കുടുംബ ബിസിനസ്: ശ്രദ്ധിക്കാന്‍ 50 കാര്യങ്ങള്‍

കുടുംബ ബിസിനസ് തലമുറകളിലൂടെ മുന്നോട്ടു കൊണ്ടുപോകുക അത്ര എളുപ്പമല്ല. ദീര്‍ഘവീക്ഷണത്തോടെയുള്ള ചുവടുവയ്പുകളും സൂക്ഷ്മമായ പ്രവര്‍ത്തനങ്ങളുമാണ് അതിനു വേണ്ടത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കുടുംബ ബിസിനസ് സാരഥികള്‍ നടപ്പിലാക്കി വിജയിച്ച ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു

1. വിട്ടു വീഴ്ച: വിട്ടുവീഴ്ചയ്ക്ക് തയാറാകുക എന്നത് കുടുംബ ബിസിനസില്‍ അനിവാര്യമായ കാര്യമാണ്. ഒരാള്‍ അനര്‍ഹമായി എന്തെങ്കിലും കൈക്കലാക്കുന്നു എന്നു കണ്ടാലും കുടുംബാംഗമല്ലേ എന്ന് കരുതി ക്ഷമിക്കാനുള്ള മനസ് കാണിക്കുക. അതേപോലെ തന്നെ താനാണ് ഏറ്റവും വലിയ കേമന്‍ എന്ന തോന്നലും നന്നല്ല.

2. എല്ലാവരെയും ഉള്‍ക്കൊള്ളുക: കുടുംബാംഗങ്ങളില്‍ ബിസിനസ് പരമായി കഴിവുള്ളവരും ഇല്ലാത്തവരുമുണ്ടാകാം. എന്നാല്‍ കഴിവ് കുറഞ്ഞവരെ മാറ്റി നിര്‍ത്തുകയോ അവരെ കുറിച്ച് മോശം പറയുകയോ ചെയ്യരുത്. അവരുടെ കഴിവുകളും പ്രയോജനപ്പെടുത്തിയാവണം ബിസിനസ് നടത്തേണ്ടത്.

3. സാമ്പത്തിക അച്ചടക്കം: പണത്തിന്റെ കാര്യത്തില്‍ സുതാര്യത പുലര്‍ത്തുന്നതിനൊപ്പം കൃത്യമായ കണക്ക് സൂക്ഷിക്കുകയും ചെയ്യുക. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനൊപ്പം കൃത്യമായ ആസൂത്രണവും ഉണ്ടായിരിക്കണം.

4. മറ്റുള്ളവരെ അംഗീകരിക്കുക: ബിസിനസിന് നേതൃത്വം നല്‍കുന്നയാള്‍, തനിക്ക് എല്ലാമറിയാം മറ്റാരുടെയും സഹായം വേണ്ട എന്നു കരുതരുത്. എല്ലാവരുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ബിസിനസില്‍ പങ്കാളികളായ എല്ലാവര്‍ക്കും ബിസിനസ് സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

5. കഴിവ് തെളിയിക്കട്ടെ: പുതിയ തലമുറയ്ക്ക് സ്വന്തം നിലയില്‍ കഴിവ് തെളിയിക്കാന്‍ അവസരം നല്‍കുക. നിശ്ചിത തുക നല്‍കി സ്വന്തമായി സംരംഭം നടത്തി കഴിവ് തെളിയിക്കാന്‍ ആവശ്യപ്പെടുകയും കഴിവ് തെളിയിച്ചാലേ കുടുംബ ബിസിനസില്‍ പ്രവേശനമുള്ളൂ എന്നും പറയാം.

6. പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുക: പലരും കഴിവുള്ള പ്രൊഫ

ഷണലുകളെ നിയമിക്കുമെങ്കിലും അവര്‍ക്ക് വേണ്ടത്ര പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാറില്ല. ബിസിനസിലെ കടിഞ്ഞാണ്‍ നഷ്ടപ്പെടുമെന്ന ഭയമാകും കാരണം. പ്രൊഫഷണലുകള്‍ക്ക് ആവശ്യമായ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കൂ, ബിസിനസില്‍ പ്രൊഫഷണലിസം കടന്നുവരട്ടെ.

