കോറോണയ്ക്ക് ശേഷമുള്ള ലോകം എങ്ങനെയായിരിക്കും? മാനേജ്‌മെന്റ് മെന്റര്‍ വി.കെ മാധവ് മോഹന്‍

മനുഷ്യരാശിയുടെ പരിണാമപാതയില്‍ മൊത്തത്തിലുള്ള ഒരു പുനര്‍രൂപകല്‍പ്പനയാണ് കോവിഡ് 19 വരുത്തുന്നത്. യുദ്ധത്തിനോ സാങ്കേതികവിദ്യയ്‌ക്കോ വിപ്ലവങ്ങള്‍ക്കോ അല്ലെങ്കില്‍ ഏതെങ്കിലും നേതാവിനോ ചെയ്യാന്‍ കഴിയാത്ത ഒന്ന്. 0.1 മൈക്രോണ്‍ മാത്രം വലുപ്പമുള്ള ഒരു വൈറസ് ഭൂമിയിലെ ഏറ്റവും വലിയ ശക്തികളെപ്പോലും ഒന്നുമല്ലാതാക്കി. ലോകത്തെ മുഴുവന്‍ ജനസംഖ്യയും സാമ്പത്തികവ്യവസ്ഥയും സൈനികബലവും നിസഹായരാവുന്ന കാഴ്ച.

പക്ഷെ മനുഷ്യകുലം കഴിഞ്ഞ 70,000 വര്‍ഷത്തിലധികമായി ഭൂമിയിലെ മറ്റ് ജീവജാലങ്ങളെ തങ്ങളുടെ വൈജ്ഞാനിക കഴിവുകള്‍ കൊണ്ട് കീഴടക്കിയിട്ടുണ്ട്. ഈ വൈറസിനെയും മനുഷ്യന്‍ കീഴടക്കും. പക്ഷെ എത്ര സമയം കൊണ്ട്. അതാര്‍ക്കും പറയാനാകുന്നില്ല. വാക്‌സിന്‍ കണ്ടെത്തുന്നതിന് 18 മാസം വേണമെന്ന് ചില വിദഗ്ധര്‍ പറയുന്നു. വാക്‌സിനുകള്‍ തയാറായിക്കഴിഞ്ഞെന്ന് മറ്റുചിലര്‍ പറയുന്നു. മരുന്നുകള്‍, ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോളുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സോഷ്യല്‍ ബിഹേവിയര്‍, പോളിസികള്‍... തുടങ്ങിയവ അതിവേഗം പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അതേ സമയം വൈറസ് ഏഴ് ബില്യണ്‍ പേരിലേക്ക് വ്യാപിക്കുന്നു. മനുഷ്യരാശി ഇത്രത്തോളം പ്രതിസന്ധിയിലകപ്പെട്ട ഒരു സാഹചര്യമുണ്ടായിട്ടുണ്ടാകില്ല.

പഴയ ലോകം പോയിമറഞ്ഞു!

മാര്‍ച്ച് 2019 വരെ നമുക്കറിയാവുന്ന ലോകം ഇപ്പോഴില്ല, അത് പോയിമറഞ്ഞു. അവിശ്വസനീയവും അല്‍ഭുതകരവും സങ്കല്‍പ്പിക്കാനാകാത്തതും അപ്രതീക്ഷിതവുമായ മാറ്റങ്ങള്‍ കേവലം ഒരു മാസം കൊണ്ട് സംഭവിച്ചു. ആരോഗ്യം, പരിസ്ഥിതി, ജോലിയുടെ സുരക്ഷിതത്വം, ബന്ധങ്ങള്‍, അവശ്യസേവനങ്ങളെന്ന് നാം വിളിക്കുന്ന കാര്യങ്ങള്‍, ഗതാഗതം, ഭക്ഷണം, പണം, ബാങ്ക്, വിനോദം... തുടങ്ങിയവയുടെയെല്ലാം നിര്‍വചനങ്ങള്‍ മാറി. പരിസ്ഥിതിയെ ഏറ്റവും കൂടുതല്‍ മലിനപ്പെടുത്തുന്ന മനുഷ്യന്‍ സ്വയം തടവറയൊരുക്കി അതിനുള്ളിലിരിക്കുന്നു. പരിസ്ഥിതി സ്വതന്ത്രമായി ശ്വസിച്ച് നവഊര്‍ജ്ജം വീണ്ടെടുക്കുന്നു. പക്ഷികളും മൃഗങ്ങളും സ്വസ്ഥരും സന്തോഷവാന്മാരുമാണ്.

