ഒരു വശം കടിച്ച ആപ്പിളും ചാടുന്ന കങ്കാരുവും: ബിസിനസ് വിജയത്തിന്റെ ബ്രാന്‍ഡ് വ്യക്തിത്വങ്ങള്‍

ഒരു വശം കടിച്ചെടുത്ത ആപ്പിളിന്റെ ചിത്രം നിങ്ങളെ കാണിച്ചാല്‍ നിങ്ങള്‍ അപ്പോള്‍ പറയും ''ഇത് ആപ്പിള്‍ കമ്പനിയുടെ ലോഗോ ആണല്ലോ''. ശരിയാണ് ഈ രൂപം എവിടെ എപ്പോള്‍ കണ്ടാലും നിങ്ങള്‍ തിരിച്ചറിയുന്നു. ഒരു പേരു പോലും എഴുതേണ്ട ആവശ്യമില്ലാതെ ആപ്പിളെന്ന ബിസിനസിനെ ലോകം 'കടിച്ചെടുത്ത ആപ്പിളിന്റെ' ചിത്രത്തിലൂടെ തിരിച്ചറിയുന്നു.

പൂര്‍ണ്ണമായ ഒരു അപ്പിള്‍ ആയിരുന്നു ഈ ലോഗോ എങ്കില്‍ അതിനൊരു പ്രത്യേകത ഉണ്ടാകുമായിരുന്നോ? ഇങ്ങിനെ ലോകം മുഴുവന്‍ തിരിച്ചറിയാന്‍ പാകത്തില്‍ അതിനൊരു വ്യക്തിത്വം കിട്ടുമായിരുന്നോ? സംശയമാണ്. കടിച്ചെടുത്ത ഈ ആപ്പിള്‍ ആഗോള സംരംഭക ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

ബ്രാന്‍ഡുകളെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ സവിശേഷമായൊരു ചിഹ്നം തന്നെ ധാരാളമാണ്. ബിസിനസിനെക്കുറിച്ച് ഉപയോക്താക്കള്‍ തങ്ങളുടെ മനസ്സില്‍ രൂപപ്പെടുത്തിയിട്ടുള്ള പ്രതിച്ഛായ ഈ ചിഹ്നങ്ങളില്‍ പ്രതിഫലിക്കുന്നു. ബ്രാന്‍ഡിന്റെ സ്വത്വമാകുന്നു ലോഗോ. ലോഗോയുടെ ആകൃതി, നിറങ്ങള്‍, പ്രത്യേകതകള്‍ ഇവയെല്ലാം ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. ബിസിനസും ബ്രാന്‍ഡും ലോഗോയും തമ്മില്‍ അവര്‍ ബന്ധിപ്പിക്കുന്നു. അദൃശ്യമായ ഒരു ചരട് ഇവയെ തുന്നിച്ചേര്‍ക്കുന്നു.

മാര്‍ക്കറ്റിംഗിന്റെ വിശാല ലോകത്ത് ബ്രാന്‍ഡ് വ്യക്തിത്വം (Brand Identity) ബിസിനസിന്റെ വിജയത്തിന് അനിവാര്യമാകുന്നു. ഇത് ഒരു ദിവസം കൊണ്ട് സൃഷ്ടിക്കപ്പെടുന്നതല്ല. ബ്രാന്‍ഡും ഉപഭോക്താവും തമ്മില്‍ നിരന്തരമായ, നിശബ്ദമായ സംഭാഷണം നടക്കുന്നുണ്ട്. ഉപഭോക്താവിന്റെ തലച്ചോറില്‍ ബ്രാന്‍ഡിനെ തിരിച്ചറിയുവാനുള്ള സംജ്ഞകളും ചിഹ്നങ്ങളും രേഖപ്പെടുത്തുന്നുണ്ട്. അത് ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുണ്ട്. ഒരു ലോഗോ കാണുമ്പോള്‍ അതല്ലെങ്കില്‍ പ്രത്യേക നിറങ്ങളുടെ സങ്കലനം കാണുമ്പോള്‍ അതിനെ ബ്രാന്‍ഡുമായി തലച്ചോര്‍ ബന്ധപ്പെടുത്തുന്നു, തിരിച്ചറിയുന്നു.

ബ്രാന്‍ഡ് ഐഡന്റിറ്റി പ്രിസം

ബ്രാന്‍ഡുകളുടെ വ്യക്തിത്വത്തിന്റെ അഗാധമായ സങ്കീര്‍ണ്ണതകള്‍ വെളിപ്പെടുത്തുന്ന ബ്രാന്‍ഡ് ഐഡന്റിറ്റി പ്രിസമെന്ന മോഡല്‍ Jean-Noel Kapferer വികസിപ്പിച്ചെടുക്കുകയുണ്ടായി. ഈ മോഡല്‍ ഉപയോഗിച്ച് ബിസിനസുകള്‍ക്ക് ശക്തമായതും നിലനില്‍ക്കുന്നതുമായ ബ്രാന്‍ഡ് ഐഡന്റിറ്റി സൃഷ്ടിക്കുവാന്‍ സാധിക്കും. 6 മുഖങ്ങളുള്ള ബ്രാന്‍ഡ് ഐഡന്റിറ്റി പ്രിസം മോഡല്‍ നമുക്കൊന്ന് പരിചയപ്പെടാം.

ഒന്നാം മുഖം

ഭൗതിക സാന്നിധ്യം

ബ്രാന്‍ഡിനെ തിരിച്ചറിയുന്നതില്‍ അതിന്റെ ഭൗതികമായ പ്രത്യേകതകള്‍ നിങ്ങളെ സഹായിക്കുന്നുണ്ട്. നിങ്ങള്‍ കാണുന്ന കാഴ്ചകളിലൂടെ അത് ഇന്ന ബ്രാന്‍ഡാണ് എന്നു മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ബ്രാന്‍ഡിന്റെ ലോഗോ, നിറങ്ങള്‍, പാക്കേജിംഗ് തുടങ്ങിയവ ഈ കാഴ്ചകളില്‍ ഉള്‍പ്പെടുന്നു.

വെറുമൊരു ടിക്ക് മാര്‍ക്ക് കാണുമ്പോള്‍ നൈക്കി (Nike) ബ്രാന്‍ഡിനെ തിരിച്ചറിയുന്നതും കുതിച്ചു ചാടുന്ന കംഗാരു വി-ഗാര്‍ഡിനെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നത് ഇതു കൊണ്ടാണ്. ലോഗോയിലൂടെ നിറങ്ങളിലൂടെ മൂര്‍ത്തമായ രൂപങ്ങള്‍ ഉപയോക്താക്കളുടെ മനസ്സില്‍ പതിപ്പിക്കപ്പെടുന്നു. ഒരു വ്യക്തിയെ നിങ്ങള്‍ പരിചയപ്പെടുമ്പോള്‍ അയാളുടെ രൂപം നിങ്ങളുടെ മനസ്സില്‍ ഇടം പിടിക്കുന്നതുപോലെ തന്നെയാണ് ഇതും.

രണ്ടാം മുഖം

വ്യക്ത്വിത്വം

മനുഷ്യന്റെ സവിശേഷതകള്‍ ബ്രാന്‍ഡുമായി ബന്ധപ്പെടുത്തുമ്പോള്‍ ഉപയോക്താക്കളും ബ്രാന്‍ഡും തമ്മില്‍ വൈകാരികമായ ഒരു അടുപ്പം ഉടലെടുക്കുന്നു. കൊക്കകോളയുടെ മാര്‍ക്കറ്റിംഗ് കാമ്പയിനുകള്‍ ശ്രദ്ധിച്ചു നോക്കൂ. സന്തോഷത്താല്‍ തിമിര്‍ക്കുന്ന യുവതീയുവാക്കള്‍ തങ്ങളുടെ ആഹ്‌ളാദ നിമിഷങ്ങള്‍ പങ്കുവെക്കുന്ന ദൃശ്യങ്ങള്‍ ബ്രാന്‍ഡിന്റെ ചുറുചുറുക്കുള്ള, സന്തോഷം നുരയുന്ന വ്യക്ത്വിത്വത്തെ പ്രകടമാക്കുന്നു.

മൂന്നാം മുഖം

സംസ്‌കാരം

ഉപയോക്താക്കളുമായി പങ്കുവെക്കുന്ന മൂല്യങ്ങള്‍, വിശ്വാസങ്ങള്‍, ആദര്‍ശങ്ങള്‍ തുടങ്ങിയവ ബ്രാന്‍ഡിന്റെ സംസ്‌കാരം വിളിച്ചോതുന്നു. ബ്രാന്‍ഡ് എന്തിനു വേണ്ടി നിലകൊള്ളുന്നു? അത് മുന്നോട്ടു വെക്കുന്ന ആശയം എന്താണ്? അത് മുറുകെപ്പിടിക്കുന്ന മൂല്യങ്ങള്‍ എന്തൊക്കെയാണ്? ഇതെല്ലാം ബ്രാന്‍ഡ് ഉപഭോക്താക്കളുമായി സംവദിക്കുന്നു.

ഫാബ്ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ അവര്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിന്നുമാണ് ശേഖരിക്കുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ കരകൗശല വിദഗ്ദര്‍ ഫാബ്ഇന്ത്യക്കായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് സ്ഥിരമായ തൊഴില്‍ നല്‍കുവാനും വരുമാനം ഉറപ്പാക്കാനും ഫാബ്ഇന്ത്യ ശ്രമിക്കുന്നു. ഈ പ്രവൃത്തിയിലൂടെ തങ്ങളുടെ മൂല്യങ്ങളും ആദര്‍ശങ്ങളും പ്രത്യയശാസ്ത്രവും അവര്‍ വെളിപ്പെടുത്തുന്നു.

