അർത്ഥ പൂർണമായി ജീവിക്കാൻ ഒരു സുവർണ നിയമം

കുറച്ചു വര്‍ഷങ്ങളായി ആഗോളതലത്തില്‍ മത-രാഷ്ട്രീയ-വർഗീയ അസഹിഷ്ണുത വര്‍ധിച്ചു വരുന്നുണ്ട്.വ്യത്യാസങ്ങൾ ഉണ്ടായിരിക്കെ തന്നെ ലോകത്തെ എല്ലാ പ്രധാന മതങ്ങളും ഒരു പോലെ സമ്മതിക്കുന്ന ഒന്നുണ്ട്. സുവര്‍ണ നിയമം പിന്തുടരുന്നു എന്നതാണത്. ക്രിസ്ത്യന്‍, ഇസ്ലാം, ഹിന്ദു, ബുദ്ധ, ജൂത, താവോ, സൗരാഷ്ട്രിയ, ജൈന, സിഖ് മതങ്ങളെല്ലാം മുഖ്യമായി ഈ സുവര്‍ണ നിയമം പഠിപ്പക്കുന്നു.

വിവിധ മതങ്ങളില്‍ വിവിധ രീതികളിലാണ് സുവര്‍ണ നിയമം പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ അതിന്റെ കാതല്‍ നമ്മുടെ സഹജീവികളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നതാണ്. കുറച്ച് ഉദാഹരണങ്ങള്‍ നോക്കാം.
മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അതു പോലെ നിങ്ങള്‍ അവരോട് പെരുമാറുക- ക്രിസ്തുമതം, ബൈബിളില്‍ നിന്ന്.
'മറ്റുള്ളവര്‍ നിങ്ങളോട് ചെയ്താല്‍ നിങ്ങള്‍ക്ക് വേദനയുണ്ടാക്കുന്നവ നിങ്ങള്‍ മറ്റുള്ളവരോടും ചെയ്യരുത്, ഇതാണ് കടമയുടെ പൊരുള്‍' - മഹാഭാരതം (ഹിന്ദുമതം)
ഒരുവന്‍ തനിക്കു വേണ്ടി ആഗ്രഹിക്കുന്നത് അവന്റെ സഹോദരനു വേണ്ടിയും ആഗ്രഹിക്കുന്നതു വരെ നിങ്ങളില്‍ ആരും (സത്യത്തില്‍) വിശ്വസിക്കുന്നില്ല- ഇസ്ലാം, അന്‍ നവവിയുടെ നാല്‍പത് ഹദീസില്‍ നിന്ന്.
'ഞാന്‍ എന്നോട് തന്നെ പെരുമാറുന്നതു പോലെ തന്നെ മറ്റുള്ളവരോടും പ്രവര്‍ത്തിക്കും- ബുദ്ധമതം, സിഗ്ലോവാദ സൂത്തയില്‍ നിന്ന് നിങ്ങള്‍ക്ക് വെറുപ്പുണ്ടാക്കുന്ന കാര്യം സഹജീവികളോടും ചെയ്യരുത്: ഇതാണ് തോറ (ജൂതര്‍ക്ക് ദൈവം സീനായ് മലയില്‍ നിന്ന് കൊടുത്ത കല്‍പ്പനകള്‍): ബാക്കി വിശദീകരണമാണ്'- ബാബിലോണിയന്‍ താല്‍മഡ് (ജൂത മതം)
ഈ സുവര്‍ണ നിയമം വളരെ എളുപ്പവും സ്വയം വിശദീകരിക്കാന്‍ കഴിയുന്നതുമാണ്. എന്നാൽ ഈ ഉപദേശങ്ങള്‍ നമ്മുടെ ജീവിതത്തിൽ പ്രായോഗികമാക്കാന്‍ ശ്രമിക്കുന്നത് അത്ര എളുപ്പമല്ല താനും. ഉദാഹരണത്തിന്, മറ്റുള്ളവരാല്‍ നാം വിധിക്കപ്പെടുന്നത് ആരും തന്നെ ഇഷ്ടപ്പെടുകയില്ല. അത് വേദനാജനകമാണ്. എന്നാല്‍ മറ്റുള്ളവരെ വിധിക്കുമ്പോൾ നമ്മളില്‍ മിക്കവരും ഇത് ഓർക്കാറില്ല.
നാം വളര്‍ന്നുവരുമ്പോള്‍ തന്നെ ഈ സുവര്‍ണ നിയമം പലരും കേട്ടിരിക്കുമെങ്കിലും അത് എങ്ങനെ പ്രായോഗികമാ ക്കാമെന്ന് നമ്മെ പഠിപ്പിക്കുന്നില്ല. അതിനാല്‍ ഇത് എല്ലാവര്‍ക്കുമറിയാവുന്ന ഒരു ആവര്‍ത്തന വിരസമായ ഉപദേശമായി ചുരുങ്ങുന്നു. അതുകൊണ്ട് ഈ ലേഖനത്തില്‍, എങ്ങനെ സഹാനുഭൂതിയോടെ പ്രവര്‍ത്തിക്കാനാവുമെന്നതു സംബന്ധിച്ച് ആഴത്തില്‍ ചിന്തിക്കാനും വിശദീകരിക്കാനുമാണ് ഞാന്‍ ശ്രമിക്കുന്നത്.