7. യാത്രകളാവാം: കുടുംബത്തിനൊപ്പം യാത്ര ചെയ്യൂ. അതുവഴി കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കും. ബിസിനസിലും അത് ഗുണം ചെയ്യും.

8. വെട്ടിപ്പിടിക്കാന്‍ നോക്കേണ്ട: കുടുംബത്തിലെ മറ്റംഗങ്ങളേക്കാള്‍ കൂടുതല്‍ വെട്ടിപ്പിടിക്കണമെന്ന മോഹം ബിസിനസ് തകര്‍ച്ചയിലേ അവസാനിക്കൂ. സ്വയം നശിക്കുന്നതിനൊപ്പം പ്രതിച്ഛായയും ബിസിനസും തകരും.

9. ലക്ഷ്യത്തെ കുറിച്ച് ധാരണ വേണം: ബിസിനസിന്റെ വളര്‍ച്ചയെ കുറിച്ച് കുടുംബാംഗങ്ങള്‍ക്ക് ധാരണയുണ്ടായിരിക്കണം. വളര്‍ച്ചയുടെ ഒരു പ്രത്യേക ഘട്ടം കഴിഞ്ഞാല്‍ എങ്ങനെ വളരണമെന്നതു സംബന്ധിച്ച് അനിശ്ചിതത്വത്തിലാകുന്ന ബിസിനസുകള്‍ ഏറെയുണ്ട്.

10. പരിശീലന പരിപാടികളാവാം: കുടുംബ ബിസിനസ് നടത്തിക്കൊണ്ടു പോകുക എന്നത് അത്ര എളുപ്പമല്ല. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനനുസരിച്ച് മാറുകയെന്നത് പ്രധാനമാണ്. കാര്യങ്ങള്‍ അപ്പപ്പോള്‍ മനസിലാക്കാന്‍ സെമിനാറുകളിലും പരിശീലന പരിപാടികളിലും പങ്കെടുക്കുക.

11. പുതുതലമുറയ്ക്കും ഇടം നല്‍കുക: കാരണവരുടെ കാലം കഴിഞ്ഞാലേ തങ്ങള്‍ക്ക് സ്വതന്ത്രമായി ബിസിനസ് ചെയ്യാന്‍ കഴിയൂ എന്ന തോന്നല്‍ പുതുതലമുറയില്‍ ഉണ്ടാവാന്‍ പാടില്ല. യുവാക്കളുടെ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും ബിസിനസിന്റെ നടത്തിപ്പില്‍ ഇടം നല്‍കുക.

12. വന്ന വഴി എല്ലാവരുമറിയട്ടെ: എത്ര കഷ്ടപ്പെട്ടാണ് ബിസിനസ് വളര്‍ത്തിയതെന്ന് പുതുതലമുറയ്ക്ക് പറഞ്ഞു കൊടുക്കുക. സംരംഭത്തെ മുന്നോട്ട് നയിക്കുമ്പോള്‍ കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ അത് അവര്‍ക്ക് പ്രേരകമാകും.

13. സങ്കുചിത ചിന്താഗതി പാടില്ല: ഒരുമിച്ച് നേടിയതെല്ലാം വിഘടിച്ച് നഷ്ടപ്പെടുത്തുന്ന കുടുംബ ബിസിനസുകാര്‍ ചുറ്റിലുമുണ്ട്. സങ്കുചിത കാഴ്ചപ്പാടുകള്‍ മാറ്റിവെച്ച് വിശാലമായ ചിന്താഗതിയോടെ ഒരുമിച്ച് നീങ്ങുക. കൃത്യമായ പിന്തുടര്‍ച്ചാ നിയമം ഉണ്ടാക്കി പ്രൊഫഷണല്‍ സമീപനത്തോടെ പ്രവര്‍ത്തിക്കുക.

14. അഭിമാനം വ്രണപ്പെടാതെ നോക്കാം: പുതുതലമുറയോട് നയപരമായി ഇടപെടുക. അവരുടെ ആത്മാഭിമാനത്തിന് കോട്ടം തട്ടാത്ത വിധത്തിലാവണം തെറ്റു തിരുത്തല്‍ നടത്താന്‍. പുതിയ രീതികളോട് വിയോജിപ്പ് ഉണ്ടായാലും പ്രതികരിക്കുന്നതില്‍ മിതത്വം പാലിക്കാം.

