ആനന്ദവേളകള്‍ സൃഷ്ടിക്കലും ഒരു ബിസിനസ് തന്ത്രമാണ്!

'Happy Hour' നഗരത്തിലെ ബാറിന്റെ ഓഫറാണ്. എല്ലാ ദിവസവും ഒരു നിശ്ചിത സമയത്ത് വന്‍ വിലക്കുറവില്‍ മദ്യവും ഭക്ഷണവും ലഭ്യമാകുന്നു. ഇത് ഉപഭോക്താക്കളെ പ്രലോഭിപ്പിക്കുന്നു. അവര്‍ ബാറിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ആ സമയം ബാറില്‍ ഒരു ഉത്സവ പ്രതീതി ഉടലെടുക്കുകയാണ്. സന്തോഷകരങ്ങളായ നിമിഷങ്ങള്‍ ആഘോഷിക്കുവാന്‍ നിങ്ങള്‍ ബാറിലേക്ക് വരൂ എന്ന സൂചന നല്‍കാന്‍ Happy Hour എന്ന സന്ദേശത്തിന് സാധിക്കുന്നു. ഈ സന്ദേശം എത്ര എളുപ്പത്തിലാണ് ഉപഭോക്താക്കളിലേക്ക് കടന്നു ചെല്ലുന്നത്. അതിലടങ്ങിയിരിക്കുന്ന അര്‍ത്ഥം എത്ര അനായാസേന അവര്‍ മനസ്സിലാക്കുന്നു.

നിങ്ങള്‍ പ്രശസ്തമായ ബ്രാന്‍ഡിന്റെ ബാഗ് വാങ്ങിക്കുവാന്‍ ഷോപ്പിലെത്തുന്നു. അവിടെ ചുറ്റിനടന്ന് ഡിസ്‌പ്ലേ ചെയ്തിരിക്കുന്ന ബാഗുകള്‍ നിങ്ങള്‍ കാണുന്നു. അവ എടുത്തു നോക്കുന്നു. അവയുടെ വില ശ്രദ്ധിക്കുന്നു. അപ്പോഴാണ് നിങ്ങള്‍ കാണുന്നത് അതാ അതിമനോഹരമായ ആരും കൊതിക്കുന്ന ഒരു ബാഗ് പ്രത്യേകമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ ആ ബാഗ് പരിശോധിക്കുന്നു. അതിന്റെ വില നോക്കുന്നു. വില കാണുന്ന നിങ്ങള്‍ ഞെട്ടുന്നു. ലക്ഷങ്ങള്‍ വില ഇട്ടിരിക്കുന്ന ആ ബാഗ് ആര് വാങ്ങുവാനാണ്. നിങ്ങള്‍ ചിന്തിക്കുന്നു.

കമ്പനിയുടെ ലക്ഷ്യവും മറ്റൊന്നല്ല. ആ ബാഗ് ആരും വാങ്ങിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല. ആ ബാഗിനെക്കാള്‍ വിലക്കുറവുള്ള മറ്റ് ബാഗുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുന്ന ബ്രാന്‍ഡിന്റെ മൂല്യത്തെക്കുറിച്ചുള്ള ബോധം നല്‍കാന്‍ വേണ്ടി മാത്രമായിട്ടാണ് അത്തരമൊരു ബാഗ് പ്രദര്‍ശിപ്പിച്ചിരിക്കുന്നതും ഉയര്‍ന്ന വില ഇട്ടിരിക്കുന്നതും. ബ്രാന്‍ഡിന്റെ പ്രതീകം (Symbol) മാത്രമാണ് ആ ബാഗ്. അത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൂചനയാണ് (Signal) പ്രധാനം.

