വ്യവസ്ഥിതിയെ വെല്ലുവിളിക്കൂ, ക്രിയാത്മകമായ മാറ്റങ്ങള്‍ ഉണ്ടാക്കാം!

ഭൂരിഭാഗം ആളുകളെയും പോലെ ഒരു ജീവിതം നയിക്കുന്നതില്‍ നിങ്ങള്‍ സന്തുഷ്ടരും സംതൃപ്തരുമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം ഉണ്ട് എന്നാണെങ്കില്‍ ഈ ലേഖനം ചിലപ്പോള്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെട്ടേക്കില്ല. എന്നാല്‍ ഇല്ല എന്നാണ് ഉത്തരമെങ്കില്‍ വായന തുടരുക.
മറ്റു മിക്ക ആളുകളും ചെയ്യുന്നതു പോലെയുള്ള തെരഞ്ഞെടുക്കലാണ് നിങ്ങളും നടത്തുന്നതെങ്കില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമല്ലാത്ത ഒരു ജീവിതം നിങ്ങളും നയിച്ച് തീര്‍ക്കാനാണ് സാധ്യത.
അനന്യമായ വ്യക്തിത്വവും താല്‍പ്പര്യങ്ങളും പ്രതിഭയും സ്വപ്‌നങ്ങളുമായാണ് നാമോരോരുത്തരും ഈ ലോകത്തേക്ക് വരുന്നത്. എന്നിട്ടും ജനിച്ച അന്നു മുതല്‍ സമൂഹത്തിന് അനുസരിച്ചും പാകപ്പെട്ടും എല്ലാവരെയും പോലെ ചിന്തിച്ചും പ്രവര്‍ത്തിച്ചും വളരാനാണ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. നമ്മുടെ മാതാപിതാക്കളില്‍ നിന്ന് ആരംഭിച്ച് സ്‌കൂളുകളിലും ഇത് തുടര്‍ന്നു. ഏതാനും വര്‍ഷത്തെ ഈ 'പഠനത്തിനു' ശേഷം സമൂഹത്തിന്റെ രീതികള്‍ അതേപടി പിന്തുടരാന്‍ നാം പാകപ്പെടും. എന്തിന് എന്നു പോലും ചോദിക്കാതെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനും പിന്തുടരാനും നമ്മള്‍ തയാറാകും.
സന്തോഷകരവും സമാധാനപൂര്‍ണവുമായ ഒരു സമൂഹത്തിന് പാകമായാണ് നമ്മള്‍ വളര്‍ന്നതെങ്കില്‍ പതിവ് രീതികള്‍ അനുവര്‍ത്തിക്കുക എന്നത് മോശം കാര്യമല്ല. പക്ഷേ നമ്മള്‍ ജീവിക്കുന്നത് അത്തരത്തിലുള്ള ഒരു ലോകത്തല്ലല്ലോ.
ജീവിതം എന്താണെന്ന് ലോകം നമ്മോട് പറയാന്‍ ശ്രമിക്കുന്നു. എല്ലാവര്‍ക്കും ഒരേപോലെ പിന്തുടരാനുള്ള സന്ദേശവും ബ്ലൂപ്രിന്റും ഇത് നല്‍കുന്നു.
സ്‌കൂളില്‍ പോകുക, നന്നായി പഠിക്കുക, മികച്ച ഗ്രേഡ് നേടുക, കോളജില്‍ പോകുക, ഒരു ഡിഗ്രി എടുക്കുക, നല്ലൊരു ജോലി നേടുക, നിശ്ചിത പ്രായമാകുമ്പോള്‍ വിവാഹം കഴിക്കുക, റിസ്‌ക് എടുക്കാതിരിക്കുക, സുരക്ഷിതമായി കളിക്കുക എന്നാല്‍ നന്നായിരിക്കും.
നന്നേ ചെറുപ്പത്തില്‍ തന്നെ ഈ വാക്കുകള്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്നതിനാല്‍ ഈ ബോധം നമ്മുടെ ഉപബോധമനസ്സില്‍ ഉറയ്ക്കുകയും നമ്മുടെ ചിന്തകളെും പെരുമാറ്റങ്ങളെയും സ്വാധീനിച്ചു തുടങ്ങുകയും ചെയ്യുന്നു. വൈകാതെ ഇവയെ സാധാരണവും ഉചിതവുമായ രീതിയാണ് നമ്മളില്‍ ഭൂരിഭാഗവും സ്വീകരിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു.
