ബജറ്റ് തുറക്കൂ… ആദ്യ ബജറ്റിന്റെ കഥ ഇങ്ങനെ

ബജറ്റ് തുറക്കൂ… ആദ്യ ബജറ്റിന്റെ കഥ ഇങ്ങനെ

Published on

എങ്ങും ബജറ്റ് ചര്‍ച്ചകളാണ്. ഇന്ദിര ഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ സ്ത്രീയെന്ന നിലയില്‍ നിര്‍മല സീതാരാമനും ചര്‍ച്ചകളില്‍ സജീവമാകുന്നു. എന്നാല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ബജറ്റ് ആദ്യമായി അവതരിപ്പിച്ചതാരാണെന്നു അറിയാമോ? ജെയിംസ് വില്‍സണ്‍ എന്ന സ്‌കോട്ടിഷുകാരനായിരുന്നു ആദ്യ ബജറ്റ് അവതരിപ്പിച്ച ആള്‍.

എന്നാല്‍ ബജറ്റ്… ബജറ്റ് എന്നു പറയുമെങ്കിലും ഈ പദമെവിടെ നിന്നു വന്നതാണെന്നതിനെക്കുറിച്ച് വലിയ ധാരണയൊന്നും പലര്‍ക്കുമില്ല. ബജറ്റ് എന്ന വാക്ക് ഫ്രഞ്ചില്‍ നിന്ന് ഉടലെടുത്തതാണ്. പേഴ്‌സ്/ ബാഗ് എന്നാണ് ഈ വാക്കിന്റെ അര്‍ഥം.

1733 മുതലാണ് ഇംഗ്ലീഷുകാര്‍ ഈ വാക്ക് ഉപയോഗിച്ച് തുടങ്ങിയത്. ഹൗസ് ഓഫ് കോമണ്‍സില്‍ സാമ്പത്തിക പദ്ധതി അവതരിപ്പിക്കാന്‍ വരാറുള്ള ട്രഷറി ചാന്‍സലര്‍ അദ്ദേഹത്തിന്റെ ലെതര്‍ ബാഗ് തുറന്നാണ് അത് പുറത്തെടുത്തിരുന്നത്. 1733 ചാന്‍സലര്‍ ആയിരുന്ന വാള്‍പോളിനെ പരിഹസിച്ച് 'ബജറ്റ് തുറക്കൂ' എന്ന് പറഞ്ഞു. അന്ന് മുതല്‍ ഔദ്യോഗികമായി അത് ബജറ്റ് ആയി. പിന്നീട് വന്നവരും ബജറ്റ് എന്ന പദത്തെ ഏറ്റെടുത്തു.

ഇന്ത്യയില്‍ ആദ്യ ബജറ്റ് അവതരണം നടന്നത് 1860 ഏപ്രില്‍ ഏഴിനാണ്. ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിക്കപ്പെട്ട 1857ല്‍ നടന്ന പ്രക്ഷോഭം ബ്രിട്ടീഷ് സര്‍ക്കാരിന് വരുത്തി വെച്ച സാമ്പത്തിക നഷ്ടം നികത്താന്‍ നികുതിയും ഏര്‍പ്പെടുത്തി. ജെയിംസ് വില്‍സണ്‍ തന്നെയാണ് ആദ്യമായി പ്രത്യക്ഷ നികുതിയും കൊണ്ടുവന്നത്. 1857നും ഏപ്രില്‍ 1860നും ഇടയില്‍ പൊതുകടം കൂടിയത് 39മില്യണ്‍ പൗണ്ട് ആണ്.

കൂടിവരുന്ന കടം മനസിലാക്കിയ ബ്രിട്ടീഷ് ഭരണകൂടം കമ്പനിയില്‍ നിന്ന് കടത്തിന്റെ ഉത്തരവാദിത്തം 1858 ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് വഴി ഏറ്റെടുത്തു. ചുമതല ഏല്‍പ്പിക്കപ്പെട്ട സെക്രട്ടറി ഓഫ് സ്റ്റേറ്റ് സര്‍ ചാള്‍സ് വുഡ് ആണ് ധനകാര്യ ഉദ്യോഗസ്ഥനായി ജെയിംസ് വില്‍സണെ ഇന്ത്യയിലേക്ക് അയക്കുന്നത്. വൈസ്രോയിയായിരുന്ന കാനിങ്ങിന്റെ കൗണ്‍സിലില്‍ അംഗമായാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയില്‍ എത്തി ഏതാനും മാസങ്ങള്‍ക്കകമാണ് അദ്ദേഹം ആദ്യ ബജറ്റ് അവതരിപ്പിച്ചത്. അങ്ങനെ ആ ബജറ്റിന് 159 വയസ് ആകുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com