Begin typing your search above and press return to search.
ഇതാ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള രഹസ്യ സൂത്രം!
മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധം അത്ഭുതകരമാം വിധം മെച്ചപ്പെടുത്താന്‍ ഒരു വഴിയുണ്ടെങ്കിലോ? അതും ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തില്‍...
റോണ്ട ബൈണ്‍ തന്റെ ദി മാജിക് എന്ന ബെസ്റ്റ് സെല്ലിംഗ് പുസ്തകത്തില്‍ ഇത്തരമൊരു വിദ്യയെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഈ വിദ്യ അല്‍പ്പം വിചിത്രമായി തോന്നാമെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പലപ്പോഴായി ഞാനിത് ഉപയോഗിച്ചിട്ടുണ്ട്. ഇത് ഫലിക്കുന്നുണ്ടെന്നത് തീര്‍ച്ചയാണ്.
നമ്മുടെ സുഹൃത്തുക്കള്‍, കുടുംബം, ജീവിതപങ്കാളി, സഹപ്രവര്‍ത്തകര്‍, മേലധികാരി തുടങ്ങി ഏതെങ്കിലും ബന്ധത്തില്‍ ഒരു പ്രശ്നം ഉടലെടുത്താല്‍ മറ്റുള്ളവരില്‍ കുറ്റം കണ്ടെത്താനും അവരെ പഴിക്കാനുമാണ് നാം മുതിരുക.
എന്നാല്‍ അത് ബന്ധം മെച്ചപ്പെടുത്തുന്നില്ല എന്നു മാത്രമല്ല, വിപരീത ഫലമുണ്ടാക്കുകയും ചെയ്യും. മറ്റുള്ളവരെ കുറിച്ച് നിങ്ങള്‍ക്കുള്ള നിഷേധാത്മക ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കും അനുസൃതമായി അവര്‍ പെരുമാറുന്നത് നിങ്ങളുടെ ജീവിതത്തില്‍ തന്നെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ആകര്‍ഷണ നിയമം (Law of Attraction) നമ്മുടെ ജീവിതത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ലളിതമായ ഉദാഹരണമാണിത്. സാര്‍വലൗകികമായ ആകര്‍ഷണ നിയമം പറയുന്നത് ഒരേ തരത്തിലുള്ള ഊര്‍ജം പരസ്പരം ആകര്‍ഷിക്കുന്നതിനെ കുറിച്ചാണ്. അതല്ലെങ്കില്‍ ഇങ്ങനെ പറയാം, നിങ്ങള്‍ എന്തിലാണോ ശ്രദ്ധയൂന്നുന്നത് അതാണ് നിങ്ങളെ ആകര്‍ഷിക്കുന്നത്.
നമ്മുടെ ചിന്തകളും, നമ്മുടെ വികാരങ്ങളും, വിശ്വാസങ്ങളും ഊര്‍ജം പുറത്തുവിടുന്നു. ഇങ്ങനെ പുറത്തുവിടുന്ന ഊര്‍ജത്തിനനുസരിച്ച് നമ്മുടെ ജീവിതത്തിലെ ഓരോ സാഹചര്യങ്ങളും നാം തന്നെ ആകര്‍ഷിക്കുകയാണ്. നിങ്ങളുടെ ജീവിതത്തിലെ പ്രയാസകരമായ ഒരു ബന്ധം മെച്ചപ്പെടുത്തുന്നതിനായി ചെയ്യാവുന്ന കാര്യങ്ങളാണ് ചുവടെ.
* ജീവിതത്തില്‍ മെച്ചപ്പെടുത്തണമെന്നോ ശരിയാക്കണമെന്നോ ആഗ്രഹിക്കുന്ന ഒരു ബന്ധം എടുക്കുക
* ആ വ്യക്തിയോട് നന്ദി പറയേണ്ടതായ പത്തു കാര്യങ്ങളുടെ (ചുരുങ്ങിയത് അഞ്ചു കാര്യങ്ങളെങ്കിലും) പട്ടിക തയാറാക്കുക. എന്തുകൊണ്ടാണ് നന്ദിയുള്ളവരായിരിക്കുന്നതെന്നും വിവരിക്കുക.
* നിങ്ങള്‍ എഴുതിയിരിക്കുന്ന ഓരോ കാരണങ്ങളിലൂടെയും സഞ്ചരിച്ച് കൃതജ്ഞതയെന്ന വികാരം അനുഭവിക്കുക.
ആ വ്യക്തിയെ നന്ദിയോടെ ഓര്‍ക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ആകര്‍ഷണ നിയമപ്രകാരം ആ ബന്ധത്തില്‍ കൂടുതല്‍ നല്ല കാര്യങ്ങള്‍ നാം ആകര്‍ഷിക്കും. നമ്മള്‍ കൂടുതല്‍ നന്ദിയുള്ളവരാകുമ്പോള്‍ ആ ബന്ധം മെച്ചപ്പെടും.
