നിര്‍മല സീതാരാമന് മുന്നിലെ കടമ്പകള്‍

വിപരീത സാഹചര്യങ്ങളുടെ ആധിക്യത്തിലും സമ്മര്‍ദ്ദത്തിലും ആശാഭരിതമായൊരു ബജറ്റ് അണിയിച്ചൊരുക്കുകയെന്ന ദുഷ്‌കര കര്‍മ്മമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിറവേറ്റിക്കഴിഞ്ഞിരിക്കുന്നതെന്ന കാര്യം തീര്‍ച്ച. ചരിത്രത്തിലിടം നേടിയ വിവിധ സാമ്പത്തിക സൂചകങ്ങളുടെ അസുഖകരമായ കുരുക്കുകള്‍ ബജറ്റ് 2020 നെ ഞെരുക്കിയിട്ടുണ്ടാകുമെന്നതില്‍ രണ്ടു പക്ഷമില്ല സാമ്പത്തിക വിദഗ്ധര്‍ക്ക്.

സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിലയിലായിരിക്കുമ്പോള്‍ രൂപപ്പെടുത്തുന്ന ബജറ്റിനെ എങ്ങനെ ജനപ്രിയമാക്കാന്‍ കഴിയും എന്നതായിരിക്കണം നിര്‍മ്മല സീതാരാമന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. സമ്പദ് വ്യവസ്ഥയുടെ നിലനില്പ്പുറപ്പാക്കാനുള്ള മൂലമന്ത്രം ഉരുവിട്ടുകൊണ്ട് ഒരു അസാധാരണ ബജറ്റ് യാഥാര്‍ത്ഥ്യമാക്കവേ ധനമന്ത്രിയുടെ ടീം പരിഗണനയ്‌ക്കെടുത്ത പ്രധാന ഘടകങ്ങള്‍ ഏതൊക്കെയായിരിക്കണമെന്ന ചര്‍ച്ച നിരീക്ഷകര്‍ തുടരുന്നു.

റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി അഞ്ച് തവണ നിരക്ക് താഴ്ത്തിയതും സെപ്റ്റംബറില്‍ കോര്‍പ്പറേറ്റ് നികുതി നിരക്കില്‍ കുറവു വരുത്തിയതും ഉപഭോഗം പുനരുജ്ജീവിപ്പിച്ചില്ല. നികുതി വെട്ടിക്കുറവ് മൂലമാകട്ടെ ഈ സാമ്പത്തിക വര്‍ഷം 20 ബില്യണ്‍ ഡോളര്‍ വരുമാനമാണ് നഷ്ടമാകുന്നത്.

കണക്കാക്കിയതിലും താഴെയാണ് നികുതി വരുമാനമെന്നതു മാത്രമല്ല ഈ രംഗത്തു പുരോഗതിയുടെ ലക്ഷണവും ദൃശ്യമാകുന്നില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഗ്രാമീണ വേതനത്തിലെ താഴ്ച ഇല്ലാതാക്കുന്നതിനും സമ്പദ്വ്യവസ്ഥയില്‍ ഗണ്യമായ തോതില്‍ അടിയന്തിരമായി സര്‍ക്കാര്‍ പണമിറക്കേണ്ടിയിരിക്കുന്നു.

സര്‍ക്കാരിന്റെ കീശ കൂടുതല്‍ തുറന്നേ പറ്റൂവെന്ന നിര്‍ദ്ദേശം ധനമന്ത്രി ശ്രദ്ധിക്കുന്നുണ്ടെങ്കില്‍, അത് ഉയര്‍ന്ന വായ്പകളായി പരിണമിക്കും. ധനക്കമ്മി ലക്ഷ്യങ്ങള്‍ അതുവഴി കൂടുതല്‍ അപകടത്തിലാകുമെന്ന പ്രശ്‌നവുമുണ്ട്. ഊരാക്കുടുക്കാണ് ധനമന്ത്രിക്കു മുന്നിലെന്നു വ്യക്തം.

ഇനിപ്പറയുന്ന ചില സാമ്പത്തിക സൂചകങ്ങളിലൂടെ അവരുടെ ധര്‍മ്മസങ്കടം പ്രകടം.

