Top

'നല്ല ഭക്ഷണത്തിന് ലോക്ഡൗണില്ല!' കോവിഡ് കാലത്തും ഫുഡ് ബിസിനസിലൂടെ നേട്ടമുണ്ടാക്കിയ യുവസംരംഭകര്‍

ഉപഭോക്താക്കളുടെ വിശ്വാസ്യതയാണ് എല്ലാ ബിസിനസിലും മുതല്‍ക്കൂട്ടാകുക. വിഷമ ഘട്ടത്തിലും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കൂടെ നില്‍ക്കാന്‍ കഴിയുന്നവര്‍ക്കേ ഇനിയുള്ള കാലം ബിസിനസുള്ളൂ എന്നു പ്രമുഖ ബിസിനസുകാര്‍ പറയുമ്പോള്‍ കൊച്ചിയിലെ ഈ യുവ സംരംഭകരും അതിന് മാതൃകയാകുകയാണ്. കോവിഡ് പ്രതിസന്ധി എല്ലാ ബിസിനസിനെയും പോലെ ഹോട്ടല്‍ ബിസിനസിനെയും വല്ലാതെ പിടിച്ചുലച്ചപ്പോള്‍ കേരളത്തിലെ പല ഹോട്ടലുകള്‍ക്കും ഷട്ടര്‍ വീണു. പലരും ബിസിനസ് പാടേ നിര്‍ത്തി കളമൊഴിഞ്ഞു. ചിലര്‍ സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയവയുടെ സഹായത്തോടെ ചെറിയ തോതില്‍ പാഴ്‌സല്‍ സര്‍വീസുകള്‍ തുടങ്ങി.

ലോക്ഡൗണ്‍ ഇളവുകള്‍ ലഭ്യമായിട്ടും ബിസിനസിലേക്ക് തിരിച്ചു വരാനാകാതെ നിരവധി സംരംഭകര്‍ ഇപ്പോളും വഴിമുട്ടി നില്‍ക്കുകയാണ്. അവര്‍ക്കിടയിലാണ് ഈ യുവ സംരംഭകര്‍ വ്യത്യസ്തരാകുന്നത്. 34 വര്‍ഷത്തോളമായി ഫോര്‍ട്ട്‌കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ ഹല്‍വ സെന്റര്‍ എന്ന ഹോട്ടലിന്റെ നവ സാരഥികളായ സഹോദരങ്ങള്‍ എസ്എആര്‍ അര്‍ഷാദും എസ്എആര്‍ അര്‍മാനും. പിന്നെ, ജര്‍മനിയില്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഹോട്ടല്‍ ബിസിനസിനോട് കൊതി മൂത്ത് കേരളത്തില്‍ എത്തി ഫുഡ് ട്രക്ക് എന്ന വ്യത്യസ്തമായ ആശയത്തെ അടുക്കും ചിട്ടയോടും അവതരിപ്പിച്ച് വിജയത്തിലെത്തിച്ച ലക്ഷ്മി സുരേഷും.

ഹല്‍വ സെന്ററിന്റെ ബീഫും ബിരിയാണിയും

1986 മുതല്‍ ഫോര്‍ട്ട് കൊച്ചിക്കാര്‍ക്ക് പലഹാരവും നെയ്‌ച്ചോറും കോഴിക്കറിയും നല്ല ബീഫ് വരട്ടിയതും ബിരിയാണിയുമൊക്കെ ഉണ്ടാക്കി വിളമ്പിയിരുന്ന 'കൊച്ചിന്‍ ഹല്‍വ സെന്റര്‍' ഇപ്പോള്‍ നോക്കി നടത്തുന്നത് സഹോദരന്മാരായ എസ്എആര്‍ അര്‍ഷാദും എസ്എആര്‍ അര്‍മാനുമാണ്. കുടുംബ ബിസിനസിനെ അതേ പേരില്‍ അല്‍പ്പം മോഡിഫിക്കേഷന്‍ നടത്തിയാണ് ഇവര്‍ ആരാധകരെ കൂട്ടിയത്. ഒപ്പം വ്യത്യസ്തവും തനതായ വിഭവങ്ങളും ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ എടുത്തുള്ള സ്‌പ്ലൈയും.

