വിപണിയിലെ പ്രവണതകള്‍ സൂക്ഷ്മമായി പഠിച്ച് ബിസിനസ് വളര്‍ത്തിയ രാജ്യം

ന്യൂയോര്‍ക്ക് നഗരം വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഒരു രാത്രിയില്‍ അലസമായി നടന്നു പോകുന്ന നിങ്ങള്‍ ടെക്ട്രെന്‍ഡെന്ന ഷോപ്പ് കാണുന്നു. ഷോപ്പില്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് വിരുന്ന് സമ്മാനിച്ചു കൊണ്ട് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഒരു ശേഖരം തന്നെ അവിടെ നിറഞ്ഞിരിക്കുന്നു. എല്ലാം ഏറ്റവും നവീനങ്ങളായ ഗാഡ്‌ജെറ്റുകള്‍. നിങ്ങള്‍ ഓരോന്നും ശ്രദ്ധയോടെ എടുത്തു നോക്കുന്നു. ഓരോ ഉല്‍പ്പന്നത്തിലും 'Made in China' ലേബല്‍. നിങ്ങള്‍ ചുറ്റും നോക്കുന്നു ഞാന്‍ അമേരിക്കയിലാണോ അതോ ചൈനയിലോ? നിങ്ങള്‍ സ്വയം അവിശ്വസിക്കുന്നു.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ലോക വിപണി മുഴുവന്‍ നിറഞ്ഞിരിക്കുന്നു. അവര്‍ നുഴഞ്ഞു കയറാത്ത ഒരിടം പോലും ഈ ഭൂമിയിലില്ലാതായിരിക്കുന്നു. നിങ്ങളുടെ ജിജ്ഞാസ ഉണരുകയാണ്. എങ്ങനെയാണ് ഇവര്‍ വില്‍പ്പനയുടെ കല (The art of selling) സ്വായത്തമാക്കിയത്, മറ്റൊരു രാജ്യത്തിനും സാധിക്കാത്ത വിധം ഉല്‍പ്പാദനത്തില്‍ മേല്‍കൈ നേടിയത്, എതിരാളികളെ ബഹുദൂരം പിന്നിലാക്കി ജൈത്രയാത്ര നടത്തുന്നത്.

മുനകൂര്‍പ്പിച്ച ചൈനീസ് തന്ത്രങ്ങള്‍

ലോക വിപണിയില്‍ മാറ്റുരയ്ക്കുക അഭ്യന്തര വിപണിയിലെ കളി പോലെയല്ല. നിരന്തരമായ പരിശ്രമം കൊണ്ടു മാത്രം സാധ്യമാകുന്ന കാര്യമാണിത്. ഒരു രാജ്യം ഒരു പോലെ ഒറ്റക്കെട്ടായി ഒരേയൊരു ലക്ഷ്യം മുന്‍നിര്‍ത്തി നിരന്തരം ശ്രമിക്കുക. അത് വിജയിപ്പിക്കുക. ലോക രാജ്യങ്ങളുമായി മത്സരിച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അനിതര സാധാരണമായ വില്‍പ്പന നേടിയെടുക്കുക. ചൈനീസ് കമ്പനികളെ ഇതിനായി പ്രാപ്തരാക്കുന്നത് അവരുടെ മികച്ച തന്ത്രങ്ങളാണ്.

നിരന്തരം പുതുക്കിക്കൊണ്ടിരിക്കുക

നവീനത (Innovation) കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഉല്‍പ്പന്നങ്ങള്‍ നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കണം. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. അവര്‍ പുതുമയ്ക്കായി ദാഹിക്കുന്നു. ഒരുല്‍പ്പന്നവും ഒരേ രീതിയില്‍ കാലങ്ങളോളം ഉപയോഗിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. ചൈനീസ് തന്ത്രം നോക്കുക. അവര്‍ ഉല്‍പ്പന്നങ്ങളില്‍ തുടര്‍ച്ചയായി പരീക്ഷണങ്ങള്‍ നടത്തുന്നു. കൂടുതല്‍ മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വിപണികളില്‍ എത്തുന്നു. ഈ മെച്ചപ്പെടുത്തല്‍ ഉപഭോക്താക്കള്‍ രണ്ടുകൈകളും നീട്ടി സ്വീകരിക്കുന്നു.