ഈ സന്ദേശം നമ്മില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നതിനാല്‍ ഇതിനെ ചോദ്യം ചെയ്യാനോ ജീവിതത്തില്‍ മറ്റൊരു വഴി തേടാനോ പോലും പലരും തയാറാവുന്നുമില്ല.
നിങ്ങള്‍ ഏപ്പോഴെങ്കിലും ഈ ബ്ലൂപ്രിന്റില്‍ നിന്ന് മാറി വ്യത്യസ്തമായി ചിന്തിച്ചു തുടങ്ങിയാല്‍, ഈ ബ്ലൂപ്രിന്റിനനുസരിച്ച് നിങ്ങള്‍ ജീവിക്കുന്നു എന്നുറപ്പുവരുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കരുതുന്ന സമൂഹത്തിലെ മറ്റുള്ളവര്‍ അനവധി ചോദ്യങ്ങളുമായി നിങ്ങള്‍ക്ക് മുന്നിലെത്തും.
അവര്‍ ചെയ്യുന്നതു പോലെ സമൂഹത്തിന്റെ അതേ ഭയാധിഷ്ഠിത വിശ്വാസങ്ങള്‍ നിങ്ങള്‍ പാലിക്കാതിരിക്കുമ്പോള്‍ അവര്‍ അസ്വസ്ഥരാകും.
എന്നാല്‍ നിങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കണം എന്നതിനെ കുറിച്ച് സാക്ഷാത്‍കാരം നേടാത്ത ഒരു സമൂഹത്തിന്റെ ഉപദേശം എന്തിന് നിങ്ങള്‍ സ്വീകരിക്കണം?
നിങ്ങളുടെ പ്രതിഭയെയും ശേഷിയെയും കുറിച്ച് അവര്‍ എങ്ങനെ അറിയാനാണ്? നിങ്ങളുടെ കഴിവുകളെന്തൊക്കെയാണെന്ന് നിങ്ങള്‍ പോലും ഇതു വരെ കണ്ടെത്തിയിട്ടുണ്ടാവില്ല.
നമ്മുടെ ജീവിതത്തിന്റെ ഓരോ മേഖലയിലും ജനക്കൂട്ടത്തെ അന്ധമായി പിന്തുടരാനും അതുപോലെ പ്രവര്‍ത്തിക്കാനും പെരുമാറാനും വളരെയധികം സമ്മര്‍ദ്ദമുണ്ട്.
എന്നാല്‍ സമൂഹത്തിന്റെ ബ്ലൂപ്രിന്റിനനുസരിച്ച് എല്ലാവരും ജീവിതം നയിച്ചാല്‍ നമ്മുടെ ലോകം എത്ര നിറം കെട്ടതായിരിക്കും. നമ്മുടെ ജീവിതം സുഗമമാക്കുന്ന പല കാര്യങ്ങളും ഉണ്ടാവുക പോലുമില്ല.
വാസ്തവത്തില്‍, ആള്‍ക്കൂട്ടത്തില്‍ നിന്ന് വിഭിന്നമായി ചിന്തിക്കാനും കാര്യങ്ങള്‍ ചെയ്യാനും തയാറായി കുറച്ചാളുകള്‍ എപ്പോഴും ഉണ്ടായതുകൊണ്ടാണ് പല കണ്ടുപിടുത്തങ്ങളും ക്രിയാത്മകമായ സാമൂഹ്യമാറ്റങ്ങളും പുരോഗതിയും ഉണ്ടായത്.