ഹോട്ടല്‍ മേഖലയിലെ ലോക്ഡൗണ്‍ ഇളവുകള്‍ വന്നപ്പോള്‍ ആദ്യം തന്നെ വാട്‌സാപ്പ് ഗ്രൂപ്പുകളും തങ്ങളുടെ തന്നെ ഉപഭോക്താക്കള്‍ക്ക് മെസേജുകളയച്ചും ഇവര്‍ ഓര്‍ഡറുകള്‍ നേടി. തുടര്‍ന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച് കൊണ്ട് ഒരു കോവിഡ് സ്‌പെഷ്യല്‍ കിച്ചന്‍ തന്നെ ഭക്ഷണം പാകം ചെയ്യാന്‍ സജ്ജമാക്കി. ഇനിയാണ് വില്‍പ്പനാ തന്ത്രം. തനതായ ഭക്ഷണം ഉണ്ടാക്കി ഫോട്ടോകള്‍ എടുത്ത് വിലയുമായി ഉപഭോക്താക്കള്‍ അയച്ചു കൊടുക്കും. ഒപ്പം നേരത്തെ ഈ ഭക്ഷണം കഴിച്ചു ബോധ്യപ്പെട്ടവര്‍ നല്‍കിയ മികച്ച റിവ്യൂകളുള്ള സോഷ്യല്‍മീഡിയ പേജുകളും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞ് കണ്ടെത്താം.

ഒരിക്കല്‍ ഭക്ഷണം വാങ്ങിക്കഴിച്ചവരാണ് വീണ്ടും തങ്ങള്‍ക്ക് വീണ്ടും ഓര്‍ഡര്‍ നല്‍കുകയെന്ന് ആത്മവിശ്വാസത്തോടെ ഈ സഹോദരങ്ങള്‍ പറയുന്നു. ഈ ലോക്ഡൗണിലും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്ല ഭക്ഷണം വിളമ്പാന്‍ ഇവര്‍ കാണിച്ച പരിശ്രമങ്ങള്‍ തന്നെയാണ് ഇവരുടെ ബിസിനസ് വര്‍ധിപ്പിച്ചതും. നേരത്തെ അറിയിച്ചാല്‍ 30 കിലോമീറ്റര്‍ ദൂരത്തേക്കും, വേണ്ടി വന്നാല്‍ അതില്‍ കൂടുതലും സഞ്ചരിച്ച് കൊച്ചിന്‍ ഹല്‍വ സെന്ററിന്റെ സപ്ലൈയര്‍മാര്‍ വിഭവങ്ങള്‍ സുരക്ഷിതമായി വീട്ടുപടിക്കലെത്തിക്കും.

ഓരോ സപ്ലൈയ്ക്കു ശേഷവും ഇവര്‍ കയ്യുറകളും മാസ്‌കും മാറ്റും. സുരക്ഷിതമായ പാക്കിംഗ് കൈകൊണ്ടു നേരിട്ട് സ്പര്‍ശിക്കാതെയുള്ളവയാണ്. ഒപ്പം അടുക്കളയിലുള്ളവര്‍ക്ക് അതീവ ശ്രദ്ധ നല്‍കാനും ഇവര്‍ ശ്രമിച്ചു. പാചകം നേരത്തെ വശമുള്ള സംരംഭക സഹോദരങ്ങള്‍ തന്നെ ഭക്ഷണം പാകം ചെയ്യാനും തുടങ്ങി. അത്യാവശ്യ ഡെലിവറിയും ഇവര്‍ തന്നെ. സംഗതി ക്ലിക്ക് ആയി.