മറ്റുള്ളവരെ മനസ്സിലാക്കാന്‍ ശ്രമിക്കുക
ചിന്തിക്കുക എന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് മിക്ക ആളുകളും വിധിക്കുന്നത്- കാള്‍ യങ് ( Carl Jung)
ചില കാര്യങ്ങള്‍ ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് സങ്കല്‍പ്പിക്കാന്‍ എല്ലായ്‌പ്പോഴും നമ്മുടെ മനസ്സിന് കഴിഞ്ഞേക്കില്ല. എന്നിരുന്നാലും, ആളുകളുടെ പ്രവര്‍ത്തനങ്ങള്‍ കേവലം നമ്മുടെ കാഴ്ചപ്പാടില്‍ നിന്ന് മാത്രം നോക്കി കാണുകയാണെങ്കില്‍ നമുക്ക് ഒരിക്കലും അവരെ ശരിയായി മനസ്സിലാക്കാൻ കഴിയുകയില്ല .
മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ കാര്യങ്ങള്‍ നോക്കിക്കാണുമ്പോഴാണ് സഹാനുഭൂതി ഉടലെടുക്കുന്നത്. To Kill A മോക്കിങ് bird എന്ന പുസ്തകത്തില്‍ ആറ്റിക്കസ് ഫിഞ്ച് തന്റെ മകള്‍ക്കുള്ള വിശദീകരണമെന്ന നിലയില്‍ ഇത് മനോഹരമായി സംഗ്രഹിച്ചിട്ടുണ്ട്. സ്‌കൗട്ട്, നിനക്ക് ഒരു എളുപ്പവിദ്യ പഠിക്കാന്‍ കഴിയുമെങ്കില്‍ എല്ലാതരത്തിലുള്ള ആളുകളുമായും മെച്ചപ്പെട്ട ബന്ധമുണ്ടാക്കാം.
അവരുടെ വീക്ഷണത്തില്‍ കാര്യങ്ങള്‍ കണ്ടു തുടങ്ങുന്നതു വരെ, അവരായി തന്നെ മാറുന്നതു വരെ നിനക്ക് ഒരാളെ ഒരിക്കലും മനസ്സിലാക്കാനാവില്ല. സ്വയം മറ്റൊരാളായി മാറാന്‍ ക്ഷമയും ചിന്തയും ആവശ്യമാണ്. എന്നിരുന്നാലും മനുഷ്യസഹജമായ നമ്മുടെ പ്രവണത മറ്റുള്ളവരെ വിധിക്കുക എന്നതാണ്.
എഴുത്തുകാരന്‍ റിച്ചാര്‍ഡ് കാള്‍സണ്‍ പറഞ്ഞതുപോലെ '
നമ്മള്‍ മറ്റൊരാളെ വിധിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുമ്പോള്‍, അത് ആ വ്യക്തിയെക്കുറിച്ച് ഒന്നും പറയുന്നില്ല; അത് വിമർശിക്കാനുള്ള നമ്മുടെ തന്നെ ത്വരയെ കുറിച്ചാണ് പറയുന്നത്.' എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ആരെയും വിധിക്കുന്നതിലൂടെ ഞാന്‍ ഒന്നും നേടിയിട്ടില്ല. നേരെമറിച്ച്, ഇത് മറ്റുള്ളവരുമായുള്ള എന്റെ ബന്ധത്തെ പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്.
നമ്മുടെ ജീവിതത്തില്‍ സഹാനുഭൂതിക്ക് ഇടം നൽകണമെങ്കിൽ മറ്റുള്ളവരെ വിധിക്കുന്ന നമ്മുടെ പ്രവണത ഉപേക്ഷിക്കാന്‍ നാം തയ്യാറാകണം. കാരണം, ഇവ രണ്ടും ഒത്തു പോകില്ല.

