കച്ചവടം കുറയുമ്പോള്‍ മാത്രമല്ല ചെയ്യേണ്ടത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കും ബിസിനസ് വിജയകരമാക്കാം

മാര്‍ക്കറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഉത്പാദനത്തില്‍ മാത്രം ശ്രദ്ധിക്കുന്നവരുമുണ്ട്
image credit : canva
image credit : canva
Published on

'നല്ല രീതിയില്‍ കച്ചവടം നടക്കുന്നുണ്ട്, ഈ സമയത്ത് എന്തിനാ മാര്‍ക്കറ്റിംഗ് ചെയ്യുന്നത്?' ചില സംരംഭകരെങ്കിലും ഇത്തരത്തില്‍ ചിന്തിക്കാറുണ്ട്. കച്ചവടം കുറവാകുമ്പോള്‍ മാത്രം മാര്‍ക്കറ്റിംഗ് ചെയ്യുക, അല്ലാത്തപ്പോള്‍ നിലവിലെ ബിസിനസ് മാത്രം കേന്ദ്രീകരിച്ച് പോവുന്ന സമീപനം. ഇത് ആരോഗ്യകരമായ ഒരു ബിസിനസ് സിസ്റ്റം നിര്‍മിക്കുന്നതിന് തടസ്സമായേക്കാം. മാര്‍ക്കറ്റിംഗ് ഒറ്റത്തവണ ചെയ്യേണ്ട സംഭവമല്ല; ഏതൊരു വിജയകരമായ ബിസിനസ്സിന്റെയും ജീവനാഡിയണ് തുടര്‍ച്ചയായ മാര്‍ക്കറ്റിംഗ്.

ഏതുതരം മാര്‍ക്കറ്റിംഗ്?

ഒരു മാര്‍ക്കറ്റിംഗ് പ്ലാന്‍ നിര്‍മിക്കുമ്പോള്‍ അതില്‍ ഉള്‍ക്കൊള്ളേണ്ട പ്രധാന ഘടകങ്ങളില്‍ ഒന്ന്, മാര്‍ക്കറ്റിംഗ് രീതികളാണ്. അതായത് രണ്ടുതരം ലക്ഷ്യങ്ങള്‍ വച്ചായിരിക്കണം മാര്‍ക്കറ്റിംഗ് രീതികള്‍ തീരുമാനിക്കേണ്ടത്. ഒന്നാമത്തെ ലക്ഷ്യം ഉടനടി വില്പന സാധ്യമാകണം, രണ്ട് ദീര്‍ഘകാലത്തേക്ക് ബ്രാന്‍ഡ് അവബോധം ആളുകളില്‍ ഉണ്ടാകണം. ഉടനടിയുള്ള വില്‍പ്പന മാത്രം ലക്ഷ്യം വച്ച് ചെയ്യുന്ന മാര്‍ക്കറ്റിംഗ് വഴി ബ്രാന്‍ഡ് വളര്‍ത്താന്‍ കഴിഞ്ഞെന്നുവരില്ല. ഈ രണ്ട് ഘടകങ്ങള്‍ ഉള്‍കൊള്ളിച്ചു വേണം മാര്‍ക്കറ്റിംഗ് കലണ്ടര്‍ നിര്‍മിക്കാനും അത് തുടര്‍ച്ചയായി നടപ്പാക്കാനും.

മാര്‍ക്കറ്റിംഗ് ബജറ്റ്?

ഏറ്റവും മികച്ച അടിസ്ഥാന സൗകര്യം ഒരുക്കി, മികച്ച ഉത്പന്നം നിര്‍മിച്ചാല്‍ വില്‍പന നടക്കുമോ? ഒരിക്കലുമില്ല. ആളുകള്‍ക്കിടയില്‍ ഈ ഉത്പന്നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. എന്നാല്‍ മാര്‍ക്കറ്റിംഗിന് ഒട്ടുംതന്നെ പ്രാധാന്യം നല്‍കാതെ ഉത്പാദനത്തില്‍ മാത്രം പണം നിക്ഷേപിക്കുന്ന സംരംഭകരും നമുക്കിടയിലുണ്ട്. ഒരു ഉത്പന്നം നിര്‍മിക്കുന്നതിന് മുമ്പുതന്നെ അതിന്റെ മാര്‍ക്കറ്റിംഗ് പ്ലാന്‍ ഉണ്ടാക്കുകയും അത് നടപ്പാക്കുന്നതിനുള്ള ബജറ്റ് കണക്കാക്കുകയും ചെയ്യണം. മാര്‍ക്കറ്റിംഗ് ബജറ്റ്, മാര്‍ക്കറ്റിംഗ് തന്ത്രത്തെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കേണ്ടത്. കൂടുതല്‍ പണം മാര്‍ക്കറ്റിംഗിനായി ചെലവഴിച്ചാലേ വില്പന വര്‍ധിക്കുള്ളു എന്ന തത്വം ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ അപ്രസക്തമാണ്. മികച്ച കണ്ടെന്റുകള്‍ പണച്ചെലവില്ലാതെ ആളുകളിലേക്ക് എത്തിക്കാന്‍ ഇന്നത്തെ കാലത്ത് സാധിക്കും.

