വ്യാപാരതർക്കം മുറുകുന്നു; യുഎസിനെതിരെ 'ആയുധം' പുറത്തെടുത്ത് ചൈന

യുഎസ്-ചൈന വ്യാപാരതർക്കം വീണ്ടും മുറുകുന്നു. ചൈനയെ 'കറൻസി മാനിപ്പുലേറ്ററാ'യി യുഎസ് ട്രഷറി ലേബൽ ചെയ്തത് ഇപ്പോൾത്തന്നെ ആഗോള വിപണിയെ ഉലച്ചിട്ടുണ്ട്. ചൈനീസ് ഉത്പന്നങ്ങളുടെ മേൽ യുഎസ് പുതിയ തീരുവ ചുമത്തിയതോടെ, യുഎസിനെതിരെ തങ്ങളുടെ ഏറ്റവും ശക്തമായ 'ആയുധം' പുറത്തെടുത്തിരിക്കുകയാണ് ചൈന. ചൈനീസ് കറൻസിയായ യുവാൻ!

യുഎസ് തീരുവയ്ക്ക് മറുപടിയായി ചൈനീസ് കേന്ദ്ര ബാങ്കായ 'പീപ്പിൾസ് ബാങ്ക് ഓഫ് ചൈന' രാജ്യത്തിൻറെ കറൻസിയായ യുവാന്റെ മൂല്യം കുറയാൻ വഴിയൊരുക്കി. ഒരു യുഎസ് ഡോളറിന് 7 എന്ന നില മുറിച്ചുകടന്ന യുവാൻ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ നീക്കത്തെ നിഷ്പ്രഭമാക്കി എന്നുവേണം പറയാൻ.

ചൈനീസ് കറൻസിയുടെ മൂല്യം കുറഞ്ഞാൽ

തിങ്കളാഴ്ച ഒരു ഡോളറിന് 7.05 ചൈനീസ് യുവാൻ എന്ന നിലയിലെത്തി കാര്യങ്ങൾ. ഇതിന് മുൻപ് യുവാൻ '7' എന്ന പരിധി (psychologically important level) മുറിച്ചു കടന്നത് ലോക സമ്പദ് വ്യവസ്ഥ സാമ്പത്തിക മാന്ദ്യത്തിലേക്ക് തെന്നിവീണുകൊണ്ടിരുന്ന മേയ് 2008 ലായിരുന്നു.

യുവാന്റെ മൂല്യം ഇടിഞ്ഞത് രൂപയുടെ മൂല്യം ഇടിയുന്നതിനും കാരണമായി. തിങ്കളാഴ്ച ആറു വർഷത്തെ ഏറ്റവും വലിയ ഇടിവാണ് രൂപ രേഖപ്പെടുത്തിയത്.

യുവാൻ ഈ സൈക്കോളജിക്കൽ പരിധി ലംഘിക്കുന്നത് ട്രംപിന് അത്ര ദഹിക്കുന്ന കാര്യമല്ല. ചൈനീസ് കയറ്റുമതിക്കാർക്ക് ഇത് കൂടുതൽ നേട്ടമുണ്ടാക്കും. ചൈനീസ് ഉല്പന്നങ്ങളുടെ മേൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന തീരുവയുടെ തിക്തഫലം മറികടക്കാൻ ഇതുമൂലം ചൈനീസ് കയറ്റുമതിക്കാർക്ക് കഴിയുമെന്നർത്ഥം.

എന്നാൽ ഒരു പരിധിയിൽ കൂടുതൽ കറൻസി എന്ന ആയുധം പ്രയോഗിച്ചാൽ തങ്ങൾക്കുതന്നെ തിരിച്ചടിയാകുമെന്നുള്ളതുകൊണ്ട് ചൈന ഇനിയും യുവാന്റെ മൂല്യം ഇടിയാൻ അനുവദിക്കില്ല എന്നാണ് പ്രതീക്ഷ.

യുഎസ് ട്രഷറി ഹോൾഡിങ്സ്: ചൈനയുടെ കയ്യിലെ തുറുപ്പ് ചീട്ട്

യുവാൻ '7' നുമപ്പുറം ഇടിയാൻ ചൈന അനുവദിച്ചതോടുകൂടി, വിപണി നിരീക്ഷകരുടെ കണ്ണ് ഉടൻ മറ്റൊന്നിലേക്കാണ് പാഞ്ഞത്. ഏകദേശം 1.1 ട്രില്യൺ ഡോളറിന്റെ യുഎസ് ട്രഷറി ഹോൾഡിങ്‌സ് ആണ് ചൈനയുടെ കയ്യിലുള്ളത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ യുഎസിന്റെ ഏറ്റവും വലിയ ഫോറിൻ ക്രെഡിറ്റർ ആണ് ചൈന. വ്യാപാര യുദ്ധം കനത്താൽ, യുഎസിന്റെ ഡെറ്റ് ഹോൾഡിങ്‌സ് ഹോൾസെയിലായി വകമാറ്റാൻ ചൈനയ്ക്ക് സാധിക്കുമെന്നത് തള്ളിക്കളയാനാവാത്ത സാധ്യതയാണ്.

അതേസമയം, പുതിയ തീരുവ ചുമത്താനുള്ള യുഎസ് നീക്കം ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിനും തമ്മിലുള്ള കരാറിന്റെ ലംഘനമാണെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. 1994 ന് ശേഷം ആദ്യമായാണ് യുഎസ് ട്രഷറി ചൈനയെ 'കറൻസി മാനിപ്പുലേറ്ററാ'യി ലേബൽ ചെയ്യുന്നത്.

Related Articles
Next Story
Videos
Share it