വലിയ സംരംഭങ്ങള്‍ തകര്‍ന്നു പോകുന്നതിന്റെ കാരണം എന്താണ്?

ചുരുങ്ങിയ സമയം കൊണ്ട് വലിയ സംരംഭമായി മാറിയാല്‍ അതാണ് യഥാര്‍ത്ഥ വിജയമെന്നാണ് പലരുടെയും ധാരണയെന്ന് ഞാന്‍ മുന്‍ ലക്കത്തില്‍ സൂചിപ്പിച്ചിരുന്നു. ചിത്രം 1 കാണുക.

Figure 1: Normal Definition of Business Success

എന്നാല്‍ ചിത്രം രണ്ടില്‍ കാണുന്നതു പോലെ മിക്ക വലിയ സംരംഭങ്ങളും 15-20 വര്‍ഷം കൊണ്ട് തകര്‍ന്നുപോകുന്നു എന്നതിനാല്‍ ഈ വിഷയത്തില്‍ എന്റെ കാഴ്ചപ്പാട് മറ്റൊന്നാണ്.

Figure 2: Collapse of Large Businesses


എന്റെ വിശ്വാസത്തില്‍ യഥാര്‍ത്ഥ വിജയം നേടുകയെന്നാല്‍ ചിത്രം മൂന്നില്‍ കാണുന്നതു പോലെ സ്ഥിരതയാര്‍ന്ന വളര്‍ച്ചയുമായി എന്നെന്നും നിലനില്‍ക്കുന്ന വലിയ സംരംഭമായി മാറുകയെന്നാണ്

Figure 3: Correct Definition of Business Success

എന്തുകൊണ്ടാണ് മിക്ക വന്‍ സംരംഭങ്ങളും പരാജയപ്പെട്ടു പോകുന്നതെന്നും അവര്‍ക്ക് യഥാര്‍ത്ഥ വിജയം നേടാന്‍ എന്ത് ചെയ്യണമെന്നും വിശദമാക്കാം. മിക്ക വലിയ സംരംഭങ്ങളും അവരുടെ പ്രധാന കരുത്തിനെ (Core Strength) അവഗണിച്ച് പിന്നീട് ഉരുത്തിരിഞ്ഞ് വന്ന കരുത്തിന് (Derived Strength) ഊന്നല്‍ നല്‍കുകയും അവരുടെ മത്സരക്ഷമത കുറയ്ക്കുകയും ചെയ്യുന്നു. അത് മോശം പ്രകടനത്തിലേക്ക് നയിക്കുന്നതോടൊപ്പം പലപ്പോഴും പരാജയപ്പെട്ടു പോകുകയും ചെയ്യുന്നു.

എന്താണ് പ്രധാന കരുത്തും ഉരുത്തിരിഞ്ഞു വന്ന കരുത്തും?

ഒരു ബിസിനസിന്റെ തുടക്ക കാലത്ത് ചെറിയ സംരംഭമായിരുന്നപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലാഭകരമായി വില്‍ക്കാന്‍ ബിസിനസിനെ പ്രാപ്തമാക്കിയിരുന്ന കാര്യങ്ങളാണ് പ്രധാന കരുത്തെന്ന് പറയുന്നത്. അതേസമയം കമ്പനിയുടെ പ്രായവും വളര്‍ച്ചയും കൂടുന്നതിനനുസരിച്ച് ഉണ്ടായി വരുന്നവയാണ് ഉരുത്തിരിഞ്ഞു വന്ന കരുത്ത്.

ഉല്‍പ്പന്നങ്ങളുടെ പണത്തിനൊത്ത മൂല്യം, മികച്ച ഉല്‍പ്പന്ന വൈവിധ്യം, അസാധാരണ സേവന നിലവാരം തുടങ്ങിയവ പ്രധാന കരുത്തിനുള്ള ഉദാഹരണങ്ങളാണ്.
ഉയര്‍ന്ന വിറ്റുവരവുള്ളതിനാല്‍ വ്യാപകമായി പരസ്യം ചെയ്യാനുള്ള കഴിവ്, വന്‍ തോതില്‍ പര്‍ച്ചേസ് ചെയ്യുന്നതു വഴി ലഭിക്കുന്ന കിഴിവുകള്‍, ഭൂമിശാസ്ത്രപരമായ വൈവിധ്യവല്‍ക്കരണം, വലുതും വിശ്വസ്തവുമായ ഉപഭോക്തൃ അടിത്തറ, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള പിന്തുണ, ഏറ്റവും മികച്ച ഇആര്‍പി സംവിധാനങ്ങള്‍ നടപ്പിലാക്കാനുള്ള പ്രാപ്തി, ഏറ്റവും മികച്ച മാനേജര്‍മാരുടെയും കണ്‍സള്‍ട്ടന്റുമാരെയും നിയമിക്കാനുള്ള കഴിവ് തുടങ്ങിയവയാണ് ഉരുത്തിരിഞ്ഞു വന്ന കരുത്തിന്റെ ഉദാഹരണങ്ങള്‍.

വന്‍കിട ബിസിനസുകള്‍ അവരുടെ ഉരുത്തിരിഞ്ഞു വന്ന കരുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, കാലക്രമേണ അവരുടെ പ്രധാന കരുത്ത് മുരടിച്ചു പോകുകയോ ദുര്‍ബലപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇതോടെ വിപണിയില്‍ വളര്‍ന്നു വരുന്ന, അവരുടെ പ്രധാന കരുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഇതേ പോലുള്ള കമ്പനികളോട് മത്സരിക്കാനാവാതെ വലിയ സംരംഭങ്ങള്‍ നശിച്ചുപോകുകയും അടച്ചുപൂട്ടുകയും ചെയ്യുന്നു.
Tiny Philip
Tiny Philip  

ഇന്ത്യയിലും ജിസിസി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകൾ വളർത്തിയെടുക്കുന്നതിന് വേണ്ടി ദീർഘകാല അടിസ്ഥാനത്തിൽ സംരംഭകരുമായി ചേർന്ന് പ്രവർത്തിക്കുന്ന ബിസിനസ് അഡ്വൈസർ. 1992ൽ IIM (L) നിന്ന് PGDM എടുത്തതിന് ശേഷം ബിസിനസ് അഡ്വൈസർ ആയി പ്രവർത്തനം ആരംഭിച്ച അദ്ദേഹം റിസൾട്സ് കൺസൾട്ടിങ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ്

Related Articles
Next Story
Videos
Share it