ടെലികമ്മ്യൂണിക്കേഷന്‍ ഭീമനായ 'Huawei' ടെക്‌നോളജിയെ പുനര്‍നിര്‍വ്വചിക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ലോക വിപണിയിലെ വെല്ലുവിളികളെ അവര്‍ എത്ര സൂക്ഷ്മതയോടെയാണ് നേരിടുന്നത്. ഏത് വികസിത രാജ്യത്തേയും ടെക്‌നോളജിയെ വെല്ലുവിളിച്ചു കൊണ്ട് പുതിയ സ്മാര്‍ട്ട്ഫോണുകളും നെറ്റ്‌വർക്ക് ഉപകരണങ്ങളും അവര്‍ നിരന്തരം വിപണിയിലേക്ക് എത്തിക്കുന്നു. അവരുടെ ഉല്‍പ്പന്നങ്ങളുടെ മേന്മയും എതിരാളികള്‍ക്ക് മുന്നേ സഞ്ചരിക്കുന്ന സാങ്കേതികതയും പുതുമയും ഉപഭോക്താക്കളെ അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

ഉപഭോക്താവും കമ്പനിയും

ലോക വിപണിയെ കീഴടക്കാന്‍ കേവലം പുതുമ മാത്രം പോരാ. ചൈനീസ് കമ്പനികളെ ശ്രദ്ധിക്കൂ, അവര്‍ ഉപഭോക്താക്കളുമായി ശക്തമായ ബന്ധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ക്ക് കാണാം. ഇതൊരു സാധാരണ കാര്യം മാത്രമല്ലേ എന്ന് നിങ്ങളിപ്പോള്‍ വിചാരിച്ചേക്കാം. എന്നാല്‍ ഇതൊരു സംസ്‌കാരമായി മാറുമ്പോഴാണ് ഒരു രാജ്യത്തെ അത് ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ടിക്കുന്ന തന്ത്രമായി നിര്‍വചിക്കപ്പെടുന്നത്.

ഉപഭോക്താക്കള്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയിലുള്ള ഉന്നത മേന്മയുള്ള സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളാണ് 'Xiaomi.' ഇവര്‍ തുടര്‍ച്ചയായി ഉപഭോക്താക്കളുടെ ഫീഡ്ബാക്ക് തേടുന്നു. ഉല്‍പ്പന്നങ്ങളെ മെച്ചപ്പെടുത്താന്‍ അവര്‍ ഉപഭോക്താക്കളുടെ അഭിപ്രായങ്ങളെ ആശ്രയിക്കുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഉപഭോക്താക്കളാണ് അവരുടെ ഫോണുകള്‍ ഡിസൈന്‍ ചെയ്യുന്നത്. ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ വഴി അവര്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നു. ഉപഭോക്താക്കളെ പൂര്‍ണ്ണ വിശ്വാസത്തിലെടുത്ത് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മെച്ചപ്പെടുത്തുന്ന അവരുടെ തന്ത്രം വിജയകരമാകുന്നു.

പ്രവണതകള്‍ക്കനുസരിച്ച് മാറ്റങ്ങള്‍

വിപണിയിലെ പ്രവണതകള്‍ (Trends) സൂക്ഷ്മമായി പഠിച്ച് അതിനനുസരിച്ച് ബിസിനസിനെ ചിട്ടപ്പെടുത്തുവാന്‍ ചൈനീസ് കമ്പനികള്‍ ശ്രദ്ധിക്കുന്നു. ഉപഭോക്താക്കള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ വലിയ തോതില്‍ ഓണ്‍ലൈനിനെ ആശ്രയിക്കാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ ഈ പ്രവണത മനസ്സിലാക്കി 'Alibaba' രംഗപ്രവേശനം നടത്തിയത് ചരിത്രത്തിന്റെ ഭാഗമാകുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് വൈയക്തിക അനുഭവങ്ങള്‍ക്ക് വേദിയാക്കി വില്‍പ്പനക്ക് പുതിയ മാനങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇ-കൊമേഴ്‌സിലെ ആഗോള ലീഡറാകുവാന്‍ അവര്‍ക്ക് അധിക സമയം വേണ്ടി വന്നതേയില്ല.

