എഫ്എംസിജി രംഗത്തെ ചെറുകിട സംരംഭകര്‍ എന്തൊക്കെ ശ്രദ്ധിക്കണം?

കോവിഡ് സമയത്ത് വിദേശത്ത് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി വന്ന വലിയൊരു ശതമാനം ആളുകളും സ്വന്തമായി ബിസിനസ്സ് ചെയ്യാനാണ് ഒരുങ്ങിയത്. അതില്‍ ധാരാളം ആളുകള്‍ തിരഞ്ഞെടുത്ത ബിസിനസ് മസാലപൊടികളുടെ ഉല്‍പാദനവും വില്‍പ്പനയുമായിരുന്നു. കാരണം അധികം മുന്‍പരിചയമോ പ്രത്യേക നൈപുണ്യമോ ഇല്ലാതെ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നത്തിന്റെ ഗണത്തിലാണ് പലരും ഇതിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശരിയാണ്, ഒരു പരിധി വരെ പ്രത്യേക നൈപുണ്യത്തിന്റെ ആവശ്യം വരുന്നില്ല. എന്നാല്‍ പ്രശ്‌നം വരുന്നത് വില്‍പ്പനയിലാണ്. ഒരു ബിസിനസിന്റെ ഏറ്റവും കാതലായ ഭാഗം വില്‍പ്പന തന്നെയാണ്.

ചുരുങ്ങിയ മുതല്‍മുടക്കില്‍ ഉല്‍പ്പന്നം നിര്‍മിക്കാന്‍ കഴിയുന്നതുകൊണ്ടോ, നല്ല ഗുണമേന്മയുള്ള ഉല്‍പ്പന്നം നിര്‍മിക്കാന്‍ കഴിയുന്നതുകൊണ്ടോ മാത്രം ബിസിനസ് മുന്നോട്ട് പോവുകയില്ല. അതിന്റെ പ്രാണവായുവായ വില്‍പ്പന സാധ്യമാക്കണം. ധാരാളം ആളുകള്‍ ഈ FMCG ബിസിനസിലേക്ക് ഇറങ്ങുന്നതു കൊണ്ടു തന്നെ ധാരാളം മത്സരമുള്ള മേഖലയായി ഇത് മാറിയിരിക്കുന്നു. അതിനാല്‍ തന്നെ ഈ ബിസിനസില്‍ വിജയം സൃഷ്ടിക്കണമെങ്കില്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഓരോന്നായി നോക്കാം.

1. 'മികച്ച ഗുണനിലവാരം' കൊണ്ട് മാത്രം കാര്യമില്ല:

പലരും അവരുടെ ഉല്‍പ്പന്നത്തിന്റെ മേന്മയായി ചൂണ്ടിക്കാണിക്കുന്നത് വിഷരഹിതമായ ശുദ്ധമായ ഉല്‍പ്പന്നം എന്നാണ്. എന്നാല്‍ ഞാന്‍ മനസിലാക്കുന്നത് ഏതൊരു ഉല്‍പ്പന്നതിലും അടിസ്ഥാനപരമായി വേണ്ടുന്ന കാര്യം 'ശുദ്ധത' തന്നെയാണ്. ശുദ്ധതക്ക് അപ്പുറത്ത് നിങ്ങള്‍ക്ക് എന്താണ് നല്‍കാന്‍ കഴിയുക. അവിടം മുതലാണ് ചിന്തിച്ചു തുടങ്ങേണ്ടത്. 'ശുദ്ധത' എന്നത് പലരും ഉപയോഗിച്ച് പഴകിയ വാക്കായിരിക്കുന്നു. ആ വാചകം ഉപയോഗിച്ചതുകൊണ്ട് മാത്രം ആളുകള്‍ ഉല്‍പ്പന്നം വാങ്ങുകയില്ല.


2. മറ്റുള്ള ബ്രാന്‍ഡുകളെ പിന്തുടരാതിരിക്കുക:

2021 ജനുവരി മാസത്തില്‍ ബ്രാന്‍ഡിസം ഒരു സര്‍വേ നടത്തിയിരുന്നു. ആളുകള്‍ കൂടുതല്‍ തിരഞ്ഞെടുക്കുന്ന FMCG വിഭാഗത്തിലെ ബ്രാന്‍ഡുകള്‍ ഏതെല്ലാമാണ് എന്ന ്അറിയുകയായിരുന്നു ലക്ഷ്യം. ഞങ്ങള്‍ മനസിലാക്കിയത് ഓരോ വിഭാഗത്തിലും ജനങ്ങള്‍ തിരഞ്ഞെടുത്ത ആദ്യത്തെ 3 ബ്രാന്‍ഡുകള്‍ പരസ്പരം വലിയ തോതില്‍ വ്യത്യസ്തത നിലനിര്‍ത്തുന്നവയായിരുന്നു. അതായത് നമ്മള്‍ കണ്ടു ശീലിച്ച ഭാവത്തില്‍ ഉല്‍പ്പന്നത്തെ മാര്‍ക്കറ്റില്‍ ഇറക്കരുത്. ഉദാഹരണത്തിന് ഒന്ന് ചിന്തിക്കുക, സൂപ്പര്‍ മാര്‍ക്കറ്റില്‍ ഈസ്റ്റേണ്‍ കറിമസാല പാക്കറ്റിന്റെ അടുത്ത് ഏകദേശം അതേ രൂപത്തിലും ഭാവത്തിലുമുള്ള മറ്റൊരു കറിമസാല പാക്കറ്റ് കണ്ടാല്‍ നമ്മള്‍ ഏത് തെരഞ്ഞെടുക്കും? ഒരിക്കലും ഈസ്റ്റേണ്‍ ഉള്ളപ്പോള്‍ ഒരു അപരനെ അറിഞ്ഞു കൊണ്ട് തിരഞ്ഞെടുക്കില്ല.