15. മുന്‍ തലമുറയെ മാനിക്കുക: പുതുലമുറ കൊണ്ടു വരുന്ന മാറ്റങ്ങളെ സ്വീകരിക്കാന്‍ പഴയ തലമുറ ചിലപ്പോള്‍ തയാറാവണമെന്നില്ല. അതിന്റെ പേരില്‍ പൊതുവേദിയില്‍ മുതിര്‍ന്നവരോട് വിയോജിപ്പ് പ്രകടിപ്പിക്കരുത്. അവരുടെ പ്രയത്‌നത്തെ മാനിച്ചു കൊണ്ടു തന്നെ മാറ്റം ബിസിനസിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണെന്ന് ബോധ്യപ്പെടുത്തി മുന്നോട്ട് പോകുക.

16. ബഹുമാനം നല്‍കാം: കുടുംബാംഗങ്ങള്‍ പരസ്പരം ബഹുമാനത്തോടെ തന്നെ പെരുമാറുക. എല്ലാവരുടെയും അഭിപ്രായങ്ങള്‍ തേടി തീരുമാനങ്ങള്‍ അവരുടേത് കൂടിയാണെന്ന തോന്നലുണ്ടാക്കണം.

17. ജോലി പകുത്തു നല്‍കാം: ഒരേ ജോലി പലരും ചെയ്യേണ്ടതില്ല. അതു ചിലപ്പോള്‍ ഈഗോ ക്ലാഷിനും വഴിതെളിക്കാം. ഓരോരുത്തരുടെയും കഴിവിനും താല്‍പ്പര്യത്തിനും അനുസരിച്ച് ജോലി വിഭജിച്ച് നല്‍കാം.

18. ഔപചാരികമാകട്ടെ മീറ്റിംഗുകള്‍: ബിസിനസ് സംബന്ധിച്ച മീറ്റിംഗുകള്‍ ഔപചാരികമാകട്ടെ. പ്രൊഫഷണലുകളെ പോലെയാണ് അവിടെ സംസാരിക്കേണ്ടത്. ഊഷ്മളമായ കുടുംബ ബന്ധം സൂക്ഷിക്കാന്‍ കുടുംബാംഗങ്ങളുടെ ഒത്തു ചേരലുകളും വിനോദയാത്രകളുമാകാം.

19. മൂല്യങ്ങള്‍ പുതുതലമുറയിലേക്ക് പകരാം: ഗ്രൂപ്പ് വിശ്വസിക്കുന്ന മൂല്യങ്ങളില്‍ പുതിയ തലമുറയെ വളര്‍ത്തുക. ബന്ധങ്ങളുടെ പവിത്രത മാതാപിതാക്കള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുക. കാരണം അവരാണ് നാളെ ഗ്രൂപ്പിനെ നയിക്കേണ്ടത്.

20. താന്‍പോരിമ വേണ്ട: സ്ഥാപനത്തില്‍ ഏറ്റവും കുറച്ച് ജോലി ചെയ്യുന്നത് താനാണെന്ന് ഓരോരുത്തരും കരുതണം. മറ്റുള്ളവരേക്കാള്‍ വലുതാണ് താനെന്ന ചിന്ത പാടില്ല.

21. ജീവനക്കാരെ ഒപ്പം കൂട്ടുക: ജീവനക്കാരെയും കുടുംബാംഗങ്ങളെ പോലെ കരുതാം. ബിസിനസിന്റെയും കുടുംബത്തിന്റെയും ഭാഗമാണ് തങ്ങളെന്ന ചിന്ത ജീവനക്കാരില്‍ ഉണ്ടാക്കുന്നത് ബിസിനസ് വളര്‍ച്ചയെ സഹായിക്കും.

22. കുത്തിത്തിരിപ്പുകാരെ കരുതിയിരിക്കുക: ബിസിനസിലുള്ള കുടുംബാംഗത്തെപ്പറ്റി മോശമായി ആരെങ്കിലും പറഞ്ഞാല്‍ പ്രോല്‍സാഹിപ്പിക്കാതിരിക്കുക. ഗ്രൂപ്പിനെ വിഭജിച്ച് മുതലെടുക്കാന്‍ ശ്രമിക്കുന്നവരായിരിക്കും മോശം കാര്യങ്ങള്‍ പറഞ്ഞു പരത്തുക.