കോവിഡ് 19ന് ശേഷമുള്ള ലോകം

മഹാമാരിക്ക് ശേഷമുള്ള ലോകത്തിനുള്ള അരങ്ങ് ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ആ പുതിയ ലോകം എങ്ങനെയായിരിക്കും നമുക്ക് അനുഭവപ്പെടുന്നത്? ഇന്ത്യയില്‍ എന്ത് മാറ്റമായിരിക്കും ഉണ്ടാകുന്നത്? താഴെപ്പറയുന്ന എന്റെ വീക്ഷണത്തിന്റെ പകുതി എന്റെ ചിന്തകളെ ആധാരമാക്കിയുള്ളതും ബാക്കി പകുതി ഇപ്പോഴത്തെ മാറുന്ന ട്രെന്‍ഡുകളെ ആധാരമാക്കിയുള്ളതുമാണ്.

  • അധികാരത്തിന്റെ ശക്തി പടിഞ്ഞാറുനിന്നും കിഴക്കിലേക്ക് മാറും. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ സാമ്പത്തികശക്തികളെന്ന പദവി വെസ്റ്റേണ്‍ യൂറോപ്പ്, യു.എസ്.എ എന്നിവിടങ്ങളില്‍ നിന്ന് അതിവേഗം ഇന്ത്യയ്ക്കും ചൈനയ്ക്കും ലഭിക്കുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്.

  • യു.എസ്.എ പോലുള്ള രാജ്യങ്ങളിലെ നേതൃത്വം ദുരന്തത്തെ നേരിടുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും ലീഡര്‍ഷിപ്പ്, മാനേജ്‌മെന്റ് തത്വങ്ങള്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാകുകയും അവ അംഗീകരിക്കപ്പെടുകയും ചെയ്യും.

  • ചെറുതും ദുര്‍ബലവുമായ രാജ്യങ്ങള്‍ക്ക് ദേശീയതയേക്കാള്‍ ആകര്‍ഷകം സമാനമായ രാജ്യങ്ങളുടെ ഫെഡറേഷനില്‍ ചേരുന്നതാകും. എന്നാല്‍ വലുതും ശക്തവുമായ രാജ്യങ്ങളില്‍ ദേശീയത കൂടുതല്‍ ശക്തകുകയും സാമ്രാജ്യത്വം അപകടകരമാംവിധം ഉണ്ടാവുകയും ചെയ്യും.

  • ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനഘടന തന്നെ മാറും. ഉല്‍പ്പാദനക്ഷമതയും മൂല്യവര്‍ദ്ധനയും വര്‍ധിപ്പിക്കുന്ന മേഖലകള്‍ സമ്പദ് വ്യവസ്ഥയുടെ ശക്തികേന്ദ്രമാകും. പ്രത്യേകിച്ച് സേവനമേഖല വികസിക്കും. കൃഷിയില്‍ കൂടുതലായി ഓട്ടോമേഷനും സാങ്കേതികവിദ്യയും ഉപയോഗിക്കപ്പെടും.

