Begin typing your search above and press return to search.
ചാനല്‍ സ്ട്രാറ്റജി: കസ്റ്റമേഴ്‌സിലേക്കെത്താനുള്ള വഴികള്‍ തെരഞ്ഞെടുക്കേണ്ടതെങ്ങനെ?
നിങ്ങള്‍ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ ഒരു പരസ്യം കാണുന്നു. ഉല്‍പ്പന്നങ്ങളില്‍ താല്‍പ്പര്യം ജനിച്ച നിങ്ങള്‍ ആ ബ്രാന്‍ഡ് എവിടെയൊക്കെ ലഭ്യമാണെന്ന് തിരയുന്നു. ഓണ്‍ലൈനായി ഉല്‍പ്പന്നങ്ങള്‍ ലഭിക്കുമെന്ന് മനസ്സിലാക്കിയ നിങ്ങള്‍ അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നു. ആ ബ്രാന്‍ഡിന് ഒരിടത്തും മറ്റ് ഷോപ്പുകളൊന്നും തന്നെ ഇല്ല എന്നതും ഓണ്‍ലൈന്‍ വഴി മാത്രമേ ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നതും നിങ്ങള്‍ ശ്രദ്ധിക്കുന്നു.
ആ കോസ്‌മെറ്റിക് ബ്രാന്‍ഡ് അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ്. അവര്‍ക്ക് ഇടനിലക്കാരില്ല. കമ്പനി നേരിട്ട് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നു. മറ്റൊരു ഷോപ്പിലും നിങ്ങള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ കാണുവാന്‍ സാധിക്കുകയില്ല. ഉല്‍പ്പന്നം ഉപഭോക്താവിലേക്ക് എത്തിക്കുവാന്‍ നേരിട്ടുള്ള വിതരണ സംവിധാനമാണ് കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്.
ഓണ്‍ലൈനിലും ഓഫ്ലൈനിലും ഇത്തരത്തിലുള്ള ബ്രാന്‍ഡുകളുടെ പ്രത്യേക ഷോറൂമുകള്‍ കാണുവാന്‍ സാധിക്കും. നേരിട്ടുള്ള ഇത്തരം വിതരണ സംവിധാനം കമ്പനികള്‍ക്ക് തങ്ങളുടെ ബിസിനസില്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്നു. ഉപഭോക്താക്കളെ നേരിട്ട് അറിയുവാനും അവര്‍ക്ക് മികച്ച അനുഭവങ്ങള്‍ പകര്‍ന്നു നല്‍കുവാനും ഇത് അവരെ സഹായിക്കുന്നു. തങ്ങളുടെ വിതരണ ശൃംഖലയില്‍ നിന്നും ഇടനിലക്കാരെ മുഴുവന്‍ ഒഴിവാക്കി ബ്രാന്‍ഡും കസ്റ്റമറും തമ്മിലുള്ള നേരിട്ടുള്ള ഇടപാടിന് അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.
എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തങ്ങളായ ബ്രാന്‍ഡുകളേയും നിങ്ങള്‍ക്ക് കണ്ടുമുട്ടാന്‍ സാധിക്കും. ഇവര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാന്‍ വലിയൊരു വിതരണ ശൃംഖല തന്നെ സൃഷ്ടിച്ചിരിക്കുന്നതായി കാണാം. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി റീറ്റയില്‍ സ്റ്റോറുകളില്‍ ലഭ്യമാകുന്നു. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഏജന്റുമാര്‍, മൊത്ത കച്ചവടക്കാര്‍, വിതരണക്കാര്‍ തുടങ്ങിയ ഇടനിലക്കാര്‍ വഴി റീറ്റയില്‍ വില്‍പ്പനക്കാരിലേക്ക് എത്തിക്കുന്നു. ഇടനിലക്കാരെയും റീറ്റയില്‍ കച്ചവടക്കാരെയും ഉള്‍ക്കൊള്ളുന്ന വലിയൊരു വിതരണ ശൃംഖലയിലൂടെ വ്യാപകമായി ഉല്‍പ്പന്നങ്ങള് ലഭ്യമാക്കുവാനും വിറ്റഴിക്കുവാനും ഇത്തരം ബ്രാന്‍ഡുകള്‍ ശ്രദ്ധിക്കുന്നു.