സ്വയം പരീക്ഷണം പിന്നീട് വ്യാപനം

പുതുമയോ പ്രവണതകള്‍ വേഗത്തില്‍ സ്വീകരിക്കുവാനുള്ള കഴിവോ Customer Centric സമീപനമോ മാത്രമല്ല ചൈനീസ് ഉല്‍പ്പന്നങ്ങളെ ലോകം മുഴുവന്‍ വ്യാപിപ്പിച്ചത്. തങ്ങളുടെ ആഭ്യന്തര വിപണിയെ അവര്‍ ഒരു പരീക്ഷണ വേദിയാക്കി മാറ്റുന്നു എന്നുള്ളത് വളരെ കൗതുകകരമായ വസ്തുതയാകുന്നു. ഉല്‍പ്പന്നത്തെ തങ്ങളുടെ ആഭ്യന്തര വിപണിയിലേക്ക് ആദ്യം അവതരിപ്പിക്കുന്നു. അഭ്യന്തര വിപണിയില്‍ ആദ്യം വിജയം വരിച്ചിട്ടാണ് അവര്‍ ലോക വിപണിയിലേക്ക് ചുവടുവെക്കുന്നത്. അഭ്യന്തര വിപണിയിലെ അനുഭവങ്ങളും ഫീഡ്ബാക്കും ഉല്‍പ്പന്നത്തെ കൂടുതല്‍ മെച്ചപ്പെടുത്താനും വിപണി പഠിക്കാനും അവര്‍ ഉപയോഗിക്കുന്നു.

ബൈറ്റ്ഡാന്‍സിന്റെ 'TikTok' മൊബൈല്‍ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകും. ലോകം മുഴുവന്‍ വൈറലായ ഈ ആപ്ലിക്കേഷന്‍ ലോക വിപണിയിലേക്ക് എത്തും മുന്‍പ് ചൈനീസ് വിപണിയിലേക്കാണ് അവതരിപ്പിച്ചത്. ചൈനക്കാര്‍ക്കിടയില്‍ വലിയൊരു അടിത്തറ പടുത്തുയര്‍ത്തിക്കൊണ്ടാണ് ഈ ഉല്‍പ്പന്നം ലോക വിപണിയിലേക്ക് കടന്നത്. ചൈനീസ് വിപണിയില്‍ അവര്‍ നടത്തിയ പരീക്ഷണം ലോക വിപണിയിലേക്ക് നുഴഞ്ഞു കയറാന്‍ അവരെ പ്രാപ്തരാക്കി.

ഇതിനെക്കാളൊക്കെ ഉപരി Calculated Risk എടുക്കുവാനുള്ള ചൈനീസ് കമ്പനികളുടെ സന്നദ്ധതയാണ് എടുത്തു കാട്ടേണ്ട മറ്റൊരു വസ്തുത. വിപണിയെ സൂക്ഷ്മമായി നിരീക്ഷിച്ച്, വിലയിരുത്തി, പഠിച്ച് അവരെടുക്കുന്ന റിസ്‌ക് അവരുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ലോകം കീഴടക്കാനുള്ള വിപണി തന്ത്രങ്ങള്‍ വില്‍പ്പന എന്ന കലയുടെ രാജാക്കന്മാരില്‍ നിന്നു തന്നെ പഠിക്കേണ്ടതുണ്ട്.

Related Articles

Next Story

Videos

Share it