  • സാമ്പത്തികവളര്‍ച്ചയുടെ മൊത്തത്തിലുള്ള ആശയങ്ങള്‍ മാറും. ജിഡിപിക്ക് പുതിയതും കൂടുതല്‍ സമഗ്രവുമായ നിര്‍വചനം സ്വീകരിക്കപ്പെടും. ചിലപ്പോള്‍ സാമ്പത്തികവിദഗ്ധര്‍ സാമ്പത്തികവും സാമൂഹികവുമായ ക്ഷേമത്തെ വിലയിരുത്തുന്നതിന് പുതിയ ആശയസംഹിതകള്‍ കൊണ്ടുവന്നേക്കാം.

  • വരുമാനത്തിലും സമ്പത്തിലുമുള്ള അസമത്വം കുറയ്ക്കുന്നതിനായി പുതിയ സാമ്പത്തിക മാതൃകകള്‍ നിലവില്‍ വരും.

  • ഇപ്പോഴത്തെ പേരുകേട്ട പല വലിയ സ്ഥാപനങ്ങളും പരാജയപ്പെടുകയും പുതിയ തലമുറ സംരംഭകര്‍ ഉയര്‍ന്നുവരുകയും നാം ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ലാത്തതരം കമ്പനികള്‍ വിപണിയിലെ വമ്പന്മാരായി മാറുകയും ചെയ്യും.

  • സര്‍ക്കാരിന്റെ മോശമായിക്കൊണ്ടിരിക്കുന്ന സാമ്പത്തികസ്ഥിതി സമ്പദ്‌വ്യവസ്ഥയില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കും. ജനങ്ങളുടെ 'അവസാനത്തെ ആശ്രയദാതാവ്' എന്ന നിലയിലേക്ക് സര്‍ക്കാരിന്റെ റോള്‍ മാറും. പ്രധാന ഉത്തരവാദിത്ത മേഖലകള്‍ തിരിച്ചറിയുന്നതിനോടൊപ്പം അപ്രധാന മേഖലകള്‍ ഒഴിവാക്കും. ബജറ്റില്‍ പരോക്ഷനികുതികളുടെ വിഹിതം കൂട്ടും.

  • സായുധസേനയില്‍ കൂടുതലായി സാങ്കേതികവിദ്യ കൊണ്ടുവന്ന് കാര്യക്ഷമത കൂട്ടും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, റിമോട്ട് സെന്‍സിംഗ്, സാറ്റലൈറ്റ്, ഡ്രോണ്‍ സര്‍വീലിയന്‍സ് തുടങ്ങിയ സംവിധാനങ്ങള്‍ സംയോജിപ്പിച്ച് പരിശീലനരീതികളില്‍ മാറ്റം വരുത്തും.

  • ഓണ്‍ലൈന്‍, വെര്‍ച്വല്‍ ആയി ജോലി ചെയ്യുന്നത് സാധാരണമായി മാറും. വലിയ കേന്ദ്രീകൃതമായ ഓഫീസുകളുടെ കാലം കഴിഞ്ഞു. എല്ലാ ഡോക്യുമെന്റുകളും പ്രോസസുകളും ഡിജിറ്റലാകും. ജോലികള്‍ വെര്‍ച്വല്‍ ആകും. വെര്‍ച്വല്‍ വര്‍ക്കിംഗ്, ഓണ്‍ലൈന്‍ സ്‌കില്‍ എന്നിവയില്‍ ഓരോരുത്തരും അടിസ്ഥാനപരമായ കഴിവ് വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

  • സര്‍ക്കാരും ഇന്‍ഡസ്ട്രിയും ജുഡീഷ്യറി സംവിധാനങ്ങളും പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നതുകൊണ്ട് ടെലികോം മേഖല ശക്തമായ തിരിച്ചുവരവ് നടത്തും.

  • ഇന്റര്‍നെറ്റും ബാന്‍ഡ്‌വിഡ്ത്തും അടിസ്ഥാനസൗകര്യവും അവശ്യസേവനവുമായി വിലയിരുത്തപ്പെടും.

