ആത്മപരിശോധന നിങ്ങളെ അതിശയിപ്പിച്ചേക്കാം

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ആത്മപരിശോധന നടത്തുന്ന ശീലം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. എന്റെ ചിന്തകളും ആഗ്രഹങ്ങളുമെല്ലാം ഏതൊരു ബാഹ്യശക്തിക്കും എളുപ്പത്തില്‍ രൂപപ്പെടുത്താവുന്ന തരത്തിലായിരുന്നു. ഞാന്‍ കണ്ട സിനിമകള്‍, ടിവി ഷോകള്‍, സോഷ്യല്‍ മീഡിയ, എന്തിന്, എന്റെ ജ്യേഷ്ഠ സഹോദരങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് പോലും എന്നില്‍ വലിയ സ്വാധീനം ചെലുത്താനാകുമായിരുന്നു.

എന്റെ സമപ്രായക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദവും പൊതുസമീഹത്തിന്റെ രീതികളുമെല്ലാം ഞാന്‍ എങ്ങനെ പെരുമാറുന്നു, സ്വയം പ്രകടിപ്പിക്കുന്നു എന്നതിനെ വല്ലാതെ സ്വാധീനിക്കുന്നതിന്റെ ഞെരുക്കവും എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു.
വീട്ടില്‍ നിന്ന് മാറി മറ്റൊരു നഗരത്തിലെ കോളെജിലേക്ക് പോയപ്പോള്‍ മാത്രമാണ് ഞാന്‍ ഒറ്റയ്ക്ക് സമയം ചെലവഴിക്കാനും എന്നെ തന്നെ ആഴത്തില്‍ അറിയാനും തുടങ്ങിയത്.
ജേര്‍ണലിംഗ്, ധ്യാനം(Meditation), ചിന്തോദ്ദീപകമായ പുസ്തകങ്ങള്‍ വായിക്കല്‍, ടെറസ്സിലൂടെ ഏറെനേരം ഏകനായി നടക്കുക തുടങ്ങി അതുവരെ ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന ശീലം ഞാന്‍ വളര്‍ത്തിയെടുത്തു.
അതിനിടയില്‍ എന്നെ കുറിച്ച് ഞാനറിയാത്ത കുറേ കാര്യങ്ങള്‍ കണ്ടെത്തുകയും എന്നെ കുറിച്ചു തന്നെ കൂടുതല്‍ മനസ്സിലാക്കുകയും ചെയ്തു.
നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് തന്നെ വ്യക്തതയില്ലെങ്കില്‍ പുറമേ നിന്നുള്ള സ്വരങ്ങള്‍ നിങ്ങളില്‍ സ്വാധീനം ചെലുത്തും, പലപ്പോഴും ദോഷകരമായി തന്നെ.
നമ്മളിലേക്ക് തന്നെ നോക്കുന്നതില്‍ നിന്ന് ഒഴിവാകാനായി എങ്ങനെയെങ്കിലും ശ്രദ്ധ തിരിക്കുന്നതില്‍ നമ്മളില്‍ പലരും മിടുക്കരാണ്. പ്രശസ്ത മനഃശാസ്ത്രജ്ഞനായ കാള്‍ യൂന്‍ (Carl Jung) അഭിപ്രായപ്പെട്ടതു പോലെ;' ആളുകള്‍ സ്വന്തം ആത്മാവിനെ തന്നെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കാനായി എന്തും ചെയ്യും. അത് എത്ര എത്ര അസംബന്ധമായ കാര്യമാണെങ്കിലും'
സോഷ്യല്‍ മീഡിയ, വാര്‍ത്തകള്‍, സിനിമകള്‍, ടിവി ഷോകള്‍, ലഹരി വസ്തുക്കള്‍ തുടങ്ങിയവയിലൂടെ വിനോദം കണ്ടെത്തി സ്വയം രസിപ്പിക്കുന്നതിനാണ് നമ്മളില്‍ പലരും കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്.
നിരന്തരമായ ഉത്തേജന(Stimulation)ത്തിനായുള്ള നമ്മുടെ ആഗ്രഹത്തിന് പിന്നിലെ വികൃത സത്യം ലളിതമാണ്; നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഒന്നും ചെയ്യാതെ വെറുതെയിരിക്കാന്‍ കഴിയില്ല. കുറച്ചു സമയത്തേക്കാണെങ്കില്‍ പോലും.
നിശ്ബദരായും ഒന്നും ചെയ്യാതെയും സമയം ചെലവിടുക എന്നത് നമ്മളെ അശാന്തരും അസ്വസ്ഥരുമാക്കുന്നതിനാല്‍ എങ്ങിനെയും അത് ഒഴിവാക്കാന്‍ നമ്മള്‍ ശ്രമിക്കുന്നു.
