ബിസിനസില്‍ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ അവസരങ്ങളാക്കൂ, വളര്‍ച്ചക്കായി ഉപയോഗപ്പെടുത്തൂ
നല്ല തിരക്കുള്ള റോഡിലാണ് രമേഷിന്റെ ചായക്കട സ്ഥിതിചെയ്യുന്നത്. രമേഷിന് നല്ല പ്രായമുണ്ട്. ചെറുപ്പം മുതല്‍ ഈ ചായക്കട തന്നെയാണ് അയാളുടെ ബിസിനസ്. രമേഷിന്റെ കട വളരെ പ്രസിദ്ധമാണ്. ചായ കുടിക്കാന്‍ ധാരാളം സ്ഥിരം കസ്റ്റമേഴ്‌സ് അവിടെ എത്തുന്നു. ചായയുടെ രുചിക്കഥകള്‍ പരക്കുന്നതിനനുസരിച്ച് കടയിലെ തിരക്ക് കൂടി വരുന്നു.
ഇത്രയും വര്‍ഷത്തെ ബിസിനസ് പരിചയമുണ്ടായിട്ടും ഒരു കാര്യം ആദ്യമായാണ് രമേശ് ശ്രദ്ധിക്കുന്നത്. വേനല്‍ക്കാലത്തെ കൊടുംചൂടില്‍ ഉച്ചസമയം മുതല്‍ കച്ചവടം നന്നേ കുറവാണ്. ആളുകള്‍ ആ വഴി നടന്നുപോകുന്നുണ്ട്. അവര്‍ക്ക് രമേഷിനെ പരിചയമുണ്ട്. അവര്‍ അയാളെ അഭിവാദ്യം ചെയ്യുന്നു. കടന്നുപോകുന്നു. എന്നാല്‍ വളരെ കുറച്ചു പേര്‍ മാത്രമേ കടയിലേക്ക് കയറുകയും ചായ കുടിക്കുകയും ചെയ്യുന്നുള്ളൂ. ആളുകള്‍ക്കറിയാം അവിടെ നല്ല ചൂടുള്ള, രുചിയുള്ള ചായ കിട്ടുമെന്ന്. എന്നാല്‍ ഈ കൊടുംചൂടില്‍ അവര്‍ക്ക് ചൂടുചായ കുടിക്കുന്ന കാര്യം ആലോചിക്കാന്‍ പോലും വയ്യ.
മാര്‍ക്കറ്റിംഗിലെ ബ്ലൈന്‍ഡ് സ്‌പോട്ട്
മാര്‍ക്കറ്റിംഗില്‍ നമുക്ക് പെട്ടെന്ന് കാണാന്‍ കഴിയാത്ത ചില ബ്ലൈന്‍ഡ് സ്‌പോട്ടുകളുണ്ട്. ഇവ അത്ര പെട്ടെന്ന് കണ്ണില്‍പ്പെടില്ല. ഇത്തരം ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ കണ്ടെത്തേണ്ടതും പരിഹരിക്കേണ്ടതും പ്രധാനമാണെന്ന് നാം മനസ്സിലാക്കേണ്ട ചില സന്ദര്‍ഭങ്ങളുണ്ട്. രമേഷും ഇത് തിരിച്ചറിയുന്നത് ബിസിനസിന് ഇടിവ് സംഭവിച്ചപ്പോഴാണ്. എന്താണ് രമേഷ് കണ്ടെത്തിയത്?
നല്ല ചൂടു സമയത്ത് ചായ കുടിക്കാന്‍ ആളുകള്‍ മടി കാണിക്കുന്നു. എത്ര നല്ല കസ്റ്റമേഴ്‌സ് അതിലൂടെ കടന്നുപോകുന്നു. എന്നാല്‍ അവര്‍ രമേഷിന്റെ കടയിലേക്ക് കയറാന്‍ മടിക്കുന്നു. കാരണം രമേശ് അവിടെ ചൂടു ചായ മാത്രമേ വില്‍ക്കുന്നുള്ളൂവെന്ന് അവര്‍ക്കറിയാം. പൊള്ളുന്ന ചൂടില്‍ ചൂടു ചായ കുടിക്കാന്‍ അവര്‍ വിമുഖത കാട്ടുന്നു. ഈ ബ്ലൈന്‍ഡ് സ്‌പോട്ട് രമേഷ് കണ്ടെത്തി.
♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം
ഇതിന് പരിഹാരം വേണം. രമേഷ് വ്യത്യസ്ത തരങ്ങളിലുള്ള ഐസ് ടീകള്‍ തന്റെ കടയില്‍ വില്‍ക്കാനാരംഭിച്ചു. ഐസ് ടീ ഇവിടെ ലഭ്യമാണ് എന്ന പരസ്യം വലിയ ബോര്‍ഡില്‍ എഴുതി കടയുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഐസ് ടീയുടെ അവതരണം കടയിലെ വില്‍പ്പന ഉയര്‍ത്തി. കൊടും ചൂടില്‍ ഐസ് ടീ കസ്റ്റമേഴ്‌സിന് ആശ്വാസമായി. പതിയെ കസ്റ്റമേഴ്‌സ് കടയില്‍ കൂടിത്തുടങ്ങി. രമേഷിന്റെ തന്ത്രം വിജയം കണ്ടു.
വമ്പനും അടിപതറുന്ന ബ്ലൈന്‍ഡ് സ്‌പോട്ട്
പ്രസിദ്ധമായ ഒരു അന്താരാഷ്ട്ര സ്ഥാപനം തങ്ങളുടെ സ്‌കിന്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് അവതരിപ്പിക്കുകയാണ്. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് അവര്‍ വിപണിയിലേക്ക് പ്രവേശിക്കുന്നത്. ആഴത്തില്‍ നടത്തിയ മാര്‍ക്കറ്റ് റിസര്‍ച്ചും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും മിടുക്കരായ ജീവനക്കാരും വിപണിയിലേക്കുള്ള ഈ വരവിനെ പിന്തുണക്കാനുണ്ട്. എന്നാല്‍ ലോഞ്ചിംഗ് ഡേറ്റ് അടുക്കുംതോറും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് കമ്പനിക്ക് തോന്നിത്തുടങ്ങുന്നു.
ഫോക്കസ് ഗ്രൂപ്പ് നല്‍കിയ ഫീഡ്ബാക്കുകളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ കാണാതെ പോയ ആ ബ്ലൈന്‍ഡ് സ്‌പോട്ട് കമ്പനി കണ്ടെത്തുന്നു. ഇത് അവരെ ഞെട്ടിച്ചു. എത്ര മാത്രം പണം വാരിയെറിഞ്ഞാലും എത്ര മിടുക്കരായ മാര്‍ക്കറ്റേഴ്‌സുണ്ടായാലും ആരും കാണാത്ത ചില ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ മാര്‍ക്കറ്റിംഗില്‍ പ്രതീക്ഷിക്കാം.
ഇന്ത്യന്‍ ജനതയുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളും റോള്‍ മോഡലുകളും മറ്റ് വിപണികളില്‍ നിന്നും തുലോം വ്യത്യസ്തമാണ്. ഈ കമ്പനി ഇന്ത്യയുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ രൂപപ്പെടുത്തുന്ന അതിസൂക്ഷ്മമായ ചില സാംസ്‌കാരിക വൈജാത്യങ്ങളെ കണക്കിലെടുക്കാതെ പോയി. തങ്ങളുടെ ഉല്‍പ്പന്നങ്ങളെ വിപണിയിലേക്ക് അവതരിപ്പിക്കുമ്പോള്‍ ഇന്ത്യന്‍ ജനതയുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് അനുസൃതമായി അവയെ ചിട്ടപ്പെടുത്തുന്നതില്‍ കമ്പനിക്ക് പിഴവു പറ്റി. ഈ ബ്ലൈന്‍ഡ് സ്‌പോട്ടിന്റെ കണ്ടെത്തല്‍ അവരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അവര്‍ക്ക് മറ്റൊരു മാര്‍ക്കറ്റിംഗ് തന്ത്രം രൂപപ്പെടുത്തേണ്ടി വന്നു.
ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ കണ്ടെത്താം, പരിഹരിക്കാം
ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ കണ്ടെത്താന്‍ ആദ്യം വേണ്ട കാര്യം തങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാതിരിക്കുന്ന ചില ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ എല്ലാ മാര്‍ക്കറ്റിംഗിലും ഉണ്ടാകുമെന്ന് അംഗീകരിക്കുകയാണ്. ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ കണ്ടെത്താന്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനം ആവശ്യമാണ്.
1.സമഗ്രമായ ധാരണ (Holistic Undestanding)
ഒരു സര്‍ജന്‍ ശരീരത്തിന്റെ ഉള്‍ഭാഗത്തെ കാണാന്‍ എം.ആര്‍.ഐയെ ഉപയോഗിക്കുന്നത് പോലെ തന്നെയാണ് മാര്‍ക്കറ്റേഴ്‌സ് തങ്ങളുടെ ടെക്‌നിക്കുകളും ടൂള്‍സും മറഞ്ഞുകിടക്കുന്ന ഉള്‍കാഴ്ചകളെ തുറന്നെടുക്കാന്‍ ഉപയോഗിക്കേണ്ടത്. മാര്‍ക്കറ്റ് റിസര്‍ച്ച്, മനശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയവയുടെ തത്വങ്ങള്‍ (Principles) പ്രയോജനപ്പെടുത്തിക്കൊണ്ട് യഥാര്‍ത്ഥത്തിലുള്ള കസ്റ്റമേഴ്‌സ് ആരെന്ന കൃത്യമായ ധാരണയിലേക്ക് എത്തിച്ചേരാന്‍ സാധിക്കും.
2.തുറന്ന മനസ്സ് (Open Mind)
ചിലപ്പോള്‍ ഒരൊറ്റ മാര്‍ക്കറ്റിംഗ് തന്ത്രമോ കാഴ്ചപ്പാടോ വെച്ച് മുന്നോട്ടു പോകുമ്പോള്‍ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ഉണ്ടാകുവാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഏതൊരു കാര്യത്തേയും തുറന്ന മനസ്സോടെ സമീപിക്കുമ്പോഴാണ് സാഹചര്യങ്ങളെ സ്വീകരിക്കാനും മാറ്റങ്ങള്‍ വരുത്തുവാനുമുള്ള മനസ്ഥിതി രൂപപ്പെടുന്നത്. അനുരൂപമായ ഏതൊരു തന്ത്രത്തേയും ഉള്‍ക്കൊള്ളാന്‍ തയ്യാറാവുക.
3.സഹാനുഭൂതി (Empathy)
കസ്റ്റമറുടെ കണ്ണുകളിലൂടെ ലോകത്തെ കാണാന്‍ മാര്‍ക്കറ്റേഴ്‌സിന് സാധിക്കണം. അവരുടെ ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍, അഭിലാഷങ്ങള്‍ ഇവയൊക്കെ തിരിച്ചറിയാനുള്ള നിപുണത നേടിയാല്‍ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ഉടലെടുക്കുന്നത് വേഗത്തില്‍ തിരിച്ചറിയാന്‍ സാധ്യമാകും.
4.നിരന്തരമായ പഠനം (Continuous Learning)
ഒന്നും അതേപോലെ ഒരിക്കലും നിലനില്‍ക്കുന്നില്ല. മാര്‍ക്കറ്റിംഗിന്റെ ലോകം നിരന്തരമായ മാറ്റങ്ങള്‍ക്ക്‌വിധേയമായിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളെ നിരീക്ഷിക്കാനും പഠിക്കാനും നിരന്തരം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാനും സാധിച്ചാല്‍ മാത്രമേ ആഴത്തിലുള്ള ഉള്‍ക്കാഴ്ച സ്വായത്തമാക്കുവാന്‍ കഴിയൂ.
ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ഭയപ്പെടേണ്ട തടസ്സങ്ങളല്ല. അതിനെ അവസരങ്ങളാക്കാനും വളര്‍ച്ചക്കായി ഉപയോഗപ്പെടുത്താനും സാധിക്കും. ഏതൊരു മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിക്കും ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ഉണ്ടാകാം. ഒന്നും പൂര്‍ണ്ണമല്ല, മാറ്റങ്ങള്‍ക്ക് വിധേയവുമാണ്.