വ്യത്യസ്തങ്ങളായ ആറ് വ്യവസായങ്ങളില്‍ വിപ്ലവം സൃഷ്ടിച്ച സ്റ്റീവ് ജോബ്‌സ് നിലവിലെ സമ്പ്രദായങ്ങള്‍ പിന്തുടരാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. കോളെജ് പഠനം ഇടയ്ക്ക് വെച്ച് അവസാനിപ്പിച്ചു. പിന്നീട്, ആപ്പിളിന് തുടക്കമിടുന്നതിന് മുമ്പ് ഏഴു മാസം നീണ്ടു നില്‍ക്കുന്ന ഇന്ത്യാ സന്ദര്‍ശനം നടത്തി. ബ്ലൂപ്രിന്റിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്;
' നിങ്ങള്‍ വളര്‍ന്ന് വലുതാകുന്ന സമയത്ത്, ലോകം ഇങ്ങനെയാണെന്നും നിങ്ങളുടെ ജീവിതം അതിനകത്ത് ജീവിച്ചു തീര്‍ക്കാന്‍ മാത്രമുള്ളതാണെന്നും ആളുകള്‍ നിങ്ങളോട് പറയും. ആ മതിലുകള്‍ ഭേദിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നല്ലൊരു കുടുംബ ജീവിതം നയിക്കാന്‍ ശ്രമിക്കുക, അത് ആസ്വദിക്കുക, കുറച്ചു പണം സമ്പാദിക്കുക.
ഇത് വളരെ പരിമിതമായ ജീവിതമാണ്. ലളിതമായ ഒരു സത്യം കണ്ടെത്തിക്കഴിഞ്ഞാല്‍ ജീവിതം വളരെ വിശാലമാകും. നിങ്ങള്‍ ജീവിതം എന്നു വിളിക്കുന്ന നിങ്ങള്‍ക്കു ചുറ്റുമുള്ളതെല്ലാം നിര്‍മിച്ച ആളുകള്‍ നിങ്ങളേക്കാള്‍ മിടുക്കരായിരുന്നില്ല. നിങ്ങള്‍ക്ക് അത് മാറ്റാനാവും, നിങ്ങള്‍ക്ക് അതിനെ സ്വാധീനിക്കാന്‍ കഴിയും. അതായിരിക്കാം ഏറ്റവും പ്രധാനപ്പെട്ട കാര്യം. ജീവിതം അവിടെയുണ്ടെന്നും നിങ്ങള്‍ അത് ജീവിച്ചു തീര്‍ക്കുക മാത്രമാണെന്നുമുള്ള അബദ്ധധാരണ മാറ്റുക. പകരം അതിനെ ആശ്ലേഷിക്കുകയും മാറ്റുകയും മെച്ചപ്പെടുത്തുകയും അതില്‍ നിങ്ങളുടെ മുദ്ര പതിപ്പിക്കുകയും ചെയ്യുക. ഒരിക്കല്‍ നിങ്ങള്‍ അത് പഠിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഒരിക്കലും പഴയതുപോലാവില്ല.'
സുരക്ഷിതത്വത്തിനും ഭദ്രതയ്ക്കും പിന്നാലെ പോകാനാണ് നമുക്ക് കിട്ടുന്ന ഉപദേശം. എന്നാല്‍ പൊതു വിശ്വാസത്തിന് വിരുദ്ധമായി നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് സുരക്ഷിതവും ഭദ്രവുമായി ഒന്നുമില്ല.
പ്രശസ്ത കൊമേഡിയനും ഹോളിവുഡ് താരവുമായ ജിം കാരി ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ പഠിച്ച കാര്യമാണിത്. ഒരു ഉദ്ഘാടനം പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്;
' എന്റെ പിതാവിന് ഒരു മികച്ച കൊമേഡിയന്‍ ആകാമായിരുന്നു. പക്ഷേ അത് സാധ്യമാകുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നില്ല. അതുകൊണ്ട് യാഥാസ്ഥിതികമായ തീരുമാനമെടുത്തു. എക്കൗണ്ടന്റ് എന്ന സുരക്ഷിതമായ ജോലി അദ്ദേഹത്തിന് ലഭിച്ചു. എനിക്ക് 12 വയസ് ആയിരുന്നപ്പോള്‍ അദ്ദേഹം സുരക്ഷിതമായ ആ ജോലി വിട്ടു. ഞങ്ങളുടെ കുടുംബത്തിന് നിലനില്‍ക്കാന്‍ പാടുപെടേണ്ടി വന്നു. പിതാവില്‍ നിന്ന് ഒരുപാട് വലിയ പാഠങ്ങള്‍ ഞാന്‍ പഠിച്ചു. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത പല കാര്യങ്ങളിലും നിങ്ങള്‍ പരാജയപ്പെടുന്നു, അതുകൊണ്ട് നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള ചാന്‍സ് എടുക്കാന്‍ തയാറാകണം എന്നതാണ് അതില്‍ പ്രധാനം.'
