വ്യക്തികളറിയാതെ ഉല്‍പ്പന്നങ്ങളെ പ്രിയപ്പെട്ട ബ്രാന്‍ഡ് ആക്കുന്ന പരസ്യ തന്ത്രങ്ങള്‍

നിങ്ങള്‍ ടെലിവിഷനില്‍ ജൂവല്‍റിയുടെ പരസ്യം കാണുകയാണ്. കല്യാണത്തിന്റെ ആഘോഷം പൊടിപൊടിക്കുന്നു. കുടുംബവും ബന്ധുജനങ്ങളും സുഹൃത്തുക്കളും ആഘോഷത്തിമര്‍പ്പിലാണ്. വധു സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് അതീവ സുന്ദരിയായിരിക്കുന്നു. എങ്ങും ആഹ്ലാദത്തിന്റെ നിറഞ്ഞ ചിരി. അതിനിടയില്‍ അതാ വധുവും അച്ഛനും തമ്മിലുള്ള വൈകാരികമായ നിമിഷങ്ങള്‍. നിങ്ങളും വികാരാധീനനാകുന്നു. നിങ്ങളുടെ കണ്ണുകളും നിറയുന്നു. ആനന്ദവും കണ്ണുനീരും കൂടിക്കലരുന്നു.

അടുത്തത് ചിക്കന്‍ മസാലയുടെ പരസ്യമാണ്. അമ്മ അടുക്കളയില്‍ തിരക്കിട്ട് പാചകം ചെയ്യുന്നു. ചിക്കന്‍ മസാല കറിയില്‍ ചേര്‍ക്കുന്നു. അതിന്റെ കൊതിപ്പിക്കുന്ന ഗന്ധം അവിടമാകെ പരന്നൊഴുകുന്നു. ഊണു മേശയ്ക്കു ചുറ്റും കുടുംബം കാത്തിരിക്കുകയാണ്. അമ്മ ചിക്കന്‍ കറി വിളമ്പുന്നു. ഓരോരുത്തരും കറി രുചിക്കുകയും അതിഗംഭീരമെന്ന് അമ്മയെ അഭിനന്ദിക്കുകയും ചെയ്യുന്നു. തലമുറകളായി ചിക്കന്‍ കറി പാചകം ചെയ്യുമ്പോഴുള്ള അതേ സ്വാദ് തന്നെയെന്ന് അമ്മ ബ്രാന്‍ഡിനെ സാക്ഷ്യപ്പെടുത്തുന്നു.
നിങ്ങളുടെ കണ്‍മുന്നിലൂടെ കടന്നു പോകുന്ന ഓരോ പരസ്യവും ശ്രദ്ധിക്കുക. എത്രയോ ഉല്‍പ്പന്നങ്ങള്‍ കുടുംബം (Family) എന്ന കോണ്‍സെപ്റ്റിനെയാണ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. കുടുംബത്തിന്റെ വൈകാരികമായ നിമിഷങ്ങള്‍ ആ പരസ്യം കാണുന്ന ഓരോരുത്തരുടേയും ഹൃദയത്തെ ഉല്‍പ്പന്നവുമായി ബന്ധിപ്പിക്കുന്നു. അമ്മൂമ്മ കൊച്ചുമകളുടെ മുടി ചീകി അതില്‍ സ്‌നേഹപൂര്‍വ്വം ഹെയര്‍ ഓയില്‍ പുരട്ടുകയാണ്. ഈ പരസ്യം കാണുമ്പോള്‍ ആ ബ്രാന്‍ഡുമായി വൈകാരികമായ ഒരു ബന്ധം പ്രേക്ഷകന് ഉടലെടുക്കുന്നില്ലേ?
ഭാരതത്തിന്റെ സംസ്‌കാരം കുടുംബ ബന്ധങ്ങളില്‍ ഊന്നിയതാണ്. ഇത് അതിവിദഗ്ധമായി ഉല്‍പ്പന്നങ്ങളെ മാര്‍ക്കറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്നു. അച്ഛന്‍ ഇലക്ട്രിസിറ്റി ബില്‍ അടക്കാത്തതിന് മകനോട് കയര്‍ക്കുന്നു. മകന്‍ ഫോണെടുക്കുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ബില്ലടയ്ക്കുന്നു. അച്ചന്റെ കണ്ണുതള്ളുന്നു. അമ്മ ഒരു ചെറു പുഞ്ചിരിയോടെ ഇതൊക്കെ കണ്ടിരിക്കുന്നു. രണ്ട് തലമുറകളും കാലവും മാറ്റവും കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവുമൊക്കെ ഈ പരസ്യത്തിലൂടെ തെളിയുന്നു.
