മിഠായിത്തെരുവും പെന്റാ മേനകയും കച്ചവടക്കാരെ പഠിപ്പിക്കുന്നതെന്ത്?

നിങ്ങള്‍ക്കൊരു മൊബൈല്‍ വാങ്ങിക്കണം. നിങ്ങള്‍ നേരെ എറണാകുളം മറൈന്‍ഡ്രൈവിലെത്തി പെന്റ മേനകയില്‍ കയറുന്നു. അവിടെ മുഴുവന്‍ മൊബൈല്‍ കടകളാണ്. നിങ്ങള്‍ ഓരോ കടകളും കയറിയിറങ്ങുന്നു. മൊബൈലുകള്‍ നോക്കുന്നു, വില പേശുന്നു. അവസാനം നല്ലൊരു മൊബൈല്‍ ഉദ്ദേശിച്ച വിലയില്‍ വാങ്ങി സംതൃപ്തനായി മടങ്ങുന്നു.

പെന്റ മേനകയില്‍ നിറച്ചും മൊബൈല്‍ കടകളാണ്. എന്തിനാണിത്ര മൊബൈല്‍ കടകള്‍ ഒരിടത്തു തന്നെ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ചിലപ്പോഴെങ്കിലും നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ടാകാം. ഒരേ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ധാരാളം കടകള്‍ ഒരേ പ്രദേശത്ത് അടുത്തടുത്ത് സ്ഥിതിചെയ്യുമ്പോള്‍ ഈ കടകള്‍ക്കൊക്കെ എന്തു കച്ചവടം ലഭിക്കാനാണ് എന്നും തോന്നിയിട്ടുണ്ടാകാം. എന്നാല്‍ യാഥാര്‍ത്ഥ്യം നേരെ മറിച്ചാണ്. ഒരേ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒരേ പ്രദേശം കേന്ദ്രീകരിച്ച് കച്ചവടം നടത്തുമ്പോള്‍ റീറ്റെയില്‍ ബിസ്സിനസ് ക്ലസ്റ്ററിന്റെ (Retail Business Cluster) ശക്തി അവയ്ക്ക് ലഭിക്കുന്നു, കച്ചവടം വര്‍ദ്ധിക്കുന്നു.

നിങ്ങള്‍ക്കൊരു ഇലക്ട്രോണിക് ഉല്‍പ്പന്നം ആവശ്യമുണ്ട്. നിങ്ങള്‍ പോകുന്നത് ഇലക്ട്രോണിക് സ്ട്രീറ്റിലേക്കായിരിക്കും. എറണാകുളം പള്ളിമുക്കില്‍ അങ്ങിനെയൊരു സ്ട്രീറ്റുണ്ട്. അടുത്തടുത്ത് നില്‍ക്കുന്ന ധാരാളം ഇലക്ട്രോണിക് കടകള്‍ നിങ്ങള്‍ക്കവിടെ കാണാം. ഉപഭോക്താക്കള്‍ ഓരോ കടയും കയറിയിറങ്ങി ആവശ്യമുള്ളത് വാങ്ങുന്നു. എല്ലാവര്‍ക്കും കച്ചവടമുണ്ട്. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ ഇലക്ട്രോണിക് സ്ട്രീറ്റിലേക്കാണെത്തുന്നത്. അവിടെ ഏതുല്‍പ്പന്നവും ലഭിക്കും എന്നവര്‍ക്ക് അറിയാം. ഒറ്റപ്പെട്ട കടകളിലേക്ക് പോകുന്നതിനു പകരം ഉപഭോക്താക്കള്‍ ഇത്തരം റീറ്റെയില്‍ ബിസ്സിനസ് ക്ലസ്റ്ററുകള്‍ സന്ദര്‍ശിക്കുവാനാണ് ഇഷ്ടപ്പെടുന്നത്.

