ബ്രാന്‍ഡ് ഇമേജ് അനശ്വരമല്ല; പ്രശ്‌നമുണ്ടായാല്‍ അത് അംഗീകരിച്ച് പരിഹരിക്കൂ
മോര്‍ഗന്‍ സ്പര്‍ലോക്ക് ഒരു മാസം മുഴുവന്‍ കഴിച്ചത് മക്‌ഡോണാള്‍സില്‍ നിന്നുള്ള ഭക്ഷണം മാത്രമായിരുന്നു. അതയാളുടെ പരീക്ഷണമായിരുന്നു. മക്‌ഡോണാള്‍സിന്റെ ഭക്ഷണം തന്റെ ആരോഗ്യത്തില്‍ എന്ത് മാറ്റങ്ങള്‍ വരുത്തുന്നു എന്നയാള്‍ നിരീക്ഷിച്ചു. 200 ഗ്രാം ഫ്രഞ്ച് ഫ്രൈയും 1.25 ലിറ്റര്‍ സോഫ്റ്റ്ഡ്രിങ്കും ഉള്‍പ്പെട്ട സൂപ്പര്‍ സൈസ് മീല്‍ അയാള്‍ തുടര്‍ച്ചയായി ഉപയോഗിച്ചു.
ഒന്നാലോചിച്ചു നോക്കൂ. ഒരു മാസമാണ് അയാള്‍ തുടര്‍ച്ചയായി ഈ ഭക്ഷണക്രമം പിന്തുടര്‍ന്നത്. ഇതു കാരണം അയാളുടെ ശരീരഭാരം. ഏകദേശം 12 കിലോ കൂടി. ശരീരം തടിച്ചു. കൊളസ്‌ട്രോള്‍ വര്‍ധിച്ചു. ഈ ഭക്ഷണം ഉപേക്ഷിച്ചില്ലെങ്കില്‍ അയാളുടെ കരള്‍ നശിക്കുമെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി. മോര്‍ഗന്‍ സ്പര്‍ലോക്ക് ഈ സംഭവങ്ങള്‍ മുഴുവന്‍ ഒരു ഡോക്യുമെന്ററിയായി ചിത്രീകരിച്ചു.
ഡോക്യുമെന്ററി 'Super-Size Me' യു.കെയിലെ മക്‌ഡോണാള്‍സിന്റെ വില്‍പ്പനയെ പിടിച്ചുലച്ചു. അനാരോഗ്യകരമായ ഭക്ഷണമാണ് മക്‌ഡോണാള്‍സിന്റേതെന്ന സന്ദേശം എങ്ങും പടര്‍ന്നു. അതിനിശിതമായ വിമര്‍ശനങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വന്നു. 'Junk Food' ആരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ആളുകള്‍ മനസ്സിലാക്കി. ഈ ഡോക്യുമെന്ററി മക്‌ഡോണാള്‍സിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചു.
മക്‌ഡോണാള്‍സ് ഇതിനെ എതിര്‍ക്കാന്‍ നിന്നില്ല. എതിര്‍ത്താല്‍ അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് അവര്‍ക്കറിയാം. അവര്‍ തങ്ങളുടെ സൂപ്പര്‍ സൈസ് മീല്‍ ഒഴിവാക്കി. മെനുവില്‍ സാലഡും പാലും ഉള്‍പ്പെടെയുള്ള കൂടുതല്‍ ആരോഗ്യദായകമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി. വ്യായാമത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കാനും അവര്‍ പരസ്യ കാമ്പയിനുകള്‍ ആരംഭിച്ചു. ഡോകുമെന്ററി സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും അവര്‍ മെല്ലെ പുറത്തുകടന്നു.
ബ്രാന്‍ഡ് ഇമേജ് അനശ്വരമല്ല
ബ്രാന്‍ഡിന്റെ പ്രതിച്ഛായ എപ്പോള്‍ വേണമെങ്കിലും തകരാം. 50 വര്‍ഷം കൊണ്ട് ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ തകര്‍ന്നു പോകാന്‍ 5 സെക്കന്‍ഡ് മതിയാകും. മോശമായ കാര്യങ്ങള്‍ കാറ്റിനെപ്പോലെ സഞ്ചരിക്കും. അത് വേഗത്തില്‍ ചെവികളില്‍ നിന്ന് ചെവികളിലേക്ക് പടരും. ഉടലെടുക്കുന്ന നെഗറ്റീവ് ഇമേജ് മാറ്റിയെടുക്കുക അത്ര എളുപ്പമല്ല.
1.പ്രശ്‌നത്തെ അംഗീകരിക്കുക
പ്രശ്‌നം ഉടലെടുത്താല്‍ അത് യാഥാര്‍ത്ഥ്യമാണെങ്കില്‍ ഉടനടി അംഗീകരിക്കുക. സത്യമായ പ്രശ്‌നത്തെ എതിര്‍ത്താല്‍ അത് കൂടുതല്‍ വഷളാകും. വേണ്ടത് പ്രശ്‌നം അംഗീകരിക്കുകയും അത് പരിഹരിക്കാന്‍ വേഗത്തില്‍ നടപടികളിലേക്ക് നീങ്ങുകയും ചെയ്യുക എന്നതാണ്.
കാറുകളില്‍ സാങ്കേതിക തകരാറു മൂലമുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ഉടലെടുത്തപ്പോള്‍ ഉടനടി അത് അംഗീകരിക്കുകയാണ് ടൊയോട്ട ചെയ്തത്. അവര്‍ വാഹനങ്ങള്‍ തിരിച്ചു വിളിക്കുകയും പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തു. ഇത് ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ അവരെ സഹായിച്ചു.
2.സുതാര്യത ഉറപ്പുവരുത്തുക, ആശയവിനിമയം നടത്തുക
പ്രശ്‌നം ഉടലെടുക്കുമ്പോള്‍ സമൂഹവുമായി തുറന്ന് സംസാരിക്കുക. സുതാര്യത പ്രശ്‌നങ്ങളെ ഒരു പരിധി വരെ തടുക്കും. പ്രശ്‌നത്തിന്റെ സമയത്ത് നിശബ്ദത പാലിക്കുന്നത് കൂടുതല്‍ വഷളാകുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കും. മക്‌ഡോണാള്‍സിന്റെ വിഷയത്തില്‍ കണ്ടതുപോലെ പ്രശ്‌നം അംഗീകരിക്കുക, അത് ഉപഭോക്താക്കളുമായി പങ്കുവെക്കുക.
ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ ചെറുപ്പക്കാര്‍ ഒരു ചലഞ്ച് തുടങ്ങി. 'Tide Pod Challenge' എന്നായിരുന്നു അതിന്റെ പേര്. സംഭവം ലളിതമാണ്. പ്രോക്ടര്‍ ആന്‍ഡ് ഗാംബിളിന്റെ വാഷിംഗ് പൗഡറായ ടൈഡിന്റെ ഒരു ചെറിയ പാക്കറ്റ് കഴിക്കുക. ഉപഭോക്താക്കള്‍ തന്നെയാണ് ഇത് ആരംഭിച്ചതെന്ന് ഓര്‍ക്കുക. ഈ വെല്ലുവിളി വൈറലായി. യുവാക്കള്‍ വാഷിംഗ് പൗഡര്‍ കഴിച്ചു തുടങ്ങി.
ടൈഡ് സോഷ്യല്‍ മീഡിയയിലൂടെ ഇതിനെതിരായി പ്രചരണം നടത്തി. ഈ ചലഞ്ചില്‍ നിന്നും പിന്മാറാന്‍ അവര്‍ യുവാക്കളോട് അഭ്യര്‍ത്ഥിച്ചു. കോടിക്കണക്കിനു രൂപ ഇതിനായി അവര്‍ ചെലവഴിച്ചു. സമൂഹത്തില്‍ ടൈഡിന്റെ പ്രതിച്ഛായക്ക് ഈ ചലഞ്ച് മങ്ങലേല്‍പ്പിച്ചുവെങ്കിലും സമയോചിതമായ ഇടപെടലും സമൂഹവുമായുള്ള ആശയവിനിമയവും വില്‍പ്പനയെ കാര്യമായി ബാധിക്കാതിരിക്കാന്‍ സഹായിച്ചു.