23. ബാധ്യതകള്‍ അപ്പപ്പോള്‍ തീര്‍ക്കുക: ബിസിനസ് സംരംഭം സാമ്പത്തിക ബാധ്യതയില്‍ പെട്ടാല്‍ സ്വത്ത് വിറ്റിട്ടായാലും അത് ഉടനെ തീര്‍ക്കുക. പിന്നീട് പണമുണ്ടാകുമ്പോള്‍ തീര്‍ക്കാമെന്ന് പറഞ്ഞ് മാറ്റിവെച്ചാല്‍ ചിലപ്പോള്‍ തീര്‍ക്കാന്‍ പറ്റാത്ത ബാധ്യതയായി അതു മാറാം.

24. തുല്യരായിരിക്കാം: കുടുംബാംഗങ്ങള്‍ക്കിടയില്‍ ജീവിത രീതിയിലോ വിദ്യാഭ്യാസത്തിലോ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാതെ നോക്കണം. അതല്ലെങ്കില്‍ രമ്യതക്കുറവ് ഉണ്ടാകാം. കൂട്ടായ്മയുടെ സന്ദേശം തലമുറകളിലേക്ക് പകര്‍ന്നു നല്‍കുകയും വേണം.

25. അനാവശ്യ ഇടപെടലുകള്‍ വേണ്ട: മറ്റുള്ളവരുടെ പ്രവര്‍ത്തന മേഖലയില്‍ അനാവശ്യമായി ഇടപെടരുത്. ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം പലര്‍ക്കും പലതായിരിക്കും.

26. ഒരു കാര്യവും അടിച്ചേല്‍പ്പിക്കരുത്: ബിസിനസിലേക്ക് പുതിയ തലമുറയെ കൊണ്ടു വരുന്നതിന് മുമ്പ് പരിശീലനം നല്‍കുന്നത് നല്ലതു തന്നെ. എന്നാല്‍ അവരുടെ ഇച്ഛയ്ക്ക് എതിരായി ഒരു കാര്യവും അടിച്ചേല്‍പ്പിക്കാതിരിക്കുക. പുതിയ ആശയങ്ങള്‍ അവരില്‍ നിന്ന് ഉയര്‍ന്നു വരട്ടെ. അവരുടെ ക്രിയാത്മകതയെ തല്ലിക്കെടുത്തരുത്. ഒരു പ്രൊഫഷണല്‍ ആകാനാണ് അവരുടെ തീരുമാനമെങ്കില്‍ അത് അനുവദിക്കുക.

27. വ്യക്തി വേറെ, ബിസിനസ് വേറെ: ബിസിനസ് കാര്യങ്ങള്‍ വ്യക്തിപരമായ കാര്യങ്ങളുമായി കൂട്ടിക്കുഴയ്ക്കരുത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ബിസിനസുമായി ബന്ധപ്പെടുത്താതിരിക്കാം.

28. പുതുതലമുറ താഴെനിന്ന് ഉയര്‍ന്നു വരട്ടെ: പഠനം കഴിഞ്ഞ് എത്തിയാലുടനെ തന്ത്രപ്രധാനമായ സ്ഥാനത്ത് ഇരുത്തി പുതുതലമുറയെ നശിപ്പിക്കാതിരിക്കുക. താഴെ തട്ടില്‍ പ്രവര്‍ത്തിച്ച് പരിശീലനം നേടി ഉയര്‍ന്നു വരട്ടെ. എങ്കിലേ പ്രതിസന്ധികളില്‍ തളരാതിരിക്കൂ.

29. മറ്റുള്ളവരെ അംഗീകരിക്കുക: താന്‍ മാത്രമാണ് ശരിയെന്ന ചിന്താഗതി പാടില്ല. മറ്റുള്ളവരെ അംഗീകരിക്കുക.