  • ബാന്‍ഡ് വിഡ്ത്ത് ആണ് എല്ലാം! കണക്റ്റിവിറ്റിയും അതിന്റെ വേഗതയും വിശ്വാസ്യതയും മെച്ചപ്പെടും.

  • കാഷ് പേയ്‌മെന്റുകളില്‍ നിന്ന് ഡിജിറ്റല്‍ പേയ്‌മെന്റുകളിലേക്ക് വേഗത്തിലും കൂട്ടമായുമുള്ള മാറ്റമുണ്ടാകും. സാമ്പത്തികവ്യവസ്ഥയില്‍ കറന്‍സി നോട്ടുകളുടെ പ്രാധാന്യം കുറയും.

  • സപ്ലൈ ചെയ്‌നുകളും ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്കുകളും ടെക്‌നോളജി അധിഷ്ഠിതമാകുകയും കൂടുതല്‍ കാര്യക്ഷമമാകുകയും ചെയ്യും. ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗും ഡെലിവറിയും, ഓണ്‍ലൈന്‍ ഷോപ്പിംഗും ഡെലിവറിയും, പ്രത്യേകിച്ച് ഗ്രോസറി, പെട്ടെന്ന് നശിച്ചുപോകാവുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എന്നിവ പുതിയ തലത്തിലേക്ക് മാറും. ലോക്കല്‍, ഹൈപ്പര്‍ലോക്കല്‍ ഓണ്‍ലൈന്‍ മോഡലുകള്‍ ശക്തമാകും.

  • സൈബര്‍ സെക്യൂരിറ്റിക്ക് കൂടുതല്‍ പ്രാമുഖ്യം കൈവരും. കാരണം കൂടുതല്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈനിലൂടെയാകും.

  • ഇന്ത്യയുടെ രണ്ടാമത്തെ ഐറ്റി വിപ്ലവത്തിന് അടുത്തുതന്നെ തുടക്കമാകും. ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍, എഐ, റോബോട്ടിക്‌സ് എന്നീ മേഖലകള്‍ അതിവേഗം വളരും.

  • എഐ, റോബോട്ടിക്‌സ്, അനലിറ്റിക്‌സ് തുടങ്ങിയവ എല്ലാ മേഖലകളിലേക്കും വ്യാപിക്കും. അവ വിവിധ മേഖലകളെ കീഴ്‌മേല്‍മറിക്കും.

  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത വീഡിയോ സര്‍വീലിയന്‍സ്, ഫേഷ്യല്‍ റെക്കഗ്നീഷന്‍, മൂവ്‌മെന്റ് ട്രാക്കിംഗ് എന്നിവ സാധാരണമാകുകയും വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും തര്‍ക്കവിഷയമാകുകയും ചെയ്യും.

  • ശുചിത്വത്തിന്റെ പ്രാധാന്യം കൂടുകയും ശുചിത്വം ഉയര്‍ന്ന നിലവാരം കൈവരിക്കുകയും ചെയ്യും.

  • ഭക്ഷണക്രമം, വ്യായാമം, ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ കഴിഞ്ഞതിനാല്‍ ലോക്ഡൗണ്‍ സമയത്ത് ജനങ്ങളുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടും.

  • എല്ലാ വിദ്യാര്‍ത്ഥികളും ഉന്നതപഠനത്തിനായി കോളെജില്‍ വരുന്ന രീതിയില്‍ മാറ്റം വരുകയും ഉന്നതവിദ്യാഭ്യാസ മേഖല ഓണ്‍ലൈന്‍ മോഡലിലേക്ക് മാറുകയും ചെയ്യും. ക്ലാസുകളിലെത്തി പഠനം നടത്തുന്നവരുടെ എണ്ണം കുറയും. ടീച്ചിംഗ് എന്ന നിലയില്‍ നിന്ന് ലേണിംഗ് എന്ന നിലയിലേക്ക് വിദ്യാഭ്യാസരീതി തന്നെ മാറും.

