റോള്‍സ് റോയ്‌സും വില കൊണ്ട് വിപണി കീഴടക്കും തന്ത്രവും

അത്യപൂര്‍വ്വമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (SMA) എന്ന അസുഖം ബാധിച്ച് ഒരു കുട്ടി കിടപ്പിലാണ്. അവനെ രക്ഷിക്കുവാന്‍ ലോകത്തില്‍ ഒരേ ഒരു മരുന്നിന് മാത്രമേ കഴിയുകയുള്ളൂ. എന്നാല്‍ സോള്‍ജെന്‍സ്മയെന്ന (Zolgensma) മരുന്ന് സംഘടിപ്പിക്കുക അത്ര എളുപ്പമല്ല. കാരണം ആ മരുന്നിന്റെ വില 18 കോടി ഇന്ത്യന്‍ രൂപയാണ്. ഒരൊറ്റ ഡോസ് മരുന്നിന്റെ വിലയാണ് ഇതെന്നോര്‍ക്കണം. സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങള്‍ കൈകോര്‍ക്കുകയും പണം ശേഖരിക്കുകയും ചെയുന്നു. മരുന്ന് കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നു. നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടാകാം, ഇതൊരു നടന്ന സംഭവമാണ്.


നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. എന്ത് കൊണ്ടാണ് ഈ മരുന്നിനു ഇത്ര തീവില? ഇത്തരം ജീവന്‍ രക്ഷാഔഷധങ്ങള്‍ വിലക്കുറവില്‍ ലഭ്യമാകേണ്ടതല്ലേ? ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി എന്തിനാണിത്ര വില സോള്‍ജെന്‍സ്മയ്ക്ക് ഈടാക്കുന്നത്? നിങ്ങളുടെ മനസ്സില്‍ സംശയങ്ങള്‍ നുരയുകയാണ്. മരുന്നിന്റെ വിലയെക്കുറിച്ച് കേട്ടവരെല്ലാം മൂക്കില്‍ വിരല്‍വെക്കുന്നു.

ഇത്തരം അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ കേട്ടാല്‍ ഞെട്ടുന്ന വിലയാണ് മരുന്നുകള്‍ക്ക് ഈടാക്കുന്നത്. ഒരു ഡോസ് മരുന്നിന് 18 കോടി രൂപയെന്നത് നമുക്ക് ദഹിക്കുന്നില്ല. ഇവിടെ അസുഖവും അതിനുള്ള പ്രതിവിധിയും അത്യപൂര്‍വ്വമാകുന്നു. ചില ഉല്‍പ്പന്നങ്ങളുടെ വിലകള്‍ നമ്മെ വിഭ്രമിപ്പിക്കുന്നു. നമുക്കതിന്റെ യുക്തി മനസ്സിലാകുന്നതേയില്ല. ഇത്തരം മരുന്നുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ എങ്ങിനെയാണ് വിലനിര്‍ണ്ണയിക്കുന്നത്?

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (SMA) പോലുള്ള അത്യസാധാരണമായ ജനിതക അസുഖങ്ങള്‍ (Genetic Deceases) ഭൂമിയില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ബാധിക്കാറുള്ളൂ. അതായത് ഈ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കുള്ള വിപണി (Market) വളരെയധികം ചെറുതാണ്. സാധാരണ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ വിറ്റുപോകുന്നത് പോലെ ഇവയുടെ വില്‍പ്പന നടക്കില്ല. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ വിപണികളാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കുള്ളത് എന്നുതന്നെ പറയാം.

അപൂര്‍വ്വങ്ങളായ ഔഷധങ്ങള്‍ നിര്‍മ്മിച്ചെടുക്കുക എളുപ്പവുമല്ല. വര്‍ഷങ്ങളുടെ നീണ്ട പ്രയത്‌നവും തയ്യാറെടുപ്പും ഇതിനായി ആവശ്യമുണ്ട്. അപൂര്‍വ്വങ്ങളായ മരുന്നുകളുടെ ഗവേഷണത്തിനും നിര്‍മ്മാണത്തിനുമായി വലിയ മൂലധന നിക്ഷേപവും അനിവാര്യമാണ്. വല്ലപ്പോഴും മാത്രം വില്‍പ്പന നടക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ പൊന്നുംവിലയുള്ളതായി മാറുന്നതിനുള്ള കാരണവും മറ്റൊന്നല്ല.

തങ്ങളുടെ നിര്‍മ്മാണ, വിപണന പരിശ്രമങ്ങള്‍ക്കനുസരിച്ച് മതിയായ ലാഭം ലഭിക്കുന്ന രീതിയിലാണ് ഇങ്ങനെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുന്നത്. വിപണിയുടെ വലുപ്പം പരിമിതമാകുമ്പോള്‍ വിലയും അതിനനുസരിച്ച് ചിട്ടപ്പെടുത്തുന്നു. സോള്‍ജെന്‍സ്മ പോലുള്ള അപൂര്‍വ്വ ഔഷധങ്ങള്‍ക്ക് എന്തുകൊണ്ടാണ് കൈപൊള്ളുന്ന വിലയെന്ന് നിങ്ങള്‍ക്കിപ്പോള്‍ മനസ്സിലായിക്കാണും.

ലോകത്തില്‍ തന്നെ ഏകദേശം അയ്യായിരത്തോളം കാറുകള്‍ മാത്രമാണ് റോള്‍സ് റോയ്‌സ് (Rolls Royce) ഒരു വര്‍ഷം വില്‍പ്പന നടത്തുന്നത്. അവരുടെ വാഹനങ്ങളുടെ വില സാധാരണക്കാരന് കയ്യെത്തിപ്പിടിക്കാവുന്നതിലും അപ്പുറമാണ്. അതിസമ്പന്നന്മാരുടെ ചെറിയൊരു വിപണിയിലാണ് അവര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നത്. ഓരോ ഉപഭോക്താവിന്റെയും ഇഷ്ടങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തിയ വാഹനം തങ്ങളുടെ വിപണിക്കൊത്ത വിലയില്‍ അവര്‍ വില്‍ക്കുന്നു. ഉല്‍പ്പന്നത്തിന്റെ അപൂര്‍വ്വതയും നിര്‍മ്മാണത്തിലെ വൈദഗ്ദ്ധ്യവും വിപണിയുടെ പ്രത്യേകതയും കണക്കിലെടുത്ത് അവര്‍ വില നിശ്ചയിക്കുന്നു.

അസാധാരണങ്ങളായ ഉല്‍പ്പന്നങ്ങള്‍ക്ക് അസാധാരണ വിലകള്‍ വരുന്നത് അതിന്റെ വിപണിയുടെ പരിമിതികളും അപൂര്‍വ്വതകളും കൊണ്ടാണ്. ഉല്‍പ്പന്നത്തിന്റെ നിര്‍മ്മാണച്ചെലവ് ഉയര്‍ന്ന് നില്‍ക്കുകയും വിപണിയുടെ വലുപ്പം പരിമിതമാകുകയും ചെയ്യുമ്പോള്‍ ഓരോ വില്‍പ്പനയിലും നിന്ന് കൂടുതല്‍ ലാഭം കമ്പനികള്‍ ഈടാക്കുന്നു. പരിമിത വിപണിയിടങ്ങള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഇത്തരം ബിസിനസുകള്‍ മറ്റുള്ള ബിസിനസുകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നത് ഈ തന്ത്രം മൂലമാണ്.



Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it