30. കഴിവുകള്‍ കണ്ടെത്തുക: പലരും പല കഴിവുകള്‍ ഉള്ളവരാകാം. അവരുടെ കഴിവുകള്‍ മിനുക്കിയെടുക്കാനുള്ള അവസരം നല്‍കുക. അത് ബിസിനസിനെ ഉയരങ്ങളിലെത്താന്‍ സഹായിക്കും.

31. ദൈനംദിന കാര്യങ്ങള്‍ പ്രൊഫഷണലുകള്‍ നോക്കട്ടെ: സംരംഭത്തിന്റെ സാരഥിക്ക് ദൈനംദിന കാര്യങ്ങള്‍ക്കപ്പുറം ഏറെ ചെയ്യാനുണ്ട്. പ്രാപ്തിയുള്ള പ്രൊഫഷണലുകള്‍ ദൈനംദിന കാര്യങ്ങള്‍ നടത്തട്ടെ.

32. അതൃപ്തി തിരിച്ചറിയുക: കുടുംബാംഗങ്ങളില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും അതൃപ്തിയോ പരാതിയോ മറ്റോ ഉണ്ടെങ്കില്‍ അത് കണ്ടെത്താനും പരിഹാരം കാണാനും ടീം ലീഡര്‍ക്ക് കഴിയണം. അതല്ലെങ്കില്‍ കണ്‍സള്‍ട്ടിംഗ് ഏജന്‍സിയുടെയും മറ്റും സഹായത്തോടെ കണ്ടെത്തുകയുമാകാം. പരാതികള്‍ അപ്പപ്പോള്‍ പരിഹരിച്ചില്ലെങ്കില്‍ വലിയ പ്രശ്‌നത്തിലേക്ക് നയിക്കപ്പെടാം.

33. പുതിയ അതിഥികള്‍ക്ക് പുതിയ ചുമതലകള്‍: വിവാഹത്തിലൂടെ കുടുംബത്തിലേക്ക് വരുന്നവരെ നിലവിലുള്ള ബിസിനസില്‍ ഇടെപടുവിക്കുന്നതിനേക്കാള്‍ നല്ലത് അവര്‍ക്കായി പുതിയ ചുമതലകള്‍ നല്‍കുന്നതാണ്. സുഗമമായി പോകുന്ന ബിസിനസിലെ പല രീതികളും അന്യകുടുംബങ്ങളില്‍ നിന്നും അന്യസംസ്‌കാരത്തില്‍ നിന്നും വരുന്നവര്‍ക്ക് ശരിയായി തോന്നണമെന്നില്ല.

34. ചുമതലകള്‍ നല്‍കല്‍ ആലോചിച്ച് മതി: സഹോദരങ്ങളുടെ ബിസിനസില്‍ അവരുടെ ഭാര്യമാരെ ഉള്‍പ്പെടുത്തുന്നത് ആലോചിച്ച് മതി. അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ സഹോദരങ്ങള്‍ തമ്മില്‍ എളുപ്പത്തില്‍ രമ്യതയിലെത്താം. എന്നാല്‍ വ്യത്യസ്ത കുടുംബ സാഹചര്യങ്ങളില്‍ നിന്നു വരുന്ന അവരുടെ ഭാര്യമാര്‍ അങ്ങനെയായിരിക്കണമെന്നില്ല.

35. പ്രശ്‌നങ്ങള്‍ അവരവര്‍ തീര്‍ക്കട്ടെ: മക്കളും അവരുടെ ജീവിതപങ്കാളികളും സജീവമായുള്ള ബിസിനസില്‍ അഭിപ്രായവ്യത്യാസം വന്നാല്‍ മാതാപിതാക്കള്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് മാറി നില്‍ക്കാം. അവര്‍ തന്നെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ആവശ്യപ്പെടാം. ഏതെങ്കിലും ഒരാള്‍ അനുകൂലമായോ പ്രതികൂലമായോ അഭിപ്രായം പറയുന്നത് പ്രശ്‌നം ഇരട്ടിപ്പിക്കും.

36. അമിതമായ ഇടപെടല്‍ വേണ്ട: സ്വയം വളര്‍ത്തി വലുതാക്കിയ സംരംഭത്തിന്റെ ചുമതല മക്കള്‍ക്ക് നല്‍കിയാല്‍ പിന്നീട് അതില്‍ അമിതമായ കൈകടത്തലുകള്‍ വേണ്ട. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാം.

