കാലത്തിനൊത്ത് മാറ്റിയോ നിങ്ങള്‍ ബ്രാന്‍ഡിനെ?

നിങ്ങളോട് മകള്‍ പറയുന്നു ''അച്ഛാ, എനിക്കൊരു ഡ്രസ്സ് വാങ്ങണം.'' നിങ്ങള്‍ മകളേയും കൂട്ടി നഗരത്തിലെ പ്രശസ്തമായ വസ്ത്രശാലയിലേക്ക് യാത്രയാകുന്നു. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള, നിങ്ങള്‍ക്ക് വളരെയേറെ ഇഷ്ടപ്പെട്ട കടയാണ്. പൂര്‍ണ്ണ വിശ്വാസമുള്ളത്. എന്നാല്‍ മകള്‍ നിങ്ങളെ തടുക്കുന്നു ''അച്ഛാ, നമുക്ക് പോകേണ്ടത് സുഡിയോയിലേക്കാണ് (Zudio)'

അതെ, പുതിയ തലമുറ വസ്ത്രങ്ങള്‍ വാങ്ങാന്‍ തിരഞ്ഞെടുക്കുന്ന ഷോപ്പുകള്‍ ശ്രദ്ധിക്കൂ. മാക്‌സ് (Max), ട്രെന്‍ഡ്‌സ് (Trends), സുഡിയോ (Zudio), എം & എച്ച് (M & H) അല്ലെങ്കില്‍ മറ്റ് ബ്രാന്‍ഡഡ് ന്യൂ ജെന്‍ ഷോപ്പുകള്‍. അവര്‍ പഴയ ഇടങ്ങളില്‍ പോകാന്‍ മടിക്കുന്നു. അവരുടെ മനസ്സില്‍ ആ ഷോപ്പുകളുടെ ഇമേജ് നിങ്ങള്‍ക്കുള്ളതിലും തികച്ചും വ്യത്യസ്തമാണ്. നിങ്ങള്‍ സാരി വാങ്ങാന്‍ അവിടെ പൊയ്‌ക്കൊള്ളൂ എന്നാല്‍ ഞങ്ങളുടെ വസ്ത്രങ്ങള്‍ അവിടെനിന്നും വേണ്ട, അവര്‍ പറയും.

ഇതേ അവസ്ഥയാണ് ലോകപ്രശസ്ത ഫാഷന്‍ ബ്രാന്‍ഡായ ഗുച്ചി (GUCCI) ഒരിക്കല്‍ അനുഭവിച്ചത്. പുതിയ തലമുറ തങ്ങളുടെ ബ്രാന്‍ഡിനോട് പ്രതിപത്തി കാണിക്കുന്നില്ല എന്നവര്‍ ഞെട്ടലോടെ മനസ്സിലാക്കി. ബ്രാന്‍ഡിനൊപ്പം അവരുടെ ഉപഭോക്താക്കളും വയസ്സായിക്കഴിഞ്ഞു. പുതു തലമുറയില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ ബ്രാന്‍ഡിന് കഴിയുന്നില്ല. ഗുച്ചി (GUCCI) പുതുതലമുറയുടെ സംസ്‌കാരത്തെയല്ല പ്രതിഫലിപ്പിക്കുന്നത്. തങ്ങളുടെ ബ്രാന്‍ഡ് വിപണിയില്‍ വലിയൊരു അപകടം അഭിമുഖീകരിക്കുന്നത് അവര്‍ മുന്‍കൂട്ടി കണ്ടു.