ജിഡിപി വളര്‍ച്ചയിലെ തളര്‍ച്ച

2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 5 ശതമാനമാകുമെന്നാണ് കണക്കാക്കുന്നത്. ഇത് 11 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. 2019 ജൂലൈയില്‍ അവതരിപ്പിച്ച ആദ്യ ബജറ്റില്‍ 2024 ഓടെ ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുകയെന്ന ലക്ഷ്യമാണ് നിര്‍മ്മല സീതാരാമന്‍ നിശ്ചയിച്ചിരുന്നത്. അങ്ങനെയെങ്കില്‍, സമ്പദ്വ്യവസ്ഥ പ്രതിവര്‍ഷം 8% മുതല്‍ 9% വരെ വികസിപ്പിക്കേണ്ടതുണ്ട്.

ജിഡിപി വളര്‍ച്ച ഇപ്പോഴത്തെ നിലയിലെത്തി നില്‍ക്കവേ ലോകത്തെ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ എന്ത് നടപടികളാണ് സ്വീകരിക്കുകയെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. എന്തായാലും ബജറ്റ് 2020 ന് സമ്പദ്വ്യവസ്ഥയുടെ ഞരമ്പുകളെ ശാന്തമാക്കാനുള്ള ദൗത്യം ഏറ്റെടുക്കാതെ പറ്റില്ല.

ഉപഭോഗ മാന്ദ്യം

ഉപഭോഗം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ അടിത്തറയായി മാറിക്കഴിഞ്ഞു. ഇത് മൊത്തം ജിഡിപിയുടെ 60 ശതമാനത്തിലധികമാണ്. ഉപഭോഗച്ചെലവ് വളര്‍ച്ച 2012 സാമ്പത്തിക വര്‍ഷത്തിലെ 17.5 ശതമാനത്തില്‍ നിന്ന് 2019 ല്‍ 9 ശതമാനമായി കുറഞ്ഞു. ജിഡിപി വളര്‍ച്ചയിലെ ഇടിവിനെക്കാള്‍ കുത്തനെയുള്ളതാണ് ഈ താഴ്ച.

ഗ്രാമീണ വേതനവും തൊഴിലും കുറയുന്നത് ഈ ദുരവസ്ഥയ്ക്കു കാരണമായി. 'ഗ്രാമീണ ഉപഭോഗ മാന്ദ്യം തൊഴില്‍ അഭാവം മൂലമാണ്. പ്രത്യേകിച്ച് നിര്‍മ്മാണ മേഖലയില്‍,' മുംബൈയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് റിസര്‍ച്ചിലെ (ഐജിഐഡിആര്‍) സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍ ആര്‍ നാഗരാജ് പറയുന്നു. മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്റ്റ് (എംജിഎന്‍ആര്‍ജിഎ) പ്രകാരം ഇന്ത്യയുടെ ഗ്രാമീണ തൊഴില്‍ പദ്ധതിക്ക് കുറഞ്ഞ ഫണ്ട് അനുവദിക്കുന്നതും കുറ്റപ്പെടുത്തേണ്ടതാണെന്ന പക്ഷക്കാരനാണദ്ദേഹം.

കുറഞ്ഞ ക്രെഡിറ്റ് സ്രോതസ്

വായ്പയുടെ അഭാവമാണ് ഉപഭോഗം ദുര്‍ബലമാകാനുള്ള മറ്റൊരു കാരണം. മോശം വായ്പകളുടെ പ്രശ്‌നം പരിഹരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിഷ്‌ക്രിയ ആസ്തികളില്‍ (എന്‍പിഎ) ജാഗ്രത പുലര്‍ത്തുന്ന ബാങ്കുകള്‍ അതീവ സുരക്ഷിതമായാണ് കളിക്കുന്നത്.

ഇന്ത്യയുടെ ഷാഡോ ബാങ്കുകളിലെ പ്രതിസന്ധി വഷളാകാനും ഈ സാഹചര്യം ഇടവരുത്തുന്നു. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ (എന്‍ബിഎഫ്സി) നല്‍കുന്ന ക്രെഡിറ്റിന്റെ ഏകദേശം 20% റീട്ടെയില്‍ വിഭാഗത്തിലേക്കാണ്. പണലഭ്യതയുടെ കുറവു മൂലം എന്‍ബിഎഫ്സികള്‍ പ്രശ്നങ്ങള്‍ നേരിടുന്നു. ഇത് അവരുടെ വായ്പയെ തടസ്സപ്പെടുത്തുക സ്വാഭാവികം.- കെയര്‍ റേറ്റിംഗിലെ സാമ്പത്തിക വകുപ്പു കൈകാര്യം ചെയ്യുന്ന റുച്ച രണദിവേ പറഞ്ഞു. തല്‍ഫലമായി, വാണിജ്യ ബാങ്കുകളുടെ വായ്പാ വളര്‍ച്ചയും കുറയുകയാണ്.