നല്ല തനതായ രുചിയില്‍, വീട്ടു പടിക്കല്‍ ഇഷ്ടവിഭവങ്ങള്‍ സുരക്ഷിതമായി എത്തുമെങ്കില്‍ 'നല്ല ഭക്ഷണത്തിനെന്തു ലോക്ഡൗണ്‍ ബായ്!' എന്നിവര്‍ ചോദിക്കുന്നു. ലോക്ഡൗണില്‍ എന്ത് ചെയ്യും എന്നല്ല ചിന്തിക്കേണ്ടി വന്നത്. നേരത്തെ തന്നെ ഉപഭോക്താക്കള്‍ക്കായി എന്തെല്ലാം സൗകര്യങ്ങള്‍ നല്‍കാന്‍ കഴിയുമോ അവ ചെയ്യാനുള്ള വഴികള്‍ കണ്ടെത്തിയതാണ് ഇവരെ സഹായിച്ചത്. ഒപ്പം സോഷ്യല്‍മീഡിയ എങ്ങനെ ബിസിനസ് വര്‍ധിപ്പിക്കാനുപയോഗിക്കാം എന്നതും. എല്ലാത്തിനുമുപരി നാവില്‍ കൊതിയുണര്‍ത്തുന്ന മെനുവും.

'ഓ…ജൂലിയ' ഫുഡ് ട്രക്കിന്റെ ലോക്ക് വീഴാത്ത ബിസിനസ്

ലക്ഷ്മി സുരേഷ് എന്ന ഫൂഡീ സംരംഭകയെ കൊച്ചിയിലെ ഫൂഡീസിനധികമറിയില്ലെങ്കിലും 'ജൂലിയ'യെ അവര്‍ക്ക് പരിചിതമാണ്. എങ്ങനെയാണ് ലക്ഷ്മി-ജൂലിയ ആയതെന്നല്ലേ, ഉത്തരം ലക്ഷ്മിയുടെ ഫൂഡ് ട്രക്ക് എന്ന സംരംഭത്തില്‍ തന്നെയുണ്ട്. 'ഓ ജൂലിയ' എന്നാണ് ലക്ഷ്മിയുടെ ഫൂഡ് ട്രക്കിന്റെ പേര്. ജര്‍മനിയില്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴാണ് അവിടെ ഫുഡ് ട്രക്ക് ബിസിനസ് ആരംഭിച്ചാലോ എന്ന ആഗ്രഹം ലക്ഷ്മിയുടെ മനസ്സിലുദിച്ചത്. ഭക്ഷണം ആസ്വദിച്ച് കഴിക്കുകയും പാകം ചെയ്യുകയും ചെയ്യുന്ന ലക്ഷ്മിക്ക് ഈ സംരംഭകത്വ താല്‍പര്യം ഹോട്ടല്‍ ബിസിനസ് പാരമ്പര്യമുള്ള മുത്തശ്ശിയില്‍ നിന്ന് ലഭിച്ചതാണ്. എന്നാല്‍ പിന്നെ ജന്മ നാട്ടില്‍ തന്നെ ആദ്യ സംരംഭം എന്ന് ഉറപ്പിച്ച് കേരളത്തില്‍ എത്തി ഫുഡ് ട്രക്ക് ശരിപ്പെടുത്തി.

