സംരംഭം തുടങ്ങും മുമ്പ് പ്രവാസികള്‍ ശ്രദ്ധിക്കാന്‍ 10 കാര്യങ്ങള്‍

വിജയ് ശ്രീനികേതന്‍

നാട്ടില്‍ സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും വിജയാശംസകള്‍. എന്നാല്‍ സംരംഭകനാകും മുമ്പേ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെന്ന് നോക്കാം.

1. സാമ്പത്തിക സ്ഥിതി :

ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി ഒന്ന് അവലോകനം ചെയ്യണം. എവിടെയെല്ലാമാണ് നിങ്ങള്‍ നിങ്ങളുടെ പണം കരുതിയിരിക്കുന്നത്. ഇത്രയും നാള്‍ കഷ്ടപ്പെട്ട് നമ്പാദിച്ചതു ഉപയോഗിക്കുമ്പോള്‍ ഇതുവരെ അത് സംഭരിച്ചു വച്ചതു എവിടേ? അത്യാവശ്യ ഉപയോഗത്തിനു ആവശ്യമുള്ള പണം ഏറ്റവും എളുപ്പം ലഭ്യമാണോ?

2 . ആസ്തികള്‍ :

ഭൂമി /കെട്ടിടം /കടപ്പത്രങ്ങള്‍ മുതലായവയിലൊക്കെ നാം നിക്ഷേപിക്കാറുണ്ട്. ഇതോടൊപ്പം തന്നേ ഏതെങ്കിലും ആസ്തികള്‍ നമുക്ക് വരുമാനം തരുന്നുണ്ടോ ? ഉദാഹരണത്തിന് വാടകയ്ക്കു കൊടുത്തിരിക്കുന്ന കെട്ടിടങ്ങള്‍, വാഹനങ്ങള്‍ മുതലായവ ; അവയുടെ കൃത്യമായ ഒരു കണക്കെടുപ്പ് ആവശ്യമാണ്.

3. ബാധ്യത :

മേല്‍പ്പറഞ്ഞ ആസ്തികള്‍ സ്വന്തമാക്കിയപ്പോള്‍ നാം ഒരു പക്ഷേ കടങ്ങളും വാങ്ങിയിട്ടുണ്ടാവാം. വീട് വയ്ക്കുവാന്‍ എടുത്ത കടം ,വാഹനം വാങ്ങുവാന്‍ എടുത്ത കടം, വരുമാനം തരുന്ന കടമുറികള്‍ പണിയുവാന്‍ എടുത്ത കടം എല്ലാം തരം തിരിച്ചു അറിയേണ്ടത് വളരെ അത്യാവശ്യമാണ്.

4. എമര്‍ജന്‍സി ഫണ്ട് :

ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ നമ്മുടെ കുടുംബത്തിന് അടുത്ത 12 മാസം കഴിയാനുള്ള ഒരു ഫണ്ട് ആണ് ഞാന്‍ വ്യക്തിപരമായീ എമര്‍ജന്‍സി ഫണ്ട് എന്ന് കരുതുന്നത് . ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. സമാധാനത്തോടെ ഒരു പുതിയ സംരംഭം തുടങ്ങാന്‍ ഇത് നമ്മളെ സഹായിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇപ്പറഞ്ഞ പണം ഒരു നാഷണലൈസ്ഡ് ബാങ്കില്‍ നിക്ഷേപിച്ചാലും തരക്കേടില്ല എന്ന പക്ഷക്കാരനാണ് ഞാന്‍. അത്രകണ്ട് ഈ പണത്തിനു ഞാന്‍ മൂല്യം കല്‍പ്പിക്കുന്നു.

5. പുതിയ സംരംഭവും അതിന്റെ നിലനില്‍പ്പും:

നിങ്ങള്‍ ഒരു സംരംഭക കുടുംബത്തില്‍ നിന്നും ഉള്ള ആളാണോ? ഇല്ലെങ്കില്‍ നിശ്ചയമായും ഒരു മാര്‍ക്കറ്റ് അവലോകനം നടത്തേണ്ടത് അത്യാവശ്യമാണ്. തുടങ്ങാന്‍ ആലോചിക്കുന്ന സംരഭം എന്ത് മാറ്റമാണ് സമൂഹത്തില്‍ കൊണ്ടുവരുന്നത്? ഇപ്പോള്‍ ഇതു പോലുള്ള മറ്റു സ്ഥാപനങ്ങള്‍ ഉണ്ടോ? അവ ലാഭത്തിലാണോ? സംരംഭം തുടങ്ങുന്ന സ്ഥലം ശരിയാണോ? ഒരു കൃത്യമായ മാര്‍ക്കറ്റ് ആന്‍ഡ് ഫീസിബിലിറ്റി സ്റ്റഡി നടത്തുന്നത് ഉചിതമായിരിക്കും.