ഈ വിദ്യ പ്രാവര്‍ത്തികമാകണമെങ്കില്‍ അത് ചെയ്യുമ്പോള്‍ ആ വ്യക്തിയോടുള്ള കോപം, കുറ്റപ്പെടുത്തല്‍, നെഗറ്റീവ് വികാരങ്ങള്‍ എന്നിവ ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
എന്റെ മൂത്ത സഹോദരനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഞാന്‍ ഉപയോഗിച്ച വിദ്യയാണിത്. കുട്ടിക്കാലത്ത് എന്റെ സഹോദരനും ഞാനും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടുകയും പരസ്പരം ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഞങ്ങളുടെ വഴക്ക് ഒഴിഞ്ഞ് ശാന്തമായ നിലയിലേക്ക് എത്തുമായിരുന്നെങ്കിലും അടുത്ത വഴക്കിലേക്ക് അധികം വൈകാതെ കടക്കുമായിരുന്നു. ബന്ധം മെച്ചപ്പെടണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അപ്പോഴെല്ലാം ഞാനറിയാതെ തന്നെ എന്തുകൊണ്ട് അതിന് കഴിയില്ല എന്നതിലേക്ക് ശ്രദ്ധ പോകുമായിരുന്നു. പിന്നീട് സഹോദരനെ കുറിച്ച് കൃതജ്ഞതയോടെ ഓര്‍ക്കേണ്ട കാര്യങ്ങളെ കുറിച്ച് എഴുതാന്‍ ഞാന്‍ സമയം കണ്ടെത്തിയപ്പോള്‍ മാറ്റം കണ്ടു തുടങ്ങി. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞപ്പോള്‍ വാഗ്വാദങ്ങളും കലഹവും അവസാനിച്ചുവെന്ന് മാത്രമല്ല, സഹോദരന്‍ എന്നോട് നന്നായി പെരുമാറാന്‍ തുടങ്ങിയെന്ന കാര്യവും എനിക്ക് മനസ്സിലായി.
നെഗറ്റീവ് സ്റ്റോറികള്‍ ഉപേക്ഷിക്കുക
ആകര്‍ഷണ നിയമത്തിന്റെ പ്രവര്‍ത്തന ഫലമായി, ആളുകളെ കുറിച്ചുള്ള നമ്മുടെ ചിന്തകളുടെയും വിശ്വാസങ്ങളുടെയും ഫലം നമ്മള്‍ അനുഭവിക്കുന്നു. അതുകൊണ്ട് കൃതജ്ഞതയുടെ ശക്തി കൂടുതല്‍ കാലം പ്രവര്‍ത്തിക്കാന്‍, എന്തെങ്കിലും നെഗറ്റിവിറ്റി നമ്മളിലുണ്ടെങ്കില്‍ അത് ഒഴിവാക്കണം.
ആളുകളുമായുള്ള നമ്മുടെ ബന്ധത്തിന്റെ സംഗ്രഹം എന്ന നിലയിലോ അല്ലെങ്കില്‍ അവരെകുറിച്ച് വിവരിക്കുന്നതോ ആയ ഒരു കഥ പലപ്പോഴും നമ്മുടെ മനസ്സിലുണ്ടാകും. ഈ കഥകള്‍ നമ്മുടെ ഉപബോധമനസ്സില്‍ ഒരു ടേപ്പ് പോലെ ഓടിക്കൊണ്ടിരിക്കും. ഈ കഥകള്‍ പലതും പോസിറ്റീവും പലതും നെഗറ്റീവും ആയിരിക്കാം. അതായത്, സാറ എല്ലായ്പ്പോഴും എന്നോട് മോശമായി പെരുമാറുന്നു രാഹുലിനും എനിക്കും ഒരിക്കലും ഒത്തുപോകാനാവില്ല എന്റെ മേലധികാരി എപ്പോഴും പരുഷമായി പെരുമാറുന്നു അദ്ദേഹം എല്ലായ്പ്പോഴും എന്നോട് ദേഷ്യപ്പെടുന്നു മഹത്തായ ബന്ധങ്ങളുടെ രഹസ്യം ഒരു വ്യക്തിയുടെ നല്ല ഗുണങ്ങളിലും കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്.
പുറമെ കഠിനമായ പരിശ്രമങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും സുഖപ്പെടുത്താനും ശ്രമിക്കുമ്പോള്‍ തന്നെ ആ വ്യക്തിയെ കുറിച്ച് നിഷേധാത്മക ചിന്തകളും വിശ്വാസങ്ങളും മനസ്സില്‍ വെച്ചു പുലര്‍ത്തുന്നത് ദീര്‍ഘകാലയളവില്‍ ഫലപ്രദമാകില്ല.
എന്നിരുന്നാലും മറ്റൊരു വ്യക്തിയെ കുറിച്ച് നിങ്ങളുടെ മനസ്സില്‍ മെനഞ്ഞ കഥ മാറ്റുന്നതിലൂടെ അവര്‍ നിങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു, പെരുമാറുന്നു എന്നതു കൂടിയാണ് നിങ്ങള്‍ മാറ്റുന്നത്.
നിങ്ങളുടെ ജീവിതത്തില്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരു ബന്ധം എടുത്ത് ഈ വിദ്യ പരീക്ഷിച്ച് നോക്കുക. അതിലൂടെ ബന്ധം എങ്ങനെ മികച്ചതായി മാറുന്നുവെന്നത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. ഏതൊരു ബന്ധവും മെച്ചപ്പെടുത്താന്‍ കൃതജ്ഞതയുടെ പ്രഭാവം കൊണ്ട് ഏതൊരാള്‍ക്കും സാധ്യമാകുമെന്നും മനസ്സിലാക്കാനാകും.
To read more articles from the author
Next Story
Videos