3. ആദ്യ കാഴ്ച മികച്ചതാക്കണം:

പതിറ്റാണ്ടുകളായി കമ്പോളത്തിലുള്ള ഉല്‍പ്പന്നങ്ങളുടെ കൂടെയാണ ്‌നിങ്ങള്‍ മത്സരിക്കുന്നത് എന്ന് ഓര്‍ക്കുക. അവിടെ വില കുറച്ച് വില്‍ക്കാന്‍ സാങ്കേതികമായി കഴിയുകയില്ല. കാരണം FMCG വിഭാഗത്തില്‍ ഒരു ഉല്‍പ്പന്നത്തിന്റെ ലാഭവിഹിതം നന്നേ കുറവാണ്. അപ്പോള്‍ ആകെ മത്സരിക്കാന്‍ കഴിയുന്നത് ആദ്യ കാഴ്ച മികച്ചതാക്കുക എന്നതിലൂടെയാണ്. ആളുകള്‍ക്ക് ഉല്‍പ്പന്നം ഒന്ന ്എടുത്തു നോക്കാന്‍ തോന്നിക്കുന്ന രീതിയില്‍ വ്യത്യസ്തത കൊണ്ടുവരേണ്ടതുണ്ട്. ജനങ്ങള്‍ കണ്ടുപരിചയിക്കാത്ത രീതിയിലുള്ള ഡിസൈനോ, പായ്ക്കറ്റോ ആവാം അത്. ജനങ്ങള്‍ക്ക് ഒന്ന് പരീക്ഷിച്ചു നോക്കാന്‍ തോന്നണം.


4. രണ്ടാമത്തെ അനുഭവം മികച്ചതാക്കണം:

ആദ്യ കാഴ്ചയിലുള്ള താല്‍പര്യം കൊണ്ട് ഉല്‍പ്പന്നം വാങ്ങിയ ഉപഭോക്താവിനെ കൊണ്ട് വീണ്ടും വീണ്ടും ആ ഉല്‍പ്പന്നം വാങ്ങിപ്പിക്കണമെങ്കില്‍ ഉല്‍പ്പന്നം മികച്ചതാവണം. പുറമേയുള്ള ഭംഗി മാത്രമല്ല ഉല്‍പ്പന്നത്തിന്റെ നിലവാരവും ഉന്നതമാവണം. കൂടാതെ റീപര്‍ച്ചേസ് തന്ത്രങ്ങള്‍ ഉപയോഗിച്ചും ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ കഴിയും. പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മാത്രമാണ് പാക്കിങ് മികച്ചതാക്കുന്നത്. എന്നതുകൊണ്ട് അവര്‍ വീണ്ടും ഉല്‍പ്പന്നം വാങ്ങണമെന്നില്ല.


5. പേര് സംരക്ഷിക്കുക:

ഇന്ന് ചെറിയ സംരംഭകര്‍ പോലും ബിസിനസിന്റെ പേര് നിയമപരമായി സംരക്ഷിക്കാന്‍ മുന്നോട്ട് വരുന്നുണ്ട്. നിര്‍ബന്ധമായും നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ പേര് തെരഞ്ഞെടുക്കല്‍ വളരെ സൂക്ഷിച്ച് മാത്രം ചെയ്യുക. ലോകത്തില്‍ ആ പേരില്‍ ഒരു സ്ഥാപനം പോലും ഇല്ല എന്ന് ഉറപ്പു വരുത്തുക. കാരണം ഒരിക്കല്‍ തിരഞ്ഞെടുത്ത പേര് ബിസിനസ് ഉള്ളിടത്തോളം കാലം ഉപയോഗിക്കേണ്ടതാണ്. അത് ഇടയില്‍ മാറ്റം വരുത്തുക തീര്‍ത്തും ബുദ്ധിമുട്ടുള്ളതും പണചെലവുള്ളതുമായ കാര്യമാണ്.

FMCG ഉല്‍പ്പങ്ങളുടെ മത്സരം വര്‍ധിക്കാന്‍ കാരണം അത്രയും ആവശ്യക്കാര്‍ ഇതിന് ഉണ്ട് എന്നതുതന്നെയാണ്. വളരെ കൃത്യമായ ആസൂത്രണത്തിലൂടെ പോവുകയാണെങ്കില്‍ വിജയിക്കാന്‍ കഴിയുന്ന മേഖല കൂടിയാണിത്.

(ബ്രാന്‍ഡിസത്തിന്റെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. www.brandisam.com +91 8281868299)

Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it