ഗ്രാമീണ ഭാരതത്തിനായി നിരവധി പദ്ധതികള്‍

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് കുടികൊള്ളുന്നതെന്ന രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തന്റെ ആദ്യ ബജറ്റില്‍ ഗ്രാമീണ, കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചത്.

എല്ലാവര്‍ക്കും എല്‍ പി ജി കണക്ഷനും എല്ലാ ഗ്രാമീണ ഭവനങ്ങളിലും വൈദ്യുതി എത്തിക്കുന്നതിനും പ്രധാനമന്ത്രി ആവിഷ്‌കരിച്ച് നടപ്പാക്കിയ പദ്ധതികള്‍ ഗ്രാമീണ ഇന്ത്യയുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിച്ചുവെന്ന് ബജറ്റ് പ്രസംഗത്തില്‍ നിര്‍മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി.

2022 ഓടെ എല്ലാവര്‍ക്കും വീട് ഉറപ്പാക്കും. 1.95 കോടി വീടുകള്‍ നിര്‍മിക്കും. നിലവില്‍ ഒരു വീട് നിര്‍മാണത്തിനുള്ള ദിവസങ്ങള്‍ 114 ആയി ചുരുങ്ങിയെന്നും നിര്‍മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി. എല്ലാ കര്‍ഷകര്‍ക്കും വൈദ്യുതിയും പാചകവാതകവും ഉറപ്പാക്കും.

ഫിഷറീസ് മേഖലയുടെ ആധുനീകരണത്തിന് പുതിയ പദ്ധതിയും പ്രഖ്യാപിച്ചു. 2025നകം 1.25 ലക്ഷം കിലോമീറ്റര്‍ റോഡുകള്‍ നിര്‍മിക്കും. ഗ്രാമീണ മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ സൃഷ്ടിക്കാനും പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും മുള, തേന്‍, ഖാദി മേഖലകളില്‍ 100 ക്ലസ്റ്ററുകള്‍ സ്ഥാപിക്കും. ഇതുവഴി 50,000 കരകൗശല വിദഗ്ധര്‍ക്ക് പ്രയോജനം ലഭിക്കും.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിച്ച് വിപണനം ചെയ്യാന്‍ ഫാര്‍മര്‍ പ്രൊഡ്യൂസിംഗ് കമ്പനികള്‍ വ്യാപകമാക്കും. സീറോ ബജറ്റ് ഫാമിംഗ് രീതികള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

Related Articles
Next Story
Videos
Share it