നിക്ഷേപ ഇടിവ്

അപകടസാധ്യതകളെ അമിതമായി ഭയക്കുന്ന ബാങ്കുകള്‍ പണലഭ്യത ഇല്ലാതാകാനിടയാക്കി. നിക്ഷേപം 2012 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപിയുടെ 34.3 ശതമാനമായിരുന്നവെങ്കില്‍ 2020 ല്‍ 28.1 ശതമാനമായി കുറഞ്ഞു.

തല ഉയര്‍ത്തുന്ന പണപ്പെരുപ്പം

2019 ഡിസംബറില്‍ ഇന്ത്യയിലെ ചില്ലറ പണപ്പെരുപ്പം 7.4 ശതമാനമായി ഉയര്‍ന്നു. ഇത് 2014 ജൂലൈ മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. മഴക്കാലത്തെ തുടര്‍ന്നുള്ള വിതരണത്തിലെ തടസ്സങ്ങള്‍ കാരണം ഭക്ഷ്യവസ്തുക്കളുടെ വില ഒരു മാസത്തില്‍ 12 ശതമാനം ഉയര്‍ന്നു.

ചില്ലറ പണപ്പെരുപ്പം ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ സുരക്ഷ്ത മേഖല ഭേദിച്ച് 4 % മുകളിലാണ്. ഇത് നിരക്ക് കുറയ്ക്കുന്നതിനുള്ള കഴിവ് പരിമിതപ്പെടുത്തുന്നു. 2019 ല്‍ വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന റിപ്പോ നിരക്ക് 1.35 ശതമാനം കുറച്ചു.

എന്നിരുന്നാലും, ഉയര്‍ന്ന പണപ്പെരുപ്പ പ്രവണത നിലനില്‍ക്കില്ല. പുതിയ വിളവെത്തിയതോടെ ചില്ലറ വിപണികളില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞു.കെയര്‍ റേറ്റിംഗിലെ അസോസിയേറ്റ് ഇക്കണോമിസ്റ്റ് സുശാന്ത് ഹെഡെയുടെ നിരീക്ഷണ പ്രകാരം വരും മാസങ്ങളില്‍ ചില്ലറ പണപ്പെരുപ്പം കുറയുന്ന പ്രവണത തിരികെ വരാനിടയുണ്ട്. അതേസമയം, ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കിയുള്ള കോര്‍ മേഖലയിലെ പണപ്പെരുപ്പം 2019 ല്‍ കുത്തനെ ഇടിഞ്ഞു.ഈ ഇടിവ് മികച്ച ഉപഭോഗ ആവശ്യകത പുനര്‍ജനിക്കാനുതകും.

നിശബ്ദമായ ഫാക്ടറികള്‍

ഇന്ത്യയുടെ വ്യാവസായിക ഉല്‍പാദനം 2019 ഓഗസ്റ്റ് മുതല്‍ തുടര്‍ച്ചയായി മൂന്ന് മാസത്തേക്ക് ചുരുങ്ങി. സെപ്റ്റംബറില്‍ വ്യാവസായിക ഉല്‍പാദന സൂചികയുടെ (ഐഐപി) ഇടിവ് ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുത്തനെയുള്ളതായിരുന്നു. സാമ്പത്തിക മാന്ദ്യം ആഴത്തില്‍ വേരൂന്നിയതിന്റെ ഒരു അടയാളമായി ഇത്.

