"ഞങ്ങൾ ഭയന്ന് മാറി നിന്നില്ല, പ്രതിസന്ധി അവസരമാക്കി'' ഐബിഎസ് സ്ഥാപകന്‍ വി.കെ മാത്യൂസ് എഴുതുന്നു

2008ലെ സാമ്പത്തികമാന്ദ്യം ഉള്‍പ്പടെ ഏതാനും വലിയ പ്രതിസന്ധികള്‍ എന്റെ സംരംഭകജീവിതത്തിനിടയില്‍ ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനം 2002ല്‍ ഐബിഎസിന്റെ ജോയ്ന്റ് വെഞ്ച്വര്‍ പാര്‍ട്ണറായിരുന്ന സ്വിസ് എയര്‍ പാപ്പരായതാണ്. നിരവധി ജീവനക്കാരും വലിയ പ്രവര്‍ത്തനച്ചെലവുമായി എങ്ങനെ മുന്നോട്ടുപോകും എന്ന ചിന്തിച്ച സമയം. എന്നാല്‍ ജീവനക്കാരെ പിരിച്ചുവിട്ട്, ബാക്കിയുള്ള ചെലവുകള്‍ കുറച്ച് ഭയന്നു മാറിനില്‍ക്കാന്‍ ഞങ്ങള്‍ തയാറായിരുന്നില്ല. ഈ പ്രതിസന്ധിയിലെ അവസരങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചു.

ഏവിയേഷന്‍ ഐറ്റി മേഖലയില്‍ തന്നെ നിന്നുകൊണ്ട് ഐറ്റി സേവനദാതാവ് എന്ന നിലയില്‍ നിന്ന് ഐറ്റി ഉല്‍പ്പന്നങ്ങളിലേക്ക് കടന്നു. അത്തരം സാഹചര്യത്തില്‍ ചെലവ് കുറയ്ക്കുക തന്നെയാണ് എല്ലാവരും ചെയ്യുന്നത്. ഒരു ഐറ്റി സ്ഥാപനത്തെ സംബന്ധിച്ചടത്തോളം പ്രധാന ചെലവ് എന്നത് ജീവനക്കാര്‍ തന്നെയാണ്. അതുകൊണ്ടുതന്നെ ജീവനക്കാരെ കുറയ്ക്കാനായിരിക്കും എല്ലാവരും ശ്രമിക്കുന്നത്. എന്നാല്‍ ആ പ്രതിസന്ധിയില്‍ പുതിയൊരു അവസരം കണ്ടെത്തി റിസ്‌ക് എടുക്കാന്‍ തയാറായി. അങ്ങനെയാണ് ഐബിഎസ് ഒരു ഐറ്റി പ്രോഡക്റ്റ് കമ്പനിയായത്.

ജീവനക്കാരെ പിരിച്ചുവിട്ടാല്‍ ഏവിയേഷന്‍ മേഖലയില്‍ വര്‍ഷങ്ങള്‍ ജോലി ചെയ്തവരുടെ വൈദഗ്ധ്യവും അനുഭവസമ്പത്തും കൂടിയാണ് ഞങ്ങള്‍ക്ക് നഷ്ടമാകുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് ആ വൈദഗ്ധ്യം ഉള്‍പ്പെടുത്തി ഏവിയേഷന്‍ മേഖലയ്ക്കുള്ള ഐറ്റി ഉല്‍പ്പന്നങ്ങളുണ്ടാക്കി. ഈയൊറ്റ തീരുമാനം കൊണ്ട് 2002നെ അപേക്ഷിച്ച് 25 ഇരട്ടിയെങ്കിലും ഞങ്ങള്‍ വളര്‍ന്നു. ഇതുതന്നെയാണ് ഈ സാഹചര്യത്തില്‍ എനിക്ക് സംരംഭകരോട് പറയാനുള്ളത്.

പേടിച്ച് ഒളിക്കേണ്ടതില്ല, അവസരങ്ങള്‍ കണ്ടെത്തൂ

ബിസിനസ് രംഗത്തെ സാമ്പത്തികപ്രതിസന്ധിയുട അര്‍ത്ഥം ഡിമാന്റ് കുറയുകയെന്നതാണ്. ഇതിന് കാരണമെന്താണ്? കൈയില്‍ ആവശ്യത്തിന് പണമുണ്ടെങ്കില്‍ നാം ചെലവഴിക്കാന്‍ തയാറാകും. ഇല്ലെങ്കില്‍ അനാവശ്യകാര്യങ്ങള്‍ക്ക് പണം ചെലവാക്കുന്നത് നിര്‍ത്തും. ചെലവ് വെട്ടി്ച്ചുരുക്കും. ഈ പ്രതിഭാസത്തെയാണ് നാം സാമ്പത്തികമാന്ദ്യം എന്നുപറയുന്നത്. ഈ സാഹചര്യത്തില്‍ സംരംഭകര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതുണ്ട്.

