വേസ്റ്റ് തുണി വേസ്റ്റാക്കാതെ ഒരു ലഘു കുടുംബ ബിസിനസ്

വീടുകളില്‍ വലിയ മുതല്‍മുടക്കില്ലാതെ ചെയ്യാവുന്ന സംരംഭം പരിചയപ്പെടാം
വേസ്റ്റ് തുണി വേസ്റ്റാക്കാതെ ഒരു ലഘു കുടുംബ ബിസിനസ്
Published on

തയ്യലറിയുന്നവര്‍ക്ക് വീട്ടില്‍തന്നെ ചെറു സംരംഭം തുടങ്ങാവുന്ന നിരവധി അവസരങ്ങള്‍ നിലവിലുണ്ട്. ഒഴിവു സമയം ഉപയോഗപ്പെടുത്തി, നല്ല രീതിയില്‍ സമ്പാദിക്കാനുള്ള അവസരം ഇതുവഴി ലഭിക്കും.

വീടുകളിലും മറ്റ് കെട്ടിടങ്ങളിലുമൊക്കെ ഇന്റീരിയര്‍ ഡെക്കറേഷന്‍ എന്ന രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന നിരവധി ഉത്പന്നങ്ങള്‍ ഇതുപയോഗിച്ച് നിര്‍മിച്ച് വില്‍ക്കാനാകും. 50 ശതമാനം വരെ അറ്റാദായം ലഭിക്കാവുന്ന ഒരു ലഘു കുടുംബ ബിസിനസാണിത്.

നിര്‍മാണ രീതി

വേസ്റ്റ് തുണികള്‍ കൊണ്ട് ദൈനംദിന ഉപയോഗത്തിനുതകുന്ന വിവിധ ഉത്പന്നങ്ങള്‍ നിര്‍മിച്ചു വില്‍ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതിനായി പ്രദേശത്തെ തയ്യല്‍ കടകള്‍, വസ്ത്ര നിര്‍മാണ കമ്പനികള്‍ എന്നിവിടങ്ങളില്‍ നിന്ന് കട്ടിംഗ് വേസ്റ്റ് സമാഹരിക്കണം. പലയിടങ്ങളില്‍ നിന്ന് ഇവ സൗജന്യമായി ലഭിക്കും.

ക്ലോത്ത് ബാഗുകള്‍, കിച്ചണ്‍ ഉത്പന്നങ്ങള്‍, ഏപ്രണുകള്‍, ഫ്രിജ്‌ കവര്‍, ഫ്രിജ്‌ ഹാന്‍ഡ്ല്‍ കവര്‍, വാഷ് ബേസിന്‍ ടവല്‍, ഗ്ലൗസുകള്‍, കാലുറകള്‍, ടേബ്ള്‍ മാറ്റുകള്‍, മൊബൈല്‍ പൗച്ചുകള്‍, പോള്‍ ഹാങ്ങറുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ഇവ ഉപയോഗിച്ച് നിര്‍മിക്കാം.

ലഭിച്ച കട്ട്പീസ് ഏതിനാണ് യോജിച്ചതെന്ന് മനസിലാക്കി അത്തരം ഉത്പന്നങ്ങളാണ് ഉണ്ടാക്കേണ്ടത്. വിവിധ പീസുകള്‍ തുന്നിച്ചേര്‍ത്തുകൊണ്ടാണ് പലതും ഉണ്ടാക്കുന്നത്. നന്നായി ഡിസൈന്‍ ചെയ്ത് അത്യാകര്‍ഷകമായ രീതിയില്‍ ഇവ നിര്‍മിക്കുക എന്നതാണ് പ്രധാനം. ഈ ആകര്‍ഷകത്വമാണ് ഇവയുടെ വില നിശ്ചയിക്കുന്നത്.

വിപണി

ചെറിയ ടെക്സ്‌റ്റൈല്‍ ഷോപ്പുകള്‍, ഹോം അപ്ലയന്‍സസ് കടകള്‍, കരകൗശല ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ വഴി ഇത്തരം ഉത്പന്നങ്ങള്‍ വില്‍പ്പന നടത്താം. ഇതിന് വിതരണക്കാരെ ലഭിക്കാന്‍ സാധ്യത കുറവായതിനാല്‍ നേരിട്ട് വില്‍ക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്.

കൂട്ടായ്മകള്‍, ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, പരിപാടികള്‍ എന്നിവിടങ്ങളിലെല്ലാം വില്‍പ്പനയ്ക്ക് സാധ്യതകള്‍ ഉണ്ട്. ഓണ്‍ലൈന്‍ വില്‍പ്പനയും ഈ രംഗത്ത് നന്നായി ഉപയോഗപ്പെടുത്താം.

അടിസ്ഥാന സൗകര്യങ്ങള്‍

നന്നായി മോഡലുകള്‍ തിരഞ്ഞെടുത്ത് ഡിസൈന്‍ ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇതിനായി ഒരു തയ്യല്‍ മെഷീന്‍ മതിയാകും. 25,000 രൂപ മുടക്കില്‍ മോട്ടോര്‍ ഘടിപ്പിച്ച മികച്ച ഇനം മെഷീനുകള്‍ ലഭിക്കും.

ലഭ്യമായ തുണിയുടെ തരം, രീതി എന്നിവ അനുസരിച്ച് കട്ട് ചെയ്യുന്നതിന് കട്ടിംഗ് മെഷീന്‍ വേണമെന്ന് നിര്‍ബന്ധമില്ല. 100 ചതുരശ്രഅടി കെട്ടിട സൗകര്യം മാത്രമാണ് ആവശ്യം. വേസ്റ്റ് തുണികള്‍ സ്ഥിരമായി നല്‍കാന്‍ ധാരാളം സ്ഥാപനങ്ങള്‍ ഉണ്ടാകും. അസംസ്‌കൃത വസ്തുക്കളുടെ ചെലവിനേക്കാള്‍ വില്‍പ്പന ചെലവുകളാണ് ഇതിന് കൂടുതല്‍ വരുന്നത്.

(സംസ്ഥാന വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്റ്ററാണ് ലേഖകന്‍)

(This article was originally published in Dhanam Magazine July 31st issue)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com