നാലാം മുഖം

വൈകാരികമായ ബന്ധം

കൊടുക്കല്‍ വാങ്ങല്‍ നിലയിലുള്ള ബിസിനസ് ബന്ധം മാത്രമല്ല ബ്രാന്‍ഡുകള്‍ ഉപഭോക്താക്കളുമായി സൃഷ്ടിക്കുന്നത്. ബിസിനസുകള്‍ ഉപയോക്താക്കളുടെ ഹൃദയത്തിലേക്ക് ഒരു പാലം പണിയുകകൂടി ചെയ്യുന്നുണ്ട്. വൈകാരികമായി ഉടലെടുക്കുന്ന ഈ ബന്ധം ബ്രാന്‍ഡിനെയും ഉപയോക്താവിനെയും ചേര്‍ത്തുനിര്‍ത്തുന്നു.

കാപ്പി കുടിക്കാനൊരിടം, അത് മാത്രമല്ല സ്റ്റാര്‍ബക്‌സ്. നിങ്ങള്‍ അവിടേക്ക് ചെല്ലൂ. വിശ്രമിക്കൂ. നിങ്ങളുമായി ഹൃദയത്തോട് അടുത്തു നില്‍ക്കുന്നവരുമായി സമയം ചെലവഴിക്കൂ. സംസാരിക്കുകയും ചിരിക്കുകയും ചെയ്യൂ. സൗഹൃദങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കണ്ടെത്തൂ. ഈ അനുഭവം നിങ്ങളെ സ്റ്റാര്‍ബക്‌സുമായി അടുപ്പിക്കുന്നു, ചേര്‍ത്തു നിര്‍ത്തുന്നു.

അഞ്ചാം മുഖം

പ്രതിഫലനം

ഒരു ബ്രാന്‍ഡ് ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ തങ്ങളെ സ്വയം വിലയിരുത്തുന്നത് എങ്ങിനെയാണ്? ഇത് ബ്രാന്‍ഡിന്റെ ഉപയോഗത്തില്‍ വളരെ പ്രാധാന്യമുള്ളതാണ്. സ്വയം എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് ഉപഭോക്താവ് ആത്മപരിശോധന നടത്തുന്നുണ്ട്.

നൈക്കി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുവാന്‍ അത്‌ലറ്റ് ചാമ്പ്യന്‍മാരെ ഉപയോഗിക്കുന്നു. ഇതിലൂടെ ഉപഭോക്താക്കളെ പ്രചോദിപ്പിക്കുവാനും സ്വയം ചാമ്പ്യന്മാരായി കാണുവാനും പ്രേരിപ്പിക്കുന്നു. സ്വയം വിജയിക്കുവാന്‍, നേടുവാന്‍ പരിശ്രമിക്കുന്നവര്‍ക്ക് നൈക്കി വിജയത്തിന്റെ പ്രതീകമായി മാറുന്നു.

ആറാം മുഖം

ആഗ്രഹിക്കുന്ന വ്യക്ത്വിത്വം

ആഗ്രഹിക്കുന്ന വ്യക്തിത്വത്തിലേക്ക് ബ്രാന്‍ഡ് തങ്ങളെ നയിക്കുമെന്ന് ഉപഭോക്താക്കള്‍ വിശ്വസിക്കുന്നു. തന്റെ ആത്മരൂപം സ്വയം പ്രകാശിതമാകുവാന്‍ വേണ്ടിയാണ് ഉപഭോക്താവ് ബ്രാന്‍ഡിനെ ആശ്രയിക്കുന്നത്. ആഡംബര ബ്രാന്‍ഡുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ ഉയര്‍ന്ന അന്തസ്സ് അതിലൂടെ കരസ്ഥമാക്കുവാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു.

റോളക്‌സ് വാച്ച് വാങ്ങുന്ന ഉപഭോക്താവും ബെന്‍സ് വാങ്ങുന്ന ഉപഭോക്താവും ആഗ്രഹിക്കുന്നത് അതിനൊപ്പം ഉയരുന്ന തങ്ങളുടെ അന്തസ്സ് കൂടിയാണ്. ഉപഭോക്താക്കളുടെ സോഷ്യല്‍ സ്റ്റാറ്റസ്സില്‍ വ്യത്യാസം വരുത്തുവാന്‍ കഴിയുന്ന ബ്രാന്‍ഡ് അവര്‍ക്ക് പ്രിയപ്പെട്ടതായി മാറുന്നു.

ബ്രാന്‍ഡിന്റെ വ്യക്ത്വിത്വത്തിന്റെ വിവിധ ഭാവങ്ങള്‍ ബ്രാന്‍ഡ് ഐഡന്റിറ്റി പ്രിസം കാണിച്ചു നല്‍കുന്നു. സ്ഥായിയായ ഒരു ബ്രാന്‍ഡ് വളര്‍ത്തിയെടുക്കുവാന്‍ ഈ മുഖങ്ങളെ ഉപയോഗിക്കുവാന്‍ ബിസിനസുകള്‍ക്ക് സാധിക്കണം. നിങ്ങളുടെ ബ്രാന്‍ഡിനെ ബ്രാന്‍ഡ് ഐഡന്റിറ്റി പ്രിസവുമായി ഒത്തു നോക്കൂ. മാറ്റങ്ങള്‍ വേണോ? നിങ്ങള്‍ക്ക് തീരുമാനിക്കാം.

Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it