ഒരു ഭാരതീയന്റെ ദിവസം ആരംഭിക്കുന്നതു തന്നെ അടുപ്പില്‍ പാലുകാച്ചിക്കൊണ്ടാണ്. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് രാവിലത്തെ തിളച്ച പാല്. കെല്ലോഗ്‌സ് ബ്രേക്ക്ഫാസ്റ്റ് സെറിയല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ ചൂട് പാലിനൊപ്പം കഴിക്കാന്‍ പറ്റുന്ന പ്രഭാത ഭക്ഷണം എന്നതായി മാറി അവരുടെ പരസ്യം. അത്തരത്തില്‍ ഒരു പരസ്യം ലോകത്ത് മറ്റെവിടെയെങ്കിലും കാണാന്‍ കഴിയുമോ? സംശയമാണ്. ഉല്‍പ്പന്നം വില്‍ക്കുന്ന സ്ഥലത്തെ സംസ്‌കാരങ്ങള്‍, ആചാരങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയൊക്കെ പരസ്യങ്ങളെ സ്വാധീനിക്കും.
പരസ്യ തന്ത്രങ്ങള്‍ (Advertisement Strategies) വെറുതെ മെനഞ്ഞെടുക്കുന്നതല്ലെന്നര്‍ത്ഥം. എന്താണ് പരസ്യത്തിലൂടെ പറയേണ്ടത്? എങ്ങിനെയാണത് പറയേണ്ടത്? എവിടെയാണത് പറയേണ്ടത്? എന്നതൊക്കെ കൃത്യമായി പഠിച്ച് പ്ലാന്‍ ചെയ്താണ് ഓരോ പരസ്യവും തയ്യാറാക്കേണ്ടത്. അതതു നാട്ടിലെ സംസ്‌കാരത്തിനനുസൃതമായി, ആരെയാണോ ലക്ഷ്യം വെക്കുന്നത്, എന്താണോ സംവദിക്കാന്‍ ഉദ്ദേശിക്കുന്നത് ഇതൊക്കെ സൂക്ഷ്മമായി നിറവേറ്റേണ്ട കടമ പരസ്യത്തിനുണ്ട്.
ക്ലോസപ്പ് (Closeup) ബ്രാന്‍ഡിനെ കുറിച്ചോര്‍ക്കുമ്പോള്‍ ചെറുപ്പക്കാരുടെ മനോഹരമായ പുഞ്ചിരി നിങ്ങള്‍ക്കുള്ളിലേക്ക് കടന്നു വരുന്നു. സണ്‍റൈസ് നിങ്ങളില്‍ കുടുംബത്തിന്റെ കുളിര്‍മ്മ സൃഷ്ടിക്കുന്നു. സര്‍ഫ് എക്‌സല്‍ ഒരു കുട്ടിയേയും അമ്മയേയും നിങ്ങളുടെ ഹൃദയത്തിലേക്ക് എടുത്തുവെക്കുന്നു. ലക്‌സ് വിവിധ സെലിബ്രിറ്റികളുടെ മുഖങ്ങള്‍ മനസിലേക്ക് കടത്തി വിടുന്നു. ഓരോ പരസ്യത്തിനും കൃത്യമായ ലക്ഷ്യമില്ലേ? നിങ്ങള്‍ ചിന്തിക്കൂ.
നിങ്ങളുടെ ഉല്‍പ്പന്നത്തെ വെറുതെ പരിചയപ്പെടുത്തുകയല്ല പരസ്യത്തിന്റെ ലക്ഷ്യം. ഒരു പരസ്യത്തിനു തന്നെ പലവിധ ദൗത്യങ്ങളുണ്ട്. ദീര്‍ഘ കാലയളവില്‍ ഉല്‍പ്പന്നത്തിന്റെ വ്യക്തിത്വം പരുവപ്പെടുത്തുക പരസ്യത്തിന്റെ കടമയാണ്. പരസ്യ തന്ത്രങ്ങള്‍ ഉല്‍പ്പന്നം വില്‍ക്കാനും അതിനൊപ്പം മികച്ചൊരു ബ്രാന്‍ഡ് സൃഷ്ടിക്കാനും ഉതകുന്നതാവണം.



Related Articles
Next Story
Videos
Share it