തുനിഞ്ഞിറങ്ങിയാല്‍ നിങ്ങള്‍ക്കും ഇങ്ങനെ വിപണി പിടിക്കാം

സൗജന്യ സിമ്മും 4ജി ഡാറ്റയുമായുള്ള ജിയോയുടെ കടന്നു വരവ് ഒരിക്കലും മറക്കാന്‍ കഴിയുന്ന ഒന്നല്ല. ഇന്ത്യന്‍ ടെലികോം രംഗത്തെ വിപ്ലവം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന സംഭവം. ഇന്റര്‍നെറ്റും ഫോണ്‍ വിളിയും ആര്‍ഭാടമായിരുന്ന ഒരു ലോകത്ത് ജിയോയുടെ വാഗ്ദാനം അവിശ്വസനീയമായിരുന്നു. സൗജന്യമായി ലഭിക്കുന്ന സൗകര്യങ്ങള്‍ കണ്ട് മറ്റ് സേവനദാതാക്കളെ ഉപേക്ഷിച്ച് ഉപഭോക്താക്കള്‍ ജിയോക്ക് പിന്നാലെ കൂടി.

ജിയോയുടെ ലക്ഷ്യം 100 ദിവസങ്ങള്‍ക്കുള്ളില്‍ 10 കോടി ഉപഭോക്താക്കളായിരുന്നു. ഇന്ന് 40 കോടിയിലധികം ഉപഭോക്താക്കളുമായി ടെലികോം രംഗം ജിയോ കീഴടക്കിയിരിക്കുന്നു. വേഗം കുറഞ്ഞ ഇന്റര്‍നെറ്റും പണം ചെലവഴിച്ചുള്ള ഫോണ്‍ വിളികളും ശീലിച്ച ഒരു ജനതയെ സൗജന്യത്തിന്റെ കൊളുത്തില്‍ കുരുക്കി ജിയോ തങ്ങളുടെ ഉപഭോക്താക്കളാക്കി മാറ്റി.

സൗജന്യമായി ഇന്റര്‍നെറ്റ് ലഭിച്ചതോടെ മൊബൈലിലും കമ്പ്യൂട്ടറിലും ചലച്ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളും യാതൊരു പരിമിതികളുമില്ലാതെ ഉപഭോക്താക്കള്‍ ആസ്വദിച്ചു തുടങ്ങി. ഗെയിമുകള്‍ ലഹരിയായി. ഇനി ഇതൊക്കെ ഉപയോഗിക്കാതെ മുന്നോട്ട് പോകുക അസാധ്യം. പണം നല്‍്കി സേവനം ഉപയോഗിച്ചിരുന്നപ്പോള്‍ പാലിച്ചിരുന്ന അച്ചടക്കങ്ങള്‍ ഇല്ലാതെയായി. ജിയോയുടെ തന്ത്രത്തില്‍ മറ്റ് സേവനദാതാക്കള്‍ സ്തബ്ധരായി. തങ്ങളുടെ ഉപഭോക്താക്കള്‍ ജിയോയിലേക്ക് ഒഴുകുന്നത് തടുക്കാന്‍ അവര്‍ക്കായില്ല. കാരണം ജിയോ തീര്‍ത്ത ആകര്‍ഷണ വലയം അത്ര പ്രലോഭനകരമായിരുന്നു. 'Penteration Pricing' എന്ന തന്ത്രമാണ് ജിയോ ഇവിടെ പ്രയോഗിച്ചത്.

വിപണിയില്‍ ആധിപത്യം സ്ഥാപിച്ചതോടെ ജിയോ സൗജന്യ സേവനം അവസാനിപ്പിച്ചു. എതിരാളികള്‍ നിറഞ്ഞിരുന്ന വിപണി ജിയോയുടെ മാത്രം കുത്തകയായി മാറി. ജിയോയുടെ തന്ത്രത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ എതിരാളികള്‍ മുട്ടുമടക്കി. വിപണി തങ്ങളുടെ കൈപ്പിടിയില്‍ അമര്‍ന്നതോടു കൂടി ജിയോ സേവനങ്ങള്‍ക്ക് ചാര്‍ജ്ജ് ഈടാക്കിത്തുടങ്ങി. സൗജന്യമായി ആസ്വദിച്ചിരുന്ന സേവനങ്ങള്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ പണം നല്‍കി വാങ്ങുവാന്‍ തുടങ്ങി.