6. കൃത്യമായ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് :

വിദഗ്ധ ഉപദേശം വേണ്ടിടത്തു നാം അത് സ്വീകരിക്കുക തന്നെ വേണം എന്നാണ് എന്റെ നിര്‍ദ്ദേശം. കൃത്യമായ ഒരു പ്രൊജക്റ്റ് പ്ലാന്‍ നമ്മളെ ഉദ്ദേശിച്ച ലക്ഷ്യത്തില്‍ എത്തിക്കും. ബിസിനസ്സില്‍ നാം പാലിക്കേണ്ട ഒരു ഫിനാന്‍ഷ്യല്‍ ഡിസ്‌സിപ്ലിന്‍ വളരെ പ്രധാനമാണ്. ബിസിനസ് നടത്തുവാന്‍ നാം വാങ്ങുന്ന യന്ത്രവത്കൃത ഉപകരണങ്ങള്‍ , ട്രേഡിങ്ങ് നടത്തുവാന്‍ വാങ്ങുന്ന ഉത്പന്നങ്ങള്‍ എല്ലാം ഓരോ തരത്തില്‍ തരം തിരിച്ചുള്ള പണം ഉപയോഗിച്ചാണ് വാങ്ങേണ്ടത്. അതിനാല്‍ അത് പ്രത്യേക കരുതലോടെയാണ് ചെയ്യേണ്ടത്.

7.എങ്ങനെ തുടങ്ങണം?;

കുഴക്കുന്ന മറ്റൊരു പ്രധാന വിഷയം . ഒരു കണ്‍സള്‍ട്ടന്റ്റിനെ സമീപിച്ചു നമ്മുടെ ആശയം പറയുക.അദ്ദേഹം നിങ്ങള്‍ക്കു ഒരു സോള്‍ പ്രൊെ്രെപറ്ററി, പാര്‍ട്ണര്‍ഷിപ്, ലിമിറ്റെഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്, െ്രെപവറ്റ് ലിമിറ്റഡ് കമ്പനി എന്നിവയുടെ ഗുണങ്ങളും ദോഷങ്ങളും പറഞ്ഞു തരുന്നതാണ്. നമ്മുടെ ആവശ്യം മനസ്സിലാക്കാതെ ഉടനടി കമ്പനി തുടങ്ങുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.

8. കരാറുകളുടെ പ്രാധാന്യം :

ഒറ്റയ്ക്കായാലും കൂട്ടുചേര്‍ന്നുള്ള സംരംഭകത്വം ആയാലും കരാറുകള്‍ക്കും ഉടമ്പടി കള്‍ക്കും ഉള്ള പ്രധാന്യം നാം മറക്കരുത്. ബിസിനസ് നമുക്ക് വിശ്വാസം മാത്രം ഉപയോഗിച്ച് ചെയ്യാന്‍ സാധിക്കുകയില്ല, വിശ്വാസം വളരെ പ്രധാനമാണെങ്കില്‍ പോലും. പാര്‍ട്ണര്‍ഷിപ് കരാറുകളും, വ്യാപാരികളും വിതരണക്കാരും, എന്തിനു , നമ്മുടെ ഉപഭോക്താക്കളുമായി ഉള്ള കരാറുകള്‍ പോലും കൃത്യതയോടെ ചെയ്യുന്നതാണ് യുക്തം എന്നത് നിസ്സംശയം പറയേണ്ടിയിരിക്കുന്നു.

9. ബിസിനസ് റെജിസ്‌ട്രേഷന്‍സ് :

കാലം മാറിയിരിക്കുന്നു. എല്ലാം ഡിജിറ്റല്‍ മയം. എല്ലാം വിരല്‍ത്തുമ്പില്‍ , ഒറ്റ ക്ലിക്കില്‍ ലഭ്യമാണ്. നമുക്കും, അധികാരികള്‍ക്കും!! പഴയ കാലത്തെ തന്ത്രങ്ങളും ഉപദേശങ്ങളും ശരിയാവണമെന്നില്ല. ജി സ് ടി, പാന്‍ , വിറ്റു വരവ്, ലാഭം എല്ലാം ഡിജിറ്റല്‍ ആണ്. കൃത്യ സമയത്തു നമ്മുടെ ബിസിനസ് നു വേണ്ട രെജിസ്‌ട്രേഷന്‍സ് എടുക്കുകയും, ഇന്‍കം ടാക്‌സ് , ജി സ് ടി മുതലായവ പിഴ കൂടാതെ അടക്കുകയും ചെയ്യണം. സമാധാനത്തോടെ സംരംഭകത്വം വളര്‍ത്താം

10. സ്റ്റാറ്റസ് :

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു വന്നു ബിസിനസ് ചെയ്യാന്‍ തീരുമാനിച്ചാല്‍ ഇനി നമുക്ക് നമ്മുടെ വിദേശ മലയാളീ എന്ന പേര് മാറ്റിയാലോ? നാം നമ്മുടെ റെസിഡെന്‍ഷ്യല്‍ സ്റ്റാറ്റസ് മാറ്റുകയും ഒരു പക്ഷേ ആദായനികുതി, ഉചിതമായ പരിധിയില്‍ നല്കുകയും വേണം.

കണിശതയോടെ ഉള്ള ഒരു പ്ലാനിംഗ് എല്ലായ്‌പ്പോഴും ആവശ്യമാണ്. ഒരു നല്ല തുടക്കം കിട്ടിയാല്‍ പകുതി വിജയിച്ചു എന്നാണല്ലോ!!!

( ലേഖകന്‍ ബി എക്വിപ് അഡൈ്വസറിയിലെ കമ്പനി സെക്രട്ടറിയും ബിസിനസ് കണ്‍സള്‍ട്ടന്റുമാണ്)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it