37. ഉപദേശം ആലോചിച്ച് മതി: കമ്പനിയുടെ പോക്ക് ശരിയായ ദിശയിലല്ല എന്ന് തോന്നിയാല്‍ ആ തോന്നല്‍ ശരിയാണോ എന്ന് പലവട്ടം ആലോചിച്ച് ഉറപ്പിച്ചശേഷം മാത്രമേ മക്കളെ തിരുത്താനോ ഉപദേശിക്കാനോ മുതിരാവൂ. ചിലപ്പോള്‍ നിങ്ങളുടെ ശരി ആയിരിക്കില്ല മക്കളുടെ ശരി.

38. ശരിയെന്നു തോന്നുന്നത് ചെയ്യാന്‍ അനുവദിക്കുക: മക്കളെ ബിസിനസില്‍ കൊണ്ടു വരുന്ന മാതാപിതാക്കള്‍ അവരുടെ ആശയങ്ങളെ കേട്ടപാടെ തള്ളിക്കളയരുത്. ശരിയാകില്ല എന്നു തോന്നിയാലും അത് പരീക്ഷിച്ചറിയാന്‍ അവരെ അനുവദിക്കുക.

39. വിഭജനം കൂട്ടായി ആലോചിച്ച് മതി: ബിസിനസ് ഏതെങ്കിലും സാഹചര്യത്തില്‍ മക്കള്‍ക്കായി വിഭജിച്ച് നല്‍കേണ്ട സാഹചര്യം വന്നാല്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിനുപകരം മക്കളുമായി ചര്‍ച്ച ചെയ്ത് അവരവര്‍ക്ക് തോന്നുന്ന വിഭജനപദ്ധതി അവതരിപ്പിക്കാന്‍ ആവശ്യപ്പെടാം.

40. അഭിപ്രായ ഭിന്നത ബിസിനസിനെ ബാധിക്കരുത്: കുടുംബാംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത ബിസിനസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലാകരുത്. തന്നോടാലോചിക്കാതെ ഒന്നും ചെയ്യരുത് എന്നതുപോലുള്ള നിര്‍ദേശങ്ങള്‍ ഏതെങ്കിലും ഡയറക്റ്റര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് നല്‍കരുത്.

41. ടീം ലീഡറുടേതാവട്ടെ തീരുമാനം: ബിസിനസ് നടത്തിപ്പ് കുടുംബത്തിലെ ആരെയെങ്കിലും ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അയാളുടെ വാക്കാണ് സ്ഥാപനത്തിന്റെ കാര്യത്തില്‍ അന്തിമം.

42. മേധാവിതത്വത്തെ ചോദ്യം ചെയ്യരുത്: കുടുംബ ബിസിനസിന് നേതൃത്വം നല്‍കുന്നയാളുടെ പ്രവര്‍ത്തനങ്ങളോ തീരുമാനങ്ങളോ ശരിയല്ലെന്ന് തോന്നിയാല്‍ കുടുംബ യോഗങ്ങളില്‍ അത് തിരുത്തുവാന്‍ ശ്രമിക്കുക. എന്നിട്ടും ശരിയാവുന്നില്ലെങ്കില്‍ നേതൃത്വത്തില്‍ നിന്ന് മാറ്റുകയുമാകാം. നേതാവായി തുടരുന്നിടത്തോളം കാലം അദ്ദേഹത്തിന്റെ മേധാവിത്വത്തെ ചോദ്യം ചെയ്യാന്‍ പാടില്ല.

43. ബിസിനസ് വീട്ടില്‍ വേണ്ട: ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ബിസിനസ് കാര്യങ്ങള്‍ കഴിയുന്നത്ര വീട്ടിലേക്ക് കൊണ്ടുവരാതിരിക്കുക. രണ്ടുപേരുടെയും അധികാര പരിധികള്‍ കൃത്യമായി നിര്‍വചിച്ചിരിക്കണം. കഴിയുമെങ്കില്‍ ഇതില്‍ പരസ്പരം ഇടപെടരുത്. ഒരു കാര്യം നടത്താന്‍ രണ്ടുപേരെയും തൃപ്തിപ്പെടുത്തേണ്ട സാഹചര്യം ജീവനക്കാര്‍ക്ക് ഉണ്ടാക്കരുത്.