നിങ്ങള്‍ ഒരു ടെക്സ്റ്റയില്‍ ഷോപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്നു. ലൊക്കേഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ ആദ്യം നോക്കുന്നത് മറ്റ് ടെക്സ്റ്റയില്‍ ഷോപ്പുകള്‍ അധികമില്ലാത്ത, എതിരാളികള്‍ കുറവായ ഒരിടമായിരിക്കും. എതിരാളികള്‍ കുറവാണെങ്കില്‍ കൂടുതല്‍ കച്ചവടം തന്റെ ഷോപ്പിനു ലഭിക്കും എന്ന് നിങ്ങള്‍ കരുതുന്നു. എന്നാല്‍ ടെക്സ്റ്റയില്‍ ഷോപ്പുകള്‍ തിങ്ങിനിറഞ്ഞ ഒരു തെരുവില്‍ ഷോപ്പ് ആരംഭിക്കുവാന്‍ നിങ്ങള്‍ പേടിക്കുന്നു. എത്രമാത്രം എതിരാളികളാണ്. എന്തിന് അവര്‍ക്കിടയില്‍ കിടന്ന് യുദ്ധം ചെയ്യണം. നിങ്ങള്‍ ചിന്തിക്കുന്നു.

എന്നാല്‍ ഒന്നാലോചിക്കൂ. ഒരേ ഷോപ്പുകള്‍ ധാരാളമുള്ള ഒരു സ്ട്രീറ്റില്‍ ഉപഭോക്താക്കള്‍ ധാരാളമായി എത്തില്ലേ? ഇവിടെ പരസ്പരം എതിരിടുന്നതിനെക്കാള്‍ ഷോപ്പുകള്‍ ഇത്തരമൊരു കൂട്ടായ്മയുടെ പ്രയോജനം അനുഭവിക്കുകയല്ലേ? നിങ്ങള്‍ കോഴിക്കോട് പോകുന്നു ഹല്‍വയും മധുര പലഹാരങ്ങളും വാങ്ങണമെന്നോര്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ മിട്ടായിത്തെരുവ് കടന്നുവരുന്നു. എന്തുകൊണ്ടാണത്? മറ്റെവിടെയെങ്കിലുമുള്ള ബേക്കറിയില്‍ നിന്നും വാങ്ങിയാല്‍ പോരെ?

റീറ്റെയില്‍ ബിസ്സിനസ് ക്ലസ്റ്ററിന്റെ മാസ്മരിക ശക്തിയാണ് ഇതിനു കാരണം. ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലേക്ക് ഒന്ന് പോകൂ. പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍, ഇലക്ട്രോണിക്, ലതര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഒരു പൂരപ്പറമ്പാണ് ചാന്ദ്‌നി ചൗക്ക്. ക്ലസ്റ്റര്‍ മാര്‍ക്കറ്റിന്റെ ഗുണം ഓരോ കച്ചവടക്കാരനും അനുഭവിക്കുന്നത് നിങ്ങള്‍ക്കവിടെ കണ്ടു മനസ്സിലാക്കുവാന്‍ സാധിക്കും.

എല്ലാ രാജ്യങ്ങളിലും ഇത്തരം റീറ്റെയില്‍ ബിസ്സിനസ് ക്ലസ്റ്ററുകള്‍ നിങ്ങള്‍ക്ക് കാണാം. ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഒരേ രീതിയിലുള്ള ബിസ്സിനസുകള്‍ തഴച്ചു വളരും. ചില തെരുവുകള്‍, മാര്‍ക്കറ്റുകള്‍ ഒരേ തരത്തിലുള്ള ഷോപ്പുകള്‍ കൊണ്ട് നിറഞ്ഞിരിക്കും. ഉപഭോക്താക്കള്‍ ഈ സ്ഥലങ്ങളില്‍ നിന്ന് വാങ്ങുവാന്‍ ഇഷ്ടപ്പെടുന്നു. വ്യത്യസ്ത വിലകളില്‍, തരങ്ങളില്‍, ഗുണമേന്മയില്‍ തനിക്കിഷ്ടപ്പെട്ടവ തിരഞ്ഞെടുക്കുവാന്‍ അവസരം ലഭിക്കുമ്പോള്‍ ഏത് ഉപഭോക്താവിനാണ് ആ പ്രലോഭനത്തെ തടുക്കുവാന്‍ സാധിക്കുക. ഒരു റീറ്റെയില്‍ ബിസ്സിനസ് നിങ്ങള്‍ തുടങ്ങുന്നുണ്ടോ? എങ്കില്‍ എന്തുകൊണ്ട് റീറ്റെയില്‍ ബിസ്സിനസ് ക്ലസ്റ്ററില്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു കൂടാ?


Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it