പ്രൈസ് സിഗ്‌നല്‍ (Price Signal) ഒരു മാര്‍ക്കറ്റിംഗ് സന്ദേശമാണ് (Marketing Message). സംരംഭകന് ഉദ്ദേശിക്കുന്ന കാര്യം കൃത്യമായി ഉപഭോക്താക്കളില്‍ എത്തിക്കുവാന്‍ ഈ സന്ദേശത്തിന് കഴിയുന്നു. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൂചന അല്ലെങ്കില്‍ അടയാളം ബിസിനസ് അവരുമായി സംവദിക്കുവാന്‍ ശ്രമിക്കുന്ന കാര്യം വ്യക്തമായി മനസ്സിലാക്കുവാന്‍ ഈ സന്ദേശം വഴി അവര്‍ക്ക് സാധിക്കുന്നു. Happy Hour എന്ന് ബാര്‍ പറയുമ്പോള്‍ എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ഉപഭോക്താക്കള്‍ക്ക് വിശദീകരിച്ചു നല്‍കേണ്ട ആവശ്യമേയില്ല.

''കുട്ടികള്‍ക്ക് ഇവിടെ സൗജന്യമായി ഭക്ഷണം കഴിക്കാം'' എന്ന് ഒരു റസ്റ്റോറന്റ് പരസ്യം ചെയ്യുമ്പോള്‍ അത് പറയാതെ പറയുന്നത് എന്താണ്? ഞങ്ങള്‍ ഇവിടെ കുടുംബങ്ങളെ (Families) പ്രതീക്ഷിക്കുന്നു എന്നല്ലേ? ഇതൊരു മാര്‍ക്കറ്റിംഗ് സന്ദേശമാണ്. നിങ്ങള്‍ കുടുംബവുമായി കടന്നു വരൂ എന്ന് ആ പരസ്യം നിങ്ങളോട് പറയുന്നു. എന്നാല്‍ അത് പറയുന്ന രീതി വ്യത്യസ്തമാണെന്ന് മാത്രം. പ്രൈസ് സിഗ്‌നല്‍ (Price Signal) നിങ്ങളെ പ്രലോഭിപ്പിക്കുന്നു, അത് നല്‍കുന്ന സന്ദേശം യാതൊരു സങ്കീര്‍ണ്ണതകളുമില്ലാതെ നിങ്ങളില്‍ എത്തിച്ചേരുന്നു.

വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശത്ത് അവിടെയുള്ള ഒരു സ്റ്റോര്‍ സൗജന്യമായി ഭക്ഷണം നല്‍കാന്‍ തുടങ്ങുന്നു. ദുരിതത്തിലായ ജനങ്ങള്‍ക്ക് ഇത് എത്രമാത്രം വലിയ സഹായമാണെന്ന് പറയേണ്ടതില്ലല്ലോ. ഈ സ്റ്റോറിനെക്കുറിച്ച് സമൂഹത്തിന്റെ അഭിപ്രായം എന്തായിരിക്കും? സ്റ്റോറിന്റെ ജനപ്രീതിയിലുണ്ടാകുന്ന വര്‍ദ്ധന നിങ്ങള്‍ക്ക് ഊഹിക്കാം. ഇത്തരമൊരു പ്രവൃത്തിയിലൂടെ നല്‍കുന്ന സന്ദേശം അവരുടെ ഗുഡ്‌വില്‍ വാനോളമുയര്‍ത്തുന്നു. ദുരിതസമയത്ത് കൊള്ള ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന പല ബിസിനസുകളേയും നിങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സമയോചിതമായ ഇടപെടലിലൂടെ പ്രൈസ് സിഗ്‌നല്‍ വഴി സമൂഹത്തിന് പോസിറ്റീവ് ആയ സന്ദേശം നല്‍കുകയും തങ്ങളുടെ യശസ്സ് ഉയര്‍ത്തുകയും ചെയ്യുന്ന ബിസിനസ് തന്ത്രമാണ് ദുരിത സമയത്തെ സല്‍പ്രവര്‍ത്തിയിലൂടെ ഈ സ്റ്റോര്‍ ചെയ്തത്.


Dr Sudheer Babu
Dr Sudheer Babu  
Next Story
Share it