ജയന്റെ ബെല്‍ബോട്ടം പാന്റും നരസിംഹം മുണ്ടും പഠിപ്പിക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രം

നിങ്ങള്‍ ഒരു സിനിമ കാണുകയാണ്. നായിക ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ പെട്ടെന്ന് കണ്ണുകളുടക്കുന്നു. ഏറ്റവും പുതിയ ഫാഷനിലുള്ള എത്ര മനോഹരമായ ഡ്രസ്സ്. അത് പോലെ ഒരെണ്ണം സ്വന്തമാക്കണം എന്ന ആശ മനസില്‍ ഉടലെടുക്കുന്നു. അടങ്ങാത്ത ആ ആഗ്രഹവുമായി നിങ്ങള്‍ അടുത്തുള്ള ഫാഷന്‍ സ്‌റ്റോറിലേക്ക് കടന്നു ചെല്ലുന്നു. അതാ നിങ്ങളെ സ്വാഗതം ചെയ്യുന്ന പോലെ ആ ഡ്രസ്സ് അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ സന്തോഷവതിയാകുന്നു.

ഉല്‍പ്പന്നങ്ങളില്‍ ഇത്തരം ട്രെന്‍ഡുകള്‍ ഉടലെടുക്കുന്നത് വളരെ വേഗതയിലാണ്. ബോക്‌സ്ഓഫീസില്‍ ഹിറ്റായ സിനിമയിലെ നായകന്റേയോ നായികയുടേയോ വസ്ത്രമോ, ആഭരണമോ കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് ഒരു ട്രെന്‍ഡ്് ആയി മാറാം. ഫാഷന്‍ ഷോയിലെ സുന്ദരനോ സുന്ദരിയോ അവതരിപ്പിക്കുന്ന ചില ഫാഷനുകള്‍ വേഗത്തില്‍ വിപണി കീഴടക്കാം. ഇത്തരത്തിലുള്ള ട്രെന്‍ഡുകള്‍ വിപണിയെ നയിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകാം.

ഉപഭോക്താക്കളുടെ മനസ് കീഴടക്കുന്ന ഉല്‍പ്പന്നങ്ങള്‍ ട്രെന്‍ഡുകള്‍ നിരീക്ഷിച്ച് അതിവേഗം വിപണിയിലേക്കെത്തിക്കുക അത്ര നിസാരമായ പ്രവൃത്തിയല്ല. നാം നേരത്തെ കണ്ടത് പോലെ ഒരു സിനിമയിലെ നായികയുടെ വസ്ത്രം ട്രെന്‍ഡ് ആയി എന്ന് കരുതുക. വളരെക്കാലം കാത്തിരുന്ന് അത് കിട്ടിയത് കൊണ്ട് ഉപഭോക്താവ് തൃപ്തനാകുന്നില്ല. ട്രെന്‍ഡ് നിലനില്‍ക്കുമ്പോള്‍ തന്നെ അത് വിപണിയിലെത്തണം. ഉല്‍പ്പന്നം കാലതാമസം കൂടാതെ വില്‍പ്പനക്കെത്തിക്കേണ്ടത് സംരംഭകന്റെ ഉത്തരവാദിത്തമാണ്.

ഇപ്പോള്‍ നിലനില്‍ക്കുന്ന അല്ലെങ്കില്‍ ഭാവിയില്‍ ഉദയം കൊള്ളാന്‍ സാധ്യതയുള്ള ഫാഷന്‍ ട്രെന്‍ഡുകള്‍ അനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ അതിവേഗം വിപണിയില്‍ അവതരിപ്പിക്കുന്ന റീറ്റയില്‍ (Retail) തന്ത്രമാണ് ഫാസ്റ്റ് ഫാഷന്‍ (Fast Fashion). പുതുമയുള്ള, ആനുകാലികമായ, ഫാഷനബിള്‍ ആയിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഈ തന്ത്രം സഹായകരമാകുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് ഉല്‍പ്പാദിപ്പിക്കുകയും വില്‍ക്കുകയും ലാഭം കൊയ്യുകയും ചെയ്യാന്‍ ഈ തന്ത്രത്തിലൂടെ സംരംഭകന് സാധ്യമാകുന്നു.
ഡിസ്‌കൗണ്ട് നല്‍കാതെ തന്നെ വില്‍ക്കാം!
സീസണല്‍ വില്‍പ്പനയുടെ രീതിയാണ് ഭൂരിഭാഗം റീറ്റയില്‍ ഫാഷന്‍ സ്‌റ്റോറുകളും പിന്തുടരുന്നത്. സ്‌റ്റോക്ക് ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ചെലവാകാതെ വരുമ്പോള്‍ പിന്നീട് ഇത് ഡിസ്‌ക്കൗണ്ട് നല്‍കി വില്‍ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അതാത് സമയത്തെ ട്രെന്‍ഡുകള്‍ പഠിച്ച് കുറഞ്ഞ കാലത്തേക്ക് വേണ്ടി മാത്രം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും വിപണിയിലെത്തിക്കുകയും അതിവേഗം വിറ്റ് തീര്‍ക്കുകയും ചെയ്യുന്ന തന്ത്രമാണ് ഫാസ്റ്റ് ഫാഷന്‍ അവലംബിക്കുന്നത്. ഇത് ഡിസ്‌ക്കൗണ്ട് വില്‍പ്പനയുടെ ആവശ്യം ഇല്ലാതെയാക്കുന്നു. തങ്ങള്‍ക്ക് പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വിറ്റ് തീരുന്നതിന് മുമ്പ സ്വന്തമാക്കുവാന്‍ ഉപഭോക്താക്കളും മത്സരിക്കുന്നു.

'ZARA' എന്ന ബ്രാന്ഡിനെ നോക്കാം. ഒരു ഡ്രസ്സ് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കാന്‍ അവര്‍ക്കാവശ്യം വെറും 15 ദിവസങ്ങള്‍ മാത്രമാണ്. ഒരു പ്രത്യേക ഫാഷന്‍ ഉപഭോക്താക്കളുടെ മനസില്‍ ഇടം പിടിച്ച് കഴിഞ്ഞാല്‍ അത് അതിവേഗം വിപണിയിലെത്തിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നു. ഒരേപോലെ എല്ലായിടത്തും ലഭ്യമായ ഡിസൈനുകള്‍ക്ക് പകരം പുതുമയുള്ള, ഫാഷനബിള്‍ ആയ, വളരെ വേഗം വിറ്റ് പോകുന്ന ഡ്രസ്സുകള്‍ നിരന്തരം ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുവാന്‍ ഇതുമൂലം അവര്‍ക്ക് സാധിക്കുന്നു.

പെട്ടെന്ന് ഉടലെടുക്കുന്ന ഫാഷന്‍ ട്രെന്‍ഡുകള്‍ കണ്ടെത്തുകയും അതിനോട് അതിദ്രുതം ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുകയാണ് സംരംഭകര്‍ ചെയ്യേണ്ടത്. ഈ ട്രെന്‍ഡുകള്‍ക്ക് ദീര്‍ഘകാലം നിലനില്‍പ്പില്ല. ആരംഭിക്കുമ്പോള്‍ തന്നെ ട്രെന്‍ഡറിഞ്ഞ് ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ വിപണിയിലെത്തിക്കണം. മാറിക്കൊണ്ടിരിക്കുന്ന ഫാഷനുകള്‍ നിരന്തരം അവതരിപ്പിക്കുന്ന സ്‌റ്റോറുകളില്‍ ഉപഭോക്താക്കള്‍ അടിക്കടി സന്ദര്‍ശനം നടത്തും.


Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it