Begin typing your search above and press return to search.
മോദിയെ പോലെ എഫ്.ഡിയിലാണോ നിങ്ങളുടെയും നിക്ഷേപം; അറിയണം ഇക്കാര്യങ്ങള്‍
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലം പുറത്തുവിട്ടപ്പോള്‍ പലരും ശ്രദ്ധിച്ച ഒരു കാര്യം അദ്ദേഹത്തിന്റെ നിക്ഷേപ രീതിയാണ്. മൊത്തം 3.02 കോടി രൂപ ആസ്തിയുള്ള നരേന്ദ്ര മോദി ഇതില്‍ 2.85 കോടി രൂപയും നിക്ഷേപിച്ചിരിക്കുന്നത് ബാങ്ക് സ്ഥിര നിക്ഷേപങ്ങളിലാണ്. രാജ്യത്തിന്റെ വളര്‍ച്ചയുടെ സൂചകമായി കാണുന്ന ഓഹരി വിപണി പോലുള്ള നിക്ഷേപമാര്‍ഗങ്ങളിലേക്ക് അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിട്ടേയില്ല. പ്രധാനമന്ത്രിയെ പോലെ തന്നെയാണ് നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ നല്ലൊരുപങ്ക് ജനങ്ങളും.
എഫ്.ഡിയില്‍ മതിയോ നിക്ഷേപം?
സാമ്പത്തിക ഭദ്രതയുടെ ഒരു അടയാളമായാണ് പലരും സ്ഥിര നിക്ഷേപങ്ങള്‍ അഥവാ ഫിക്‌സഡ് ഡെപ്പോസിറ്റുകളെ കാണുന്നത്. നിശ്ചിതമായ നേട്ടവും സുരക്ഷിതത്വവുമാണ് പലരെയും സ്ഥിരനിക്ഷേപത്തിലേക്ക് ഒതുക്കി നിറുത്തുന്നത്. സാമ്പത്തിക ഭദ്രതയ്ക്ക് വലിയ പ്രാധാന്യമുണ്ടെങ്കിലും ഇതില്‍ നിന്നും ലഭിക്കുന്ന നേട്ടം വളരെ കുറവാണെന്നതാണ് യാഥാര്‍ത്ഥ്യം. ജീവിതച്ചെലവുകള്‍ അനുദിനം ഉയരുമ്പോള്‍ കെയിലുള്ള പണത്തിന്റെ മൂല്യം ഉയര്‍ന്നില്ലെങ്കില്‍ മുന്നോട്ടുപോകുക ബുദ്ധിമുട്ടാകും.
പണപ്പെരുപ്പം ഒരു നിശബ്ദ കൊലയാളി
പണപ്പെരുപ്പത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വരുന്നമെന്നതാണ് ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ ഏറ്റവും വലിയ പോരായ്മ. എഫ്.ഡിയ്ക്ക് ലഭിക്കുന്ന പലിശ നിരക്ക് പണപ്പെരുപ്പ നിരക്കിനേക്കാള്‍ കുറവാണെങ്കില്‍, നിക്ഷേപകര്‍ക്ക് ലഭിക്കുന്ന വരുമാനം യഥാര്‍ത്ഥത്തില്‍ നെഗറ്റീവാണ്. അതായത്, നാമമാത്രമായ വര്‍ധനയുണ്ടാകുന്നുണ്ടെങ്കിലും ഫലത്തില്‍ നിക്ഷേപ മൂല്യം ഇടിയുകയാണ് ചെയ്യുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും പണപ്പെരുപ്പം നിക്ഷേപത്തെ കാര്‍ന്നു തിന്നുകയും ധനസമ്പാദത്തിനുള്ള ഏറ്റവും മോശം മാര്‍ഗമായി സ്ഥിര നിക്ഷേപങ്ങള്‍ മാറുകയും ചെയ്യും.
ദീര്‍ഘകാലത്തില്‍ നോക്കിയാല്‍ 12-15 ശതമാനം വരെ നേട്ടം നല്‍കുന്ന ഇക്വിറ്റികളും മ്യുച്വല്‍ ഫണ്ടുകളുമാണ് എഫ്.ഡികളേക്കാള്‍ മികച്ചതെന്നാണ് ഓണ്‍ലൈന്‍ ട്രേഡിംഗ് കമ്പനിയായ അപ്രീസിയേറ്റിന്റെ സ്ഥാപകന്‍, ശ്ലോക് ശ്രീവാസ്തവ് അഭിപ്രായപ്പെടുന്നത്.
