ഫോര്‍ഡിനെ ഞെട്ടിച്ച മസ്ഡയുടെ ആ ശൈലി ഏത് ബിസിനസിലും നടപ്പാക്കപ്പെടണം

ആഗോള വിപണിയിലെ ഭീമന്മാരില്‍ ഒന്നാണ് ഫോര്‍ഡ് മോട്ടോര്‍ കമ്പനി. അവര്‍ ഒരിക്കല്‍ കൗതുകകരമായ എന്നാല്‍ ഞെട്ടിക്കുന്ന ഒരു സത്യം കണ്ടെത്തി. ഫോര്‍ഡിനേക്കാള്‍ ചെറുതെങ്കിലും കിടമത്സരത്തില്‍ ഒട്ടും മോശമല്ലാത്ത ജപ്പാന്റെ മസ്ഡയുടെ(Mazda)അക്കൗണ്ട്‌സ് പേയബിള്‍ വകുപ്പില്‍ (Accounts Payable Department- അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിനും മറ്റും Creditors ന് പണം കൊടുക്കുന്ന വകുപ്പ്) ആകെ 5 പേരെ ജീവനക്കാരായുള്ളൂ. ഞെട്ടിയതിന്റെ കാരണം മറ്റൊന്നുമല്ല 500 ഓളം ജീവനക്കാരാണ് ഫോര്‍്ഡിന്റെ സമാന വകുപ്പില്‍ ആ സമയത്ത ്‌ജോലി ചെയ്തുകൊണ്ടിരിക്കുന്നത്.

ഇത് ഫോര്‍ഡ് മോട്ടോര്‍ കമ്പനിയെ ഇരുത്തി ചിന്തിപ്പിച്ചു. അവര്‍ ആഴത്തില്‍ പഠനം നടത്തി ചില മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇതിന്റെ ഫലമായി ആദ്യഘട്ടത്തില്‍ ഏകദേശം 25% തലയെണ്ണം (Head Count) വെട്ടിക്കുറക്കാന്‍ സാധിച്ചു. പക്ഷേ അതുപോരല്ലോ. കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാതെ വകുപ്പിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക അസാദ്ധ്യം. ഫോര്‍ഡുമായി താരതമ്യം ചെയ്യുമ്പോള്‍ മസ്ഡ ചെറിയൊരു കമ്പനിയാണ്. അവരുടെയത്ര ജീവനക്കാരുടെ എണ്ണം കുറയ്ക്കുവാന്‍ ഫോര്‍ഡിന് സാധ്യമാകില്ലെങ്കിലും തീര്‍ച്ചയായും വലിയൊരു വ്യത്യാസം വകുപ്പില്‍ കൊണ്ടുവരാനാകും എന്ന് വിദഗ്ധര്‍ കണക്കുകൂട്ടി.
കൂടുതല്‍ വിപുലമായ നടപടികളിലേക്ക് ഫോര്‍ഡ് കടന്നു. വാങ്ങല്‍ പ്രക്രിയ (Purchase Process) മുതല്‍ പണം കൊടുക്കല്‍ പ്രക്രിയ (Payment Process) വരെയുള്ള എല്ലാപ്രവൃത്തികളും (Activities) സൂക്ഷ്മമായി വിശകലനം ചെയ്തു. സമൂലമായ ഒരു പരിവര്‍ത്തനം തന്നെ ഈ പ്രക്രിയകളില്‍ നടപ്പാക്കി. ഇതിലൂടെ വകുപ്പിലെ 75% ജീവനക്കാരുടെ എണ്ണം കുറച്ചു. മസ്ഡയുമായി താരതമ്യം ചെയ്യുമ്പോള്‍ വലുപ്പത്തിനനുസരിച്ചുള്ള തലയെണ്ണത്തിലേക്കെത്തിക്കുവാന്‍ ഫോര്‍ഡിന് ഇതിലൂടെ സാധിച്ചു.
ബിസിനസ് പ്രോസസ്സ് റീഎഞ്ചിനീയറിംഗ്(BPR)എന്ന അതിശക്തമായ തന്ത്രമാണ് ഫോര്‍ഡ് ഇവിടെ പ്രയോഗിച്ചത്. ഓരോ പ്രക്രിയയുടേയും (Process)ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് അതിലെ ഓരോ പ്രവൃത്തിയേയും(Activtiy)സൂക്ഷ്മമായി വിശകലനം ചെയ്യുക. എന്നിട്ട് ഓരോ പ്രക്രിയയേയും പുനര്‍ രൂപകല്‍പ്പന (Redesign) ചെയ്യുകയും അതിലൂടെ ഉല്‍പ്പാദനക്ഷമത (Productivtiy) വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. BPR നടപ്പാക്കുന്നതിലൂടെ ചെലവ് (Cost) കുറച്ച് ലാഭം (Profit) കൂട്ടുവാനും ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും മേന്മ(Qualtiy) ഉയര്‍ത്തു വാനും പ്രക്രിയകളുടെ വേഗത കൂട്ടുവാനും കമ്പനികള്‍ക്ക് സാധിക്കും.
ഒരു ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തുന്നവര്‍ അനാവശ്യമായി ധാരാളം സമയം അവിടെ ചെലവഴിക്കേണ്ടി വരുന്നു. ഇത് പരാതികള്‍ ക്ഷണിച്ചുവരുത്തും. രോഗികളുടെ കാത്തിരിപ്പ് സമയം (Waiting Time) മറ്റ് ഹോസ്പിറ്റലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ വളരെ കൂടുതലാണ്. ഇത് പരിഹരിക്കുകയാണ് ലക്ഷ്യം എന്ന് കരുതുക. ഇതിനായി രോഗി ആശുപത്രിയില്‍ പ്രവേശിച്ച് തിരികെ പോകുന്നതു വരെയുള്ള അല്ലെങ്കില്‍ അഡ്മിറ്റ് ആകുന്നതുവരെയുള്ള പ്രക്രിയകള്‍ സൂക്ഷ്മപഠനത്തിന് വിധേയമാക്കണം. ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് കൂടുതല്‍ സമയമെടുക്കുന്നതെന്ന് മനസിലാക്കണം. അതിന്റെ കാരണങ്ങള്‍ കണ്ടെത്തണം. അതിനുശേഷം ഈ പ്രക്രിയകളെല്ലാം പുനര്‍രൂപകല്‍പ്പന ചെയ്യണം.8
ബിസിനസ് ചെറുതോ വലുതോ ആകട്ടെ BPR ആര്‍ക്കും പ്രയോഗിക്കാം. പ്രശ്‌നങ്ങള്‍ പഠിക്കുന്നതും പ്രക്രിയകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യുന്നതും നടപ്പാക്കുന്നതും അനുഭവസമ്പത്തുള്ള വിദഗ്ധര്‍ ആവണമെന്ന് മാത്രം. ഒരു ബിസിനസിലും ഒരേ പ്രക്രിയ തന്നെ ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയണമെന്നില്ല. കാലഘട്ടത്തിന്റെ, മത്സരത്തിന്റെ, ആവശ്യകതയുടെ അടിസ്ഥാനത്തില്‍ പ്രക്രിയകളുടെ പുനര്‍രൂപകല്‍പ്പനയും മാറ്റവും അനിവാര്യതയാകുന്നു.
Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it