'The Conversations With God (CWG)' എന്ന പുസ്തക പരമ്പര എന്റെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയ ഒന്നാണ്. നമ്മുടെ വികാരങ്ങളെ മാനിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചാണ് ഇത് ഊന്നിപ്പറയുന്നത്. നമ്മുടെ വികാരങ്ങളിലൂടെയും അന്തര്‍ജ്ഞാന(Intuition)ത്തിലൂടെയും നമ്മുടെ ആത്മാവ് നമ്മോട് ആശയവിനിമയം നടത്തുന്നുവെന്നും ഇത് പറയുന്നു.
ചെറുപ്പത്തില്‍ പലപ്പോഴും ഞാന്‍ അവഗണിച്ചിരുന്ന കാര്യമായിരുന്നു ഇത്. എന്നാല്‍ CWG വായിച്ചു തുടങ്ങിയതു മുതല്‍ അത് കാര്യമായി എടുക്കുകയും അതിലൂടെ എന്റെ സങ്കല്‍പ്പത്തില്‍ പോലുമില്ലാതിരുന്ന ഫലം ലഭിക്കുകയും ചെയ്തു.
നമ്മുടെ മനസ്സിനെ പോലെ സമൂഹത്തിന്റെ ഭയാനകമായ പ്രോഗ്രാമിംഗില്‍ ഹൃദയം കുരുങ്ങിയിട്ടില്ലെന്ന് കാണാനാവും.
ജീവിത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും നിങ്ങളോട് തന്നെ സത്യസന്ധത പുലര്‍ത്താനും ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ഹൃദയം ആവശ്യപ്പെടുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും നിങ്ങളുടെ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയും വേണം.
നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും വ്യത്യസ്തമായ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനും പെരുമാറ്റങ്ങളും ശീലങ്ങളും (തീര്‍ച്ചയായും പോസിറ്റീവ് ആയവ) സ്വീകരിക്കാനും മറ്റുള്ളവര്‍ എന്തു ചിന്തിക്കുന്നുവെന്ന് ആശങ്കപ്പെടാതിരിക്കാനും അല്ലെങ്കില്‍ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങളില്‍ നിന്ന് നിങ്ങളെ തടയാതിരിക്കാനുമുള്ള ധൈര്യം ഉണ്ടായിരിക്കുക എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ആള്‍ക്കൂട്ടത്തില്‍ നിന്ന് വിഭിന്നമായി കാര്യങ്ങള്‍ ചെയ്യുകയും സവിശേഷ വ്യക്തിത്വമാകുകയും ചെയ്യുന്നതുകൊണ്ട് പ്രശ്‌നമൊന്നുമില്ല എന്ന് നിങ്ങളെ ഓര്‍മിപ്പിക്കാന്‍ സ്റ്റീവ് ജോബ്‌സിന്റെ ഒരു ഉദ്ധരണി കൂടി നല്‍കുന്നു. (എല്ലാവരെയും പോലെയാകാന്‍ വേണ്ടിയല്ല നിങ്ങളുടെ ജന്മം)
' നിങ്ങളുടെ സമയം പരിമിതമാണ്. അതുകൊണ്ട് മാറ്റാരുടെയെങ്കിലും ജീവിതം ജീവിച്ചുകൊണ്ട് അത് പാഴാക്കരുത്. മറ്റുള്ളവരുടെ ചിന്തകള്‍ക്കനസുരിച്ച് ജീവിക്കുകയെന്ന പിടിവാശികളില്‍ കുടുങ്ങിപ്പോകരുത്. മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ ബഹളത്തില്‍ നിങ്ങളുടെ ആന്തരിക ശബ്ദം (intuition)/ മുങ്ങിപ്പോകാന്‍ അനുവദിക്കരുത്. ഏറ്റവും പ്രധാനമായി, നിങ്ങളുടെ ഹൃദയത്തെയും അന്തര്‍ജ്ഞാനത്തെയും പിന്തുടരുന്നതിനുള്ള ധൈര്യം ഉണ്ടായിരിക്കുക എന്നതാണ്. മറ്റെല്ലാം രണ്ടാമത് വരുന്ന കാര്യമാണ്. '

For more simple and practical tips to live better and be happier visit anoop's website:https://www.thesouljam.comAnoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it