
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞു എന്ന് കേൾക്കുമ്പോൾ സാധാരണക്കാരന് എന്തെന്നില്ലാത്ത ഒരു സമാധാനമാണ്. ബാരലിന് 60 ഡോളറിൽ താഴെയാണ് ഇപ്പോൾ അസംസ്‌കൃത എണ്ണയുടെ വില.
ഇതിനനുസരിച്ച് ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും റീറ്റെയ്ൽ വിലയും കുറഞ്ഞിട്ടുണ്ട്. ഒൻപത് മാസത്തിലാദ്യമായി ഇന്ന് മുംബൈയിൽ പെട്രോൾ വില 80 രൂപയ്ക്ക് താഴെയെത്തി. ഡൽഹിയിൽ പെട്രോളിന് 74.07 രൂപയും ഡീസലിന് 68.89 രൂപയുമാണ് ഇന്ന്. പെട്രോളിന് ലിറ്ററിന് 75.99 രൂപയും ഡീസലിന് 72.53 രൂപയുമാണ് കൊച്ചി നഗരത്തിൽ ചൊവ്വാഴ്ചത്തെ വില.
അസംസ്‌കൃത എണ്ണവില എട്ടാഴ്ച കൊണ്ട് 32 ശതമാനം ഇടിഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില കുറഞ്ഞത് 9-11 ശതമാനം മാത്രമാണ്. രൂപയുടെ മൂല്യത്തിൽ മുന്നേറ്റമുണ്ടായിട്ടും, ഇത് ഇന്ധന വിലയിൽ പൂർണമായി പ്രതിഫലിച്ചിട്ടില്ല. എന്നാൽ ക്രൂഡ് ഓയിൽ വില കൂടിയപ്പോൾ, രാജ്യത്തെ ഇന്ധന വില റെക്കോർഡിൽ എത്തുകയും ചെയ്തിരുന്നു.
നമ്മൾ കരുതുന്ന പോലെ രാജ്യത്തെ റീറ്റെയ്ൽ വിലയ്ക്ക് ക്രൂഡ് ഓയിൽ വിലയുമായി നേരിട്ട് ബന്ധമില്ല എന്നതുതന്നെയാണ് ഇതിന് കാരണം.
ഇന്ത്യയിലെ എണ്ണ കമ്പനികൾ റീറ്റെയ്ൽ വില നിശ്ചയിക്കുന്നത് താഴെ പറയും പ്രകാരമാണ്.
ആദ്യം അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയുടെ 15 ദിവസത്തെ ശരാശരി വില കണക്കാക്കും. രണ്ടാമതായി രൂപയുടെ മൂല്യത്തിലുള്ള വ്യത്യാസം കൊണ്ട് ഇറക്കുമതി ചെലവിലുണ്ടായ മാറ്റം, എണ്ണയുടെ ഷിപ്പിംഗ് ചാർജ് എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു ബാരൽ അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ചെടുക്കാൻ കമ്പനിക്ക് എത്ര തുക ചെലവായെന്നും കണക്കുകൂട്ടും. ഇതെല്ലാം കൂട്ടിക്കിഴിച്ചാണ് റീറ്റെയ്ൽ വില നിശ്ചയിക്കുക.
ഇന്ധന വില റെക്കോർഡ് ഉയരത്തിൽ എത്തിയ ഒക്ടോബർ 15 ന് ശേഷം ക്രൂഡ് കൺവേർഷൻ കോസ്റ്റ് ഡീസലിന് ഏതാണ്ട് 18 ശതമാനവും പെട്രോളിന് 27 ശതമാനവും കുറഞ്ഞിട്ടുണ്ടെന്നാണ് ബ്ലൂംബെർഗിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, ഇക്കാലയളവിൽ ഇന്ധന റീറ്റെയ്ൽ വില 8-10 ശതമാനം മാത്രമാണ് കുറഞ്ഞത്.
ഈ അന്തരം മൂലം ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും എണ്ണ കമ്പനികൾ നേടിയ ലാഭം യഥാക്രമം എട്ടിരട്ടിയും മൂന്നിരട്ടിയുമാണ്.
പല ഘടകങ്ങൾ ചേർന്നാണ് റീറ്റെയ്ൽ വിപണിയിൽ നാം നൽകുന്ന ഇന്ധന വില. നവംബർ 19 ലെ ഡൽഹിയിലെ വിലയനുസരിച്ച് എന്തൊക്കെയാണ് ആ ഘടകങ്ങൾ എന്ന് നോക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine