അമ്മിക്കല്ലും വിത്തുപേനയും പറഞ്ഞുതരുന്ന പുതിയ ബിസിനസ് സാധ്യതകള്‍

അന്നയും വര്‍ക്കിയും ബാംഗ്ലൂരില്‍ താമസം ആരംഭിച്ചു. ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത് നഗരത്തിലെ തിരക്കുകളില്‍ നിന്നൊക്കെ ഒഴിഞ്ഞ പ്രശാന്തമായ ഒരിടത്താണ്. ഫ്‌ളാറ്റില്‍ കുടിയേറിക്കഴിഞ്ഞ് ഏകദേശം ഒരു മാസം കഴിഞ്ഞപ്പോള്‍ അന്ന വര്‍ക്കിയോട് ഒരാവശ്യം ഉന്നയിച്ചു 'നമുക്കൊരു അമ്മിക്കല്ല് വാങ്ങണം.'

വര്‍ക്കി അത്ഭുതപ്പെട്ടു ''ഇവിടെ മിക്‌സി ഉണ്ടല്ലോ പിന്നെന്തിനാണ് അമ്മിക്കല്ല്.'' എല്ലാം മിക്‌സിയില്‍ അരച്ചാല്‍ ശരിയാവില്ല. ചിലതിനൊക്കെ അമ്മിക്കല്ല് തന്നെ വേണം. അന്ന മറുപടി പറഞ്ഞു. ടെക്‌നോളജി വിദഗ്ദ്ധയായ ഭാര്യയെ നോക്കി ചിരിച്ച് വര്‍ക്കി ആമസോണ്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്ന് അമ്മിക്കല്ല് സെര്ച്ച് ചെയ്തു. അതാ വരുന്നു വിവിധ അളവുകളില്‍, വിലകളില്‍ വ്യത്യസ്തങ്ങളായ അമ്മിക്കല്ലുകള്‍. വര്‍ക്കി ഒരെണ്ണം ഓര്‍ഡര്‍ ചെയ്തു.

ഹൈ ടെക്‌നോളജിയുടെ കാലഘട്ടത്തില്‍ പോലും തികച്ചും അപരിഷ്‌കൃതമെന്ന് തോന്നുന്ന ആധുനികമല്ലാത്ത സങ്കേതങ്ങള്‍ അല്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ തേടുന്ന ഉപഭോക്താക്കളുണ്ട്. ആധുനിക സാങ്കേതികതയുടെ സങ്കീര്‍ണ്ണതകളില്ലാത്ത, ലളിതമായ ഉപകരണങ്ങള്‍ അവര്‍ ഇഷ്ടപ്പെടുന്നു. ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യാത്ത ഉപകരണങ്ങള്‍ തങ്ങളുടെ സ്വകാര്യതയെ സംരക്ഷിക്കുന്നു എന്ന് വിശ്വസിക്കുന്ന ഉപഭോക്താക്കള്‍ അത്തരം ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നു. അതായത് ആധുനിക സാങ്കേതികവിദ്യയുടെ ലോകത്തില്‍ പോലും കുറഞ്ഞ സാങ്കേതികതയുള്ള(Low Technology) ഉല്‍പ്പന്നങ്ങളെ തേടുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കളുണ്ട്.

കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ വിദേശിക്ക് താന്‍ തിരിച്ചുപോകുന്നതിന് മുമ്പ് കേരളത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ എന്തെങ്കിലും വാങ്ങിക്കൊണ്ട് പോകണം. ഗൈഡ് അദ്ദേഹത്തെ ഒരു ഷോപ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി. കേരളത്തനിമയെ പ്രതിനിധീകരിക്കുന്ന ധാരാളം ഉല്‍പ്പന്നങ്ങള്‍ ഷോപ്പിലുണ്ട്. എല്ലാം അതിമനോഹരവും പൂര്‍ണ്ണതയുമുള്ളത്. ''ഞങ്ങളുടെ തന്നെ വര്‍ക്ക് ഷോപ്പില്‍ യന്ത്രങ്ങളാല്‍ കടഞ്ഞെടുത്തത്'' കടയുടമ അഭിമാനത്തോടെ വിദേശിയോട് പറഞ്ഞു. ''എനിക്ക് യന്ത്രങ്ങള്‍ കൊണ്ട് നിര്‍മിച്ചവയല്ല ആവശ്യം കൈകള്‍ കൊണ്ട് കടഞ്ഞെടുത്തവ നല്‍കൂ'' വിദേശി ആവശ്യപ്പെട്ടു.

പാരമ്പര്യമായിട്ടുള്ള, ഗൃഹാതുരത്വം തുളുമ്പി നില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വളരെ വലിയൊരു വിപണിയുണ്ട്. ആധുനിക സാങ്കേതികവിദ്യയും യന്ത്രങ്ങളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ നിന്നും ഇവ വേറിട്ട് നില്‍ക്കുന്നു. ഇത് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ ഉല്‍പ്പന്നത്തിന്റെി ലാളിത്യവും വ്യത്യസ്തതയും ഇഷ്ടപ്പെടുന്നു. അത്തരം ഉല്‍പ്പന്നങ്ങളില്‍ സങ്കീര്‍ണതകളില്ല. കുറഞ്ഞ സാങ്കേതികതയാണ് ഇത്തരം ഉല്‍പ്പന്നങ്ങളുടെ USP (Unique Selling Proposition).

പരമ്പരാഗതമായ ഉല്‍പ്പന്നങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതോടെ അതിന്റെ പ്രാധാന്യവും പ്രസക്തിയും മൂല്യവും നഷ്ടമാകുന്നു. അതൊക്കെ അതുപോലെ തന്നെ നിലനിര്‍ത്തുന്നതും ബിസിനസാക്കി പരിവര്‍ത്തനം ചെയ്യുന്നതുമാണ് ബുദ്ധി. സാങ്കേതികതയുടെ തള്ളിക്കയറ്റത്തില്‍ മണ്‍മറഞ്ഞ ധാരാളം ഉല്‍പ്പന്നങ്ങള്‍ വീണ്ടെടുക്കുവാനും സംരംഭമാക്കി മാറ്റുവാനും സാധിക്കും. ഹൈ ടെക്‌നോളജിയുടെ കാലത്തെ ലൊ ടെക്‌നോളജി സാധ്യതകള്‍ കൂടി പഠിക്കുകയും അവയിലൂന്നിയ പുതിയ സംരംഭങ്ങള്‍ ഉടലെടുക്കുകയും വേണം.

കൈകള്‍ കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന പേപ്പര്‍ പേനയെ നോക്കുക. വേസ്റ്റ് ആകുന്ന പേപ്പര്‍ വീണ്ടും ഉപയോഗിക്കപ്പെടുകയാണ്. ആ പേനയില്‍ ഒരു വിത്ത് കൂടി അടങ്ങിയിരിക്കുന്നു. ഒട്ടും സങ്കീര്‍ണ്ണതകളില്ല. മനസിലാക്കുവാന്‍ പ്രയാസമില്ല. പരിസ്ഥിതിക്ക് ഇണങ്ങുന്ന ഉല്‍പ്പന്നം. തലപുകയുന്ന ഒരു ടെക്‌നോളജിയും ഇതിന്റെ ഭാഗമല്ല. ഒരു ലൊ ടെക്‌നോളജി ഉല്‍പ്പന്നം. ചിലപ്പോള്‍ പാരമ്പര്യ കൃഷി രീതികള്‍ ആധുനിക രീതികളെക്കാള്‍ മെച്ചപ്പെട്ടതാകാം. വേഗത കൂടിയതും ചെലവ് കുറഞ്ഞതുമായ രീതികള്‍ തന്നെ എപ്പോഴും മികച്ചതാകണമെന്നില്ല.

ചിലപ്രദേശങ്ങളിലെയോ ടെക്‌നോളജി ഉല്‍പ്പന്നങ്ങള്‍ മറ്റൊരു പ്രദേശത്തെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായകമാകാം. വികസിത രാജ്യങ്ങളിലെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വികസ്വര രാജ്യങ്ങളിലെ സ്ഥിതികള്‍ മെച്ചപ്പെടുത്തും. ഹൈ ടെക്‌നോളജിയില്‍ മാത്രമല്ല ബിസിനസ് സാധ്യതകള്‍ അടങ്ങിയിരിക്കുന്നത്. ലൊ ടെക്‌നോളജിയിലെ ബിസിനസ് അവസരങ്ങള്‍ കൂടി കണ്ടെത്താന്‍ സംരംഭകര്‍ക്ക് കഴിയണം.


Related Articles
Next Story
Videos
Share it