  • സാമ്പത്തികവ്യവസ്ഥയില്‍ പുതുമ കണ്ടെത്തലിന്റെ തോത് മെച്ചപ്പെടും. ദൈനംദിന ജീവിതത്തിലും ബിസിനസിലും പുതിയ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും വേഗത്തിലും കൂടുതല്‍ താങ്ങാനാകുന്ന നിരക്കിലും ലഭ്യമാകും.

  • എല്ലാ മേഖലകളിലെയും മധ്യവര്‍ത്തികളുടെ റോള്‍ ഇല്ലാതാകും. പ്രത്യേകിച്ച് പരമ്പരാഗരീതിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ കാലഹരണപ്പെടുകയും അതിവേഗം പുതിയ ഫിന്‍ടെക് സ്ഥാപനങ്ങള്‍ സ്ഥാനം പിടിക്കുകയും ചെയ്യും.

  • ആര്‍ട്ട്, കള്‍ച്ചര്‍, എന്റര്‍ടെയ്ന്‍മെന്റ്, മ്യൂസിക്, ഡാന്‍സ്, ലിറ്ററേച്ചര്‍, മൂവീ മേക്കിംഗ് എന്നിവ ഡിജിറ്റല്‍ രൂപത്തിലേക്ക് കൂടുതലായി മാറും. സംഗീതം, നൃത്തം, ചിത്രരചന പോലുള്ള കലാരൂപങ്ങള്‍ ഓണ്‍ലൈന്‍ വഴി പരിശീലിക്കുമ്പോള്‍ അവയുടെ നിരക്ക് കുറയുന്നതുകൊണ്ട് കൂടുതല്‍പ്പേര്‍ക്ക് അവ പ്രാപ്തമാകും.

  • ലൈബ്രറികള്‍ ഓണ്‍ലൈന്‍ ആകും

  • വൈദ്യമേഖല ഹോം ഡെലിവിറി മോഡലിലേക്ക് മാറും. മരുന്നുകള്‍ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ വീട്ടിലെത്തും. ടെലി/വീഡിയോ കണ്‍സള്‍ട്ടേഷന്‍ സേവനങ്ങള്‍ കൂടുതലായി ലഭ്യമാകും.

  • വീഡിയോ കോണ്‍ഫറന്‍സിംഗ്, എഐ, അനലിറ്റിക്‌സ് ടൂളുകള്‍ എന്നിവ വഴി കോടതികളുടെ കാര്യക്ഷമത വര്‍ധിക്കുകയും കേസുകള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്യും.

  • സമൂഹം മൊത്തത്തില്‍ കൂടുതല്‍ അനുകമ്പയും സഹാനുഭൂതിയും ഉള്ളവരാകും.

  • ജീവകാരുണ്യപ്രവര്‍ത്തനങ്ങളും അസമത്വം കുറയ്ക്കലും നയനിര്‍മാതാക്കളുടെയും സംരംഭകരുടെയും മുഖ്യവിഷയമായി മാറും.

  • പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കുന്നതിന് എല്ലാ സര്‍ക്കാരുകളും സമൂഹവും പ്രാധാന്യം കൊടുക്കും.

വൈറസിനെതിരെയുള്ള നമ്മുടെ യുദ്ധം വിജയിച്ചുതുടങ്ങുന്ന നിമിഷം നാം പുതിയൊരു ലോകത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞിട്ടുണ്ടാകും. ഈ മഹാമാരിക്ക് ശേഷമുള്ള ലോകം കൃത്യമായി എങ്ങനെയായിരിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ലെങ്കിലും നമുക്ക് നല്ലതിനായി പ്രതീക്ഷിക്കാനും പുതിയ ലോകത്തിനായി ഒരുങ്ങാനും കഴിയും. ഒപ്പം പഴയ സ്വാര്‍ത്ഥത നിറഞ്ഞ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it