മാര്‍ക്കറ്റിംഗ് ഹെഡ്?

തുടക്കത്തില്‍ ഒരു ബിസിനസിലെ മാര്‍ക്കറ്റിംഗ് ഹെഡ് ആരായിരിക്കണം? അത് ഒരു ജീവനക്കാരനാവരുത്! സംരംഭകന്‍ തന്നെയാവുന്നതാണ് ഏറ്റവും ഉചിതം. ബിസിനസിലെ പല തീരുമാനങ്ങളും വിപണിയെ അടിസ്ഥാനമാക്കിയാണ് എടുക്കേണ്ടത്. ഇതറിയാന്‍ വിപണിയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുക തന്നെ വേണം. അത് തുടക്കത്തില്‍ ചെയ്യേണ്ടത് സംരംഭകര്‍ തന്നെയാണ്. ഉപയോക്താക്കളുടെ അഭിപ്രായം, മത്സരം തുടങ്ങിയവ അടുത്തറിയാന്‍ ഇത് സഹായിക്കും, അതുവഴി ഉത്പന്നത്തില്‍ അഴിച്ചുപണിക്കും, മാര്‍ക്കറ്റിംഗ് തന്ത്രം പരിഷ്‌കരിക്കാനും സാധിക്കും.

തുടര്‍ച്ചയായ മാര്‍ക്കറ്റിംഗ് പ്ലാന്‍ പിന്തുടരുന്നതിനോടൊപ്പം ചില സാഹചര്യങ്ങളില്‍ മാര്‍ക്കറ്റിംഗ് കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്.

1. ഒരു പുതിയ ഉത്പ്പന്നമോ സേവനമോ മാര്‍ക്കറ്റില്‍ ഇറക്കുമ്പോള്‍ നിരന്തരമായി ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി, തന്ത്രപരമായ, ശക്തമായ, താത്കാലിലമായ ഒരു മാര്‍ക്കറ്റിംഗ് കാമ്പെയ്ന്‍ ആവശ്യമാണ്.

2. പുതിയ ബിസിനസുകള്‍ക്ക്, ബ്രാന്‍ഡിനെക്കുറിച്ചുള്ള അറിവ് ഉണ്ടാക്കിയെടുക്കല്‍ നിര്‍ണായകമാണ്. വിവിധ മാര്‍ഗങ്ങളിലൂടെയുള്ള സ്ഥിരമായ മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിന്റെ വിസിബിലിറ്റി വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ടാര്‍ഗെറ്റ് പ്രേക്ഷകരില്‍ വിശ്വാസം വളര്‍ത്തുകയും ചെയ്യും.

3. വില്‍പ്പനയിലുണ്ടാകുന്ന മാന്ദ്യം സ്വാഭാവികമാണ്. താത്കാലികമായി നല്‍കുന്ന പ്രത്യേക ഓഫറുകളോ പ്രത്യേകം തയ്യാറാക്കിയ പ്രമോഷനുകളോ മറ്റ് വില്‍പ്പന തന്ത്രങ്ങളോ വഴി ഉപയോക്താക്കളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയും

4. വിപണി ചലനാത്മകമാണ്, പുതിയ എതിരാളികള്‍ പതിവായി ഉയര്‍ന്നുവരും. മത്സരത്തില്‍ വിജയിക്കാനുള്ള തന്ത്രപരമായ മാര്‍ക്കറ്റിംഗ് ഇടയ്ക്കിടെ പ്രയോഗിക്കേണ്ടതുണ്ട്.

5. ഇന്‍ഡസ്ട്രിയിലെ പുതിയ ട്രെന്‍ഡുകള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കാനാകും. നിങ്ങളുടെ ഉല്‍പ്പന്നമോ സേവനമോ ഈ ട്രെന്‍ഡുകളുമായി യോജിക്കുന്നുവെന്നു കാണിക്കുന്ന തരത്തിലുള്ള മാര്‍ക്കറ്റിംഗ് ക്യാമ്പെയിനുകള്‍ നടത്തേണ്ടി വരും.

6. നിങ്ങളുടെ വിശ്വസ്തരായ നിലവിലെ ഉപയോക്താക്കളെ അവഗണിക്കരുത്! ലോയല്‍റ്റി പ്രോഗ്രാമുകള്‍ അല്ലെങ്കില്‍ എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ പോലെയുള്ള പതിവ് മാര്‍ക്കറ്റിംഗ് വഴി, ഉപയോക്തൃ ബന്ധങ്ങള്‍ പരിപോഷിപ്പിക്കുകയും ആവര്‍ത്തിച്ചുള്ള ബിസിനസ്സ് പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

7. മാര്‍ക്കറ്റിംഗ് എന്നത് റേഡിയോ പോലെ അങ്ങോട്ട് മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന സംഗതിയാകരുത്. അതൊരു സംഭാഷണമാണ്. ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ തേടുന്നതും മാര്‍ക്കറ്റിഗിന്റെ തന്ത്രമാണ്. നിങ്ങളുടെ ഉത്പന്നങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും ഇത് സഹായിക്കും.

Siju Rajan

Business and Brand Consultant

CEO & Co-Founder - BRANDisam LLP

www.sijurajan.com

+91 8281868299

info@sijurajan.com

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com