'ക്യാറ്റ്ഫിഷ് മാനേജ്മെന്റ്' ഉപയോഗിച്ച് നിങ്ങള്‍ക്കും ബിസിനസ് വളര്‍ത്താം

കടലില്‍ പോയി മത്തികളെ (Sardines) പിടിച്ച് ജീവനോടെ വിപണിയില്‍ എത്തിക്കുന്ന ഒരു നോര്‍വീജിയന്‍ മീന്‍പിടുത്തക്കാരന്റെ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ? ജീവനുള്ള മത്തികള്‍ക്ക് ചത്ത മത്തികളെക്കാള്‍ ഇരട്ടി വില ലഭിക്കും. ഉള്‍ക്കടലില്‍ നിന്നും പിടിക്കുന്ന മത്തികളെ ജീവനോടെ വിപണിയിലെത്തിക്കുക മീന്‍പിടുത്തക്കാര്‍ക്ക് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. കരയിലേക്കുള്ള ദീര്‍ഘ ദൂര യാത്രയില്‍ മത്തികളുടെ ജീവന്‍ നിലനിര്‍ത്തുക തികച്ചും അസാധ്യമായ പ്രവൃത്തിയായാണ് കരുതിയിരുന്നത്.

അവിടെയാണ് നമ്മുടെ കഥയിലെ മീന്‍പിടുത്തക്കാരന്‍ വ്യത്യസ്തനാകുന്നത്. മീന്‍പിടുത്തത്തിന് പോകുന്ന മറ്റ് ബോട്ടുകള്‍ ചത്ത മത്തികളുമായി കരയിലേക്കെത്തുമ്പോള്‍ ഈ മീന്‍പിടുത്തക്കാരന്‍ ജീവനുള്ള മത്തികളുമായാണ് മടങ്ങി വരാറുള്ളത്. ഇദ്ദേഹം മരിക്കുന്നത് വരെ അതിന്റെ രഹസ്യം പുറത്തു വിട്ടിരുന്നില്ല. മരണശേഷം സഹായികളാണ് അത് പുറം ലോകത്തിന് വെളിപ്പെടുത്തിയത്.
വളരെ ലളിതമായ ഒരു തന്ത്രമായിരുന്നു ഈ മീന്‍പിടുത്തക്കാരന്‍ പ്രയോഗിച്ചത്. കടലില്‍ നിന്നും ജീവനോടെ പിടിക്കുന്ന മത്തികളെ ഇടുന്ന ടാങ്കില്‍ ഇദ്ദേഹം ഒരു മുഷിയെ (Catfish) ഇടും. ഈ മുഷി ടാങ്കില്‍ കിടക്കുന്ന മത്തികളുടെ പിന്നാലെ പാഞ്ഞുകൊണ്ടിരിക്കും. മത്തികള്‍ ജീവന്‍ രക്ഷിക്കാന്‍ നിരന്തരം നീന്തിക്കൊണ്ടേയിരിക്കും. പിടിക്കുമ്പോഴുള്ള അതേ പുതുമയോടെ ജീവനുള്ള മത്തികളെ വിപണിയില്‍ എത്തിക്കുവാന്‍ ഈ മീന്‍പിടുത്തക്കാരന് സാധിച്ചിരുന്നു. ചില തന്ത്രങ്ങള്‍ക്ക് മുന്നില്‍ നാം നമിച്ചേ പറ്റൂ.
ബിസിനസിലേക്ക് ഒന്ന് നോക്കൂ. മടിയന്മാരായ മത്തികളെപ്പോലുള്ള ജീവനക്കാരെ കണ്ടെത്തുവാന്‍ സാധിക്കും. നല്ല വേതനവും മറ്റ് ആനുകൂല്യങ്ങളും സ്ഥിരമായി, അല്ലലുകളൊന്നുമില്ലാതെ ലഭ്യമായിക്കൊണ്ടിരിക്കുമ്പോള്‍ ജീവനക്കാരില്‍ ക്രമേണ അലസത പ്രകടമായിത്തുടങ്ങും. ജോലി ചെയ്യുന്നതില്‍ മുന്‍പുള്ള ഉത്സാഹം അസ്തമിക്കുകയും ഈ അവസ്ഥ സാവധാനം ബിസിനസിനെ മുരടിപ്പിലേക്ക് നയിക്കുകയും ചെയ്യും. ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വലിയൊരു മാറ്റം ബിസിനസില്‍ ആവശ്യമാണ്. കഥയിലെ മീന്‍പിടുത്തക്കാരന്റെ ക്യാറ്റ്ഫിഷ് തന്ത്രം ബിസിനസിലും ഉപയോഗിക്കാം.
