Begin typing your search above and press return to search.
ഈ സോഷ്യല്‍ മീഡിയ യുഗത്തില്‍ ഇക്കാര്യം നിങ്ങൾ മറക്കരുത്
ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളുമൊക്കെ ഇന്ന് എല്ലാവിധ വിവരങ്ങളും നമ്മുടെ വിരല്‍ത്തുമ്പില്‍ എത്തിക്കുകയാണ്. വിവരങ്ങളുടെ ഈ പ്രവാഹം നമുക്ക് അനുഗ്രഹമാകാം, ശാപവുമാകാം. മിക്ക കാര്യങ്ങളിലുമെന്നപോലെ ഇതെല്ലാം എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ഗുണഫലങ്ങള്‍.
ഈ ലേഖനത്തിലൂടെ ഞാന്‍ നിങ്ങളോട് പറയാന്‍ ഉദ്ദേശിക്കുന്നതും ഈയൊരു കാര്യത്തെ കുറിച്ചാണ്. സ്വയം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യമെന്താണെന്നും അത് എങ്ങനെ ചെയ്യാമെന്നതും.
സ്വയം ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്തിന്?
നിങ്ങളെ സ്വയം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, നിങ്ങള്‍ എല്ലായ്പ്പോഴും തന്നെക്കുറിച്ച് തന്നെ ചിന്തിച്ചുകൊണ്ടിരിക്കണമെന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. പകരം, നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
അതായത്, ജീവിതത്തില്‍ നിങ്ങള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്ന മേഖലകളില്‍ നിങ്ങളുടെ സമയവും ശ്രദ്ധയും കേന്ദ്രീകരിക്കുക. നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാര്യങ്ങളില്‍ നിങ്ങളുടെ സമയവും ശ്രദ്ധയും ചെലവഴിക്കുന്നത് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.
ഇത് ലളിതമായി തോന്നാമെങ്കിലും, നമ്മുടെ മനസ്സിനെ നയിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നാം നടത്തിയില്ലെങ്കില്‍, സ്വാഭാവികമായും നമ്മുടെ ശ്രദ്ധ മറ്റ് ആളുകളുടെ ജീവിതകാര്യങ്ങളിലാകും.
കൂടാതെ, വാര്‍ത്ത, സോഷ്യല്‍ മീഡിയ, റിയാലിറ്റി ഷോകള്‍ തുടങ്ങിയവയിലൂടെ മറ്റുള്ളവരുടെ ജീവിത കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സെലിബ്രിറ്റികളുടെയോ രാഷ്ട്രീയക്കാരുടെയോ നമുക്ക് ചുറ്റുമുള്ള ആളുകളുടെയോ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതിനും വിമര്‍ശിക്കുന്നതിനും നമുക്ക് ഒരുപാട് മണിക്കൂറുകള്‍ ചെലവഴിക്കാന്‍ കഴിയും. എന്നാല്‍ ദിവസാവസാനം, അത് നമ്മുടെ മാനസികാവസ്ഥയല്ലാതെ മറ്റൊന്നും മാറ്റുന്നില്ല, അല്ലേ?
വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നാം കാണുന്നതിന്റെ ഏകദേശം 90 ശതമാനത്തിലധികം കാര്യങ്ങളും നമ്മുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നില്ല, മാത്രമല്ല അവ നമുക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങളുമാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ഒരുപക്ഷേ പ്രയോജനപ്പെടാത്ത, മറ്റ് ആളുകളുടെ അഭിപ്രായങ്ങളും അജണ്ടകളും നിങ്ങളുടെ മനസ്സില്‍ നിറയ്ക്കുന്നു. മറ്റ് നൂറുകണക്കിന് ആളുകള്‍ അവരുടെ ജീവിതത്തില്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ അറിയേണ്ടതുണ്ടോ? നമ്മുടെ സമയവും ശ്രദ്ധയും ഊര്‍ജ്ജവുമെല്ലാം വിലപ്പെട്ടതും പരിമിതവുമായ കാര്യങ്ങളാണ്. അവ നമ്മുടെ ജീവിതത്തെ വളരാനും മൂല്യമുണ്ടാക്കാനും സഹായിക്കുന്ന കാര്യങ്ങളില്‍ ചെലവഴിക്കുന്നതല്ലേ നല്ലത്?
നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയും ആകുലപ്പെടുകയും ചെയ്യുന്നതു കൊണ്ട് യാതൊരു പ്രയോജനവുമില്ല. വാര്‍ത്തകള്‍ കാണുന്നതിലൂടെയും മറ്റും പലപ്പോഴും സംഭവിക്കുന്നത് അതാണ്.അതിനാലാണ് അതിന്റെ ഉപഭോഗം പരിമിതപ്പെടുത്തണമെന്ന് ഞാന്‍ നിര്‍ദേശിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗപ്രദമാണെങ്കിലും മറ്റുള്ളവരുടെ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്‌കാരം ഇവ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ നാം ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുന്നില്ലെങ്കിൽ അത് നമ്മുടെ ജീവിതത്തിന് മൂല്യം ചേര്‍ക്കുന്നതിനുപകരം നമ്മുടെ സമയവും ഊര്‍ജ്ജവും വെറുതെ കളയുന്ന ഒന്നായി മാറും.
സ്വയം ശ്രദ്ധകേന്ദ്രീകരിക്കുന്നത് എങ്ങനെ?
'സ്വയം മെച്ചപ്പെടുത്തുന്നതിന് ഏറെ സമയം ചെലവഴിച്ചാല്‍ മറ്റുള്ളവരെ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് സമയമില്ല.'' - ക്രിസ്റ്റ്യന്‍ ഡി. ലാര്‍സണ്‍
നിങ്ങള്‍ക്ക് സ്വയം ശ്രദ്ധകേന്ദ്രീകരിച്ച് ജീവിതം മെച്ചപ്പെടുത്താന്‍ ഉതകുന്ന ചില എളുപ്പവഴികളുണ്ട്. ഇത് പിന്തുടരുന്നതിലൂടെ മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങളും അവരുടെ പ്രവര്‍ത്തികളും നിങ്ങള്‍ക്ക് അപ്രധാനമായി മാറുന്നു.
നിങ്ങളുടെ അഭിനിവേശങ്ങളിലും ഹോബികളിലും ഏര്‍പ്പെടാന്‍ സമയം ചെലവഴിക്കുക
നിങ്ങളുടെ ജീവിതത്തിന് മൂല്യം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു പുതിയ കാര്യം (ഒരു സംഗീതോപകരണം) പഠിക്കുക, പുസ്തകങ്ങള്‍ വായിക്കുക തുടങ്ങിയവ പോലെ
സോഷ്യല്‍ മീഡിയയ്ക്കും വാര്‍ത്തകള്‍ക്കുമായി ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുക, നിങ്ങള്‍ രാവിലെ എഴുന്നേറ്റ ഉടന്‍ ഫോണ്‍ നോക്കുന്ന ശീലം ഉപേക്ഷിക്കുക
ധ്യാനം, എഴുത്ത്, ഏകാന്തതയില്‍ സമയം ചെലവഴിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക
നിങ്ങളെ ആകര്‍ഷിക്കുന്ന വിഷയങ്ങളിലും പ്രവര്‍ത്തനങ്ങളിലും സമയം ചെലവഴിക്കുക
നമ്മളില്‍നിന്നും നമ്മെ അകറ്റിമാറ്റുന്ന സോഷ്യല്‍മീഡിയയുടെ ഇന്നത്തെ കാലത്ത് സ്വയം ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം വര്‍ധിച്ചുവരികയാണ്.
ആത്യന്തികമായി, നമ്മുടെ നിയന്ത്രണത്തിന് അതീതമായ കാര്യങ്ങളിലും മറ്റുള്ളവരുടെ ജീവിതത്തിലും ശ്രദ്ധചെലുത്തുന്നതിന് പകരം സ്വയം ശ്രദ്ധകേന്ദ്രീകരിക്കുന്നതിലൂടെ നാം മികച്ച വ്യക്തികളായി തീരുന്നു.
To read more articles from the author visit : https://www.thesouljam.com/best-articles
Next Story
Videos