ഗറില്ല മാര്‍ക്കറ്റിംഗ്

കുടുംബവുമായി ഷോപ്പിംഗിനായി നഗരത്തിലെ മാളിലെത്തി. ചുറ്റും വര്‍ത്തമാനങ്ങളുടെ ബഹളം. തിരക്കിനിടയിലൂടെ മെല്ലെ നടക്കുമ്പോള്‍ എവിടെനിന്നെന്നറിയില്ല മനോഹരമായ ഒരു ഗാനം ഒഴുകിയെത്തുന്നു. പെട്ടെന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും കുറെ ചെറുപ്പക്കാര്‍ നടുത്തളത്തില്‍ ഒത്തു കൂടി നൃത്തം ചെയ്യാന്‍ തുടങ്ങി. ഞങ്ങളെല്ലാവരും അവര്‍ക്ക് ചുറ്റും കൂടി. ഷോപ്പുകളില്‍ സാധനങ്ങള്‍ വാങ്ങിച്ചു നിന്നവരും ശബ്ദം കേട്ട് ഓടി എത്തി.

ചടുലമായ നൃത്തം. സംഗീതത്തിലും നൃത്തത്തിലും ലയിച്ച് നില്‍ക്കെ അതാ ഗാനം അവസാനിക്കുകയാണ്. നൃത്തം ചെയ്തുകൊണ്ടിരുന്ന കുട്ടികള്‍ തങ്ങളുടെ മേല്‍ക്കുപ്പായം വലിച്ചൂരുന്നു. അവര്‍ അടിയില്‍ ധരിച്ചിരുന്ന ടീ ഷര്‍ട്ടില്‍ ഒരു ബ്രാന്‍ഡിന്റെ പേരും ലോഗോയും അച്ചടിച്ചിരിക്കുന്നു. മാന്ത്രികരെപ്പോലെ അവര്‍ ആള്‍ക്കൂട്ടത്തിലേക്കലിഞ്ഞു ചേര്‍ന്ന് അപ്രത്യക്ഷരാകുന്നു.
ഒരു ദിവസം ജപ്പാനിലെ ടോക്കിയോയില്‍ ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ഒരു തെരുവീഥിയില്‍ യാത്ര ചെയ്തിരുന്നവര്‍ അമ്പരപ്പോടെ നിശ്ചലരാകുന്നു. അവരുടെ കണ്ണുകള്‍ അതിശയത്താല്‍ വിടര്‍ന്നിരിക്കുന്നു. അവര്‍ക്ക് മുന്നില്‍ കാണുന്ന കാഴ്ച വിശ്വസിക്കാനാവുന്നില്ല. പത്തുനിലയുള്ള കെട്ടിടത്തിനു മുകളില്‍ ഒരു കൂറ്റന്‍ പരസ്യ ബോര്‍ഡ്. അതില്‍ നിറഞ്ഞു നില്‍ക്കുന്നത് ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ് ചിത്രമാണ്. മുകളില്‍ നിന്നും ഞാന്നു കിടക്കുന്ന നാടകളില്‍ തൂങ്ങി രണ്ടുപേര്‍ ഫുട്‌ബോള്‍ കളിക്കുകയാണ്. തലകുത്തിയും ചാടിയും മറിഞ്ഞുമുള്ള കളി. നിമിഷങ്ങള്‍ കൊണ്ട് ലോകം മുഴുവന്‍ ഇതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും നിറഞ്ഞു. മാധ്യമങ്ങള്‍ ഇതിനെ 'പ്രഭാതത്തിന്റെ ചിത്രം' (Picture of the morning) എന്ന് വിശേഷിപ്പിച്ചു.
അഡിഡാസ് എന്ന സ്‌പോര്‍ട്‌സ് സാമഗ്രി നിര്‍മാതാക്കളുടെ പരസ്യമായിരുന്നു ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ച ആ ദൃശ്യം. ഒരൊറ്റ പരസ്യത്തിലൂടെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിക്കുക. പണമല്ല പകരം സര്‍ഗാത്മകതയാണ് (Creativtiy)ഇവിടെ താരം. പരമ്പരാഗതമായ (Conventional) മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ നിന്നും തികച്ചും വിഭിന്നമാണിത്. ഇതാണ് ഗറില്ല മാര്‍ക്കറ്റിംഗ് (Guerrilla Marketing)എന്ന തന്ത്രം.
ആദ്യം കണ്ട നൃത്തം ഫ്‌ളാഷ് മോബ് (Flash Mob) എന്ന ഗറില്ല മാര്‍ക്കറ്റിംഗ് രീതിയാണ്. അപ്രതീക്ഷിതമായി, ആര്‍ക്കും മുന്‍കൂട്ടി ഊഹിക്കുവാന്‍ പോലും സാധ്യമല്ലാത്തിടത്ത് ചിലപ്പോള്‍ ഒരു പരസ്യം എന്ന പ്രതീതി പോലും ജനിപ്പിക്കാതെ
ഗറില്ല മാര്‍ക്കറ്റിംഗ്
കാഴ്ച്ചക്കാരന്റെ മനസിനെ കീഴടക്കുന്നു. ദീര്‍ഘകാലത്തിലേക്ക് ഒളിമങ്ങാത്ത അടയാളമാണ് (Impression) മനസില്‍ ഇത് പതിപ്പിക്കുന്നത്. മാര്‍ക്കറ്റിംഗിനായി ശോഷിച്ച ബജറ്റുള്ള ചെറുകിട ബിസിനസുകള്‍ക്ക് അനുയോജ്യമായ മാര്‍ക്കറ്റിംഗ് തന്ത്രമാണ് ഗറില്ല മാര്‍ക്കറ്റിംഗ്.
പരസ്യങ്ങള്‍ക്കായി പണം മുടക്കുക തടിച്ച പോക്കറ്റുള്ള കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് വലിയൊരു പ്രശ്‌നമല്ല. എന്നാല്‍ ചെറിയ ബിസിനസുകളുടെ കാര്യമങ്ങിനെയല്ല. പരസ്യത്തിനായി മുടക്കുന്ന ഓരോ ചില്ലിക്കാശും പാഴാകുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അല്‍പ്പം സമയവും, ഊര്‍ജ്ജവും, സര്‍ഗാത്മകതയും ഭാവനയും ചെലവഴിക്കാന്‍ തയ്യാറെങ്കില്‍ ഗറില്ല മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മെനഞ്ഞെടുക്കാം. കുറഞ്ഞ ചെലവില്‍ കൂടുതല്‍ നേട്ടം കൊയ്യാം.
ഇനി ബസിലോ മെട്രോ ട്രെയിനിലോ കയറുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ഉപയോഗിക്കുന്ന തൂങ്ങിക്കിടക്കുന്ന സ്ട്രാപ്പില്‍ ഒന്ന് ശ്രദ്ധിക്കൂ. അതില്‍ ഒരു പരസ്യം കാണുന്നില്ലേ? നിങ്ങള്‍ പോലും അറിയാതെ ആ ബ്രാന്‍ഡ് നിങ്ങളുടെ മനസിലേക്ക് വാതില്‍ തുറന്നു കഴിഞ്ഞു. ഗോറില്ല മാര്‍ക്കറ്റിംഗ് ചെറിയൊരു മീനല്ല. പരസ്യങ്ങളെ നമുക്ക് പഠിക്കാന്‍ തുടങ്ങാം.


Related Articles
Next Story
Videos
Share it