വിപണിയില്‍ നുഴഞ്ഞു കയറുകയും വിപണിയുടെ കുത്തകാവകാശം കയ്യടക്കുകയും എതിരാളികളെ പുറംതള്ളുകയും ചെയ്യുക എന്ന തന്ത്രമാണ് ജിയോ നടപ്പാക്കിയത്. വിലനിര്‍ണയത്തിലെ അതിശക്തമായ ഈ തന്ത്രം പരീക്ഷിക്കുന്നത് വിപണിയിലേക്ക് കടന്നു വരുന്ന പുതിയ ഉല്‍പ്പന്നങ്ങളാണ്. തങ്ങളുടെ എതിരാളികളെക്കാള്‍ കുറഞ്ഞ വില നിശ്ചയിച്ചു കൊണ്ട് വിപണിയില്‍ രംഗപ്രവേശം ചെയ്യുന്നു. കൂടുതല്‍ ഉപഭോക്താക്കളെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നേടുക എന്നതാണ് ലക്ഷ്യം. കുറഞ്ഞ വില മറ്റ് ബ്രാന്‍ഡുകളില്‍ നിന്നും മാറി പുതിയതിനെ പരീക്ഷിക്കുവാന്‍ ഉപഭോക്താവിനെ പ്രലോഭിപ്പിക്കുന്നു.

കൂടുതല്‍ ഉപഭോക്താക്കളും ഉയര്‍ന്ന വില്‍പ്പനയും ഉല്‍പ്പാദന ചെലവ് കുറയ്ക്കുവാന്‍ കമ്പനിയെ സഹായിക്കുന്നു. പുതിയതായി വിപണിയിലേക്ക് അവതരിപ്പിക്കപ്പെടുന്ന ഒരു ഉല്‍പ്പന്നം തങ്ങളുടെ എതിരാളികളുടെ ഉല്‍പ്പന്നത്തെക്കാള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമ്പോള്‍ അവര്‍ അത് പെട്ടെന്ന് സ്വീകരിക്കുന്നു. വേഗത്തില്‍ വിപണിയില്‍ സാന്നിധ്യമുറപ്പിക്കാനും വില്‍പ്പന വര്‍ധിപ്പിക്കാനും ഈ വിലനിര്‍ണ്ണയ തന്ത്രം സഹായകരമാകുന്നു. ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ ഈ തന്ത്രം വളരെ വിജയകരമായി നടപ്പാക്കിപ്പോരുന്നതായി നമുക്ക് കാണാം.

അനന്തമായ കാലം കുറഞ്ഞ വിലയില്‍ വില്‍ക്കുക എന്നതല്ല ഈ തന്ത്രത്തിന്റെ ലക്ഷ്യം. മറിച്ച് വിപണി അതിവേഗം പിടിച്ചെടുക്കുക എന്നതാണ്. വിപണി തങ്ങളുടെ വരുതിയിലായിക്കഴിഞ്ഞാല്‍ ഉല്‍പ്പന്നത്തിന്റെ വില വര്‍ധിപ്പിക്കുന്നു. ഉപഭോക്താക്കള്‍ തങ്ങളുടെ ഉല്‍പ്പന്നം തന്നെ ഉപയോഗിക്കും എന്ന പ്രതീക്ഷയിലാണ് വില വര്‍ധന നടപ്പാക്കുന്നത്. ജിയോ നടപ്പാക്കിയതും ഈയൊരു തന്ത്രമാണ്. വിപണിയിലേക്ക് പുതുതായി കടന്നു വരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 'Penteration Pricing' പരീക്ഷിക്കാം.


Dr. Sudheer Babu
Dr. Sudheer Babu  

Related Articles

Next Story

Videos

Share it