മത്സരം ഒരിക്കലും വെറുതെയിരിക്കാന്‍ ഒരു വ്യക്തിയെ അനുവദിക്കില്ല. പ്രവര്‍ത്തിക്കാത്തവര്‍ പിന്തള്ളപ്പെടും. മത്തികള്‍ക്ക് തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നീന്തിക്കൊണ്ടിരിക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ. എപ്പോള്‍ ഓട്ടം നിര്‍ത്തുന്നോ അപ്പോള്‍ മുഷിയുടെ (Catfish) പിടിയില്‍ അകപ്പെടും. ഇത്തരമൊരു പരിതസ്ഥിതി മാനേജ്മന്റില്‍ സൃഷ്ടിക്കുകയാണ് അലസതയില്‍ നിന്നും ജീവനക്കാരെ ഉണര്‍ത്തുവാനും ബിസിനസില്‍ കൂടുതല്‍ നേട്ടങ്ങള്‍ നേടിയെടുക്കുവാനുമുള്ള മാര്‍ഗ്ഗം.
സംരംഭത്തിനുള്ളില്‍ വ്യക്തികള്‍ തമ്മിലും ടീമുകള്‍ തമ്മിലുമുള്ള ഗുണപരമായ മത്സരം സൃഷ്ടിക്കുകയാണ് ക്യാറ്റ്ഫിഷ് മാനേജ്മന്റിലൂടെ ചെയ്യുന്നത്. ജീവനക്കാര്‍ സമ്മര്‍ദ്ദം അനുഭവിച്ചു തുടങ്ങണം. തങ്ങളുടെ നിലനില്‍പ്പ് പ്രവര്‍ത്തന മികവു കൊണ്ടു മാത്രമേ സംരക്ഷിക്കപ്പെടുകയുള്ളൂ എന്ന ബോധം അവരില്‍ ഉണരണം. ഒരു ടീമിനെ നയിക്കുന്ന മാനേജര്‍ ഉത്സാഹം നഷ്ടപ്പെട്ടവനും തന്റെ ഇപ്പോഴത്തെ സ്ഥിതിയില്‍ തൃപ്തനായി മുന്നോട്ട് പോകുന്നതുമായ ഒരാളാണെങ്കില്‍ ആ ടീമില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കുവാന്‍ മാനേജ്മെന്റിന് കഴിയില്ല. കഴിവുള്ള വ്യക്തികള്‍ അത്തരം ടീമുകളില്‍ ഉണ്ടെങ്കില്‍ അവര്‍ കമ്പനി വിട്ടുപോകുകയും ചെയ്യും.
ആരോഗ്യപരമായ മത്സരം ബിസിനസിനുള്ളില്‍ നിലനിര്‍ത്താന്‍ മാനേജ്മെന്റ് ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. ഉത്സാഹവും ആക്രമണോത്സുകതയുള്ള യുവാക്കളായ പുതിയ ജീവനക്കാരെ കൂട്ടിച്ചേര്‍ത്തുകൊണ്ട് നിലവിലുള്ള പാറ്റേണ്‍ പൊട്ടിച്ചെടുക്കാം. യാഥാസ്ഥിതിക രീതിയില്‍, തങ്ങളുടെ സ്വാസ്ഥ്യമണ്ഡലത്തില്‍ (Comfort Zone) മെച്ചപ്പെടുത്തലുകളില്ലാതെ മുന്നോട്ടു പോകുന്ന ജീവനക്കാര്‍ക്ക് കൃത്യമായ തോതിലുള്ള സമ്മര്‍ദ്ദം നല്‍കുകയും മത്സരത്തിനായുള്ള അവസരം തുറന്നെടുക്കുകയും ചെയ്യുക. ക്യാറ്റ്ഫിഷ് ഇഫക്റ്റ് (Catfish Effect) തന്ത്രപരമായി ഉപയോഗപ്പെടുത്തുക.


Related Articles
Next Story
Videos
Share it