചെലവ് ഉയരും

* വാഹനങ്ങളുടെ പ്രത്യേകിച്ച് കാറുകളുടെ വില വര്‍ദ്ധിക്കും

* ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട ഹോട്ടല്‍ & ട്രാവല്‍ ചാര്‍ജുകള്‍ വര്‍ദ്ധിക്കും

* രൂപയുടെ മൂല്യത്തകര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യത്തിന് വെല്ലുവിളിയാകും. രാജ്യത്തെ ഇറക്കുമതി ചെലവ് വര്‍ദ്ധിക്കുമെന്നതിനാല്‍ കറന്റ് എക്കൗണ്ട് ഡെഫിസിറ്റ് ഉയരും. ഇതാകട്ടെ സമ്പദ്ഘടനയുടെ വളര്‍ച്ചക്ക് തടസമാകുകയും ചെയ്യും

* രാജ്യത്തെ വിദേശനാണ്യ ശേഖരത്തെ രൂപയുടെ മൂല്യത്തകര്‍ച്ച ദോഷകരമായി ബാധിക്കും

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com