ഒരു ദീര്‍ഘശ്വാസം എടുക്കുക
ആരെങ്കിലുമായി ചൂടേറിയ ചര്‍ച്ച നടത്തുമ്പോഴോ വാദപ്രതിവാദം നടത്തുമ്പോഴോ നമ്മുടെ മനസ്സില്‍ ഏറ്റവുമവസാനം എത്തുന്ന കാര്യമാണ് മറ്റുള്ളവരെ മനസ്സിലാക്കലും സഹാനുഭൂതിയും. നമ്മെ പ്രകോപിതരാക്കുന്നവരെ എതിരിടുമ്പോഴും ട്രാഫിക്കില്‍ ആരെങ്കിലും നമ്മെ മറികടക്കുമ്പോഴുമെല്ലാം ഇതേ അവസ്ഥ തന്നെ. അത്തരം സാഹചര്യങ്ങളില്‍ കോപം അല്ലെങ്കില്‍ നിരാശ മൂലം ശക്തിയായി പ്രതികരിക്കാനാണ് പൊതുവെയുള്ള പ്രവണത.
പകരം, ഒന്നു നിന്ന്, ദീര്‍ഘ നിശ്വാസമെടുക്കുന്നതു വഴി മനസ്സിന്റെ സമനില വീണ്ടെടുക്കുന്നു. അതുവഴി, രൂക്ഷമായി പ്രതികരിക്കുന്നതില്‍ നിന്നും രോഷം പ്രകടിപ്പിക്കുന്നതില്‍ നിന്നും അറിയാതെ തന്നെ മാറിപ്പോകുകയും ചെയ്യുന്നു.
അല്ലെങ്കില്‍, തോമസ് ജെഫേഴ്‌സണ്‍ നിര്‍ദ്ദേശിച്ചതു പോലെ, ' ദേഷ്യം വരുമ്പോള്‍ സംസാരിക്കുന്നതിനു മുമ്പ് പത്തു വരെ എണ്ണുക, ദേഷ്യം വളരെ കൂടുതലാണെങ്കില്‍ നൂറു വരെയും.(പ്രതകരിക്കുന്നതിന് മുമ്പ്)'
മദ്യപിച്ചിരിക്കുമ്പോഴും ലഹരിയിലായിരിക്കുമ്പോഴും നിങ്ങളുടെ ചിന്തിക്കാനുള്ള കഴിവിനെ വിശ്വസിക്കാനാവാത്തതു പോലെ അതിവൈകാരികമായ അവസ്ഥയിലായിരിക്കുമ്പോള്‍ സഹാനുഭൂതിയോടെ വ്യക്തമായി ചിന്തിക്കാനാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. ദീര്‍ഘശ്വാസമെടുക്കുന്നതിലൂടെ നിങ്ങളുടെ മനസ് കൂടുതല്‍ ശാന്തമാകുകയും നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കി മെച്ചപ്പെട്ട രീതിയിൽ പ്രതികരിക്കാന്‍ കഴിയുകയും ചെയ്യും. (ആഴത്തിലുള്ള ശ്വസനം നിങ്ങളില്‍ ശാന്തത കൊണ്ടു വരുന്നു)

ഒരു ലക്ഷ്യം ഉറപ്പിക്കുക
നമ്മളോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും പലപ്പോഴും നാം മറ്റുള്ളവരോട് പെരുമാറുക. നിങ്ങള്‍ എന്നോട് മോശമായി പെരുമാറുകയാണെങ്കില്‍, ഞാന്‍ നിങ്ങളോട് കൂടുതല്‍ മികച്ച രീതിയില്‍ പെരുമാറുമെന്ന് പ്രതീക്ഷിക്കരുത്. നിങ്ങള്‍ എന്നോട് നന്നായി പെരുമാറിയാല്‍ ഞാന്‍ നിങ്ങളോട് നന്നായി പെരുമാറും, ഈയൊരു അടിസ്ഥാനത്തിലാണ് നാം പ്രവര്‍ത്തിക്കുന്നത്. ഇതനുസരിച്ചാണ് ആളുകളുമായുള്ള നമ്മുടെ ഇടപെടലുകളും.
മറ്റുള്ളവർ എങ്ങനെ പെരുമാറിയാലും അവരോട് സ്‌നേഹവും ദയയും കാണിക്കുക എന്ന് തീരുമാനമെടുക്കുന്നതാണ് സഹാനുഭൂതി വളര്‍ത്താനുള്ള പ്രധാനവഴി. എന്താണ് മറ്റുള്ളവര്‍ പറയുന്നതെന്നതിനെയോ ചെയ്യുന്നതെന്നതിനേയോ ആശ്രയിക്കേണ്ട കാര്യം ഇതിലില്ല.
ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രായോഗികമാക്കുന്നതിന്, നിങ്ങളെ പ്രകോപിതരാക്കുന്ന 4-5 ആളുകളെ എടുക്കുക. അടുത്ത തവണ അവര്‍ നിങ്ങളെ പ്രകോപിപ്പിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കും എന്ന് മുൻകൂട്ടി തീരുമാനിക്കുക. ആത്യന്തികമായി സഹാനുഭൂതിയുണ്ടാകുക എന്നത് കേവലം ഒരു പ്രതികരണമല്ല, മറിച്ച് ഏത് സാഹചര്യത്തിലും നമുക്ക് തെരഞ്ഞെടുക്കാവുന്ന ഒന്നാണ്.
ഇത് ചെയ്യുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ബോധപൂര്‍വമായ ശ്രമം ആവശ്യമാണ്. എന്നാല്‍ അതൊരിക്കലും മനുഷ്യ ശേഷിക്ക് അതീതവുമല്ല. സഹാനുഭൂതിയാല്‍ നയിക്കപ്പെടാന്‍ നമ്മള്‍ നമ്മെ തന്നെ അനുവദിക്കുമ്പോള്‍ നമ്മുടെ ജീവിതം സഫലമാകുമെന്ന് ഉറപ്പ്. അതിലൂടെ ലോകം കൂടുതല്‍ മികച്ചയിടമായി മാറുകയും ചെയ്യും
To read more articles from Anoop visit his blog : https://www.thesouljam.com/best-articles


Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it