സര്‍ക്കാര്‍ ചെയ്യേണ്ട മൂന്ന് കാര്യങ്ങള്‍

$ പണം കൂടുതല്‍ ലഭ്യമാക്കാന്‍ പലിശനിരക്ക് കുറയ്ക്കുക. പലിശനിരക്ക് കുറഞ്ഞാല്‍ ആളുകള്‍ പണം ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം പണം ഉപയോഗിക്കാന്‍ തുടങ്ങും.

$ അതുപോലെ സര്‍ക്കാര്‍ അടിസ്ഥാനസൗകര്യമേഖലയിലേക്ക് കൂടുതലായി പണം നിക്ഷേപിക്കണം. എല്ലാ അടിസ്ഥാനസൗകര്യവികസന പദ്ധതികളും പൂര്‍ത്തിയാക്കുക. അത് നിക്ഷേപം വരാനും അതുവഴി തൊഴില്‍ സൃഷ്ടിക്കപ്പെടാനുമൊക്കെ കാരണമാകും.

$ മൂന്നാമതായി ചെയ്യേണ്ടത് ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ബിസിനസ് പ്രോജക്റ്റുകളുണ്ട്. അക്കാര്യത്തില്‍ അടിയന്തരനടപടിയെടുക്കുക. അതുതന്നെ വലിയൊരു മാറ്റത്തിന് കാരണമാകും.

സംരംഭകര്‍ പ്രതിസന്ധിഘട്ടത്തില്‍ എന്താണ് ചെയ്യേണ്ടത്?

എല്ലാത്തരത്തിലുമുള്ള പുതുമ കണ്ടെത്തലുകള്‍ക്കുമുള്ള സാധ്യതകള്‍ തേടുക. സാമ്പത്തികമാന്ദ്യം വരുമ്പോള്‍ എങ്ങനെ ചെലവ് കുറയ്ക്കാം എന്നതാണ് എല്ലാവരും നോക്കുന്നത്. പക്ഷെ ചെലവുകുറയ്ക്കുന്നതിന് മറ്റൊരു വശമുണ്ട്. ചെലവും വരുമാനവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഒരാള്‍ ചെലവു ചെയ്യുന്നതാണ് മറ്റൊരാളുടെ വരുമാനം. എവിടെ നമ്മള്‍ ചെലവ് കുറയ്ക്കുന്നുവോ അവിടെ നിരവധിപ്പേരുടെ വരുമാനം ഇല്ലാതാകുന്നു. സാമ്പത്തികമാന്ദ്യം എന്നുകേട്ട് പേടിച്ച് ഒരു ഷെല്ലില്‍ ഒളിക്കുകയല്ല ഈ സാഹചര്യത്തില്‍ വേണ്ടത്. പകരം സാമ്പത്തികമാന്ദ്യത്തിലെ അവസരങ്ങള്‍ കണ്ടെത്തുക.

ഈ സാഹചര്യത്തില്‍ ചെലവുകുറച്ച് കൂടുതല്‍ കാര്യക്ഷമമായി ബിസിനസ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സേവനങ്ങള്‍ നല്‍കുന്നതിനുള്ള ബിസിനസ് അവസരമുണ്ട്. എന്നാല്‍ തീര്‍ത്തും പുതിയ മേഖലകളിലേക്ക് കടക്കുക എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് വൈദഗ്ധ്യമുള്ള മേഖലയില്‍ പുതിയ ഇന്നവേഷനുകള്‍ കൊണ്ടുവരാം. പുതിയ വിപണികള്‍ തേടാം. മാര്‍ക്കറ്റ് റീച്ച് കൂട്ടുക. ഉല്‍പ്പന്നത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയോ പുതിയവ അവതരിപ്പിക്കുകയോ ചെയ്യുക. എന്ത് ചെയ്താലും നാം ചെയ്യുന്ന കാര്യം ക്ലൈന്റിന് പൂര്‍ണ്ണമായി ഗുണകരമാകണമെന്നതാണ് പ്രധാനം. പ്രത്യേകിച്ച് സാമ്പത്തികമാന്ദ്യമുള്ള സമയത്ത് നമ്മുടെ ഉല്‍പ്പന്നത്തിന്റെ ഡിമാന്റ് കൂടണമെങ്കില്‍ നമ്മുടെ സേവനം ക്ലൈന്റിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതായിരിക്കണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it