കോർപറേറ്റ് ഇന്ത്യ പറയുന്നു, ബജറ്റിൽ ഞങ്ങൾക്കു വേണ്ട 5 കാര്യങ്ങൾ 

കോർപറേറ്റ് ഇന്ത്യ പറയുന്നു, ബജറ്റിൽ ഞങ്ങൾക്കു വേണ്ട 5 കാര്യങ്ങൾ 
Published on

താളം തെറ്റിയ സാമ്പത്തിക വളർച്ച, രൂക്ഷമായ തൊഴിലില്ലായ്മ, കടക്കെണിയിലായ ബിസിനസുകാർ, ലിക്വിഡിറ്റി പ്രതിസന്ധി നേരിടുന്ന ധനകാര്യ സ്ഥാപനങ്ങൾ: ജൂലൈ അഞ്ചിന് കേന്ദ്ര സർക്കാർ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ മുന്നിൽ വെല്ലുവിളികൾ ഏറെയാണ്.

2019-20 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ കോർപറേറ്റ് ഇന്ത്യയ്ക്ക് എന്താണ് വേണ്ടത്? സിഐഐ, ഫിക്കി, അസോച്ചാം പ്രതിനിധികൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനു മുന്നിൽ വെച്ച അഞ്ച് കാര്യങ്ങൾ:

ഡിവിഡന്റ് ഡിസ്ട്രിബ്യുഷൻ ടാക്സ് അഥവാ ഡിഡിറ്റി 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറക്കണമെന്നാണ് ഒരു നിർദേശം. സിഐഐ പ്രസിഡന്റ് വിക്രം കിർലോസ്കർ ആണ് ഇക്കാര്യം ഉന്നയിച്ചത്. നിക്ഷേപകരിൽ നിന്നും ഡിഡിറ്റി ഈടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റോക്കുകൾ, മ്യൂച്ച്വൽ ഫണ്ടുകൾ എന്നിവയിൽ നിന്നും ലഭിക്കുന്ന ഡിവിഡന്റിന്മേൽ നികുതി ചുമത്തിയത് അരുൺ ജെയ്‌റ്റിലിയുടെ കാലത്താണ്.

നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ നടപടികളുണ്ടാകണമെന്ന് അസോചാം പ്രസിഡന്റ് ബി കെ ഗോയങ്ക പറഞ്ഞു. വ്യാവസായിക നിക്ഷേപത്തിൽ ഡിപ്രീസിയേഷന് 100 ശതമാനം ഇളവ് നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.

ജിഎസ്ടി കൂടുതൽ ലളിതമാക്കണമെന്നും ഗോയങ്ക പറഞ്ഞു. നാല് സ്ലാബിന് പകരം 8 ശതമാനം, 16 ശതമാനം എന്നിങ്ങനെ ടാക്സ് സ്ലാബ് ചുരുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആദായ നികുതി, കോർപറേറ്റ് നികുതി എന്നിവയിൽ മാറ്റങ്ങളാണ് ഫിക്കി ആവശ്യപ്പെട്ടത്. ഏറ്റവും ഉയർന്ന ആദായ നികുതി സ്ലാബായ 30 ശതമാനത്തിന്റെ മിനിമം വരുമാന പരിധി 20 ലക്ഷമാക്കി ഉയർത്തണമെന്നതാണ് ഒരു നിർദേശം. കോർപറേറ്റ് ടാക്സ് 25 ശതമാനമാക്കി കുറയ്ക്കണമെന്നും ആവശ്യപ്പെടുന്നു.

ഇന്ത്യയുടെ ഡയറക്റ്റ് ടാക്സ് സംവിധാനത്തിൽ ഏറ്റവും ഉയർന്ന ടാക്സ് സ്ലാബ് 18 ശതമാനമായിരിക്കണമെന്നതാണ് സിഐഐ മുന്നോട്ടു വെക്കുന്ന മറ്റൊരു നിർദേശം.

മെട്രോകൾ, എയർ പോർട്ടുകൾ, റോഡുകൾ, ഹൈവേകൾ തുടങ്ങി വൻ ഇൻഫ്രാസ്ട്രക്ച്ചർ പ്രോജക്ടുകൾ ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്തണമെന്നുള്ള മറ്റൊരു അഭിപ്രായവും ഫിക്കി ഉന്നയിച്ചു. ഈ രംഗത്തെ തളർച്ച ഒഴിവാക്കനാണിത്.

ഇവ കൂടാതെ സ്പെഷ്യൽ ഇക്കണോമിക് സോണുകൾ, ഭൂപരിഷ്കരണങ്ങൾ, റിസർച്ച് & ഡെവലപ്പ്മെന്റിൽ കൂടുതൽ നിക്ഷേപം, വയവസായിക നയങ്ങൾ, ടൂറിസം മേഖല, ക്യാപിറ്റൽ ഗെയിൻസ് ടാക്സ്, എഫ്ഡിഐ എന്നിവയെ സംബന്ധിച്ചും വിവിധ നിർദേശങ്ങൾ ധനമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.

തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാൻ കോർപറേറ്റ് ഇന്ത്യ സഹകരിക്കണമെന്ന് ധനമന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com