എഫ് എം സി ജി (Fast-moving Consumer Goods) ഉല്‍പ്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനികള്‍ പലതട്ടിലുള്ള ഇടനിലക്കാരുള്ള നീണ്ട വിതരണ ശൃംഖല സ്ഥാപിക്കുന്നത് വിപണിയിലേക്ക് അതിവേഗം കടന്നുകയറുവാനും ഉല്‍പ്പന്നങ്ങള്‍ വിപണിയുടെ ഓരോ മുക്കിലും മൂലയിലും ലഭ്യമാക്കുവാനുമായിട്ടാണ്. ഇവിടെ ഉല്‍പ്പാദകന്‍ വിപണിയുടെ നേരിട്ടുള്ള നിയന്ത്രണം ലഭിക്കുന്നില്ല.
റീറ്റെയ്ല്‍ വില്‍പ്പനക്കാരിലേക്ക് ഉല്‍പ്പന്നങ്ങള്‍ ശൃംഖലയിലെ പല കണ്ണികളിലൂടെയുമാണ് കടന്നെത്തുന്നത്. ബിസിനസ് ടു ബിസിനസ് (B2B) ബിസിനസ് മോഡലാണ് ഇത്തരം വിതരണ സംവിധാനത്തില്‍ അനുവര്‍ത്തിക്കുന്നത്. എന്നാല്‍ നേരിട്ടുള്ള വിതരണ സംവിധാനത്തില്‍ കമ്പനികള്‍ ബിസിനസ് ടു കണ്‍സ്യൂമര്‍ (B2C) മോഡല്‍ സ്വീകരിക്കുന്നു.
നേരിട്ടുള്ള വില്‍പ്പനയും ഇടനിലക്കാര്‍ മുഖേനയുള്ള വില്‍പ്പനയും ഒരുമിച്ച് സ്വീകരിക്കുന്ന കമ്പനികളുമുണ്ട്. ബിസിനസ് ടു മെനി (B2M) എന്ന് ഇത്തരം മോഡലുകളെ വിളിക്കാം.
ഇവര്‍ ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ ഓഫ് ലൈന്‍ ഷോപ്പുകള്‍ വഴി വില്‍ക്കുന്നു. അതേസമയം തന്നെ ഇടനിലക്കാര്‍ ഉള്‍പ്പെടുന്ന മറ്റൊരു വിതരണ ശൃംഖല കൂടി സ്ഥാപിക്കുന്നു. B2B, B2C ബിസിനസ് മോഡലുകളുടെ സംയോജനം ഈ തന്ത്രത്തില്‍ ദൃശ്യമാണ്.
തന്റെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താവിലേക്ക് എത്തിക്കുവാന്‍ ഏതാണ് മികച്ച മാര്‍ഗ്ഗമെന്ന് സംരംഭകന്‍ കണ്ടെത്തേണ്ടതുണ്ട്. വിതരണത്തിനായുള്ള വ്യത്യസ്ത വാതിലുകള്‍ ഇതിനായി തുറന്നിടേണ്ടതുണ്ട്. ബിസിനസ് വിജയത്തില്‍ ചാനല്‍ സ്ട്രാറ്റജി (Channel Strategy) വലിയൊരു പങ്ക് വഹിക്കുന്നു.
തന്റെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താവിലേക്ക് എത്തിക്കുവാന്‍ ഏതാണ് മികച്ച മാര്‍ഗ്ഗമെന്ന് സംരംഭകന്‍ കണ്ടെത്തേണ്ടതുണ്ട്. വിതരണത്തിനായുള്ള വ്യത്യസ്ത വാതിലുകള്‍ ഇതിനായി തുറന്നിടേണ്ടതുണ്ട്. ബിസിനസ് വിജയത്തില്‍ ചാനല്‍ സ്ട്രാറ്റജി (Channel Strategy) വലിയൊരു പങ്ക് വഹിക്കുന്നു.
Next Story
Videos