നിങ്ങളുടെ ബ്രാന്‍ഡും പറയട്ടേ, നാട്ടിലെങ്ങും പാട്ടാകുന്ന ഒരു കഥ!

ഒരു പെണ്‍കുട്ടി ഉന്നത വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് ആദിവാസി ഊരുകളില്‍ അവരുടെ ജീവിതം പഠിക്കുവാന്‍ കറങ്ങി നടന്നു. അവള്‍ ആദിവാസികള്‍ക്കിടയില്‍ താമസിച്ചു, അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു, അവരുടെ കുടിലുകളില്‍ അന്തിയുറങ്ങി, അവരുടെ കുട്ടികളെ പഠിപ്പിച്ചു. ഊരിലെ സ്ത്രീകളെ അവള്‍ സോപ്പ് നിര്‍മ്മിക്കുവാന്‍ പരിശീലിപ്പിച്ചു. ആദിവാസികള്‍ കൈകളാല്‍ നിര്‍മ്മിക്കുന്ന പ്രകൃതിദത്തമായ സോപ്പ് അവള്‍ പട്ടണങ്ങളില്‍ വിറ്റു. പണം അവര്‍ക്ക് നല്‍കി.

ഈ കഥ കേള്‍ക്കുന്ന നിങ്ങള്‍ക്ക്് എന്ത് തോന്നും? നിങ്ങള്‍ ആ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ട് തുടങ്ങും. അവള്‍ ചെയ്യുന്ന നന്മയെ പ്രകീര്‍ത്തിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് മനസ്സാല്‍ ആശംസകള്‍ നേരും. ആദിവാസികള്‍ നിര്‍മ്മിക്കുന്ന സോപ്പ് നിങ്ങള്‍ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യും. നിങ്ങള്‍ അവളുടെ കഥയില്‍ ആകൃഷ്ടനായിരിക്കുന്നു. കഥ ആ ഉല്‍പ്പന്നവുമായിനിങ്ങളെ വൈകാരികമായി ബന്ധിപ്പിച്ചു കഴിഞ്ഞു. നിങ്ങള്‍ കഥ മറ്റുള്ളവരുമായി പങ്കുവെക്കുകയും ഉല്‍പ്പന്നം ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

ഇത്തരമൊരു കഥയുടെ പിന്‍ബമില്ലാതെ ഈ ഉല്‍പ്പന്നം നിങ്ങളുടെ മുന്നിലെത്തുകയാണെങ്കില്‍ അത് വാങ്ങി ഉപയോഗിക്കുവാന്‍ ഇത്ര ഉത്സാഹം കാണുകയില്ല. ഉല്‍പ്പന്നമല്ല അതിന് പിന്നിലുള്ള കഥയാണ് നിങ്ങളെ ആകര്‍ഷിച്ചത്. ഈ കഥ കാറ്റ് പോലെ പരക്കും. ബ്രാന്‍ഡും കഥയും തമ്മിലുള്ള ഇഴുകിച്ചേരല്‍ ഉല്‍പ്പന്നത്തിന്റെ മാര്‍ക്കറ്റിംഗിന് ശക്തി പകരുന്നു. കഥ തന്നെ പരസ്യമായി മാറുന്നു. കഥ നിങ്ങളിലെ മൃദുല വികാരങ്ങളെ സ്പര്‍ശിക്കുന്നു. ബ്രാന്‍ഡിനോട് ഉപഭോക്താവിന് വൈകാരികമായ അടുപ്പം ഉടലെടുക്കുന്നു.

കഥ പറച്ചില്‍ (Story Telling) മാര്‍ക്കറ്റിംഗിന്റെ ശക്തമായ ആയുധമാകുന്നത് അങ്ങിനെയാണ്. ഉല്‍പ്പന്നത്തിന്റെ ഏറ്റവും മനോഹരമായ പുറംചട്ടയാണ് കഥ. കഥ തൊടുന്നത് മനസ്സിനെയാണ്. നിങ്ങളുടെ ബ്രാന്‍ഡിന്റെ കഥ എത്ര ഭംഗിയായി പറയാമോ അത്രമാത്രം ഉപഭോക്താവ് ബ്രാന്‍ഡുമായി അടുപ്പത്തിലാകുന്നു. കഥ പലപ്പോഴും ഉണ്ടാകുകയല്ല ഉണ്ടാക്കുകയാണ്. അതുകൊണ്ടാണ് സ്‌റ്റോറി ടെല്ലിംഗ് മികച്ചൊരു പരസ്യ തന്ത്രമാകുന്നത്.