ഗുച്ചി (GUCCI) ബ്രാന്‍ഡിനെ റീപൊസിഷന്‍ (Reposition) ചെയ്യാന്‍ തീരുമാനിച്ചു. തങ്ങളുടെ ഇറ്റാലിയന്‍ വേരുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അവര്‍ ന്യൂ ജെന്‍ ബ്രാന്‍ഡായി തങ്ങളെ റീപൊസിഷന്‍ ചെയ്തു. ഉപഭോക്താക്കളുടെ മനസ്സില്‍ ബ്രാന്‍ഡിനെക്കുറിച്ച് ആഴത്തില്‍ വേരൂന്നിയ പ്രതിച്ഛായ (Image) അവര്‍ പുനര്‍ക്രമീകരിച്ചു. ബ്രാന്‍ഡ് ലോഗോ കുറെക്കൂടി സൗന്ദര്യാത്മകമാക്കി. സമകാലികമായ (Contemporary) ഡിസൈനുകള്‍ പുറത്തിറക്കി. യുവതലമുറയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. തികച്ചും വ്യത്യസ്തമായ ഇമേജിലേക്ക് ഗുച്ചി (GUCCI) പരിവര്‍ത്തനം ചെയ്യപ്പെട്ടു. റീപൊസിഷനിംഗ് (Repositioning) അങ്ങനെ ഗുച്ചിയുടെ രക്ഷക്കെത്തി.

ഓരോ ബ്രാന്‍ഡും ഉപഭോക്താക്കളുടെ മനസ്സില് സൃഷ്ടിക്കുന്ന ഒരു ഇമേജുണ്ട്. ഇതൊരു വൈകാരികമായ ബന്ധമാണ്. ഈ ബ്രാന്‍ഡ് എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് ഉപഭോക്താവ് ചിന്തിക്കുന്നത് ഉടലെടുക്കപ്പെട്ട ഈയൊരു ഇമേജിന്റെ അടിസ്ഥാനത്തിലാണ്. പഴയ തലമുറ കണ്ടും കേട്ടും അനുഭവിച്ചും വന്ന ഒരു ബ്രാന്‍ഡ് പുതിയ തലമുറയ്ക്ക് സ്വീകാര്യമല്ലാതാകുന്നത് ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ഇമേജ് കൊണ്ടാണ്. അത്തരം ഘട്ടങ്ങളില്‍ പഴയ പ്രതിച്ഛായ മാറ്റി പുതിയൊരു ബ്രാന്‍ഡ് പ്രതിച്ഛായ പ്രതിഷ്ടിക്കുവാന് റീപൊസിഷനിംഗ് (Repositioning) തന്ത്രം സഹായിക്കും.

മുത്തച്ഛനോടോ അച്ഛനോടോ ഒരു ബോഡി വാഷിന്റെ പേര് പറയാന്‍ പറഞ്ഞാല്‍ അവര്‍ പറയുക ഓള്‍ഡ് സ്‌പൈസ് (Old Spice) എന്നാവും. കാരണം ആ ബ്രാന്‍ഡ് പഴയ തലമുറയുമായി അത്രയ്ക്ക് അഗാധമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ Axe വിപണിയിലേക്കെത്തിയപ്പോള്‍ കളി മാറി. അതൊരു പുതു തലമുറ ബ്രാന്‍ഡായി വിപണിയില്‍ ഇമേജ് സൃഷ്ടിച്ചു. Old Spice വയസ്സന്മാരുടെ ബ്രാന്‍ഡായി. ഈ ഇമേജില്‍ നിന്നും എങ്ങിനെ രക്ഷപ്പെടും? Old Spice റീപൊസിഷനിംഗ് ചെയ്യാന്‍ തീരുമാനിച്ചു. അവരുടെ 'Smell Like a Man, Man' പരസ്യ ക്യാമ്പയിന്‍ നമ്മെ വലിയൊരു പാഠം പഠിപ്പിക്കുന്നു. ഒരു പരസ്യവും സോഷ്യല്‍ മീഡിയയും ബുദ്ധിപരമായി ഉപയോഗിക്കാമെങ്കില്‍ ഏത് ബ്രാന്‍ഡിനും പുതിയ മുഖം വാര്‍ത്തെടുക്കാം.

ബിസിനസില്‍ വളര്‍ച്ച വഴിമുട്ടി നില്‍ക്കുമ്പോള്‍, എതിരാളികള്‍ നിങ്ങളെ വിപണിയില്‍ കവച്ചുവെക്കുമ്പോള്‍, ഉപഭോക്താക്കള്‍ നിങ്ങളുടെ ബിസിനസിനോട് അകലം പാലിക്കുമ്പോള്‍ റീപൊസിഷനിംഗ് (Repositioning) തന്ത്രം തീര്ച്ചയായും ഉപയോഗിക്കാം.


Related Articles

Next Story

Videos

Share it