ധനക്കമ്മിയില്‍ പിടിവാശി പറ്റില്ല

2019 ലെ ബജറ്റില്‍ സര്‍ക്കാരിന്റെ ചെലവും വരുമാനവും തമ്മിലുള്ള വ്യത്യാസമായ ധനക്കമ്മി ജിഡിപിയുടെ 3.3 ശതമാനമായി പരിമിതപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിച്ചതിലും താഴെയാണ് നികുതി പിരിവെന്നതിനാല്‍, ഈ ലക്ഷ്യം തുടരുക വിഷമം. 'സാമ്പത്തിക വര്‍ഷത്തില്‍ 0.5 ശതമാനം ഇടിവ് പ്രതീക്ഷിക്കുന്നു,' സുശാന്ത് ഹെഡെ പറഞ്ഞു. ധനക്കമ്മി ലക്ഷ്യങ്ങള്‍ മാറ്റിയാല്‍ മാത്രമേ സര്‍ക്കാര്‍ ചെലവുകള്‍ വര്‍ദ്ധിപ്പിക്കാനാകൂ എന്നതാണവസ്ഥ.

പ്രൊഫസര്‍ ആര്‍ നാഗരാജിന്റെ അഭിപ്രായത്തില്‍ വളര്‍ച്ചയ്ക്കാകണം മുന്‍ഗണന. 'ധനപരമായ യാഥാസ്ഥിതികതയുടെ സമയമല്ല ഇത്. ഉല്‍പാദനവും തൊഴില്‍ വളര്‍ച്ചയും വീണ്ടും സംജാതമാകണം. അതിനുവേണ്ടി ധനക്കമ്മി സഹിക്കാവുന്ന പരിധിക്കുള്ളില്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് ഞാന്‍ കരുതുന്നു.അതിന്റെ ഫലമായുണ്ടാകുന്ന മെച്ചത്തിലൂടെ അനുപാതം യഥാസമയം ശരിയാകും.'

' ധനക്കമ്മി വര്‍ദ്ധിക്കുന്നതിന്റെ അനുബന്ധമായി സര്‍ക്കാര്‍ അധിക വായ്പയെടുക്കാനിടയുണ്ട്. ഇത് സ്വകാര്യ നിക്ഷേപകരുടെ തിരക്ക് വര്‍ദ്ധിപ്പിക്കും, 'ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ സാമ്പത്തിക വിദഗ്ധ ദീപ്തി മേരി മാത്യു അഭിപ്രായപ്പെടുന്നു.

യുക്തിയെ നിരാകരിക്കുന്ന സെന്‍സെക്‌സ്

മോശം സാമ്പത്തിക വാര്‍ത്തകള്‍ക്കിടയിലും, സാമ്പത്തിക വിപണികള്‍ വന്‍ ഉയരങ്ങളിലേക്കാണ് ഇടയ്ക്കു കുതിക്കുന്നത്.2019 ല്‍ ബെഞ്ച്മാര്‍ക്ക് സെന്‍സെക്‌സ് 14% ഉയര്‍ന്നു. നിലവിലെ റാലിയെ നയിക്കുന്നത് വളരെ കുറച്ച് ഓഹരികളാണ്. ചെറുകിട, മിഡ് ക്യാപ് സ്റ്റോക്കുകളില്‍ ഭൂരിഭാഗവും കഴിഞ്ഞ വര്‍ഷം ഭേദപ്പെട്ട പ്രകടനമല്ല കാഴ്ചവച്ചത്, '- ദീപ്തി മേരി മാത്യു പറഞ്ഞു.

നിക്ഷേപകരുടെ ശുഭാപ്തിവിശ്വാസം നിസ്സാരമായി എടുക്കാന്‍ സീതാരാമന്‍ തയ്യാറാകില്ല. വളര്‍ച്ച പുനരുജ്ജീവിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. 'പ്രധാനമായും കോര്‍പ്പറേറ്റ് പ്രകടനത്തിലെ പുരോഗതിയും സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള നയപരമായ നടപടികളുടെ പ്രഖ്യാപനവുമാണ് വിപണി ഉറ്റുനോക്കുന്നത്,' രണദിവേ പറഞ്ഞു.

'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് '

ലോകബാങ്കിന്റെ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് 'പട്ടികയില്‍ ഇന്ത്യയുടെ കുത്തനെയുള്ള കയറ്റമാണ് സമ്പദ്വ്യവസ്ഥയില്‍ അപൂര്‍വ രജത രേഖയായി തിളങ്ങുന്നത്. 2020 ഓടെ ആദ്യ 50 സ്ഥാനങ്ങളില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടത് 2015 കാലത്താണ്. ഇന്ത്യ ഇപ്പോള്‍ ലക്ഷ്യത്തിന്റെ തൊട്ടടുത്ത് തന്നെ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it