നില മെച്ചപ്പെടുത്തി രൂപ, ബോണ്ട് വിലയിൽ വർധന     

തുടർച്ചയായി മൂല്യത്തകർച്ച നേരിട്ടു കൊണ്ടിരുന്ന രൂപയ്ക്ക് നേരിയ ആശ്വാസം. രൂപയുടെ വിനിമയമൂല്യം വെള്ളിയാഴ്ച ഒരു ഘട്ടത്തിൽ 71.65 എന്ന നിലയിലെത്തി. സെപ്റ്റംബർ 7 ശേഷംമുള്ള ഏറ്റവും ഉയർന്ന മൂല്യമാണിത്.

പിന്നീട് 71.77 ലേക്ക് ഇടിഞ്ഞെങ്കിലും ബുധനാഴ്ചത്തേതിനേക്കാൾ (72.19) മെച്ചപ്പെട്ട നിലയിലാണ് ഇന്ന്.

രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പവും നാണയപ്പെരുപ്പവും കുറഞ്ഞത് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പത്തുമാസത്തിൽ ആദ്യമായാണ് റീറ്റെയ്ൽ പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ ഇടക്കാല ടാർഗറ്റിന് താഴേക്ക് വന്നത്. ഒക്ടോബർ 5 ന് നടക്കാനിരിക്കുന്ന അടുത്ത നയാവലോകനയോഗത്തിൽ പലിശ നിരക്ക് ഉയർത്താതിരിക്കാനുള്ള സാധ്യത ഇതുമൂലം കൂടി എന്ന് പറയാം.

ക്രൂഡ് ഓയിൽ വിലയിൽ വന്ന കുറവും, വ്യാപാര യുദ്ധത്തിൽ അയവ് വന്നതും രൂപയ്ക്ക് അനുകൂലമായ ഘടകങ്ങളായി. രൂപയുടെ മൂല്യത്തകർച്ച ഒഴിവാക്കാൻ സർക്കാരും റിസർവ് ബാങ്കും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിലപാടും താങ്ങായി.

പ്രധാനമന്ത്രി വിളിച്ചു കൂട്ടുന്ന സാമ്പത്തിക കാര്യ സമിതി റിസർവ് ബാങ്കുമായി ചേർന്ന് രൂപയുടെ വിനിമയ മൂല്യവർദ്ധനയ്ക്ക് നടപടികൾ എടുക്കും എന്ന് കരുതുന്നു. വിദേശത്തു നിന്നു നിക്ഷേപം വർദ്ധിപ്പിക്കാൻ പ്രവാസികൾക്ക് പുതിയെരു നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചേക്കും.

അതേസമയം, ബോണ്ടിൽ നിന്നുള്ള ആദായം കുറഞ്ഞു. ബോണ്ടിന്റെ വില കൂടിയതോടെയാണിത്. പത്തുവർഷത്തെ ബോണ്ടിൽ നിന്നുള്ള ആദായം 8.134 ശതമാനത്തിൽ നിന്ന് 8.081 ശതമാനമായി കുറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it