3.മെച്ചപ്പെടുത്തുക
ബ്രാന്‍ഡ് ഇമേജിന് മങ്ങലേല്‍പ്പിച്ച പ്രശ്‌നം എന്താണോ അതിനെ ഉടനടി നേരിടാന്‍ ആരംഭിക്കുക. ഉല്‍പ്പന്നങ്ങളുടെ മേന്മയില്‍ വരുന്ന പ്രശ്‌നങ്ങള്‍ മേന്മ മെച്ചപ്പെടുത്തി പരിഹരിക്കുക. ഉപഭോക്താക്കളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ഇത് സഹായിക്കും.
സാംസംഗ് നോട്ട് 7 സ്മാര്‍ട്ട് ഫോണുകള്‍ ചൂടാകുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉടലെടുത്തു. ബാറ്ററി അതികഠിനമായി ചൂടാകുകയും ഫോണ്‍ കത്തിപിടിക്കുകയും ചെയ്യുന്നു. സൗത്ത് കാരലൈനയിലെ ഒരു വീട് തന്നെ ഇത്തരത്തില്‍ കത്തിയമര്‍ന്നു. ഈ പ്രശ്‌നം ഉടലെടുത്തതോടു കൂടി ലോകമൊട്ടുക്കും സാംസംഗ് മൊബൈലുകളുടെ വില്‍പ്പന 15% താഴ്ന്നു.
സാംസംഗ് അതിവേഗം ഈ പ്രശ്‌നത്തോട് പ്രതികരിച്ചു തുടങ്ങി. അവര്‍ നോട്ട് 7 ഫോണുകളുടെ വില്‍പ്പന നിര്‍ത്തി വെച്ചു. വിപണിയില്‍ നിന്ന് ഫോണുകള്‍ തിരിച്ചു വിളിച്ചു. ഫോണുകള്‍ക്ക് പകരം ഫോണുകള്‍ നല്‍കി. എല്ലാവിധത്തിലും പ്രശ്‌നത്തെ നേരിടാന്‍ സാംസംഗ് ഒരുങ്ങി.
അവര്‍ ഉല്‍പ്പന്നം കമ്പനിയിലെ വിദഗ്ദരെക്കൊണ്ട് പരിശോധിപ്പിച്ചു. ബാറ്ററിയിലെ പ്രശ്‌നം കണ്ടെത്തുകയും അത് ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്തു. ഉല്‍പ്പന്നത്തിന്റെ മേന്മ വര്‍ധിപ്പിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുകയും പരസ്യ കാമ്പയിന്‍ വഴി അത് സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. കൈവിട്ടുപോയേക്കാവുന്ന ഒരു പ്രശ്‌നത്തെ സാംസംഗ് സമചിത്തതയോടെ കൈകാര്യം ചെയ്യുകയും ഇമേജ് തിരിച്ചുപിടിക്കുകയും ചെയ്തു.
4.റീബ്രാന്‍ഡിംഗും റീപൊസിഷനിംഗും
ചില സമയങ്ങളില്‍ പൂര്‍ണമായ റീബ്രാന്‍ഡിംഗും റീപൊസിഷനിംഗും നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ സഹായിക്കും.പഴയ കാലത്തെ പുറന്തള്ളപ്പെട്ട ഉല്‍പ്പന്നമെന്ന പ്രതിച്ഛായയില്‍ നിന്ന് ഓള്‍ഡ് സ്‌പൈസ് ആധുനിക ലോകത്തിന്റെ കരുത്തുറ്റ പര്യായമായ ഉല്‍പ്പന്നമായി പ്രതിച്ഛായ സൃഷ്ടിച്ചത് അവരുടെ ബുദ്ധിപൂര്‍വ്വമായ പരസ്യങ്ങള്‍ വഴിയായിരുന്നു. പുതിയൊരു ഇമേജ് സൃഷ്ടിക്കാന്‍ റീബ്രാന്‍ഡിംഗും റീപോസിഷനിംഗും സഹായകരമാകും.