യു എസിലെ സ്‌കൂള്‍ കുട്ടികളില്‍ നാലായിരത്തോളം പേര്‍ എല്ലാ ദിവസവും സ്‌കൂളില്‍ എത്തുന്നില്ല. ഇതിന്റെ ഉത്തരം തേടിപ്പോയ വേള്‍പൂള്‍ (Whirlpool) അതീവ സങ്കടകരമായ ഒരു കാരണം കണ്ടെത്തി. കുട്ടികളുടെ വസ്ത്രം അലക്കി വൃത്തിയാക്കുവാനുള്ള കുടുംബങ്ങളുടെ സാമ്പത്തിക പരാധീനത കാരണം കുട്ടികള്‍ സ്‌കൂളിലേക്ക് വരാന്‍ മടിക്കുന്നു. ഇവിടെ വേള്‍പൂള്‍ അര്‍ത്ഥ സമ്പുഷ്ടമായ ഒരു കഥ മെനഞ്ഞെടുക്കുവാന്‍ അവസരം കണ്ടു.
വേള്‍പൂള്‍ സ്‌കൂളുകളില്‍ വാഷിംഗ് മെഷീനുകളും െ്രെഡയറുകളും സ്ഥാപിച്ചു. സ്‌കൂളില്‍ ഇതിന്റെ ആവശ്യമുണ്ടെന്ന് മനസ്സിലാക്കി ഈ പദ്ധതിയില്‍ പങ്കെടുത്ത സ്‌കൂളുകള്‍ തങ്ങളുടെ കുട്ടികളുടെ വസ്ത്രങ്ങള്‍ വൃത്തിയാക്കി നല്‍കുവാന്‍ നടപടികളെടുത്തു. വേള്‍പൂള്‍ ആരംഭിച്ച ഈ പ്രോഗ്രാം ഗംഭീര വിജയമായി. കുട്ടികളുടെ അറ്റന്‍ഡന്‍സ് 90 ശതമാനം വര്‍ധിച്ചു. വേള്‍പൂള്‍ ഈ കഥ നാട്ടിലാകെ പാട്ടാക്കി.

വേള്‍പൂള്‍ സ്വീകരിച്ച തന്ത്രം ഒരു സാമൂഹ്യ പ്രശ്‌നം കണ്ടെത്താന്‍ ശ്രമിക്കുക എന്നതാണ്. എന്നിട്ട് അതിനെ പരിഹരിക്കുവാന്‍ തങ്ങളുടെ സഹായം വാഗ്ദാനം ചെയ്തു. ഇതൊരു വൈകാരികമായ പ്രശ്‌നമാണ്. ഈ കഥ കേള്‍ക്കുന്ന ഓരോരുത്തരും വേള്‍പൂള്‍ എന്ന ബ്രാന്‍ഡുമായി താദാത്മ്യം പ്രാപിക്കും. ഇവിടെ കഥ ഉണ്ടാവുകയല്ല, ഉണ്ടാക്കുകയാണ്. നിങ്ങളുടെ ബ്രാന്‍ഡിന് ഒരു കഥ ഉണ്ടാവണമെന്നില്ല എന്നാല്‍ നിങ്ങള്‍ക്കത് ഉണ്ടാക്കുവാന്‍ സാധിക്കും.

കഥ പറച്ചില്‍ ബിസിനസ് തന്ത്രമാകുന്നത് മുകളില്‍ കണ്ടു. നിങ്ങളുടെ ബ്രാന്‍ഡിന് ഒരു കഥയുണ്ടോ? ഇല്ലെങ്കില്‍ ഒരെണ്ണം സൃഷ്ടിക്കുക. ഉപഭോക്താക്കളെ വൈകാരികമായി ബ്രാന്‍ഡുമായി കൂട്ടി യോജിപ്പിക്കുന്ന ഒന്ന്. ബ്രാന്‍ഡ് കഥ പറയട്ടെ.


Dr. Sudheer Babu
Dr. Sudheer Babu  
Next Story
Share it