ഫോഴ്‌സിന്റെ ഒരു വണ്ടി ഫൂഡ് ട്രക്ക് ആയി സജ്ജമാക്കി. തൃപ്പൂണിത്തുറയില്‍ റോഡ് സൈഡിലുള്ള ഒരു വീടിന്റെ മുറ്റത്ത് ട്രക്ക് പാര്‍ക്ക് ചെയ്ത് ഒരു ഹോട്ടല്‍. നാടന്‍ ബീഫ് വരട്ടും, ചിക്കന്‍ ഫ്രൈയും ഒക്കെ വിളമ്പുന്ന ഫുഡ് ട്രക്ക്. സംഭവം ട്രക്ക് തന്നെ, എന്നാല്‍ വരുന്നവര്‍ക്കിരിക്കാന്‍ ലൈറ്റിംഗ് ഒക്കെ ചെയ്ത് തടി കൊണ്ടുള്ള സീറ്റിംഗും ടേക്ക് എവേ കൗണ്ടറും എല്ലാം ഉണ്ട്. ബിസിനസ് ഒന്നു പച്ചപിടിച്ചു വരുമ്പോഴാണ് കോവിഡിന്റെ വരവ്, ഒപ്പം ലോക്ഡൗണും. സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആദ്യ ദിവസങ്ങളില്‍ ട്രക്ക് പൂട്ടിയിട്ടു. എന്നിട്ടും നേരത്തെ ഇവിടെ നിന്ന് ആഹാരം കഴിച്ച് രുചിപിടിച്ചവര്‍ പലരും ഭക്ഷണം അന്വേഷിച്ച് വന്നു തിരിച്ചു പോകുന്നുണ്ടായിരുന്നു.

അങ്ങനെ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ടേക്ക് എവേയും ഓണ്‍ലൈന്‍ ഡെലിവറിയും സജീവമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാചകക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് താമസിച്ച് ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നതിനാല്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടില്ല. ഒപ്പം പ്രതിരോധത്തിനായുള്ള ഒരുക്കങ്ങളോടെയുള്ള പാകം ചെയ്യലും വിളമ്പലും. ഇരുന്നു കഴിക്കുന്നതൊഴിവാക്കിയെങ്കിലും കൂടുതല്‍ പേര്‍ ട്രക്കിന്റെ ടേക്ക് എവേ കൗണ്ടറിലെത്തുന്നു.

അകലത്തില്‍ നിന്നവര്‍ ഓര്‍ഡര്‍ നല്‍കും. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കി പാഴ്‌സല്‍ വാങ്ങും, തുടര്‍ന്ന് ടേക്ക് എവേ കൗണ്ടറില്‍ തന്നെ നിന്ന് ഗൂഗ്ള്‍ പേ, പേടിഎം തുടങ്ങി തങ്ങള്‍ക്കനുയോജ്യമായ മാര്‍ഗത്തിലൂടെ പണം കൈമാറും, ചൂടുള്ള നാടന്‍ വിഭവങ്ങളുമായി മടങ്ങും. എത്താന്‍ കഴിയാത്തവര്‍ക്ക് ഓര്‍ഡര്‍ നല്‍കിയും ഫൂഡ് വാങ്ങാം. ഏരൂര്‍ ഉള്ള തന്റെ ഫുഡ് ട്രക്ക് തേടി എറണാകുളം ജില്ലയിലെ പലരും വന്നെത്തുന്നത് ഒരിക്കല്‍ കഴിച്ചു പോയവര്‍ നല്‍കിയ നല്ല റിവ്യൂകള്‍ കൊണ്ടും വൃത്തിയും സുരക്ഷിതത്വവും ഉറപ്പാക്കിയത് കൊണ്ടുമാണെന്ന് ലക്ഷ്മി പറയുന്നു. ഓണ്‍ലൈന്‍ റിവ്യൂകളും ഏറെ സഹായിച്ചു. ഇതുവരെ ഉണ്ടായിരുന്ന ബിസിനസിന്റെ ഇരട്ടിയാണ് ഈ ലോക്ഡൗണ്‍ കാലത്ത് ജൂലിയ ഫുഡ് ട്രക്കിന് ലഭിച്ചതെന്ന് പറയുകയാണ് ഈ സംരംഭക.

എല്ലാ ബിസിനസും പോലെ ഹോട്ടല്‍ ബിസിനസും പ്രതിസന്ധിയെ അതിജീവിക്കാന്‍ ' ന്യൂ നോര്‍മല്‍' തേടിക്കഴിഞ്ഞു. ഈ യുവ സംരംഭകര്‍ കാട്ടിത്തരുന്നതും അതുതന്നെ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it