സംസ്ഥാനത്ത് തൊഴിലില്ലായ്മ അതിരൂക്ഷമെന്ന് സര്‍ക്കാര്‍
സംസ്ഥാനത്ത് തൊഴിലില്ലായ്മ അതിരൂക്ഷമെന്ന് വ്യക്തമാക്കി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ഗ്രാമ പ്രദേശങ്ങളില്‍ നൂറ് പുരുഷന്‍മാരില്‍ 10 പേരും തൊഴില്‍ രഹിതരാണ്. 19 സ്ത്രീകളും തൊഴിലില്ലായ്മ പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. നഗര മേഖലയിലേക്ക് വരുമ്പോള്‍ 100 ല്‍ 6 പുരുഷന്‍മാരും 27 സ്ത്രീകളും തൊഴില്‍ രഹിതരാണെന്ന് നാളെ അവതരിപ്പിക്കുന്ന ബജറ്റിനു നാന്ദിയായി ധനമന്ത്രി പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സേചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തത് 35.6 ലക്ഷം പേരാണ്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മ കണക്കെന്നും സാമ്പത്തിക സര്‍വെ വ്യക്തമാക്കുന്നു.സംസ്ഥാനത്തെ നികുതി വരുമാനം കുറഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സാമ്പത്തിക മാന്ദ്യമാണ് കാരണം. നികുതിയേതര വരുമാനം കൂടിയെന്നും മന്ത്രി അറിയിച്ചു.
വന്‍കിട പദ്ധതികള്‍ പ്രഖ്യാപിക്കാതെയും നിലവിലെ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനു മുന്‍ഗണന നല്‍കിയുമുള്ളതാകും ബജറ്റെന്ന് സൂചനയുണ്ട്.മദ്യ വില കൂട്ടിയേക്കും. വാര്‍ഷിക പദ്ധതിയില്‍ കാര്യമായ വര്‍ദ്ധന വേണ്ടെന്ന നിര്‍ദേശമാണ് ആസൂത്രണ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ഭൂനികുതി, കെട്ടിട നികുതി, ഭൂമിയുടെ ന്യായവില, മോട്ടര്‍ വാഹന നികുതി, മദ്യനികുതി, സേവനങ്ങള്‍ക്കുള്ള ഫീസ് എന്നിവയില്‍ നേരിയ വര്‍ദ്ധന ഉണ്ടാകുമെന്നാണ് സൂചന.
ഇന്ധനവില ഉയര്‍ന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നികുതിയില്‍ ഒരു രൂപ കുറച്ചിരുന്നു. ഇതു തിരിച്ച് പിടിക്കാനുള്ള നിര്‍ദ്ദേശം കൊണ്ടുവന്നേക്കും. തദ്ദേശ തിരഞ്ഞെടുപ്പു വര്‍ഷമായതിനാല്‍ നികുതികള്‍ വലിയ രീതിയില്‍ ഉയര്‍ത്താനിടയില്ല.സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം 5 വര്‍ഷത്തിലൊരിക്കലെന്നത് തുടരാനാണ് സാദ്ധ്യത.3500 കോടി രൂപ കരാറുകാര്‍ക്കു നല്‍കി ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ പകുതിയിലേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷമിടുന്നത്.
നെല്‍വയലില്‍ നിന്ന് കരഭൂമിയായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഭൂമിയുടെ നികുതി വര്‍ദ്ധിപ്പിക്കാനും സാദ്ധ്യതയുണ്ട്. ഭൂമിയുടെ ന്യായവിലയുടെ ചെറിയ ശതമാനമാണ് നികുതിയായി ഇപ്പോള്‍ ഈടാക്കുന്നത്. ഭൂമി പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ മൂല്യം കൂടുമെന്നതിനാലാണ് നികുതി വര്‍ദ്ധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നത്.
കേരളത്തിന് നികുതി വിഹിതത്തില്‍ കിട്ടേണ്ട തുകയില്‍ 2,636 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചെലവ് ചുരുക്കി അധിക വിഭവസമാഹരണം കണ്ടെത്താനുള്ള മാര്‍ഗങ്ങളുണ്ടായേക്കും. ഇതിനായി ഭൂനികുതിയും സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസും വര്‍ദ്ധിപ്പിക്കാനാണ് സാദ്ധ്യത. കിഫ്ബിയിലൂടെ പ്രഖ്യാപിച്ച 47,000 കോടിയുടെ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളും ഉണ്ടാവും. ഇതില്‍ 18,000 കോടി രൂപയുടെ പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്തു. 14,000 കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരുന്നു.
പുതിയ തസ്തികകള്‍ സൃഷ്ടിക്കാനുള്ള സാദ്ധ്യതയില്ല. 20,000 തസ്തികകള്‍ ഈ സര്‍ക്കാര്‍ സൃഷ്ടിച്ചു കഴിഞ്ഞു. പല വകുപ്പുകളിലും അധികമായി ജീവനക്കാരുണ്ട്. ഇവരെ പുനര്‍വിന്യസിക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടുന്നുണ്ടെങ്കിലും അതിന് ആനുപാതികമായി ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടില്ല എന്നും സൂചനയുണ്ട്. എണ്ണം കൂട്ടാതെതന്നെ നിലവിലുള്ള ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കാനായിരിക്കും നിര്‍ദ്ദേശിക്കുക. പെര്‍ഫോമന്‍സ് ഓഡിറ്റിലെ അഞ്ഞൂറോളം പേരെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കാനും സാദ്ധ്യതയുണ്ട്. ജി.എസ്.ടി വരുന്നതിന് മുമ്പുണ്ടായിരുന്ന വാറ്റ് കുടിശിക വ്യാപാരികളില്‍ നിന്ന് പിരിക്കാന്‍ ബഡ്ജറ്റില്‍ പ്രത്യേക സംവിധാനം ഉണ്ടാകുമെന്ന് അറിയുന്നു.
ലോട്ടറി ടിക്കറ്റുകള്‍ക്ക് വില കൂടുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ സൂചന നല്‍കിയതാണ്. ജി.എസ്.ടി കൗണ്‍സില്‍ ലോട്ടറി നികുതി 12 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കി ഏകീകരിച്ച സാഹചര്യത്തിലാണിത്. സര്‍ക്കാരിന്റെ ലാഭം കുറഞ്ഞാലും ലോട്ടറി വില്‍ക്കുന്നവരുടെയും സമ്മാനം നേടുന്നവരുടെയും ലാഭം കുറയാതിരിക്കാനാണ് വില കൂട്ടാനുള്ള നീക്കം.
സ്‌കൂളുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനുള്ള സാദ്ധ്യതയില്ലാതാക്കിയേക്കും. മിക്ക എയ്ഡഡ് സ്‌കൂളുകളും സര്‍ക്കാരിനെ അറിയിക്കാതെയാണ് തസ്തികകള്‍ സൃഷ്ടിക്കുന്നത്. 30 കുട്ടികള്‍ക്ക് ഒരു അദ്ധ്യാപകന്‍ എന്നാണ് അനുപാതം. ഒരു കുട്ടി കൂടിയാല്‍പോലും പുതിയ അദ്ധ്യാപക തസ്തിക സൃഷ്ടിക്കാറുണ്ട്. ഇത് സര്‍ക്കാരിന് അധികബാദ്ധ്യതയുണ്ടാക്കുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മുപ്പതിനായിരത്തോളം തസ്തികകള്‍ ഇങ്ങനെ സൃഷ്ടിച്ചതായാണ് കണക്ക്.