വിവിധ മാര്‍ഗങ്ങളിലാക്കാം
മൊത്തം സമ്പാദ്യവും സ്ഥിര നിക്ഷേപങ്ങളിലാക്കുന്നത് വഴി നഷ്ടപ്പെടുത്തുന്നത് മറ്റ് മാര്‍ഗങ്ങളില്‍ ലഭിച്ച് ഉയര്‍ന്ന നേട്ടമുണ്ടാക്കാനുള്ള അവസരങ്ങളാണ്. ഓഹരികള്‍, മ്യൂച്വല്‍ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ നിക്ഷേപ മാര്‍ഗങ്ങളില്‍ റിസ്‌ക് കൂടുതലാണെങ്കിലും എഫ്.ഡിയേക്കാള്‍ നേട്ടം ഇവ നല്‍കുന്നതായാണ് കാണിക്കുന്നത്. അതിനാല്‍ നിക്ഷേപത്തിന്റെ നല്ലൊരു പങ്ക് ഇത്തരം മാര്‍ഗങ്ങളിലേക്കും നീക്കിവയ്ക്കണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
ഒരു ലക്ഷം രൂപ 10 വര്‍ഷത്തേക്ക് എഫ്.ഡിയില്‍ നിക്ഷേപിച്ചാല്‍ ഇപ്പോഴത്തെ 6.5 ശതമാന സംയോജിത വാര്‍ഷിക പലിശ കണക്കാക്കിയാല്‍ ലഭിക്കുക 1.87 ലക്ഷം രൂപയാണ്. അതേ സമയം നിഫ്റ്റി സൂചികയുടെ സംയോജിത വാര്‍ഷിക വളര്‍ച്ച ഇക്കാലയളവില്‍ 12 ശതമാനത്തോളമാണ്. അതായത് ഇതേ തുക നിഫ്റ്റിയില്‍ നിക്ഷേപിച്ചാല്‍ ലഭിക്കുക 3.11 ലക്ഷം രൂപ.
ദീര്‍ഘകാലത്തില്‍ എഫ്.ഡിയേക്കാള്‍ മികച്ച പ്രകടനമാണ് ഓഹരി വിപണി കാണിക്കുന്നത്. ഇനി 1.5 ശതമാനത്തിന്റെ നേരിയ വര്‍ധനയാണെങ്കില്‍ പോലും നിക്ഷേപത്തില്‍ വലിയ വ്യത്യാസം അതുണ്ടാക്കും.
നികുതി ബാധ്യത
എഫ്.ഡിയില്‍ നിന്ന് ലഭിക്കുന്ന പലിശ മുഴുവനായും നികുതി വിധേയമാണ്. നിക്ഷേപകരുടെ ടാക്‌സ് ബ്രാക്കറ്റനുസരിച്ച് പലിശയ്ക്ക് നികുതി നല്‍കണം. ഇത് നിക്ഷേപത്തിന്റെ മൂല്യം വീണ്ടും കുറയ്ക്കും. അതേസമയം നികുതി ക്ഷമമായ മ്യൂച്വല്‍ഫണ്ടുകള്‍, റിട്ടയര്‍മെന്റ് അക്കൗണ്ടുകള്‍ ന്നിവയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ നികുതിക്കു ശേഷവും കൂടുതല്‍ നേട്ടം ഉറപ്പാക്കാം.
എഫ്.ഡിയുടെ ഗുണമായി എല്ലാവരും പറയുന്നത് ലിക്വിഡിറ്റിയാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ കാലാവധിക്ക് മുമ്പ് പിന്‍വലിച്ചാല്‍ പെനാലിറ്റി ഈടാക്കുമെന്നതിനാല്‍ അതു വഴിയും നിങ്ങള്‍ക്ക് നഷ്ടമുണ്ടാകുന്നു. ഒരു ലക്ഷം രൂപ അഞ്ച് വര്‍ഷത്തേക്ക് എഫ്.ഡിയില്‍ നിക്ഷേപിച്ചാല്‍ 7 ശതമാനം വാര്‍ഷിക പലിശ ലഭിച്ചാല്‍ നിക്ഷേപം 1,40,255 രൂപയാകും. പക്ഷെ 30 ശതമാനം ടാക്‌സ് ബ്രാക്കറ്റില്‍ വരുന്ന ആളാണെങ്കില്‍ നികുതിയും അഞ്ച് ശതമാനത്തിനടുത്ത് പണപ്പെരുപ്പവും കണക്കാക്കിയാല്‍ ലഭിക്കുന്ന തുകയില്‍ വന്‍ കുറവ് വരും.
Next Story
Videos