44. കൂട്ടായ്മ ഉറപ്പു വരുത്തുക: കുടുംബ ബിസിനസിന്റെ വിജയത്തിന്റെ ആണിക്കല്ല് കൂട്ടായ പ്രവര്‍ത്തനം ആണ്. ബിസനസിന് നേതൃത്വം നല്‍കുന്നയാളുടെ ഉത്തരവാദിത്തമാണ് കൂട്ടായ്മ ഉറപ്പാക്കുക എന്നത്.

45. കൃത്യമായ ലക്ഷ്യബോധം വേണം: ബിസിനസ് എവിടെ എത്തണമെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നും വ്യക്തമായ കാഴ്ചപ്പാട് കുടുംബാംഗങ്ങള്‍ക്കുണ്ടാകണം. പരമ്പരാഗതമായി ലഭിച്ച സംരംഭത്തെ എങ്ങനെയെങ്കിലും മുന്നോട്ട് കൊണ്ടുപോയാല്‍ മതി എന്നു ചിന്തിക്കരുത്.

46. അഭിപ്രായ സ്വാതന്ത്ര്യം വേണം: അംഗങ്ങള്‍ക്ക് സ്വന്തം അഭിപ്രായം പറയാനും ആശയങ്ങള്‍ അവതരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുക. മാത്രമല്ല, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കാനുള്ള മനസും ഉണ്ടാവണം. എങ്കിലേ ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടാകൂ.

47. വലിയ ചുമതലകള്‍ ഉടനെ നല്‍കരുത്: പുതു തലമുറയെ നേരിട്ട് ബിസിനസിലേക്ക് കൊണ്ടുവരുന്നതിന് പകരം മറ്റേതെങ്കിലും സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ച് പ്രവര്‍ത്തന പരിചയം നേടിയ ശേഷമായാല്‍ നന്ന്.

48. വളരാനുള്ള അവസരമൊരുക്കുക: ഒരുമിച്ച് നില്‍ക്കുന്നതാണ് ബിസിനസ് വളര്‍ച്ചയ്ക്ക് നല്ലതെങ്കിലും കുടുംബത്തിലെ എല്ലാവര്‍ക്കും വളരാനുള്ള അവസരം ഉണ്ടാക്കണം. പുതിയ തലമുറ വ്യത്യസ്ത ആശയങ്ങളുമായി വരുമ്പോള്‍, നിലവിലുള്ള ബിസിനസില്‍ അതൊന്നും നടപ്പിലാക്കാനുള്ള അവസരമില്ലെങ്കില്‍ ബിസിനസ് വിഭജിച്ച് ഓരോരുത്തര്‍ക്കും വളരാനുള്ള അവസരം നല്‍കുക.

49. നടത്തിപ്പ് പ്രൊഫഷണലാവട്ടെ: എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വലുപ്പം ബിസിനസിന് ഉണ്ട് എങ്കില്‍ ബിസിനസ് ഒരുമയോടെ മുന്നോട്ടുകൊണ്ടുപോകുക. കൂടുതല്‍ വളരുമ്പോള്‍ ഓരോരുത്തരുടെയും ഗ്രൂപ്പിലെ ഉടമസ്ഥാവകാശം ഓഹരികളാക്കി മാറ്റുക. കമ്പനികളുടെ നടത്തിപ്പ് പ്രൊഫഷണലുകളെ ഏല്‍പ്പിക്കുക.

50. ബന്ധങ്ങള്‍ ഉപേക്ഷിക്കാതിരിക്കുക: കുടുംബാംഗങ്ങള്‍ സംരംഭങ്ങളില്‍ നിന്ന് വേര്‍പിരിഞ്ഞാലും ബന്ധവും അടുപ്പവും കാത്തുസൂക്ഷിക്കുക. തമ്മില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും പരസ്യമായ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കുക. മറ്റുള്ളവരെ കുറ്റം പറയുന്നത് താനടക്കം ആ കുടുംബത്തിലെ എല്ലാവരെയും ബാധിക്കുമെന്ന് മനസിലാക്കുക.

Related Articles

Next Story

Videos

Share it