ഒരു ബാഹ്യ ഉത്തേജനവും കൂടാതെ തന്നോടു തന്നെ സൗഹൃദത്തിലായിരിക്കാന്‍ പരിശീലിക്കുന്നത് അര്‍ത്ഥശൂന്യമായി തോന്നിയേക്കാം. എന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ മികച്ച ഫലങ്ങളുണ്ടാക്കാന്‍ അതിലൂടെ കഴിയും.
ശാന്തമായ ആത്മപരിശോധനയുടെ നിമിഷങ്ങളില്‍ ഒരു ഉയര്‍ന്ന ബുദ്ധിവൈഭവവുമായി നമുക്ക് ആശയവിനിമയം നടത്താനാകുമെന്ന് ഞാന്‍ പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
അറിവുകളുടെയും അഭിപ്രായങ്ങളുടെയും മലവെള്ളപ്പാച്ചില്‍ തന്നെ നടക്കുന്ന ഇക്കാലത്ത് ജീവിക്കുമ്പോള്‍ നമ്മുടെ അന്തര്‍ജ്ഞാനവുമായി ബന്ധപ്പെടണമെങ്കില്‍ സമൂഹത്തിലെ കോലാഹലങ്ങളില്‍ നിന്ന് പുറത്തു കടക്കേണ്ടതുണ്ട്.
ആത്മപരിശോധന ധ്യാന(Meditation)ത്തിന്റേയോ ജേണലിംഗിന്റെയോ രൂപത്തില്‍ വരണമെന്നില്ല. ശല്യങ്ങളൊന്നുമില്ലാത്തിടത്ത് നിങ്ങളിലേക്ക് തന്നെ ഒതുങ്ങി കുറച്ചു സമയം ഒറ്റയ്ക്കിരിക്കുക എന്നതാണ് പ്രധാനം.
ഒറ്റയ്ക്ക് സമയം ചെലവിടുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് പറഞ്ഞ എന്റെ സുഹൃത്തുക്കളിലൊരാള്‍ ഈയിടെ എന്നോട് പറയുകയായിരുന്നു; പൂനെയില്‍ നിന്ന് കേരളത്തിലേക്ക് ഒറ്റയ്ക്ക് വണ്ടിയോടിച്ച് വന്നോപ്പോള്‍ ആത്പരിശോധനയ്ക്ക് ഏറെ സമയം ലഭിച്ചെന്നും ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നു പോകുന്ന അവന് മാനസികമായി അടുക്കും ചിട്ടയും വരുത്താന്‍ അത് സഹായിച്ചെന്നും.
ക്രിയാത്മകമായ മാറ്റത്തിനുള്ള ആദ്യ പടി അവബോധം ഉണ്ടാകുക എന്നതാണ്. ആത്മപരിശോധനയിലൂടെയാണ് സ്വയം അവബോധം വികസിക്കുക.
കാള്‍ യൂനിന്റെ വാക്കുകള്‍ വീണ്ടും കടമെടുത്താല്‍, 'ബോധമില്ലായ്മയെ ബോധത്തിലേക്ക് നയിക്കും വരെ അത് നിങ്ങളുടെ ജീവിതത്തെ ഭരിക്കും, നിങ്ങളതിനെ വിധി എന്നു പഴിക്കും'
നിങ്ങളുടെ ചിന്തകള്‍, വികാരങ്ങള്‍, വിശ്വാസങ്ങള്‍, എന്നിവയും വളര്‍ന്നു വന്ന സാഹചര്യങ്ങളും സമൂഹത്തിന്റെ സ്വാധീനവുമെല്ലാം ആഴത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ നിങ്ങള്‍ എന്തുകൊണ്ടാണ് ചില പ്രത്യേക രീതിയില്‍ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നത് എന്നതിനെ കുറിച്ച് അതിശയകരമായ ചില ഉള്‍ക്കാഴ്ചകള്‍ ലഭിക്കാം.
നിങ്ങളെ പിന്തിരിപ്പിക്കുന്ന ചിന്തകള്‍, പ്രവൃത്തികള്‍, പെരുമാറ്റ രീതികള്‍ എന്നിവയെ കുറിച്ച് അറിഞ്ഞിരുന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് അവ ഒഴിവാക്കാനാകൂ.
ആത്മപരിശോധനയ്ക്കായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ വ്യക്തിഗത വളര്‍ച്ച വേഗത്തിലാക്കും. അത് അമൂല്യമായ ഉള്‍ക്കാഴ്ച നല്‍കുകയും നിങ്ങളെ അശക്തരാക്കുന്ന വ്യവസ്ഥകളെ ഉപേക്ഷിക്കാന്‍ സഹായകമാകുകയും ചെയ്യും. അതുകൊണ്ടു തന്നെ അതിനായി സമയം ചെലവഴിക്കുന്നത് മൂല്യവത്താണ്.

For more simple and practical tips to live better and be happier visit anoop's website:https://www.thesouljam.com



Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it